ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ ഏറ്റവും വലിയ പരീക്ഷണം നേരിട്ടത് യാസിറിന്റെ കുടുംബത്തിനാണ്. ഉപ്പ യാസിർ, ഉമ്മ സുമയ്യ, മകൻ അമ്മാർ എല്ലാവരും കഠിനപരീക്ഷകൾ നേരിട്ടു.
ഒരുദിവസം അമ്മാറിനെ ഖുറൈശികൾ കൂട്ടമായി മർദിച്ചു. ശരീരം മുഴുവൻ മുറിവുകളായി. ആ മുറിവുകളോടെ തിളയ്ക്കുന്ന മരുഭൂമിയിൽ മലർത്തിക്കിടത്തി. ശേഷം വെള്ളത്തിൽ മുക്കി. കുറേനേരം അമ്മാർ ബോധരഹിതനായിക്കിടന്നു. ബോധം തെളിഞ്ഞുവരുമ്പോൾ അക്രമികൾ അവരുടെ ദൈവങ്ങളെ വാഴ്ത്തിപ്പറഞ്ഞു. അതുപ്രകാരം ഏറ്റുപറയാൻ ആവശ്യപ്പെട്ടു. അർധബോധാവസ്ഥയിൽ അമ്മാർ സമ്മതം മൂളി. ബോധം തെളിഞ്ഞപ്പോഴാണ് അബദ്ധം വ്യക്തമായത്. അദ്ദേഹം ഏറെ ദുഃഖിതനായി നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ തിരുനബി ﷺ അടുത്തേക്ക് വന്നു. കണ്ണുനീർ തുടച്ചുകൊടുത്തു കൊണ്ട് അവിടുന്ന് ചോദിച്ചു: “സത്യനിഷേധികൾ നിങ്ങളെ വെള്ളത്തിൽ മുക്കിയിട്ട് ചിലത് പറയാൻ നിർബന്ധിച്ചു അല്ലേ? വിഷമിക്കേണ്ട”. തിരുനബി ﷺ അമ്മാറിനെ ആശ്വസിപ്പിച്ചു. വിശുദ്ധ ഖുർആനിലെ അന്നഹ്ൽ അധ്യായത്തിലെ നൂറ്റിയാറാം സൂക്തം ഓതിക്കേൾപിച്ചു. “വിശ്വാസം ദൃഢമായ ശേഷം നിഷേധവാക്യം പറയാൻ നിർബന്ധിക്കപ്പെട്ടാൽ അവർ കുറ്റക്കാരല്ല” എന്ന ആശയം പ്രസ്തുത സൂക്തത്തിലുണ്ട്. ഇതു കേട്ടപ്പോൾ അമ്മാറിന് ആശ്വാസമായി.
അബ്ദുല്ലയെ അന്വേഷിച്ച് യമനിൽ നിന്ന് മക്കയിൽ എത്തിയതായിരുന്നു യാസിർ ബിൻ ആമിർ. ഒപ്പം വന്ന മറ്റു രണ്ടു സഹോദരങ്ങൾ മാലികും ഹാരിസും യമനിലേക്കു തന്നെ മടങ്ങി. യാസിർ മക്കയിൽ തന്നെ സ്ഥിരതാമസമാക്കി. മക്കയിൽ തനിക്ക് അഭയം നൽകിയ അബൂഹുദൈഫ അദ്ദേഹത്തിന്റെ മഖ്സൂം ഗോത്രത്തിൽ നിന്ന് ഒരടിമയെ യാസിറിന് നൽകി. ആ അടിമസ്ത്രീയാണ് യാസിറിന്റെ ഭാര്യയായ സുമയ്യ ബിൻത് ഖയ്യാത്. അവർക്കു ലഭിച്ച ഓമനമകനായിരുന്നു അമ്മാർ.
അമ്മാർ ദാറുൽ അർഖമിൽ പോയി തിരുനബിയിൽ ﷺ നിന്ന് ഖുർആൻ കേൾക്കും. വീട്ടിൽവന്ന് പഠിച്ച കാര്യങ്ങൾ ഉമ്മയോടു പങ്കുവെക്കും. കേട്ടുകൊണ്ടിരുന്ന ഉമ്മയുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ വെളിച്ചം കടന്നു. ഓരോ സൂക്തങ്ങളും അവരെ കൂടുതൽ ആവേശഭരിതയാക്കി. മനുഷ്യകുലം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണെന്ന ആശയം നൽകുന്ന സൂക്തം പ്രത്യേകം സ്വാധീനിച്ചു. തിരുനബിയെ ﷺ എത്രയും വേഗം കാണാനുള്ള താത്പര്യം മകനെ അറിയിച്ചു. ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി രണ്ട് ദിവസത്തിനു ശേഷം ഉമ്മയെയും കൂട്ടി ദാറുൽ അർഖമിലെത്തി. തിരുനബി ﷺ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വിശുദ്ധ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഏറ്റുചൊല്ലിയ സുമയ്യക്ക് എന്തെന്നില്ലാത്ത ഹൃദയാനന്ദം. അവർ ദാറുൽ അർഖമിൽ നിന്നു പടിയിറങ്ങി. വീട്ടിലെത്തി ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹവും ഇസ്ലാമിലേക്കു വന്നു. ഇസ്ലാം സ്വീകരിച്ച ആദ്യത്തെ പത്തിനുള്ളിൽ എണ്ണപ്പെടുന്നവരാണ് യാസിർ കുടുംബം.
ഒരു വർഷത്തോളം അവർ ഇസ്ലാമിനെ രഹസ്യമായി പരിപാലിച്ചു. ശേഷം വിശ്വാസം പുറത്തറിഞ്ഞു. ബനൂമഖ്സൂം ഗോത്രക്കാർക്കത് ഉൾകൊള്ളാനായില്ല. അവർ പ്രതിഷേധിച്ചു. യാസിർ കുടുംബത്തെ കൈയാമം വെച്ചു. വിവിധങ്ങളായ മർദ്ദനങ്ങളേൽപ്പിച്ചു. വിശ്വാസത്തിൽ നിന്നു പിന്തിരിപ്പിക്കാൻ പലവഴികളും നോക്കി. ഒന്നും ഫലം കണ്ടില്ല. യാസിർ കുടുംബത്തിൽ ഓരോരുത്തരെയും മാറിമാറി ഖുറൈശികൾ ആക്രമിച്ചു. അവർ ദൃഢവിശ്വാസത്തിന്റെ അവസാനിക്കാത്ത ഉദാഹരണങ്ങളായി മാറി. ബീവിസുമയ്യ അത്ഭുതകരമായ ധൈര്യത്തോടെ രംഗങ്ങളെ നേരിട്ടു. ഒരു പീഡനത്തെയും വകവെക്കുക പോലും ചെയ്യാതെ ഉറച്ചുനിന്നു. ഈ കുടുംബത്തെ നോക്കി തിരുനബി ﷺ പറഞ്ഞു. “ഓ യാസിർ കുടുംബമേ.. ക്ഷമിക്കുക! നിങ്ങൾക്ക് സ്വർഗം ഒരുങ്ങിനിൽപ്പുണ്ട്”
നൊന്തുപെറ്റ പൊന്നുമോൻ അമ്മാറിനെ ചുട്ടുപഴുത്ത ദണ്ഡുകൊണ്ട് പൊളളിച്ചു ബോധരഹിതനാക്കിയപ്പോൾ മാതാവ് പൊട്ടിക്കരഞ്ഞു. പക്ഷേ, അവരുടെ വിശ്വാസം പതറിയില്ല. ശത്രുക്കൾ അവരെ വിടാതെ മർദ്ദിച്ചു. ഒരു മർദ്ദനത്തിനും അവരെ തോൽപിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ അബൂജഹലിന് അരിശം മൂത്തു. അവൻ കുന്തം ഉയർത്തി മഹതിയുടെ അടിവയറ്റിൽ തറച്ചു. ലവലേശം പതറാതെ മഹതി വേദന കടിച്ചിറക്കി. അവർ ഇസ്ലാമിലെ ആദ്യരക്തസാക്ഷിയായി സ്വർഗത്തിലേക്കു പറന്നു. ബനൂ മഖ്സൂമിലെ 'അടിമപ്പെണ്ണ്' ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ഊർജമായി മാറി. ചരിത്രത്തിലെ ധീരവനിതയായി ഉയർന്നു.
വൈകാതെ യാസിറും ഈ ലോകത്തോടു യാത്രയായി. തീക്ഷ്ണതകളുടെ തുടർച്ചയിൽ അമ്മാർ തനിച്ചായി മാറി. അബൂജഹൽ ബദ്റ് യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ തിരുനബി ﷺ അമ്മാറിനോടു പറഞ്ഞു: “നിങ്ങളുടെ ഉമ്മയെ വധിച്ചവനെ അല്ലാഹു വധിച്ചിരിക്കുന്നു.”





