“നിന്റെ മാസമുറ കഴിഞ്ഞോ?”
“ഉവ്വ്”
“എന്നാൽ നീ നമ്മുടെ കവിയുടെ അടുത്തേക്ക് ചെല്ല്.”
“എന്തിന്?”
“നമുക്കൊരു കവിയായ പുത്രൻ വേണമല്ലോ?”
“അതിനെന്തു വേണം?”
“നീ അവനോടൊപ്പം ശയിക്കണം. ഗർഭം ഉറപ്പായിട്ട് ഇങ്ങോട്ട് വന്നാൽ മതി.”
“അങ്ങുന്ന് പറയുന്നതുപോലെ ചെയ്യാം.”
“ഗർഭം ഉറപ്പായാൽ പിന്നെ ഒരു നിമിഷം അവിടെ നിൽക്കരുത്. ഇങ്ങോട്ട് വന്നേക്കണം.”
“അങ്ങ് പറയുന്നതുപോലെ.”
“അങ്ങനെ നമുക്കൊരു പ്രതിഭാശാലിയായ മകനെ ലഭിക്കും. സമൂഹത്തിനിടയിൽ നമുക്ക് തലയുയർത്തി നടക്കണം.”
“‘ശരി, എല്ലാം കൽപ്പന പോലെ!”
മക്കയിൽ ഇസ്ലാം എത്തുന്നതിനു മുൻപ് ചില ദമ്പതികൾ തമ്മിൽ നടന്നിരിക്കാനിടയുള്ള സംഭാഷണത്തിന്റെ ആവിഷ്കാരമാണിത്. അക്കാലത്ത് നടന്നിരുന്ന അംഗീകൃത വ്യഭിചാരത്തിന്റെ ഒരു രീതിയായിരുന്നു അത്.
ഇസ്തിബ്ദാഅ് നികാഹ്
സന്താനോല്പാദനത്തിനു വേണ്ടി ഭാര്യയെ മറ്റൊരാൾക്കു നൽകുന്ന രീതിയാണിത്. പ്രതിഭകളായ കുഞ്ഞുങ്ങളുണ്ടാകാൻ യോദ്ധാക്കൾ, കവികൾ, നാട്ടുമൂപ്പന്മാർ തുടങ്ങിയവരുമായി കിടപ്പറ പങ്കിടാൻ ഭർത്താവ് ഭാര്യയെ ചമയിച്ചയക്കുന്നു! എന്നിട്ട് സ്വന്തം കുഞ്ഞാണെന്ന് അവകാശവാദം ഉന്നയിക്കുന്നു! ഈ ദുരാചാരം എങ്ങനെയാണ് ഇല്ലാതായത്? സ്ത്രീകൾക്ക് ചാരിത്ര്യശുദ്ധിക്കുള്ള അവകാശം ആരാണ് വാങ്ങിക്കൊടുത്തത്? "വ്യഭിചാരത്തിലേക്ക് നിങ്ങൾ അടുത്തു പോകരുത്; അത് നീചവും നികൃഷ്ടവുമത്രെ" എന്ന ആശയം ആ സമൂഹത്തിന് ഓതിക്കൊടുത്തത് പ്രവാചകൻ മുഹമ്മദ് നബി തന്നെ! അവിടുന്ന് ഇങ്ങനെ പറഞ്ഞു:
لا يَزْنِي الزَّانِي حِينَ يَزْنِي وهو مُؤْمِنٌ، ولا يَشْرَبُ الخَمْرَ حِينَ يَشْرَبُ وهو مُؤْمِنٌ، ولا يَسْرِقُ حِينَ يَسْرِقُ وهو مُؤْمِنٌ، ولا يَنْتَهِبُ نُهْبَةً، يَرْفَعُ النَّاسُ إلَيْهِ فيها أبْصارَهُمْ حِينَ يَنْتَهِبُها وهو مُؤْمِنٌ.
“ഒരാൾക്ക് യഥാർത്ഥ വിശ്വാസിയായിക്കൊണ്ട് വ്യഭിചരിക്കാനോ മദ്യപിക്കാനോ മോഷ്ടിക്കാനോ കവർച്ച നടത്താനോ സാധ്യമല്ല. അഥവാ, ഈ കാര്യങ്ങൾ ചെയ്യുന്നവനിൽ നിന്ന് ഈമാൻ (വിശ്വാസം) മാറിനിൽക്കും.”
അറേബ്യയിൽ നടമാടിയിരുന്ന ലൈംഗിക അരാജകത്വത്തിന്റെ ഒരു ചിത്രം മാത്രമാണിത്. എന്നാൽ വിചിത്രവും വ്യത്യസ്തവുമായ ധാരാളം ലൈംഗിക അരാജകത്വങ്ങൾ അവിടെ സുലഭമായിരുന്നു.
ചില ഉദാഹരണങ്ങൾ കാണുക:
സിഫാഹ് (വേശ്യാവൃത്തി):
അറേബ്യയിൽ വേശ്യാവൃത്തിക്കായി ഉപയോഗിച്ചിരുന്നത് മുഖ്യമായും അടിമ സ്ത്രീകളെയായിരുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഉടമയ്ക്ക് നൽകണമെന്നാണ് ചട്ടം. ഈ സമ്പ്രദായം തിരുനബി നിർത്തലാക്കി.
ലിവിങ് ടുഗദർ (സഹജീവിതം):
വിവാഹം ചെയ്യാതെ ദമ്പതികളെപ്പോലെ ഒന്നിച്ചു കഴിയുക. വിവാഹം ഒരു കരാറും ഉത്തരവാദിത്തവും ഏറ്റെടുപ്പുമൊക്കെയാണല്ലോ. ഉടമ്പടിയുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാമെന്നുള്ളതാണ് ഇതിന്റെ സുഖം. ഇതൊന്നും പുതിയ കാലത്തിന്റെ ‘സംഭാവനകൾ’ അല്ല. പണ്ട് നിലനിന്നിരുന്നതും ഇസ്ലാം ഇല്ലാതാക്കിയതുമായ അനാചാരങ്ങൾ പുതിയ പാത്രത്തിൽ പുനർജനിക്കുകയാണ്. ഇതിനായി ഉപയോഗിക്കുന്ന സ്ത്രീകളെ വിശുദ്ധ ഖുർആനിൽ സൂറത്തുന്നിസാഇലെ 25-ാം വചനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇതും തിരുനബി വിലക്കി.
നികാഹുൽ മഖ്ത്’:
ഒരു പുരുഷൻ മരണപ്പെടുന്നു, അയാളുടെ ഭാര്യ വിധവയാകുന്നു. അവളെ ഇനി ആര് വിവാഹം കഴിക്കണം? മരണപ്പെട്ട പുരുഷന് മറ്റേതെങ്കിലും ഭാര്യയിലുള്ള മകൻ! മകൻ ഇല്ലെങ്കിൽ ഏറ്റവും അടുത്ത ബന്ധു; അത് പിതാവുമാകാം. ചുരുക്കത്തിൽ പിതാവിന്റെ ഭാര്യയെ മകൻ വേൾക്കുകയോ മകന്റെ ഭാര്യയെ പിതാവ് വേൾക്കുകയോ ചെയ്യുന്ന വൃത്തികേടാണ് ‘നികാഹുൽ മഖ്ത്.’ ഈ മകന്/ പിതാവിന്/ അടുത്ത ബന്ധുവിന് അവളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവളെ അവിവാഹിതയായി നിർത്തും. മറ്റാർക്കും വിവാഹം കഴിച്ചു കൊടുക്കില്ല. സാമ്പത്തിക ലാഭമാണത്രേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുദൂതൻ വന്നു ആ ദുരാചാരവും നിർത്തലാക്കി.
വൈഫ് സ്വാപ്പിംഗ് (ഭാര്യമാരെ പരസ്പരം കൈമാറൽ):
‘നികാഹുൽ ബദൽ’ എന്നാണ് അക്കാലത്തെ നാമം. ഭാര്യമാരെ വെച്ചുമാറലാണിത്. ഈ അന്ധകാരത്തിലേക്ക് ആധുനികത ‘പുരോഗമിച്ചു’ തുടങ്ങിയിട്ടുണ്ട്. അപരന്റെ ഭാര്യയുമായി കിടപ്പറ പങ്കിടുന്നതിനെക്കുറിച്ച് തിരുനബിയുടെ പാഠശാലയിൽ എന്താണ് പഠിപ്പിച്ചത്? അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു: തിരുനബി ഒരു ഉയർന്ന പ്രദേശത്ത് ഇരിക്കുകയാണ്. ഞാൻ അവിടേക്ക് കടന്നുചെന്നു. നബിയോട് അഭിമുഖമായി ഇരുന്നു. നബിയോടൊപ്പം ആരുമില്ലായിരുന്നു. ആ അസരം മുതലെടുത്ത് ഞാൻ ചോദിച്ചു: "ഏറ്റവും വലിയ പാപം ഏതാണ്?" അവിടുന്ന് ആ ചോദ്യം ശ്രദ്ധിച്ചില്ല. ഞാൻ മൂന്നുവട്ടം ചോദിച്ചു. അപ്പോൾ എന്നോട് പറഞ്ഞു: "നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് പങ്കുകാരനുണ്ടെന്ന് വിശ്വസിക്കലാണ് ഏറ്റവും വലിയ പാപം. "പിന്നെ ഏതാണ് നബിയേ? "നീ ഭക്ഷിക്കുമ്പോൾ നിന്നോടൊപ്പം ഇരിക്കുമെന്ന് പേടിച്ച് നിന്റെ കുഞ്ഞിനെ നീ കൊന്നു കളയുക." (ജീവിത സൗകര്യങ്ങൾ കുറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ട് പ്രസവിക്കുന്നതിന് മുമ്പോ ശേഷമോ മക്കളെ കൊന്നുകളയുക). പിന്നെ ഏതാണ്? "അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുക." തുടർന്ന് തിരുനബി വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫുർഖാനിൻ്റെ അവസാന ഭാഗത്ത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പരിചയപ്പെടുത്തുന്ന ഭാഗം പാരായണം ചെയ്തു:
{ وَٱلَّذِینَ لَا یَدۡعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا یَقۡتُلُونَ ٱلنَّفۡسَ ٱلَّتِی حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا یَزۡنُونَۚ وَمَن یَفۡعَلۡ ذَ ٰلِكَ یَلۡقَ أَثَامࣰا }[Surah Al-Furqān: 68]
"അവർ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കില്ല. അല്ലാഹു ആദരിച്ച ജീവനെ അന്യായമായി ഹനിക്കില്ല. അവർ വ്യഭിചരിക്കുകയുമില്ല. ആരെങ്കിലും അത് ചെയ്താൽ അവൻ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും."
മുത്ആ വിവാഹം:
അവധി പറഞ്ഞുള്ള വിവാഹമാണത്. ഏതാനും കൊല്ലങ്ങൾ/ മാസങ്ങൾ/ ആഴ്ചകൾ/ ദിവസങ്ങൾ/ മണിക്കൂറുകൾ മാത്രം നിലനിൽക്കുന്ന വിവാഹം! തിരുനബിയുടെ പ്രബോധനത്തിന് മുമ്പ് നിലനിന്നിരുന്ന ഈ വിവാഹ സമ്പ്രദായത്തിന് ഇസ്ലാമിലെ ആദ്യകാലത്ത് വിലക്കേർപ്പെടുത്തിയിരുന്നില്ല; പിന്നീട് എന്നെന്നേക്കുമായി വിലക്കിയതായി പ്രവാചകൻ തന്നെ പ്രസ്താവിച്ചു.
റഹ്ത്വ് (ഗ്രൂപ്പ് സെക്സ്):
പത്തിൽ താഴെ പുരുഷന്മാരെ ഒരു സ്ത്രീ ക്ഷണിക്കുന്നു. എല്ലാവരും അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ശേഷം എല്ലാവരും വീടുകളിലേക്ക് തിരിച്ചുപോകുന്നു. ഗർഭം ധരിക്കുമ്പോൾ കുഞ്ഞിൻ്റെ പിതാവ് ആരെന്ന് തീരുമാനിക്കുന്നത് ഈ സ്ത്രീ നറുക്കിട്ടെടുത്തായിരുന്നു. സ്ത്രീക്ക് പണം നൽകേണ്ടതില്ല. ഇതും ഇസ്ലാം വിലക്കി. ഇത് 'ഗ്യാങ് ബാങ്' എന്ന പേരിൽ ആധുനിക അൽപന്മാർ സ്വീകരിച്ചിട്ടുണ്ട്. ബഹുഭർതൃത്വവും കേരളത്തിൽ നിലവിലുണ്ടായിരുന്ന 'സംബന്ധം' പോലുള്ളവയും ഇത്ര തന്നെ മാരകമല്ലെങ്കിലും ഏറെക്കുറെ സമാനമായ രീതിയിലുള്ളതാണ്. ഇതിന്റെ എല്ലാ ഇനങ്ങളെയും തിരുനബി വിലക്കി.
സ്വാഹിബാത്ത് അൽ റായാത്ത് (കൊടി കെട്ടിയ വേശ്യകൾ):
ഈ ബന്ധത്തിൽ ആളുകളുടെ എണ്ണത്തിന് പരിധിയില്ല. സ്ത്രീ സ്വന്തം വീടിന് മുന്നിൽ ഒരു കൊടി നാട്ടുന്നു. ആർക്കും ഏതു സമയത്തും വീട്ടിൽ കയറി സഹശയനം നടത്തി പോരാം. ആരെയും തിരസ്കരിക്കാനോ തിരഞ്ഞെടുക്കാനോ സ്ത്രീക്ക് അവകാശം ഉണ്ടായിരിക്കില്ല. ഈ ബന്ധത്തിൽ മക്കളുണ്ടായാൽ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളെ പിതാവായി പ്രഖ്യാപിക്കാം. ഇതും ഇസ്ലാം നിരോധിച്ചു.
ഇൻസെസ്റ്റ് (അഗമ്യഗമനം):
മാതാവ്, സഹോദരി, മകൾ, പിതൃ-മാതൃ സഹോദരിമാർ, സഹോദര പുത്രിമാർ എന്നിവരുമായി വിവാഹബന്ധത്തിലേർപ്പെടുകയോ ലൈംഗികമായി ബന്ധപ്പെടുകയോ ചെയ്യുന്ന രീതിയാണിത്. പുരാതന റോമൻ, ഈജിപ്ഷ്യൻ സംസ്കാരങ്ങളിൽ ഇൻസെസ്റ്റ് സാധാരണമായിരുന്നു. ക്ലിയോപാട്ര വിവാഹം ചെയ്തത് സ്വന്തം അനുജനെ തന്നെയായിരുന്നു. ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങളിൽ ഇന്നും ഇൻസെസ്റ്റ് നിലനിൽക്കുന്നുണ്ട്. തിരുനബി ഇതിനെ നിഷിദ്ധമാക്കി.
ഇനി പറയൂ! സ്ത്രീ ശരീരം അങ്ങാടികളിൽ വിൽപ്പനയ്ക്ക് വെക്കേണ്ടതില്ലെന്നും മാന്യമായി വിവാഹം ചെയ്ത് അയക്കലാണ് അവൾക്ക് ലഭിക്കേണ്ട അവകാശമെന്നും പഠിപ്പിക്കുകയും, അന്ധകാരത്തിൽ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്ത നേതാവാരാണ്? ആരുടെ പാഠശാലയെ മറികടന്നുകൊണ്ടാണ് അത്തരം ആഭാസങ്ങളെ വാരിപ്പുണരാൻ പുരോഗമനവാദികൾ എന്ന് വാദിക്കുന്നവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്?
അങ്ങേക്ക് സർവ്വ ഗുണങ്ങളുമുണ്ടാകട്ടെ നബിയേ! അങ്ങില്ലായിരുന്നെങ്കിൽ ഈ ലോകം വെളിച്ചം കാണുമായിരുന്നില്ല. ലൈംഗിക അരാജകത്വത്തെ എതിർക്കുക മാത്രമല്ല, അതിലേക്ക് വഴി വെട്ടുന്ന സകല പ്രവണതകൾക്കെതിരെയും പ്രവാചകൻ ശബ്ദിച്ചു.




