ചോദ്യം ഒന്ന്: പുരുഷ കേസരികളേ! നിങ്ങൾക്കൊരു കോണ്ടാക്ട് സർട്ടിഫിക്കറ്റ് വേണമെന്ന് വെക്കുക. സ്രഷ്ടാവിന്റെ കോടതിയിൽ അംഗീകരിക്കപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ്! അത് ആരാണ് നിങ്ങൾക്ക് നൽകേണ്ടത്? ഉപ്പ? ഉമ്മ? മക്കൾ? ബന്ധുക്കൾ? അയൽവാസികൾ? നാട്ടിലെ മതസംഘടന? ജനകീയ ഐക്യവേദി? എല്ലാം ഒരർത്ഥത്തിൽ ശരിയാണെങ്കിലും ഏറ്റവും ശരിയായ ഉത്തരം ഇതൊന്നുമല്ല. പിന്നെയോ?! നിങ്ങളുടെ ജീവിതപങ്കാളി! അതെവിടെ നിന്ന് കിട്ടി? നബി പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ സ്വന്തം ഭാര്യമാരോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്.” നാട്ടുകാരും ബന്ധുക്കളും അയൽവാസികളും എല്ലാം ഒരാളെക്കുറിച്ച് നല്ലത് പറയുന്നു; ജീവിതപങ്കാളിയാവട്ടെ അവളുടെ അനുഭവം വെച്ച് മറിച്ചും പറയുന്നു. അവളുടെ ഒപ്പ് കിട്ടാത്തതുകൊണ്ട് ഈ കോണ്ടാക്ട് സർട്ടിഫിക്കറ്റ് അല്ലാഹുവിന്റെ കോടതിയിൽ സ്വീകരിക്കപ്പെടില്ല!
ഇനി മറ്റൊരു ചോദ്യം. ഒരു മനുഷ്യന് ഏറ്റവും കടപ്പാട് വേണ്ടത് ആരോടാണ്? ഭാര്യ? മക്കൾ? ഉപ്പ? ബന്ധുക്കൾ? അയൽവാസികൾ? എല്ലാ ഉത്തരവും തെറ്റാകുന്നു! ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും മാതാവിനാണ്; നാലാമതായി പിതാവ് വരുന്നു.
മൂന്നാമത്തെ ചോദ്യം: ഒരു ഹദീസുമായി ബന്ധപ്പെട്ടതാണ്. രണ്ടു പേരെ ഒരാൾ പോറ്റി വളർത്തി, അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും നൽകി സംസ്കാരമുള്ളവരാക്കി മാറ്റി. അങ്ങനെയുള്ളവൻ മുത്ത് നബിയോടൊപ്പം സ്വർഗ്ഗത്തിലാണ്. ആരാണ് ആ രണ്ടു പേർ? A. ആൺമക്കൾ B. സഹോദരന്മാർ C. പെൺമക്കൾ / സഹോദരിമാർ.
ഉത്തരം C ആണ്. പെൺമക്കൾക്കും സഹോദരിമാർക്കുമാണ് ഈ ഓഫർ ലഭിച്ചിട്ടുള്ളത്. ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിയുടെ സേവകനായ അനസ് ഉദ്ധരിക്കുന്നു, തിരുനബി പറഞ്ഞു: “ഒരാൾക്ക് രണ്ട് പെൺമക്കൾ അല്ലെങ്കിൽ രണ്ട് സഹോദരിമാർ ഉണ്ടാവുകയും അവർ രണ്ടുപേരും അവനോടൊപ്പമുള്ള കാലം അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്താൽ ഞാനും അവനും ഇതുപോലെയാണ്” (ചൂണ്ടുവിരലും നടുവിരലും പോലെ ചേർത്തുപിടിച്ചുകൊണ്ട് അവിടുന്ന് കാണിച്ചുതന്നു).
ഒരു സ്ത്രീ ഒന്നുകിൽ ഉമ്മയായിരിക്കും അല്ലെങ്കിൽ ഭാര്യ / സഹോദരി / മകൾ. ഇതിലേതായാലും അവൾ ഭാഗ്യവതി തന്നെ! പിതാവിനോ ഭർത്താവിനോ സഹോദരനോ മകനോ ഇല്ലാത്ത സ്ഥാനങ്ങൾ മുത്ത് നബി സ്ത്രീകൾക്ക് നൽകി!
ഒരു സംശയം: സഹോദരിയും മകളും ഒരേ വിതാനത്തിലാണോ? അല്ല എന്നത് വ്യക്തമാണ്; പല കാര്യങ്ങളിലും വ്യത്യാസങ്ങളുണ്ടല്ലോ. നേരത്തെ പറഞ്ഞതിനോട് സമാനമായ ഒരു ഹദീസ് നോക്കൂ. അബൂഹുറൈറ ഉദ്ധരിക്കുന്നു: “ഒരാൾക്ക് മൂന്ന് പെൺകുട്ടികളുണ്ട്, അവരുടെ വിശപ്പും പ്രയാസങ്ങളുമൊക്കെ പരിഹരിക്കാൻ അയാൾ ശ്രമിച്ചു; അവരോട് കാരുണ്യം ചെയ്തതിന്റെ പേരിൽ അദ്ദേഹം സ്വർഗ്ഗത്തിൽ കടക്കുന്നതാണ്.”
“രണ്ടു പെൺകുട്ടികൾ ആണെങ്കിലോ നബിയേ?” ഒരാൾ ചോദിച്ചു.
“രണ്ടാണെങ്കിലും,” തിരുനബി മറുപടി പറഞ്ഞു.
“ഒരു പെൺകുട്ടിയാണെങ്കിലോ?” മറ്റൊരാളുടെ ചോദ്യം.
“ഒരു പെൺകുട്ടിയാണെങ്കിലും!” തിരുനബി പ്രതിവചിച്ചു.
സഹോദരിമാരുടെ കാര്യം രണ്ടിൽ നിന്നിട്ടുണ്ട്. എന്നാൽ പെൺമക്കളുടെ കാര്യത്തിൽ ഒരാൾ ഒരു മകളെ നേരാംവണ്ണം പോറ്റിയാൽ തന്നെ സ്വർഗ പ്രവേശനത്തിന് നിമിത്തമാകുമെന്നാണ് ഹദീസിന്റെ പാഠം. സമത്വവാദികൾ സ്ത്രീകളുടെ പദവികൾ ഒരിക്കലും 50 ശതമാനത്തിൽ കൂടരുതെന്നാണ് ശാഠ്യം പിടിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് നൂറും പുരുഷന്മാർക്ക് സീറോയും ഉള്ള പലതിൽ ചിലതാണ് നാം ഇവിടെ ചർച്ച ചെയ്തത്. പല വിഷയങ്ങളിലും തിരിച്ചുമുണ്ടാവാം. അങ്ങനെ തന്നെയാണ് വേണ്ടത്. പുരുഷനും സ്ത്രീയും തുല്യമല്ലല്ലോ.
സ്ത്രീകൾക്കായി മുത്ത് നബി നടത്തിയ അവകാശ പോരാട്ടങ്ങൾ കുറച്ചൊന്നുമല്ല. അതിൽ ചിലത് പറയാം:
- ജീവിക്കാനുള്ള അവകാശം
- സംരക്ഷിക്കപ്പെടാനുള്ള അവകാശം
- ചാരിത്ര്യശുദ്ധി സംരക്ഷിക്കാനുള്ള അവകാശം
- വിവാഹിതയാകാനുള്ള അവകാശം
- കാമക്കണ്ണുകളിൽ നിന്ന് സുരക്ഷിതരാകാനുള്ള അവകാശം
- സെക്യൂരിറ്റി ഗാർഡിനുള്ള അവകാശം
- ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം
- വിവാഹ മൂല്യത്തിനുള്ള അവകാശം (മഹ്ർ)
- വിവാഹ മോചനത്തിനുള്ള അവകാശം (ഖുല്അ്, ഫസ്ഖ്)
- പാരിതോഷികത്തിനുള്ള അവകാശം (വിവാഹമോചിതയാകുന്ന സ്ത്രീയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി കൊടുക്കുന്ന പാരിതോഷികം/മുത്അത്ത്)
- ജോലി ചെയ്യാനുള്ള അവകാശം
- ഭർത്താവിൽ നിന്ന് ചെലവ് കിട്ടാനുള്ള അവകാശം
- അപവാദ പ്രചാരണങ്ങൾക്കെതിരെയുള്ള അവകാശം
- വസ്ത്രം, ഭക്ഷണം ലഭിക്കാനുള്ള അവകാശം
- താമസം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കുള്ള അവകാശം
- വേലക്കാരിക്ക് വേണ്ടിയുള്ള അവകാശം
- അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം
- അനന്തരാവകാശം
ഓരോന്നും ദീർഘമായ വിശദീകരണം അർഹിക്കുന്നുണ്ട്. ജനിച്ചത് പെൺകുട്ടിയാണെന്നറിഞ്ഞാൽ കുഴിച്ചുമൂടുന്ന സംസ്കാരം അറബികളിലെ ചില ഗോത്രങ്ങളിലെങ്കിലും നിലനിന്നിരുന്നു എന്നതിന് ഖുർആനും ചരിത്രവും സാക്ഷിയാണ്. സ്ത്രീ ജനനം അപമാനമായിരുന്നു എന്നതാണ് കാരണം. ശക്തമായ ചോദ്യശരങ്ങൾ കൊണ്ടാണ് അവരുടെ ധൈഷണികതയെ ഖുർആൻ തൊട്ടുണർത്തിയത്. “കുഴിച്ചുമൂടപ്പെട്ട പെൺകുട്ടിയോട് ചോദിക്കപ്പെടുന്ന സന്ദർഭം …. ഏത് പാപത്തിന്റെ പേരിലാണ് അവൾ കൊല്ലപ്പെട്ടതെന്ന്?” (ഖുർആൻ).
സ്ത്രീകൾ കുട്ടികളാകുമ്പോൾ പിതാവ് സംരക്ഷിക്കണം. കെട്ടിച്ചയക്കുന്നത് വരെ പിതാവിന്റെ സംരക്ഷണത്തിൽ സ്ത്രീ സുരക്ഷിതയാണ്. വിവാഹിതയായാൽ അവളെ ഭർത്താവ് കാത്തുകൊള്ളണം. അത് അയാളുടെ നിർബന്ധ ബാധ്യതയാണ്. വാർദ്ധക്യത്തിൽ മക്കളായിരിക്കണം ഉമ്മമാരെ സംരക്ഷിക്കേണ്ടത്. ആരുമില്ലെങ്കിൽ ഇസ്ലാമിക ഖാളി (മുസ്ലിം ജഡ്ജി / ഭരണാധികാരി) അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. ഇസ്ലാമിൽ ഒരു സ്ത്രീക്ക് എപ്പോഴും വലിയ്യ് (കൈകാര്യകർത്താവ്) ഉണ്ടായിരിക്കും. വിധവാ സംരക്ഷണത്തിന് മുത്ത് നബി നൽകിയ പ്രാധാന്യം ഇതിനോട് ചേർത്തു വെക്കണം. വിധവകൾക്കും അശരണർക്കും വേണ്ടി സേവനങ്ങൾ ചെയ്യുന്നവർ പടക്കളത്തിലിറങ്ങിയ പോരാളികളെ പോലെയാണെന്ന് നബി പറഞ്ഞിട്ടുണ്ട്.
ഇതൊരു നിർഭയത്വമാണ്. സ്ത്രീയുടെ പ്രകൃതത്തിനോട് യോജിച്ച സംവിധാനവും ഇതുതന്നെ. കുടുംബ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും വീട്ടിലെ രാജ്ഞി എന്ന ആദരവ് ലഭിക്കാനും മാംസക്കച്ചവടക്കാരുടെ ചൂഷണങ്ങൾക്കെതിരെ അലറുന്ന മൗനമാകാനും ഈ വ്യവസ്ഥിതി സ്ത്രീയെ പ്രാപ്തയാക്കുന്നു.
ആണിനെപ്പോലെ അധ്വാനിച്ച്, ആണിനെപ്പോലെ പണമുണ്ടാക്കി, ആണിനെപ്പോലെ എഴുന്നേറ്റ് നിന്ന് ആണാധിപത്യത്തിൽ നിന്ന് രക്ഷപ്പെടൂ എന്ന് ഗീർവാണം മുഴക്കുന്നവർ പെണ്ണുടലുകളുടെ കമ്പോള സാധ്യതയെ സൈദ്ധാന്തികവൽക്കരിക്കുകയാണ്. മുതലാളിയുടെ വിശാലമായ കൂടുകളിൽ സുരക്ഷിതരും നിർഭയരുമായി കഴിയുന്ന കോഴികളുടെ വിമോചനത്തിനായി തെരുവു സമരങ്ങൾ നടത്തുന്ന ജംബുകന്മാരുടെ വിലാപങ്ങൾക്ക് പിന്നിൽ ചതിക്കുഴികളുണ്ട്.




