നമുക്കൊരു നബിയെ കൂടി പരിചയപ്പെടാം: സ്വാലിഹ് നബി. നബി എന്നാൽ പ്രവാചകൻ - ദൈവദൂതൻ എന്നാണർത്ഥം. സ്വാലിഹ് നബി മാത്രമല്ല; നബിമാർ വേറെയുമുണ്ട്. ചിലരെങ്കിലും ധരിച്ചതുപോലെ ഇസ്ലാം മത സ്ഥാപകനല്ല മുഹമ്മദ് നബി. ഈ ലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹു ഒരേ ഒരു ദൂതനെ മാത്രമല്ല ലോകത്തേക്ക് അയച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് പ്രവാചകരെ അയച്ചു.
പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന് മനസ്സിലാക്കാൻ മനുഷ്യയുക്തി കൊണ്ട് തന്നെ ആലോചിച്ചാൽ മനസ്സിലാകും. എന്നാൽ ആ സ്രഷ്ടാവിനെ കൂടുതൽ പരിചയപ്പെടുത്തുന്നതിനുവേണ്ടിയും എന്തുകൊണ്ട് മനുഷ്യർ ചില മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ജീവിക്കണമെന്നും ആ മൂല്യങ്ങൾ മനുഷ്യരുടെ സഹവർത്തിത്വത്തിനും സാമൂഹിക ജീവിതത്തിനും പ്രകൃതിയുടെ ശരിയായ പരിപാലനത്തിനും എത്രമാത്രം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുത്തു അവയെ ഒരു ബാഹ്യ പോലീസിംഗ് സംവിധാനമില്ലാതെ നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ദൈവദൂതന്മാരെ അല്ലാഹു അയച്ചത്.
അവർക്ക് ദിവ്യസന്ദേശം (വഹ്യ്) നൽകി. അല്ലാഹുവിനെക്കുറിച്ച് ജനങ്ങൾക്ക് വിശദീകരിച്ചുകൊടുത്തു. ആരാണ് അല്ലാഹു? അവൻ എന്തിനാണ് നമ്മെ സൃഷ്ടിച്ചിട്ടുള്ളത്? അല്ലാഹുവിനെ ആരാധിക്കേണ്ടത് എങ്ങനെ? ആരാധിച്ചാൽ എന്താണ് ഗുണം? ആരാധിച്ചിട്ടില്ലെങ്കിൽ എന്താണ് പ്രശ്നം? ഇതൊക്കെ ദൈവദൂതന്മാർ മനുഷ്യർക്ക് ഓരോ കാലഘട്ടങ്ങളിൽ വിവരിച്ചു കൊടുത്തു.
അല്ലാഹു ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നുവെന്നും അവനു മാത്രമേ ദൈവം എന്ന നിലയ്ക്കുള്ള ഏതൊരു വണക്കവും (ആരാധന) നൽകാവൂ എന്നുമാണ് എല്ലാ പ്രവാചകന്മാരും പറഞ്ഞത്. മനുഷ്യൻ എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് എന്നൊക്കെ അവർ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു.
എന്തിനാണ് മനുഷ്യന് നിയമങ്ങൾ എന്ന് ചിലരെങ്കിലും ചിന്തിക്കും. മൃഗങ്ങളൊക്കെ ഇവിടെ സുഖമായി ജീവിക്കുന്നില്ലേ, അവർക്ക് വല്ല നിയമങ്ങളുമുണ്ടോ എന്ന് ഈയടുത്ത് ഒരു സ്വതന്ത്രചിന്തകൻ ചോദിച്ചിരുന്നു. മൃഗങ്ങൾ വസ്ത്രം ധരിക്കുന്നില്ല, അവർക്ക് ശുചിമുറിയോ കുളിമുറിയോ ഇല്ല, അവർക്ക് തിന്നാനോ രുചിക്കാനോ നിയന്ത്രണങ്ങളില്ല, ഇഷ്ടമുള്ളതിനെ പിടിച്ചു തിന്നുന്നു, ഇഷ്ടമുള്ളതുമായി ഇണചേരുന്നു. അവയ്ക്ക് പാഠശാലകളില്ല, ഗവൺമെന്റുകളില്ല, കോടതികളില്ല. മനുഷ്യനും ഇങ്ങനെയൊക്കെ മതിയോ?
നിയമം വേണമെങ്കിൽ ആരാണ് ആ നിയമങ്ങൾ ഉണ്ടാക്കുക? മനുഷ്യർ തന്നെ എന്ന് പറയാൻ പറ്റില്ല. മനുഷ്യരിൽ പല വിഭാഗം ജനങ്ങളുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, വൃദ്ധർ, തൊഴിലാളികൾ, മുതലാളിമാർ, ധനികർ, ദരിദ്രർ. അവർ തന്നെ പല രൂപത്തിലാണ്. രാജ്യങ്ങൾ, സംസ്കാരങ്ങൾ, കാലഘട്ടങ്ങൾ എല്ലാം വ്യത്യസ്തം. ഇവർക്കെല്ലാം ആരാണ് നിയമങ്ങൾ ഉണ്ടാക്കുക? ഒരാളുടെ മേൽ നിയമം ഉണ്ടാക്കാൻ മറ്റൊരാൾക്ക് എന്താണ് അവകാശം? ഒരാൾ ഉണ്ടാക്കുന്ന നിയമം മറ്റൊരാൾക്ക് സ്വീകാര്യമാകണമെന്നുണ്ടോ? ഇനി സ്വീകരിച്ചാൽ തന്നെ അത് ശരിയായ നിയമം ആകണമെന്നുണ്ടോ?
മറ്റുള്ളവരുമായി ബന്ധപ്പെടുന്ന കാര്യങ്ങളിൽ നമുക്ക് നിയമം ഉണ്ടാക്കുന്നതിൽ പരിമിതിയുണ്ട്. എന്നാൽ നമ്മുടെ സ്വന്തം കാര്യത്തിലോ? നാം എന്ത് വസ്ത്രം ധരിക്കണം, മുടി എങ്ങനെ വെട്ടണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ നമുക്ക് തീരുമാനിച്ചുകൂടേ? പറ്റില്ല. എന്തുകൊണ്ട്? ശരീരത്തിന്റെ മേൽ നമുക്ക് പൂർണ്ണാവകാശമുണ്ടോ? നാം ഭൂമിയിൽ ജനിച്ചത് നമ്മുടെ ഉദ്ദേശ്യപ്രകാരമാണോ? നമ്മുടെ രൂപവും നിറവും അവയവങ്ങളുമൊക്കെ എങ്ങനെയാവണമെന്ന് നാം തീരുമാനിച്ചതാണോ? നമുക്ക് ദാഹിക്കുന്നതും വിശക്കുന്നതും രോഗമുണ്ടാകുന്നതും നമ്മുടെ ഇഷ്ടപ്രകാരമാണോ? അല്ല. "എന്റെ ശരീരം എന്റെ തീരുമാനമാണ്" (My body is My choice) എന്ന തത്വം ശരിയല്ല.
ഒരു കാർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയേണ്ടത് ആരാണ്? നാം ദിനേന ഉപയോഗിക്കുന്ന വിവിധ വസ്തുക്കളെല്ലാം ഉപയോഗപ്പെടുത്തേണ്ടതിന് അതിന്റേതായ നിയമങ്ങളില്ലേ? ആരാണ് അത് പറയേണ്ടത്? ആരാണോ നിർമിച്ചത് അയാൾക്കാണ് അതിന്റെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്നത്. കമ്പനി തന്നെയാണ് 'യൂസർ മാന്വൽ' നിർദേശിക്കേണ്ടത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വാഹനത്തിൽ എന്ത് ഇന്ധനം നിറയ്ക്കണമെന്നത് പോലെയാണ്. ഉദാഹരണത്തിന് ഒരു ഡീസൽ എൻജിനിൽ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കരുതെന്ന് ആ വാഹന നിർമാതാവ് നമ്മോട് പറയുന്നു. അതുപോലെ ഡീസലിനോടുകൂടെ ആ ഇന്ധനത്തെയോ എഞ്ചിനെയോ നശിപ്പിക്കുന്ന ആസിഡോ ആൽക്കലൈനോ മിക്സ് ചെയ്യരുതെന്നും.
അതുപോലെയാണ് സ്രഷ്ടാവിന്റെ മാന്വൽ അഥവാ ഖുർആൻ മനുഷ്യൻ എന്ന യന്ത്രത്തിന് തകരാറാകുന്ന മദ്യം പോലുള്ളവ നിഷിദ്ധമാക്കിയത്. മദ്യം എന്നത് ശരീരത്തിന് ഹാനികരമാണ് എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അത് ഉപാധിരഹിതമായി നിരോധിച്ച ഒരേയൊരു മതം ഇസ്ലാം മാത്രമാണ്.
അപ്പോൾ, മനുഷ്യരാശിക്ക് ആവശ്യമായ മുഴുവൻ നിയമങ്ങളും നൽകേണ്ടത് അവരെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവാണ്. നാം ഏത് വസ്ത്രം ധരിക്കണം, മുടി എങ്ങനെ വെട്ടണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് അവൻ തന്നെയാണ്. അവൻ തിരഞ്ഞെടുത്തയച്ച പ്രവാചകന്മാരിലൂടെ അവന്റെ നിയമങ്ങൾ മനുഷ്യർക്ക് നൽകി. സ്വാഭാവികമായും പ്രവാചകന്മാർ സത്യസന്ധരായിരിക്കണം. അവർ പ്രവാചകത്വം ലഭിക്കുന്നതിന് മുൻപോ ശേഷമോ കളവ് പറയുന്നവരായിരുന്നാൽ അവർ പറയുന്ന ദൈവികസന്ദേശങ്ങളും ജനങ്ങൾ കളവെന്ന് കരുതും. അവർ വിശ്വസ്തരായിരിക്കണം. കാരണം അവരുടെ ക്രെഡിബിലിറ്റിയുടെ പ്രധാന ഭാഗമാണ് അവർക്ക് സമൂഹത്തിലുള്ള വിശ്വാസ്യത. അവർ പാപങ്ങൾ ചെയ്യാൻ ഒരു നിലയിലും സാധ്യതയില്ലാത്തവർ (പാപസുരക്ഷിതർ) ആയിരിക്കണം. കാരണം ഒരു പാപത്തിൽ നിന്ന് മാറിനിൽക്കാൻ ജനങ്ങളെ അവർ ഉപദേശിക്കുമ്പോൾ നിങ്ങൾ അത് ചെയ്തിരുന്നുവല്ലോ എന്ന് ആ പ്രവാചകനെ ചൂണ്ടി അവരുടെ സമൂഹം ചോദ്യം ചെയ്യാവുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോ. അവർ ബുദ്ധിയുള്ളവരായിരിക്കും. അവരെ ഏൽപ്പിച്ച ദൗത്യം -പ്രബോധനം- കൃത്യമായി നിർവ്വഹിക്കുന്നവരായിരിക്കും. മനുഷ്യർക്കുണ്ടാകുന്ന അനുഭവങ്ങൾ ദാഹം, വിശപ്പ്, ക്ഷീണം, രോഗം എന്നിവയൊക്കെ അവർക്കും ഉണ്ടാകും. എന്നാൽ പ്രവാചകത്വ ദൗത്യത്തെ നിഷ്ഫലമാക്കുന്ന വിധത്തിലുള്ള ന്യൂനതകളോ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രോഗങ്ങളോ ഉണ്ടാവുകയില്ല.
പുരുഷന്മാരെയാണ് പ്രവാചകന്മാരായി അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഖുർആനിൽ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. പൊതുരംഗങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്നവരാണല്ലോ പ്രവാചകന്മാർ. പൊതുരംഗത്ത് പ്രവർത്തിക്കേണ്ട ബാധ്യത പുരുഷന്മാർക്കാണ് ഇസ്ലാം നൽകുന്നത്. ആദ്യത്തെ മനുഷ്യൻ ആദമായിരുന്നു. ആദ്യത്തെ പ്രവാചകനും ആദം തന്നെ. ദൈവദൂതന്മാരിൽ അവസാനത്തെ ആളാണ് മുഹമ്മദ് നബി. മുഹമ്മദ് നബിക്ക് ശേഷം ഇനി പ്രവാചകന്മാർ വരില്ല. അവിടുന്ന് പറഞ്ഞു:
عن أبي هريرة رضي الله عنه، أنَّ رسول الله صلى الله عليه وسلم قال: ((إنَّ مَثَلي ومثلَ الأنبياء منْ قَبلي، كَمَثَلِ رجلٍ بنى بَيْتًا، فأحْسَنَهُ وأجْمَلَهُ، إلا مَوْضعَ لَبِنَةٍ من زاوية، فَجَعَلَ النَّاسُ يَطُوفونَ بِهِ، ويَعْجَبونَ له، ويقُولونَ: هَلَّا وُضِعَتْ هذه اللَّبِنَة؟!))، قال: ((فأنا اللَّبِنَة، وأنا خاتمُ النَّبيِّينَ))؛ رواه الشيخان، واللفظ للبخاري
“എന്റെയും മറ്റു നബിമാരുടെയും ഉപമ പറയാം: ഒരാൾ ഒരു കെട്ടിടം ഉണ്ടാക്കി. നല്ല ഭംഗിയിലും ആകർഷണീയതയിലും നിർമിച്ച കെട്ടിടം. പക്ഷേ, അതിന്റെ ഒരു മൂലയിൽ ഒരു ഇഷ്ടിക വെക്കാനുള്ള സ്ഥലം മാത്രം ബാക്കിയായി. ആ കെട്ടിടത്തെ ആളുകൾ പ്രദക്ഷിണം വെക്കുന്നു. അവർക്ക് അത് ഏറെ ആകർഷകമായി തോന്നി. ഈ ഇഷ്ടിക കൂടി വച്ചാൽ ഇതിന്റെ നിർമ്മാണം പൂർണ്ണമാവില്ലേ എന്നവർ പറയുന്നുണ്ട്. ആ കല്ല് ഞാനാണ്. ഞാനാണ് നബിമാരിൽ അവസാനത്തെ നബി.”
25 പ്രവാചകന്മാരുടെ പേരുകൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. നാം ചരിത്രം പറഞ്ഞുതന്നവരും അല്ലാത്തവരും പ്രവാചകന്മാരുടെ കൂട്ടത്തിലുണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ അല്ലാഹു പറയുന്നുണ്ട്. ഖുർആനിൽ പേര് പറഞ്ഞ പ്രവാചകർ ഇവരാണ്:
- ആദം നബി
- ഇദ്രീസ് നബി
- നൂഹ് നബി
- ഹൂദ് നബി
- സ്വാലിഹ് നബി
- ഇബ്രാഹീം നബി
- ലൂത്വ് നബി
- ഇസ്മാഈൽ നബി
- ഇസ്ഹാഖ് നബി
- യഅ്ഖൂബ് നബി
- യൂസുഫ് നബി
- അയ്യൂബ് നബി
- ശുഐബ് നബി
- ഹാറൂൻ നബി
- മൂസാ നബി
- അൽയസഅ് നബി
- ദുൽ കിഫ്ൽ നബി
- ദാവൂദ് നബി
- സുലൈമാൻ നബി
- ഇൽയാസ് നബി
- യൂനുസ് നബി
- സകരിയ്യ നബി
- യഹ്യ നബി
- ഈസാ നബി
- മുഹമ്മദ് നബി
ഖുർആനിൽ ഏറ്റവും കൂടുതൽ പേര് പരാമർശിക്കപ്പെട്ട പ്രവാചകൻ (136 തവണ) ജൂതർ അവരുടെ പ്രവാചകനായി അംഗീകരിക്കുന്ന മൂസാ പ്രവാചകൻ ആണ്. ഈസാ പ്രവാചകനെയാകട്ടെ 78 തവണയും ഖുർആൻ പരാമർശിക്കുന്നുണ്ട്. മുഹമ്മദ് നബിയെ 4 തവണ മാത്രമേ നേരിട്ട് ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. ഇതിനർത്ഥം മറ്റു മതങ്ങൾ ദിവ്യപുരുഷന്മാരായി കണക്കാക്കുന്ന പ്രവാചകന്മാരെ അല്ലാഹുവിന്റെ ദൂതന്മാരായി പരിചയപ്പെടുത്തുന്നതിൽ ഖുർആനും ഇസ്ലാമും വളരെ വിശാലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അവരെ എല്ലാവരെയും ഇസ്ലാം അംഗീകരിക്കുന്നു. ദിവ്യന്മാരെന്നോ ദൈവപുത്രന്മാരെന്നോ ആരാധിക്കപ്പെടേണ്ടവർ എന്നോ രക്ഷകരെന്നോ അവരെ പരിചയപ്പെടുത്താതെ പ്രപഞ്ചനാഥന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഏൽപ്പിക്കപ്പെട്ട മുഹമ്മദ് നബിയെ പോലുള്ള ദൈവദൂതന്മാർ മാത്രമാണ് അവർ. അതിനു മേലെയുമല്ല, താഴെയുമല്ല.
എല്ലാ മനുഷ്യരുടെയും പിതാവ് (അബുൽ ബഷർ) ആദം നബി ആണെന്ന് പറഞ്ഞില്ലേ. നൂഹ് നബിയുടെ പിതാവിന്റെ പിതാമഹനാണ് ഇദ്രീസ് നബി. ബുഖാരിയിൽ അങ്ങനെ കാണാം. നൂഹ് നബിയുടെ ചരിത്രം ഖുർആനിൽ പലയിടത്തും വിശദമായി പറഞ്ഞിട്ടുണ്ട്. 950 വർഷം പ്രബോധനം ചെയ്തു. എന്നിട്ടും വളരെ കുറച്ചുപേരാണ് സന്മാർഗത്തിലേക്ക് വന്നത്. മറ്റുള്ളവർ നബിയെ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അവസാനം നൂഹ് നബി അല്ലാഹുവിനോട് അവർക്കെതിരെ ദുആ ചെയ്തു (പ്രാർത്ഥിച്ചു). ആ ദുആ അല്ലാഹു സ്വീകരിക്കുകയും ഉടനെ ഒരു കപ്പൽ നിർമിക്കാൻ നിർദേശം നൽകുകയും ചെയ്തു. അതിശക്തമായ പ്രളയം ഉണ്ടാവുകയും അതിൽ ധിക്കാരികളായ ജനത നശിക്കുകയും ചെയ്തു. വിശ്വാസികൾ കപ്പലിൽ കയറി രക്ഷപ്പെട്ടു.
നൂഹ് നബിയുടെ മകൻ സാമിന്റെ പരമ്പരയിലാണ് ഹൂദ് നബി ജനിക്കുന്നത്. ആദ് സമുദായത്തിലേക്കാണ് അവരെ അല്ലാഹു നിയോഗിച്ചത്. സ്വാലിഹ് നബിയും സാമിന്റെ പരമ്പരയിലാണ്. താൻ ദൈവദൂതനാണെന്ന് വാദിച്ചപ്പോൾ സ്വാലിഹ് നബിയുടെ ജനത ദൃഷ്ടാന്തം ആവശ്യപ്പെട്ടു. എന്ത് ദൃഷ്ടാന്തമാണ് വേണ്ടത് എന്ന് നബി അവരോട് ചോദിച്ചു. ഒരു വലിയ പാറ അവർ കാണിച്ചുകൊടുത്തു. ഈ പാറയിൽ നിന്ന് ഗർഭിണിയായ ഒരു ഒട്ടകം പുറത്തുവരട്ടെ എന്നായിരുന്നു അവരുടെ ആവശ്യം. ഇവരെക്കുറിച്ച് വിശദമായി പിന്നീട് പറയാം. ബാക്കി പ്രവാചകന്മാരെക്കുറിച്ച് വളരെ ഹ്രസ്വമായ ഒരു പരിചയപ്പെടുത്തൽ ഇവിടെ ആവശ്യമാണെന്നു തോന്നുന്നു.
ഖലീലുള്ളാഹ് എന്നറിയപ്പെടുന്ന പ്രവാചകനാണ് ഇബ്രാഹീം. ജൂതരും ക്രിസ്ത്യാനികളും എല്ലാം ഇബ്രാഹീം നബിയെ വിശ്വസിക്കുന്നു, ആദരിക്കുന്നു. ഇസ്ഹാഖ് നബിയും ഇസ്മാഈൽ നബിയും ഇബ്രാഹീം നബിയുടെ പുത്രന്മാരാണ്. ഇസ്മാഈൽ നബിയുടെ പരമ്പരയിലാണ് മുഹമ്മദ് നബി ജനിക്കുന്നത്. ആ പരമ്പരയിൽ വേറെ പ്രവാചകന്മാർ ജനിച്ചിട്ടില്ല.
എന്നാൽ ഇസ്ഹാഖ് നബിയുടെ പരമ്പരയിൽ ധാരാളം പ്രവാചകന്മാർ വന്നു. യഅ്ഖൂബ് നബി ഇസ്ഹാഖ് നബിയുടെ മകനാണ്. അവരെ കൻആനിലേക്കാണ് നിയോഗിച്ചത്. അവർക്ക് ഇസ്രാഈൽ എന്നും പേരുണ്ട്. യഅ്ഖൂബ് നബിയുടെ 12 പുത്രന്മാരും അവരുടെ പരമ്പരയുമാണ് ബനൂ ഇസ്രാഈൽ. ഈ 12 പുത്രന്മാരിൽ പ്രധാനിയാണ് യൂസഫ് നബി. എല്ലാവരും പ്രവാചകന്മാരാണെന്നർത്ഥം. യൂസഫ് നബിയെക്കുറിച്ച് ഒരു അധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്. ഉദ്വേഗജനകമായ ഒരു ചരിത്രമാണിത്.
ഇബ്രാഹീം നബിയുടെ സഹോദരന്റെ മകനാണ് ലൂത്വ് നബി. സദൂം എന്ന സ്ഥലത്തേക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. സ്വവർഗ്ഗരതിയിൽ ഏർപ്പെട്ടിരുന്ന ആളുകളായിരുന്നു സദൂമുകാർ. അവരെ അല്ലാഹു കൽമഴ വർഷിപ്പിച്ചും ഭൂമിയെ തലകീഴായി മറിച്ചിട്ടുമാണ് നശിപ്പിച്ചത്. ഇബ്രാഹീം നബിയുടെ മകൻ ഇസ്ഹാഖ് നബിയുടെ മകനായ ഈസ് എന്നവരുടെ പരമ്പരയിലാണ് അയ്യൂബ് നബി ജനിച്ചിട്ടുള്ളത്. അയ്യൂബ് നബിയെ നാം സന്ദർശിക്കുന്നുണ്ട്. അപ്പോൾ ബാക്കി പറയാം. ഇബ്രാഹീം നബിയുടെ പരമ്പരയിലാണ് ശുഐബ് നബി വരുന്നത്. മദ്യനിലേക്കാണ് ശുഐബ് നബി നിയോഗിക്കപ്പെട്ടത്. അളവിലും തൂക്കത്തിലും കുറവ് വരുത്തി ജനങ്ങളെ വഞ്ചിക്കുന്നവരായിരുന്നു അവർ.
മദ്യനിന് ശേഷം അസ്ഹാബുൽ ഐക്കയിലേക്കും ശുഐബ് നബി നിയോഗിതനായിട്ടുണ്ട്. പ്രവാചകന്റെ കല്പനയ്ക്ക് വിലകൊടുക്കാതിരുന്ന ധിക്കാരികളായ ജനതയെ അവസാനം അല്ലാഹു നശിപ്പിക്കുകയാണ് ചെയ്തത്. യഅ്ഖൂബ് നബിയുടെ പുത്രൻ ലാവയുടെ പുത്രൻ ഖാഹിത്തിന്റെ പുത്രൻ ഇംറാന്റെ പുത്രനാണ് ഹാറൂൻ നബി. ഹാറൂൻ നബിയുടെ സഹോദരനാണ് മൂസാ നബി. ഫറോവയുടെ സമുദായത്തിലേക്കാണ് അല്ലാഹു ഇവരെ രണ്ടുപേരെയും പറഞ്ഞയച്ചത്. അയ്യൂബ് നബിയുടെ മകനാണ് ദുൽ കിഫ്ൽ നബി. ബിഷ്ർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഹിസ്ഖിയാൽ എന്ന പേരിൽ ജൂതമതത്തിൽ അറിയപ്പെടുന്ന പ്രവാചകനാണെന്നും അഭിപ്രായമുണ്ട്. പിതാവിനുശേഷം "ദുൽ കിഫ്ൽ" എന്ന നാമത്തിലാണ് ഖുർആൻ അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുള്ളത്. യഅ്ഖൂബ് നബിയുടെ പുത്രൻ യഹൂദയുടെ പരമ്പരയിലാണ് ദാവൂദ് നബി ജനിക്കുന്നത്. ബനൂ ഇസ്രാഈലിന്റെ ഒരു രാജാവായിരുന്നു. ദാവൂദ് നബിയുടെ പുത്രനാണ് ആഗോള ചക്രവർത്തിയായി മാറിയ സുലൈമാൻ നബി. ഹാറൂൻ നബിയുടെ പരമ്പരയിലാണ് ഇൽയാസ് നബി വരുന്നത്. നീനവ എന്ന പ്രദേശത്തെ ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് യൂനുസ്. മത്സ്യവയറ്റിൽ അകപ്പെട്ട പ്രവാചകനായിരുന്നു. അതുകൊണ്ടുതന്നെ സ്വാഹിബുൽ ഹൂത് എന്ന് ഖുർആൻ ഒരിടത്ത് പറയുന്നു, വിശദമായ ചരിത്രവും പറയുന്നുണ്ട്. സുലൈമാൻ നബിയുടെ പരമ്പരയിലാണ് സകരിയ്യ നബി ജനിക്കുന്നത്. ബനൂ ഇസ്രാഈലിലെ മഹാപണ്ഡിതനായിരുന്നു. ബൈത്തുൽ മുഖദ്ദസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചു. രക്തസാക്ഷിയായാണ് മരണപ്പെടുന്നത്. സകരിയ്യ നബിയുടെ മകനാണ് യഹ്യ നബി. യോഹന്നാൻ എന്നാണ് ബൈബിളിൽ യഹ്യ നബിയെ പരിചയപ്പെടുത്തുന്നത്. യഹ്യ നബിയും മരണപ്പെടുന്നത് രക്തസാക്ഷിയായിട്ടാണ്.
യഹ്യ നബിയുടെ മാതാവിന്റെ സഹോദരി മറിയമിന്റെ പുത്രനാണ് ഈസാ. അത്ഭുതജനനം ആയിരുന്നു. പിതാവില്ലാതെയാണ് ജനിക്കുന്നത്. ജിബ്രീൽ മാലാഖ മറിയം ബീവിയുടെ മാറിൽ ഊതുകയും അങ്ങനെ അല്ലാഹുവിന്റെ പ്രത്യേകമായ കല്പന പ്രകാരം പിറവിയെടുക്കുകയും ചെയ്തു. കലിമത്തുള്ളാഹ്, റൂഹുള്ളാഹ് എന്നൊക്കെ ഈസാ നബിയെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ഖുർആൻ എന്നാൽ എന്താണ്? ദൈവം അന്ത്യപ്രവാചകരായ മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. മനുഷ്യരെ സന്മാർഗത്തിലേക്ക് നയിക്കാൻ ആവശ്യമായ മുഴുവൻ കാര്യങ്ങളും അതിലുണ്ട്. എത്ര ഗ്രന്ഥങ്ങളാണ് (കിതാബുകൾ) അല്ലാഹു അവതരിപ്പിച്ചത്? ഏതൊക്കെ പ്രവാചകന്മാർക്ക്? നാല് പുസ്തകങ്ങളും നൂറ് ഏടുകളും. ആദം നബിക്ക് പത്ത് ഏടുകൾ. ശീസ് നബിക്ക് അൻപത് ഏടുകൾ (ആദം നബിയുടെ മൂന്നാമത്തെ പുത്രനാണ് ശീസ്. അവരുടെ പേര് ഖുർആനിൽ വന്നിട്ടില്ല. തിരുനബിയുടെ ചില ഹദീസുകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണുന്നുണ്ട്). ഇദ്രീസ് നബിക്ക് മുപ്പത് ഏടുകൾ. ഇബ്രാഹീം നബിക്ക് പത്ത് ഏടുകൾ. മൂസാ നബിക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും, ഈസാ നബിക്ക് ഇറങ്ങിയ ഇൻജീലും, ദാവൂദ് നബിക്ക് സബൂറും പിന്നെ മുഹമ്മദ് നബിയുടെ ഖുർആനുമാണ് നാല് കിതാബുകൾ. 25 പ്രവാചകന്മാരെക്കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട് എന്നത് തന്നെ മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് എന്നതിന്റെ തെളിവാണ്. അല്ലെങ്കിൽ എങ്ങനെയാണ് ഇത്രയും പ്രവാചകന്മാരെക്കുറിച്ച് അവരുടെ പേരും ചരിത്രവും മുഹമ്മദ് നബി പറയുക? ചിലരെക്കുറിച്ച് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇബ്രാഹീം, യൂസഫ്, ഹൂദ്, നൂഹ്, യൂനുസ് എന്നിവർക്ക് വേണ്ടി പ്രത്യേകം അധ്യായങ്ങൾ തന്നെ ഖുർആനിലുണ്ട്. ഇവരെക്കുറിച്ച് പറയാനുള്ള വിവരം മുഹമ്മദ് നബിക്ക് എവിടെ നിന്ന് കിട്ടി എന്നത് ചിന്തനീയമാണ്. മക്കയിലാണ് അവിടുന്ന് ജനിച്ചുവളർന്നത്. വൈജ്ഞാനികമായി തീരെ വളർച്ചയില്ലാത്ത നാടായിരുന്നു മക്ക. അക്ഷരജ്ഞാനമുള്ളവർ തന്നെ കുറവ്. മുഹമ്മദ് നബി തന്നെ ഒരു പള്ളിക്കൂടത്തിലും പോയിട്ടില്ല, പഠിച്ചിട്ടില്ല. പഴയകാല സംസ്കൃതിയെക്കുറിച്ച് അറിയാനുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ല. വേദപണ്ഡിതന്മാരായ ജൂതന്മാരും ക്രിസ്ത്യാനികളും ആയിരുന്നു. അവർ സമൂഹമായി താമസിച്ചിരുന്നത് മക്കയിലായിരുന്നില്ല, മദീനയിലായിരുന്നു. പക്ഷേ എന്നിട്ടും കഴിഞ്ഞുപോയ ധാരാളം പ്രവാചകരെക്കുറിച്ച് വിശദമായി അവിടുന്ന് പറയുന്നുണ്ട്. വിശുദ്ധ ഖുർആനിൽ പ്രവാചകന്മാരെക്കുറിച്ചുള്ള ആയത്തുകൾ അവതരിച്ചത് അധികവും മക്കയിൽ വച്ചാണ് എന്നത് ഇവിടെ ശ്രദ്ധേയമാണ്.
ഇൻജീലും തൗറാത്തും അവതരിപ്പിച്ചത് അല്ലാഹു ആയതുകൊണ്ടുതന്നെ അതിലുള്ള കാര്യങ്ങൾ, പ്രത്യേകിച്ചും ചരിത്രവസ്തുതകൾ ഖുർആനിലുണ്ടാവുക സ്വാഭാവികമാണ്. അതുണ്ടാവണമല്ലോ. എന്നാൽ പ്രവാചകന്മാരെപ്പറ്റി പൂർവ്വവേദങ്ങളിലില്ലാത്ത പല കാര്യങ്ങളും, ഉള്ളവ തന്നെ അതിലേറെ ക്രിസ്റ്റൽ ക്ലിയറായും ഖുർആൻ പറഞ്ഞുതരുന്നുണ്ട്. അതിനാൽ ഖുർആനിലെ പ്രവാചക പരാമർശങ്ങൾ ദൈവികമാണെന്ന് ഉറപ്പിച്ചു പറയാനാവും. അങ്ങനെ പറയാൻ വേറെയും കാരണങ്ങളുണ്ട്. സ്വാലിഹ് നബിയുടെയും ഹൂദ് നബിയുടെയും ചരിത്രങ്ങൾ പറയുമ്പോൾ അക്കാര്യം നമുക്ക് പറയാം.




