കുടുംബം എന്ന സ്ഥാപനം സുഭദ്രമാകണമെങ്കിൽ എന്തുവേണം? കുടുംബത്തിൽ നിന്ന് മാത്രം കിട്ടേണ്ട സുഖങ്ങൾ അവിടെ നിന്ന് മാത്രം ലഭിക്കണം; മറ്റിടങ്ങളിൽ നിന്ന് ലഭിക്കരുത്. അതിനായി ഇസ്ലാം വെച്ച ചില നിയമങ്ങളുണ്ട്.
പുറത്തിറങ്ങുമ്പോൾ സുന്ദരികളായ സ്ത്രീകളെ ധാരാളമായി കാണുന്നുവെന്ന് സങ്കൽപ്പിക്കുക. അവർ ശരീരത്തിന്റെ മാംസളമായ ഭാഗങ്ങൾ 'വളരെ ശാസ്ത്രീയമായി' പ്രദർശിപ്പിച്ചിരിക്കുന്നു. അവർ കൊഞ്ചിക്കുഴയുന്നുണ്ട്. ശൃംഗരിക്കാനും തൊട്ടുരുമ്മാനും അവസരങ്ങളുണ്ട്. അപ്പോഴൊക്കെയും പുരുഷന്റെ ലൈംഗികമായ ചോദനകൾ നിർവഹിക്കപ്പെടുന്നുണ്ട്. ലിബറൽ ചിന്താഗതികളുടെ ഭാഗമായി മാറിയ ഈ ‘ഉദാരത’ ആധുനിക സംസ്കാരത്തിന്റെ ഭാഗമായി. ഇതുമുഖേന രണ്ടു പ്രശ്നങ്ങളുണ്ടായി:
ഒന്ന്: സ്ത്രീകൾ തെരുവുകളിലും അവരുടെ തൊഴിലിടങ്ങളിലും നിരന്തരമായി പീഡിപ്പിക്കപ്പെട്ടു.
രണ്ട്: ബോധപൂർവ്വവും അല്ലാതെയുമൊക്കെയായി ലൈംഗികതയുടെ പല ചോദനകളും നിറവേറിയ ഒരാൾക്ക് സ്വന്തം ജീവിതപങ്കാളിയിൽ താൽപര്യം കുറഞ്ഞു.
സ്വയം പിടിച്ചുനിർത്തിയ കാരണത്താലോ, ഹിജാബ് കാരണം ഒരുനിലയ്ക്കും ആസ്വാദനം സാധ്യമാകാത്തതിനാലോ ലൈംഗികത നിറവേറ്റപ്പെടാതെ പോയ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ പരിപൂർണ ആശ്രയം ജീവിതപങ്കാളിയായി മാറുന്നു. അവിടെ കുടുംബവും സുഭദ്രമാകും. ചുരുക്കത്തിൽ, ഇസ്ലാം മുന്നോട്ടുവെച്ച ഹിജാബ് സമ്പ്രദായം കുടുംബവ്യവസ്ഥ ശാക്തീകരിക്കാനും സ്ത്രീ വേട്ടയാടപ്പെടുന്നത് ഇല്ലാതാക്കാനും വലിയ അളവിൽ കാരണമാകുന്നു. അഥവാ, അനിവാര്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് ഇസ്ലാമിന്റെ ഹിജാബ് സുരക്ഷയൊരുക്കുന്നു എന്നർത്ഥം.
നോക്കുന്നിടത്തൊക്കെ അർദ്ധനഗ്നകളായ സ്ത്രീകളെ പ്രദർശിപ്പിക്കുക എന്നതാണ് കുടുംബവ്യവസ്ഥയെ തകർക്കുന്നതിനായി 'മുതലാളിത്തം' കണ്ടുവെച്ച സൂത്രവാക്യം. ഇത് സ്ത്രീയോടുള്ള കാരുണ്യമല്ല; കൊടും ചതിയാണ്. പുരുഷന്റെ കുടിലതന്ത്രവുമാണ്. എല്ലാ പരസ്യങ്ങളുടെ പുറത്തും- പുരുഷന്മാർ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണെങ്കിൽ പോലും- എന്തുകൊണ്ട് സ്ത്രീയുടെ ചിത്രം വരുന്നു? വിദഗ്ധരായ പുരുഷന്മാർക്ക് പകരം സുന്ദരികളായ സ്ത്രീകളെ സെയിൽസ് ഗേളുകളായി നിശ്ചയിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
'എന്നെ നോക്കൂ, ആസ്വദിക്കൂ' എന്നൊരു ഉൾപ്രേരണയാണ് ഇത്തരം പ്രവണതകളെ സൃഷ്ടിക്കുന്നത്. സ്ത്രീയെ ഒരു വ്യക്തി എന്നതിൽ നിന്ന് ഒരു വസ്തു എന്നതിലേക്ക് ന്യൂനീകരിക്കുന്ന കൊടും ചതി ഇതിൽ പതിയിരിക്കുന്നുണ്ട്. അതിനുപുറമേ, പുരുഷന് കൊടുക്കുന്നതിന്റെ പകുതിയാണ് ഇപ്പോഴും പലയിടങ്ങളിലും സ്ത്രീകൾക്ക് വേതനമായി നൽകിക്കൊണ്ടിരിക്കുന്നത്. അതൊരു വമ്പൻ ചൂഷണവുമാണല്ലോ. അതോടൊപ്പം പുരുഷാധിപത്യപരമായ ഒരു പ്രവണതയും ഇതിൽ അടങ്ങിയിട്ടുണ്ട്. ‘എല്ലാ ജോലികളിലേക്കും സ്ത്രീകളും വരട്ടെ’ എന്ന് സ്ത്രീയെക്കൊണ്ട് അവകാശ പോരാട്ട സമരത്തിന് ആഹ്വാനം ചെയ്യിപ്പിക്കുന്നതും പുരുഷനാണ്. അതിനർത്ഥം, സ്ത്രീകൾ ചെയ്യുന്ന എല്ലാ ജോലികളും (ഗർഭം, പ്രസവം, മുലയൂട്ടൽ തുടങ്ങിയവ) ഞങ്ങൾ പുരുഷന്മാർക്ക് ചെയ്യാൻ സാധിക്കുകയില്ല; എന്നാൽ ഞങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങൾ സ്ത്രീകൾ ചെയ്യണം എന്നാണ്. അതുവഴി ഞങ്ങളുടെ ജോലിഭാരം കുറയുകയും ജോലിസ്ഥലങ്ങളിൽ നിങ്ങളെ ആസ്വദിക്കാൻ അവസരം ലഭിക്കുകയും ചെയ്യുമല്ലോ എന്നാണ് ഇതിനു പിന്നിലെ ചിന്ത.
ഇങ്ങനെയുള്ള കൗശലങ്ങളുടെ പരമ്പരകളാണ് പുരുഷകേന്ദ്രീകൃതമായ മുതലാളിത്ത വ്യവസ്ഥ ഉണ്ടാക്കിവെച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അനുകൂലമാണെന്ന ഒരു പൊള്ളയായ പൊതുബോധം സൃഷ്ടിക്കപ്പെട്ടു എന്ന് മാത്രം!
കുടുംബ വ്യവസ്ഥിതി ഭദ്രമാക്കുന്നതിന്റെ ഭാഗമായി തിരുനബി മുന്നോട്ടുവെച്ചതും സ്ത്രീകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണിവിടെ.
സ്ത്രീകളുടെ ഇടം അവരുടെ വീടുകളാണെന്നാണ് തിരുനബി പഠിപ്പിച്ചത്. “വീട്ടിൽ അടങ്ങിയിരിക്കുക, പ്രവാചകാഗമനത്തിനു മുമ്പ് സ്ത്രീകൾ അഴിഞ്ഞാടിയതുപോലെ അഴിഞ്ഞാടരുത്” എന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്.
{ وَقَرۡنَ فِی بُیُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَـٰهِلِیَّةِ ٱلۡأُولَىٰۖ }[Surah Al-Aḥzāb: 33]
അതിനർത്ഥം തീരെ പുറത്തുപോകരുത് എന്നല്ല; പോകുമ്പോൾ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളുടെ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് ഹദീസിൽ കാണാം. തിരുനബി പറഞ്ഞു:
والمَرْأَةُ في بَيْتِ زَوْجِهَا رَاعِيَةٌ وهي مَسْؤُولَةٌ عن رَعِيَّتِهَا
സമ്മതം ചോദിക്കുന്നത് ഒരു മോശം ഏർപ്പാടൊന്നുമല്ല. ജോലിക്കിടയിൽ ഓഫീസിൽ നിന്ന് പുറത്തുപോകേണ്ട ആവശ്യമുണ്ടായാൽ സമ്മതം ചോദിക്കാറില്ലേ? സ്ഥാപനത്തിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിന് അത് ആവശ്യമാണ് താനും. കുടുംബം ഒരു സ്ഥാപനമാണ്. അതിന്റെ നായകൻ പുരുഷനാണ്. സ്ത്രീക്ക് ചില വിഷയങ്ങളിൽ കൂടുതൽ അവകാശമുള്ളതുപോലെ പുരുഷനും ചില വിഷയങ്ങളിൽ കൂടുതൽ അവകാശമുണ്ട്. അതിൽപ്പെട്ടതാണ് വീടിന്റെ ഭരണം. ഒരേ പവറുള്ള രണ്ടുപേർ ഒരു സ്ഥാപനം ഭരിച്ചാൽ നാശമായിരിക്കും ഫലം. ഇനി സമ്മതം കിട്ടി പുറത്തിറങ്ങുകയാണെങ്കിൽ തന്നെ കൂടെ ഭർത്താവോ മഹ്റമോ (വിവാഹബന്ധം നിഷിദ്ധമായ പുരുഷൻ) വേണമെന്നാണ് തിരുനബി പഠിപ്പിച്ചത്.
عن ابن عباس رضي الله عنه قال: قال رسول الله – ﷺ -: ” لا تسافر المرأة إلا مع ذي محرم، ولا يدخل عليها رجل إلا ومعها محرم
“ഒരു സ്ത്രീ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുത്.”
ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ ഏറെ പീഡനങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. കേരളത്തിലെ സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സ്ത്രീകൾ അനുഭവിക്കുന്ന നിരവധി ചൂഷണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീ ലിബറലിസത്തിനു വേണ്ടി വാദിക്കുകയും അതിന്റെ “മാന്യമായ” രീതി അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമാരംഗത്ത് ഇത്രയധികം സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും പ്രലോഭനങ്ങളും നടക്കുന്നുണ്ടെങ്കിൽ, മറ്റുള്ളവയുടെ കാര്യം പറയേണ്ടതില്ലല്ലോ. പരിഹാരമായി അവർ തന്നെ നിർദ്ദേശിക്കുന്നത് കുടുംബത്തിൽ നിന്ന് ആരെയെങ്കിലും കൂടെക്കൂട്ടുക എന്നതാണ്. "So unless women take somebody from the family when they go for work, they fear that they will not be safe at workplace." (ഹേമ കമ്മിറ്റി റിപ്പോർട്ട് No. 112, p. 56) മഹ്റമിന്റെ കൂടെ പുറത്തിറങ്ങുമ്പോൾ തന്നെ ശരീരം പൂർണ്ണമായും മറച്ചിരിക്കണം. അന്യപുരുഷന്മാരുടെ മുമ്പിൽ സ്ത്രീയുടെ ശരീരം മുഴുവനും മറയ്ക്കപ്പെടേണ്ടതാണ്. വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം പറയുന്നുണ്ട്:
وَلَا یُبۡدِینَ زِینَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡیَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُیُوبِهِنَّۖ
"സ്ത്രീകൾ അവരുടെ ഭംഗി പ്രദർശിപ്പിക്കരുത്, പ്രകടമായത് ഒഴികെ. അവരുടെ മേൽവസ്ത്രത്തെ അവർ മാറിടങ്ങളിലേക്ക് താഴ്ത്തിക്കൊള്ളട്ടെ" എന്ന് ഖുർആൻ ആവശ്യപ്പെടുന്നുണ്ട്. 'പ്രകടമായത്' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. മുഴുവൻ ശരീരവും മറച്ചാലും പ്രകടമാകുന്ന വസ്ത്രത്തിന്റെ സൗന്ദര്യമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറഞ്ഞത്. എന്നാൽ മുഖവും മുൻകൈയുമാണെന്ന് പറഞ്ഞവരുമുണ്ട്. സ്ത്രീകൾ അവരുടെ മൂടുപടം താഴ്ത്തിയിടണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നുണ്ട്.
{ یَـٰۤأَیُّهَا ٱلنَّبِیُّ قُل لِّأَزۡوَ ٰجِكَ وَبَنَاتِكَ وَنِسَاۤءِ ٱلۡمُؤۡمِنِینَ یُدۡنِینَ عَلَیۡهِنَّ مِن جَلَـٰبِیبِهِنَّۚ ذَ ٰلِكَ أَدۡنَىٰۤ أَن یُعۡرَفۡنَ فَلَا یُؤۡذَیۡنَۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا } [Surah Al-Aḥzāb: 59]
ഈ വചനം ഇറങ്ങിയതോടെ സ്ത്രീകൾ അവരുടെ വസ്ത്രങ്ങളുടെ കഷ്ണം കീറിയെടുത്ത് മുഖം മറച്ചിരുന്നതായി പ്രവാചകപത്നി ആഇശ ബീവി ഉദ്ധരിക്കുന്നുണ്ട്:
عن عائشة رضي الله عنها، قالت: يرحم الله نساء المهاجرات الأُوَل، لما أنزل الله: {وليضربن بخمرهن على جيوبهن} [النور: 31] شَقَقْنَ مُرُوطَهنَّ فاختمرن بها. البخاري .فاختمرن بها أي غطين وجوههن(فتح الباري)
ഹിജാബിനെക്കുറിച്ച് അക്കാദമിക് പഠനം നടത്തിയ പാശ്ചാത്യ വനിതയാണ് Katherine Bullock. University of Toronto-യിൽ 'Politics of Veil' (പർദ്ദയുടെ രാഷ്ട്രീയം) എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്ത ബുള്ളോക്ക് പർദ്ദയുടെയും അതുവഴി ഇസ്ലാമിന്റെയും സൗന്ദര്യം ഉൾക്കൊണ്ട് തന്റെ പഠനകാലത്ത് തന്നെ ഇസ്ലാം ആശ്ലേഷിക്കുകയായിരുന്നു. പർദ്ദ ധരിച്ചുകൊണ്ടാണ് പിഎച്ച്ഡി അവാർഡ് ദാന ചടങ്ങിൽ അവർ എത്തിയത്. പുറത്തിറങ്ങുമ്പോൾ സ്ത്രീ മറ്റുള്ളവരെ ആകൃഷ്ടരാക്കും വിധം സുഗന്ധം പൂശുകയോ ചമഞ്ഞൊരുങ്ങുകയോ ചെയ്യരുതെന്നും തിരുനബി പഠിപ്പിക്കുന്നു.
"പരപുരുഷന്മാർ ആസ്വദിക്കുന്നതിനു വേണ്ടി സുഗന്ധം പൂശി അവരുടെ ഇടയിലൂടെ നടന്നുപോകുന്നവൾ വ്യഭിചാരിണിയാണ്."
فعَنْ أَبِي مُوسَى رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (إِذَا اسْتَعْطَرَتْ الْمَرْأَةُ فَمَرَّتْ عَلَى الْقَوْمِ لِيَجِدُوا رِيحَهَا فَهِيَ كَذَا وَكَذَا قَالَ قَوْلًا شَدِيدًا- يَعْنِي : زَانِيَةً -) رواه أبو داود
ശരീരത്തിന്റെ വടിവ് പ്രദർശിപ്പിക്കുന്നതോ ശരീരഭാഗങ്ങൾ കാണുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്. അന്യപുരുഷനെ ആകർഷിപ്പിക്കരുത്. ഇതെല്ലാം തിരുനബി പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകൻ പറയുന്നു: "നഗ്നത പ്രദർശിപ്പിക്കുന്ന രൂപത്തിൽ വസ്ത്രം ധരിക്കുകയും ഒട്ടകത്തിന്റെ കൂന പോലെ തലയും മുടിക്കെട്ടുകളും ചെരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകൾ വരാനിരിക്കുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല, അതിന്റെ സുഗന്ധം പോലും അനുഭവിക്കാൻ സാധിക്കുകയില്ല."
يقول النبي ﷺ: صنفان من أهل النار لم أرهما بعد: رجال بأيديهم سياط كأذناب البقر يضربون بها الناس يقال عنهم: إنهم الشرطة وأشباههم من الظالمين، الشرطة الظالمة ونساء كاسيات عاريات مائلات مميلات رؤوسهن كأسنمة البخت المائلة لا يدخلن الجنة ولا يجدن ريحها، وإن ريحها ليوجد من مسيرة كذا وكذا.مسلم
"പുരുഷന്മാരോട് എന്താണ് ഇതൊന്നും ആവശ്യപ്പെടാത്തത്? പുരുഷൻ ശരീരം മുഴുവനും മറയ്ക്കേണ്ടതില്ലേ? പുരുഷന് എപ്പോഴും പുറത്തിറങ്ങാം? പുരുഷൻ ശരീരം പ്രദർശിപ്പിച്ചാൽ പെണ്ണിന് വികാരമുണ്ടാകില്ലേ?" എന്നിങ്ങനെ കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നവരുണ്ട്. ചരിത്രമോ വർത്തമാനമോ പഠിക്കാത്തതുകൊണ്ടുള്ള വെറും ചോദ്യങ്ങൾ മാത്രമാണിത്. പുരാതന കാലം മുതൽ ഇതുവരെയുള്ള ചരിത്രത്തിൽ സ്ത്രീ പുരുഷനെ ലൈംഗികമായി പീഡിപ്പിച്ച വല്ല സംഭവങ്ങളുമുണ്ടോ? അതേസമയം, പുരുഷനാൽ സ്ത്രീ പീഡിപ്പിക്കപ്പെടാത്ത വല്ല കാലവും വല്ല ദേശവും വല്ല ദിവസവും കഴിഞ്ഞുപോയിട്ടുണ്ടോ?
2021 മാർച്ചിൽ UN Women UK-യിൽ നടത്തിയ അന്വേഷണത്തിൽ, 18-നും 24-നും ഇടയിലുള്ള 97 ശതമാനം പെൺകുട്ടികളും പൊതുസ്ഥലങ്ങളിൽ വെച്ച് ലൈംഗിക പീഡനത്തിന് വിധേയമാകുന്നുണ്ടെന്ന് കണ്ടെത്തി! മറ്റു പ്രായങ്ങളിലുള്ള 70% സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടെന്ന് പഠനം പറയുന്നു. എന്നാൽ 2022-ൽ സൗദിയിൽ ഒരു ലക്ഷം പേരിൽ 0.3% മാത്രമാണ് ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായിട്ടുള്ളത്.
സ്ത്രീകൾ വാങ്ക് വിളിക്കാമോ? സ്ത്രീകൾക്ക് വാങ്ക് വിളിക്കാം, സ്ത്രീകളുടെ ജമാഅത്തിന് വേണ്ടി പതുക്കെ മാത്രം. അത് പ്രത്യേകം പ്രതിഫലാർഹമായത് ഒന്നുമല്ല; ഇഖാമത്ത് (നിസ്കാരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഉരുവിടുന്ന പ്രത്യേക വചനങ്ങൾ) മാത്രമാണ് അവർക്ക് പ്രതിഫലാർഹമായത്. അതും പതുക്കെ. ഉറക്കെ വാങ്ക് വിളിക്കൽ നിഷിദ്ധമാണ്. വാങ്ക് എന്നത് നിസ്കാരത്തിന് സമയം അറിയിക്കാനായി ഉറക്കെ വിളിക്കപ്പെടുന്നതാണല്ലോ; അത് പുരുഷൻ തന്നെയാണ് ചെയ്യേണ്ടത്. നിസ്കാരത്തിന് നേതൃത്വം നൽകേണ്ടതും വെള്ളിയാഴ്ചയിൽ അറബി ഭാഷയിലുള്ള പ്രത്യേക പ്രസംഗം (ഖുതുബ) നടത്തേണ്ടതുമൊക്കെ പുരുഷൻ തന്നെയാണ്. ആവശ്യങ്ങൾക്കു വേണ്ടി പുറത്തുപോകാമെങ്കിലും സ്ത്രീയുടെ പ്രവർത്തന മേഖല വീടാണെന്ന് നമ്മൾ പറഞ്ഞല്ലോ. എന്നാൽ ഈ പറയപ്പെട്ട കാര്യങ്ങളെല്ലാം സാമൂഹ്യ പ്രാധാന്യമുള്ളതാണ്; പൊതുസമൂഹവുമായി ബന്ധപ്പെട്ടതാണ്.
സ്ത്രീകൾക്ക് ഒട്ടനവധി കാര്യങ്ങൾ പ്രകൃതിപരമായിത്തന്നെ അവരിൽ നിക്ഷിപ്തമാണല്ലോ. ഗർഭം, പ്രസവം, ശിശുപരിപാലനം, മുലയൂട്ടൽ എന്നിവയൊന്നും പുരുഷന് സാധിക്കില്ല. ഇതൊക്കെ ചെയ്യുന്ന സ്ത്രീ പുരുഷനെപ്പോലെ മറ്റു ജോലികളിലും ഏർപ്പെടണമെന്നത് പുരുഷന്റെ ധാർഷ്ട്യമല്ലാതെ പിന്നെന്താണ്? മനസ്സിൽ വക്രതയുള്ള പുരുഷന്മാരുടെ ഹൃദയം ചഞ്ചലമാകാതിരിക്കാനും സ്ത്രീകളുടെ നേരെ തുറിച്ചുനോട്ടങ്ങൾ ഇല്ലാതിരിക്കാനും അന്യപുരുഷന്മാരോടൊപ്പമുള്ള ജോലികൾ സ്ത്രീകൾ ചെയ്യാതിരിക്കുകയാണ് വേണ്ടത്. സ്ത്രീകൾക്ക് ഏറ്റവും ഉത്തമമായ നിസ്കാരയിടം അവരുടെ വീടിന്റെ ഉള്ളറയാണെന്ന നബിവചനമുണ്ട്:
عن النبي صلى الله عليه وآله وسلم: " خير مساجد النساء قعر بيوتهن "
യാത്രകളിലും മറ്റും തിരുനബി ഭാര്യമാർക്കിടയിൽ നറുക്കിടുകയും നറുക്ക് ലഭിച്ചവരെ കൊണ്ടുപോവുകയും ചെയ്യാറുണ്ടായിരുന്നു. ശുശ്രൂഷിക്കാനും മറ്റും അവരെ കൂട്ടാവുന്നതാണ്.
ഇസ്ലാമിലെ അനിവാര്യ യുദ്ധങ്ങളിൽ സ്ത്രീകൾ കൂടെയുണ്ടായിരുന്നു. അതുപക്ഷേ, യുദ്ധം ചെയ്യാനായിരുന്നില്ല. അങ്ങനെ അവരോട് കൽപ്പനയുമില്ല. അവരുടെ പരിമിതികൾ മനസ്സിലാക്കി ഇളവ് നൽകിയിരിക്കുകയാണ്. പുരുഷന്മാർ പ്രയാസങ്ങൾ സഹിച്ചു യുദ്ധം ചെയ്യട്ടെ; ഇതാണ് ഇസ്ലാമിന്റെ പോളിസി. മരണമുഖത്തേക്ക് എടുത്തുചാടാൻ അവർ നിർബന്ധിക്കപ്പെടുന്നില്ല.
അപ്പോൾ ചില സ്ത്രീകൾക്ക് ഒരു സംശയം: പുരുഷൻ ചെയ്യുന്നതിനൊക്കെ പ്രതിഫലം ലഭിക്കുമല്ലോ, അപ്പോൾ യുദ്ധം ചെയ്തതിന്റെ കൂലി കിട്ടാൻ സ്ത്രീകൾക്ക് എന്താണ് വഴി? ഇസ്ലാമിൽ സ്ത്രീകൾ അഭിപ്രായസ്വാതന്ത്ര്യം ഉള്ളവരായിരുന്നു; അവർക്ക് ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഈ ചോദ്യം തിരുനബിയുടെ മുമ്പിൽത്തന്നെ ഉയർത്തി.
സംഭവം ഇങ്ങനെ:
നബിയുടെ അനുചരർ റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ തിരുനബിയുടെ അരികിൽ ഇരിക്കവേ ഒരു സ്ത്രീ കടന്നുവന്നു. അവൾ പറയുകയാണ്: "ഞാൻ മറ്റു സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് അങ്ങയുടെ അടുത്തു വന്നിട്ടുള്ളത്. എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും നാഥൻ അല്ലാഹുവല്ലേ? ആദം നബി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പിതാവല്ലേ? ഹവ്വാ ബീവി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മാതാവല്ലേ? അങ്ങയെ ആണുങ്ങളിലേക്കും പെണ്ണുങ്ങളിലേക്കുമല്ലേ നിയോഗിച്ചത്? എന്നിട്ട് ആണുങ്ങൾ മാത്രം ധർമ്മസമരത്തിന് പോകുന്നു. അവർ കൊല്ലപ്പെട്ടാൽ സർവ്വ സൗഭാഗ്യങ്ങളും നൽകപ്പെട്ട് അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നു. ജീവനോടെ തിരിച്ചുവരികയാണെങ്കിൽ അവർക്ക് വലിയ പ്രതിഫലവും ലഭിക്കുന്നു. പക്ഷേ, ഞങ്ങൾ സ്ത്രീകൾ അവർക്ക് സേവനം ചെയ്യുന്നു, അവർക്കുവേണ്ടി വീടുകളിൽ കഴിയുന്നു. ഞങ്ങൾക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുക?"
നബിയുടെ മറുപടി: "നിന്നെ പറഞ്ഞയച്ച സ്ത്രീകളോട് എന്റെ സലാം പറയുക. ഭർത്താവിന് വിധേയപ്പെട്ട് കഴിയുക എന്ന സൽപ്രവർത്തി മാത്രം മതി നിങ്ങൾക്ക് ഈ പ്രതിഫലങ്ങളെല്ലാം ലഭിക്കാൻ എന്ന് അവരോട് പറഞ്ഞേക്കുക. പക്ഷേ, നിങ്ങളുടെ കൂട്ടത്തിൽ അങ്ങനെ ചെയ്യുന്നവർ വിരളമാണ്."
روى ابن أبي الدنيا في "النفقة على العيال" (528) وفي "مداراة الناس" (173) وابن بشران في "أماليه" (11) من طريق عَبْد الْمُتَعَالِ بْن طَالِبِ بْنِ إِبْرَاهِيمَ ، ثنا إِبْرَاهِيمُ بْنُ سُلَيْمَانَ أَبُو إِسْمَاعِيلَ الْمُؤَدِّبُ ، عَنِ الْحَجَّاجِ بْنِ دِينَارٍ ، عَنْ مُحَمَّدِ بْنِ عَلِيٍّ ، عَنْ جَابِرِ بْنِ عَبْدِ اللَّهِ ، قَالَ: " بَيْنَا نَحْنُ قُعُودٌ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ أَتَتْهُ امْرَأَةٌ ، فَقَالَتْ: يَا رَسُولَ اللَّهِ أَنَا وَافِدَةُ النِّسَاءِ إِلَيْك ، يَا رَسُولَ اللَّهِ : رَبُّ الرِّجَالِ وَرَبُّ النِّسَاءِ اللَّهُ عَزَّ وَجَلَّ ، وَآدَمُ أَبُو الرِّجَالِ وَأَبُو النِّسَاءِ ، وَحَوَّاء أُمُّ الرِّجَالِ وَأُمُّ النِّسَاءِ ، وَبَعَثَكَ عَزَّ وَجَلَّ إِلَى الرِّجَالِ وَالنِّسَاءِ ، فَالرِّجَالُ إِذَا خَرَجُوا فِي سَبِيلِ اللَّهِ فَقُتِلُوا فَهُمْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ ، وَإِذَا خَرَجُوا فَلَهُمْ مِنَ الْأَجْرِ مَا قَدْ عَلِمْتَ، وَنَحْنُ نَخْدُمُهُمْ وَنحْبِسُ أَنْفُسَنَا عَلَيْهِمْ ، فَمَاذَا لَنَا مِنَ الْأَجْرِ؟ فَقَالَ لَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ( أَقْرِئِي النِّسَاءَ مِنِّي السَّلَامَ وَقُولِي لَهُنَّ: إِنَّ طَاعَةَ الزَّوْجِ تَعْدِلُ مَا هُنَالِكَ ، وَقَلِيلٌ مِنْكُنَّ تَفْعَلُهُ ) .
ഈ സംഭവത്തിന്റെ മറ്റൊരു നിവേദനമുണ്ട്; അതിൽ തിരുനബിയുടെ മറുപടി ഇങ്ങനെയാണ്:
"നിങ്ങളിൽ ഒരു സ്ത്രീ ഗർഭിണിയായാൽ നിരന്തരം നിസ്കരിക്കുകയും നോമ്പ് നോൽക്കുകയും ചെയ്യുന്നയാളുടെ പ്രതിഫലം അവൾക്കുണ്ട്. അവൾ പ്രസവിച്ചാൽ അവൾക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് ഒരാൾക്കുമറിയില്ല. അവൾ മുലയൂട്ടാൻ തുടങ്ങിയാൽ കുട്ടി കുടിക്കുന്ന ഓരോ തുള്ളിക്കും ഓരോ ആത്മാക്കളെ ജീവിപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്."
أتَتْ واحِدَةٌ مِنَ النِّساءِ إلى رَسُولِ اللَّهِ ﷺ وقالَتْ: رَبُّ الرِّجالِ والنِّساءِ واحِدٌ، وأنْتَ الرَّسُولُ إلَيْنا وإلَيْهِمْ، وأبُونا آدَمُ وأُمُّنا حَوّاءُ. فَما السَّبَبُ في أنَّ اللَّهَ يَذْكُرُ الرِّجالَ ولا يَذْكُرُنا، فَنَزَلَتِ الآيَةُ. فَقالَتْ: وقَدْ سَبَقَنا الرِّجالُ بِالجِهادِ فَما لَنا ؟ فَقالَ ﷺ: ”إنَّ لِلْحامِلِ مِنكُنَّ أجْرَ الصّائِمِ القائِمِ، فَإذا ضَرَبَها الطَّلْقُ لَمْ يَدْرِ أحَدٌ ما لَها مِنَ الأجْرِ، فَإذا أرْضَعَتْ كانَ لَها بِكُلِّ مَصَّةٍ أجْرُ إحْياءِ نَفْسٍ
ചുരുക്കത്തിൽ സ്ത്രീക്ക് ചില മഹത്വങ്ങളുണ്ട്, പുരുഷന് വേറെയും. ഓരോരുത്തർക്കും അല്ലാഹു നൽകിയതിൽ മറ്റുള്ളവർ കണ്ണുവെക്കേണ്ടതില്ല. ഖുർആൻ തന്നെ ആ കാര്യം പറയുന്നു:
﴿وَلَا تَتَمَنَّوۡا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضࣲۚ لِّلرِّجَالِ نَصِیبࣱ مِّمَّا ٱكۡتَسَبُوا۟ۖ وَلِلنِّസَاۤءِ نَصِیبࣱ مِّمَّا ٱكۡتَسَبۡنَۚ وَسۡـَٔلُوا۟ ٱللَّهَ مِن فَضۡلِهِۦۤۚ إِنَّ ٱللَّهَ كَانَ بِكُلِّ شَیۡءٍ عَلِیمࣰا﴾ [النساء ٣٢]
"നിങ്ങളിൽ ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മഹത്വങ്ങളിൽ നിങ്ങൾ ആശ വെക്കേണ്ടതില്ല. പുരുഷന്മാർക്ക് അവർ ചെയ്തതിന്റെ വിഹിതവും സ്ത്രീകൾക്ക് അവർ ചെയ്തതിന്റെ വിഹിതവും ലഭിക്കും. അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണ്."
രാത്രിയും പകലും പോലെ ഭൂമിയുടെ അനിവാര്യതകളാണ് സ്ത്രീയും പുരുഷനും. പകലിൽ കത്തിജ്വലിച്ച് പണിയെടുക്കുന്നു പുരുഷൻ; രാത്രിയുടെ ശാന്തതയിൽ അവൻ വിശ്രമിക്കുന്നു. പുരുഷൻ പകലിനെപ്പോലെ ജ്വലിക്കുമ്പോൾ സ്ത്രീ രാത്രിയെപ്പോലെ ശാന്തമാകുന്നു. പകലിൽ അധ്വാനിച്ച് അവശനായ പുരുഷന് രാത്രി സ്ത്രീ ശാന്തിയുടെ ഉടയാട അണിയിക്കുന്നു. രാത്രിക്ക് രാത്രിയുടെ പണി, പകലിന് പകലിന്റേതും. ആരും അതിരുകൾ ഭേദിക്കരുത്.
ഖുർആൻ പറഞ്ഞു:
"മൂടുന്ന രാത്രി തന്നെയാണ് സത്യം, ജ്വലിക്കുന്ന പകൽ തന്നെയാണ് സത്യം. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച ശക്തി തന്നെയാണ് സത്യം. നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമത്രേ."




