“ബാപ്പാ.., എന്തിനാണ് എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്നതിനു മുൻപ് ബാപ്പ എടിഎമ്മിലേക്ക് പോകുന്നത്?” ചോദ്യം തന്റെ ചെറിയ മകന്റെ വകയാണ്.
ഇന്ന് വെള്ളിയാഴ്ച; മുസ്ലിംകൾക്ക് സവിശേഷമായ ദിവസം. പാവങ്ങളുടെ ഹജ്ജ്, വിശ്വാസികളുടെ പെരുന്നാൾ എന്നൊക്കെയാണ് വെള്ളിയാഴ്ച പ്രാർത്ഥനയെ (ജുമുഅ) മുസ്ലിംകൾ വിശേഷിപ്പിക്കാറുള്ളത്. വെള്ളിയാഴ്ച വിശ്വാസികൾ പുലർച്ചെ തന്നെ പള്ളിയിൽ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
നഖം മുറിക്കുന്നു, മീശ വെട്ടുന്നു, ഗുഹ്യരോമങ്ങൾ നീക്കം ചെയ്യുന്നു, കക്ഷം വടിക്കുന്നു, വീടും പരിസരവും വൃത്തിയാക്കുന്നു, കുളിക്കുന്നു, ഏറ്റവും ഭംഗിയുള്ള വസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നു. ഈ വലിയ തയ്യാറെടുപ്പുകൾക്ക് ശേഷം പുരുഷന്മാർ പള്ളിയിലേക്ക് നടന്നു പോകുന്നു. പോകുന്ന വഴിയിൽ വല്ല തടസ്സങ്ങളും കണ്ടാൽ —കല്ലോ, മരമോ, മുള്ളോ— അവ നീക്കം ചെയ്യുന്നു. അശരണരായ ആരെയെങ്കിലും കണ്ടാൽ ഉള്ളതിനനുസരിച്ച് സഹായം ചെയ്യുന്നു. അങ്ങനെ പലതും…
എന്തായിരിക്കും മുസ്ലിംകൾ ഇങ്ങനെ ചെയ്യാൻ കാരണം? അവരുടെ നബി അങ്ങനെയാണ് ജീവിച്ചത്, പഠിപ്പിച്ചത്. ജീവിതത്തിന്റെ ഓരോ അനക്കങ്ങളും അടക്കങ്ങളും എങ്ങനെയായിരിക്കണം എന്ന് അവിടുന്ന് പഠിപ്പിച്ചു. ലോകത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് കഴിഞ്ഞുപോയ ഒരു മനുഷ്യന്റെ ചുണ്ടനക്കങ്ങൾക്കും ചലനനിശ്ചലനങ്ങൾക്കും കണ്ണും ചെവിയും തുറന്നുപിടിച്ചിരിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? തിരുനബിയുടെ കാലത്തുതന്നെ ഇത്തരം കാര്യങ്ങൾ പറഞ്ഞ് അവിടുത്തെ അനുചരരെ ചിലർ കളിയാക്കിയിരുന്നു.
സൽമാനുൽ ഫാരിസി പറയുകയാണ്: “ഞങ്ങളെ ബഹുദൈവ വിശ്വാസികൾ കളിയാക്കിപ്പറഞ്ഞു, ‘നിങ്ങളുടെ നബി നിങ്ങളെ പഠിപ്പിച്ച് പഠിപ്പിച്ച് എങ്ങനെ വിസർജ്ജിക്കണം എന്നു വരെ പഠിപ്പിച്ചു കളഞ്ഞല്ലോ?’”
അദ്ദേഹം അന്തസ്സോടെ പ്രതികരിച്ചു: “അതെ, എന്താ സംശയം? അതുമാത്രമല്ല മറ്റു പലതും പഠിപ്പിച്ചു. വലതു കൈകൊണ്ട് ശൗച്യം ചെയ്യരുതെന്നും വിസർജ്ജിക്കുമ്പോൾ ഖിബ്ലയുടെ ഭാഗത്തേക്ക് തിരിഞ്ഞിരിക്കരുതെന്നും, ഉണക്കക്കാഷ്ഠമോ എല്ലിൻ കഷണമോ ശൗച്യം ചെയ്യാനുപയോഗിക്കരുതെന്നും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു. അതിന് നിനക്കെന്തു വേണം?”
ഒരാളുടെ, അല്ല കോടിക്കണക്കിന് ജനങ്ങളുടെ ബെഡ്റൂമും ബാത്ത്റൂമും പള്ളിയും പാഠശാലയും അങ്ങാടിയും കളിസ്ഥലവും, നിയമവും നീതിയും ഭരണവും ഒരാൾ നിയന്ത്രിക്കുന്നു. ഇപ്പോൾ ഭൗതിക ലോകത്ത് ജീവിച്ചിരിക്കുന്ന ആളല്ല; ഭൗതിക ഉപകരണങ്ങൾ ഉപയോഗിച്ചുമല്ല. പതിനാലു നൂറ്റാണ്ടുകൾക്ക് അപ്പുറത്ത് ജീവിച്ചൊരാൾ! എന്താ അത്ഭുതം തോന്നുന്നില്ലേ?
അറിയാത്തവർ വീണ്ടും വീണ്ടും ആ പ്രവാചകനെ പഠിക്കുന്നു. എന്നിട്ട് തങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലെയും നിർദേശങ്ങൾ മനസ്സിലാക്കുന്നു. അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു. ചിലപ്പോൾ ഏതെങ്കിലുമൊരു വിഷയത്തിൽ തിരുനബിയുടെ രീതി എങ്ങനെയായിരുന്നു എന്ന് അവർ തർക്കിക്കുന്നു, സംവാദങ്ങൾ നടത്തുന്നു. എങ്കിലും ഫോക്കസ് മാറുന്നില്ല; എല്ലാവരുടെയും ഐക്കൺ ആ പ്രവാചകൻ തന്നെ.
വെള്ളിയാഴ്ചയെക്കുറിച്ച് പറഞ്ഞാണ് നാം തുടങ്ങിയത്. വൃത്തിയും വെടിപ്പും വെള്ളിയാഴ്ചയ്ക്ക് മാത്രം പറഞ്ഞതല്ല. വൃത്തി ഈമാന്റെ (വിശ്വാസത്തിന്റെ) പകുതിയാണെന്നാണ് തിരുവരുൾ.
ഒരു ഹദീസ് (തിരുവചനം) നോക്കൂ: “ഒരാൾ ശുദ്ധിയോടെ (അംഗസ്നാനം ചെയ്ത്) വിരിപ്പിലേക്ക് ചെന്ന് അല്ലാഹുവിനെ സ്മരിച്ച് ഉറക്കത്തിലേക്ക് വഴുതിവീണാൽ അവന്റെ വിരിപ്പ് പള്ളിയായി മാറും. അവൻ ഉണരുന്നതുവരെ സ്വലാത്തിലും (സങ്കീർത്തനത്തിലും) ദൈവസ്മരണയിലുമായിരിക്കും. എന്നാൽ ശുദ്ധി അഥവാ വുളു ഇല്ലാതെയാണ് (പല്ല് തേക്കാതെ, വായ വൃത്തിയാക്കാതെ, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റാതെ, മുഖവും കയ്യും കാലും കഴുകാതെ) കിടപ്പറയിലേക്ക് പോകുന്നതെങ്കിൽ, അങ്ങനെ ദൈവസ്മരണയില്ലാതെയാണ് ഉറങ്ങുന്നതെങ്കിൽ അവന്റെ വിരിപ്പ് ഒരു കുഴിമാടമായിരിക്കും; ഉണരുന്നതുവരെ അവൻ അതിലെ ഒരു ശവവുമായിരിക്കും.”
ഉണർന്നയുടനെ മൂന്നു പ്രാവശ്യം കൈ കഴുകണമെന്നാണ് തിരുനബിയുടെ നിർദേശം. അതിനായി തിരുനബി പറഞ്ഞ കാരണം ചിന്തനീയമാണ്: “രാത്രി അവന്റെ കൈകൾ എവിടെയൊക്കെ പോയിട്ടുണ്ടാകുമെന്ന് അവൻ അറിയില്ല.” രോഗാണുബാധയുടെ സാധ്യത തന്നെയല്ലേ തിരുനബി ഇവിടെ ഉദ്ദേശിച്ചിട്ടുണ്ടാകുക? ഇത്തരം വൃത്തിയുടെ ബാലപാഠങ്ങളിൽ പത്തുകാര്യങ്ങൾ ഒരു വചനത്തിൽ തന്നെ തിരുനബി എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. മുറ്റം വൃത്തിയാക്കണം, എട്ടുകാലി വലയിൽ നിന്ന് വീടിനെ ശുദ്ധിയാക്കണം, മുടി ചീകിവെക്കണം, വസ്ത്രങ്ങൾ കഴുകണം, മോണ വൃത്തിയാക്കണം എന്ന നിർദേശങ്ങളൊക്കെ അതിനു പുറമെയാണ്.
പുലർച്ചെ മുതൽ അന്തിപ്പാതിര വരെയും ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് വരെയും ഒരാൾ നിങ്ങളോടൊപ്പം വരുന്നു; “മോനേ ഇതാണ് വേണ്ടത്, അങ്ങനെ ചെയ്യരുതേ” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു നേതാവ്, മറ്റൊരു നേതാവ്, ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ടോ? ഇനി വരുമോ? മനുഷ്യർ ചെയ്യുന്ന ഏത് പ്രവർത്തിക്കും തിരുനബിക്ക് ഒരു തീർപ്പുണ്ടായിരിക്കും.
നമുക്ക് വെള്ളിയാഴ്ചയിലേക്ക് തന്നെ പോകാം. കേവലം ഒരു വൃത്തിയാക്കൽ എന്ന അടിസ്ഥാനത്തിൽ മാത്രമല്ല വിശ്വാസികൾ പല്ലുതേക്കുന്നതും വായ വൃത്തിയാക്കുന്നതും മറ്റും. പ്രത്യുത, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവ നിത്യവും ചെയ്യൽ എത്രയോ പുണ്യം ലഭിക്കുന്ന ആചാരങ്ങൾ കൂടിയാണ്. വെള്ളിയാഴ്ചയാകുമ്പോൾ കൂടുതൽ പുണ്യം ലഭിക്കും. എല്ലാ നന്മകൾക്കും സവിശേഷ ദിനങ്ങളിൽ പ്രതിഫലം കൂടുതലാണ്; വെള്ളിയാഴ്ച വിശേഷിച്ചും.
പള്ളിയിൽ എത്തുമ്പോഴാകട്ടെ കൂട്ടായ്മയുടെ വലിയ സൗന്ദര്യം ആസ്വദിക്കാനാകുന്നു. വിശ്വാസികളായ എല്ലാ മനുഷ്യരും ഒരു സമ്മേളനത്തിലേക്കാണ് എത്തിച്ചേർന്നത്. ആളുകൾ വരിയൊപ്പിച്ച് ഇരുന്ന് ഖുർആൻ പാരായണം ചെയ്യുന്നു. മുൻനിരകൾ ആദ്യം നിറഞ്ഞിട്ടുണ്ടാകും. വെള്ളിയാഴ്ച നേരത്തേ പള്ളിയിൽ പോകണമെന്നും ആദ്യ സ്വഫ്ഫുകളിൽ (വരികളിൽ) സ്ഥലം പിടിക്കണമെന്നുമൊക്കെയാണ് നിയമം. ധാരാളം പ്രതിഫലങ്ങളാണ് അതിന് തിരുദൂതർ വാഗ്ദാനം ചെയ്തിട്ടുള്ളത്.
രണ്ടാളുകൾ ഇരുന്നയിടത്ത് അവരെ പിരിച്ചുകൊണ്ട് ഇടയിൽ കയറിയിരിക്കരുതെന്നും ഇരിക്കുന്ന ആളുകളുടെ പിരടി ചാടിക്കടന്ന് പോകരുതെന്നും തിരുനബി പഠിപ്പിച്ചു. പള്ളിയിലേക്ക് വരുന്നവരുടെ അറ്റന്റൻസ് എടുക്കാൻ മാലാഖമാർ വാതിൽക്കൽ കാവലിരിപ്പുണ്ടെന്നും തിരുവചനങ്ങളിൽ കാണാം. വെള്ളിയാഴ്ച പ്രാർത്ഥനയിലെ പ്രധാനപ്പെട്ട ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞാൽ മലക്കുകൾ ഏടുകൾ മടക്കിവെച്ച് ഖുതുബ (വെള്ളിയാഴ്ച പ്രഭാഷണം) ശ്രദ്ധിക്കും.
പ്രധാന കവാടത്തിലൂടെ അകത്ത് കടന്നാൽ ചൂടുകാലങ്ങളിലൊക്കെ കുപ്പിവെള്ളവുമായി പള്ളികളിൽ ബാലന്മാരെ കാണാം. “അസ്സലാമു അലൈകും” എന്ന് പറഞ്ഞ് ഹസ്തദാനത്തിന് കൈ നീട്ടി “വെള്ളം വേണോ?” എന്നായിരിക്കും അവരുടെ അടുത്ത ചോദ്യം. അത് വിൽപ്പനയ്ക്കൊന്നുമല്ല. വെള്ളം ദാനം നൽകുന്നത് വലിയ പുണ്യമുള്ള കർമമായാണ് തിരുനബി പഠിപ്പിച്ചത്.
മുതിർന്നവർ കുപ്പിവെള്ളം വാങ്ങി തങ്ങളുടെ ചെറിയ കുട്ടികളുടെ അടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ ഏൽപ്പിക്കുന്നു. കുട്ടിക്കാലത്തെ ഇങ്ങനെയുള്ള ശീലങ്ങൾ വലുതാകുമ്പോൾ ആവശ്യക്കാർക്ക് സഹായം ചെയ്യുന്നതിൽ അവർക്ക് ആവേശം നൽകുന്നു. ഈ ശീലമായിരിക്കാം ദാനം ചെയ്യുന്നതിൽ മുസ്ലിംകൾക്ക് പ്രത്യേക താല്പര്യം ഉണ്ടാക്കുന്നത്. ആവശ്യക്കാർ ഉള്ളതുകൊണ്ട് സഹായിക്കുന്നതിൽ അവർക്ക് ഒരു വൈമനസ്യവും കാണാറില്ല.
അഭിവാദ്യം ചെയ്യുന്നതിനെക്കുറിച്ചും ഹസ്തദാനം ചെയ്യുന്നതിനെക്കുറിച്ചും എത്രയാണവിടുന്ന് പറഞ്ഞത്! രണ്ട് വിശ്വാസികൾ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ അവരുടെ പാപങ്ങൾ കൊഴിഞ്ഞുപോകും; മരത്തിൽനിന്ന് ഇലകൾ കൊഴിഞ്ഞുപോകുന്നത് പോലെ.
കുട്ടികളോട് പോലീസുകാരന്റെ ഭാഷയിലോ ഭാവത്തിലോ അല്ല പെരുമാറേണ്ടത്. തിരുനബിയുടെ ജീവിതത്തിൽ കുട്ടികളെ തർബിയത്ത് ചെയ്യുന്നതിന്റെയും (സംസ്കരിക്കുക) അവരോടൊപ്പം കളിക്കുന്നതിന്റെയും അവരെ വളർത്തിയെടുക്കുന്നതിന്റെയുമൊക്കെ ഉദാത്തമായ ഒട്ടനവധി മാതൃകകൾ കാണാം.
ഇനി മകന്റെ ചോദ്യത്തിലേക്ക് പോകാം. അണിഞ്ഞൊരുങ്ങി പള്ളിയിലെത്തിയാൽ ചിലപ്പോൾ പള്ളിയുടെ കവാടത്തിൽ ഒരു ഫക്കീർ (പാവപ്പെട്ടവൻ) ഇരിക്കുന്നത് കാണാം. ഏതോ ദിക്കിൽ നിന്ന് സഹായം ചോദിച്ചെത്തിയതാകും. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് വരുന്നവർ കീശയിൽ നിന്ന് അവർക്കാകുന്നത് അയാൾക്ക് നൽകും. പിന്നീട് പള്ളിയിൽ എല്ലാവരും ഇരിക്കുമ്പോൾ ഒരു ബക്കറ്റ് പാസ്സ് ചെയ്തു പോകും. അത് പള്ളി പരിപാലന ഫണ്ടിലേക്കുള്ള സംഭാവനയാണ്.
ചില ദിവസങ്ങളിൽ പ്രാർത്ഥന കഴിഞ്ഞാൽ ഇമാം എഴുന്നേറ്റ് നിന്ന് ഒരു പ്രസ്താവന നടത്തിയെന്നും ഇരിക്കും: “വിശ്വാസികളെ… ഒരു വീട് നിർമിക്കാൻ ഗതിയില്ലാത്ത, മകളുടെ വിവാഹത്തിന് വകയില്ലാത്ത, നിത്യരോഗിയായ ഒരാൾ പിൻവശത്ത് മുണ്ടും വിരിച്ചിരിപ്പുണ്ട്. അദ്ദേഹത്തെ ആകുംപോലെ സഹായിക്കണം…”
ജുമുഅയ്ക്ക് വന്ന വിശ്വാസി അവരെയെല്ലാം ഒരു മടിയുമില്ലാതെ സഹായിക്കാൻ പോക്കറ്റിൽ കൈയിടുന്നു. പ്രവാചകൻ മുഹമ്മദ് നബി കാണിച്ച മാതൃകയിൽ നിന്നാണ് മുസ്ലിം ഇതെല്ലാം ശീലിക്കുന്നത്. ജുമുഅയ്ക്ക് വേണ്ടി ഇറങ്ങുന്ന ഒരു മുസ്ലിം കാലിപ്പോക്കറ്റുമായി പുറപ്പെടാറില്ല. കൈയ്യിലില്ലെങ്കിൽ എടിഎമ്മിൽ നിന്ന് വലിച്ചിട്ടെങ്കിലും കുറച്ചു പണം കയ്യിൽ കരുതും. അതൊരു സന്തോഷമാണ്. വ്യാഴാഴ്ച രാത്രിയോ, വെള്ളിയാഴ്ച പകലോ ദാനം നൽകുന്നതും പാവങ്ങളെ ഭക്ഷിപ്പിക്കുന്നതും വലിയ പുണ്യമാണെന്നാണ് തിരുനബിയുടെ അധ്യാപനം.




