ഹാദാ ളരീഹു നബിയ്യില്ലാഹി അയ്യൂബ് (ഇത് പ്രവാചകൻ അയ്യൂബിന്റെ കുടീരമാകുന്നു) അയ്യൂബ് നബി എന്ന് കേൾക്കുമ്പോൾ രോഗങ്ങളെക്കുറിച്ചും ക്ഷമയെക്കുറിച്ചുമൊക്കെയാണ് ഓർമ വരിക. കുട്ടിക്കാലത്ത് കേട്ട കഥകൾ പേടിപ്പിക്കുന്നതായിരുന്നു. അയ്യൂബ് നബിയെ അല്ലാഹു പരീക്ഷിച്ചു; കലശലായ രോഗങ്ങൾ വന്നു, ശരീരത്തിലാകെ വ്രണങ്ങൾ ഉണ്ടായി, പുഴുക്കൾ വന്നു നിറഞ്ഞു. നടക്കുന്ന സമയത്ത് പുഴുക്കൾ വീഴുമ്പോൾ അയ്യൂബ് നബി അവയെ ശരീരത്തിലേക്ക് തന്നെ എടുത്തുവെക്കുന്നു, "ഇത് അല്ലാഹു നിനക്ക് തന്ന ഭക്ഷണമല്ലേ" എന്ന് പറയും, അങ്ങനെ ആളുകൾ മുഴുവനും വെറുത്തു…. ഇങ്ങനെ പോകുന്നു ആ കഥകൾ.
നബിമാർക്ക് രോഗങ്ങളൊക്കെ ഉണ്ടാകാമെങ്കിലും ജനങ്ങൾ വെറുക്കുന്ന രൂപത്തിലുള്ള, പ്രവാചകത്വ ദൗത്യത്തിന് വിഘാതമാകുന്ന അസുഖങ്ങൾ ഒന്നും ഉണ്ടാവുകയില്ല. "ന്യൂനതകളില്ലാത്ത ചെറിയ രോഗം പോലെയുള്ള മനുഷ്യാനുഭവങ്ങൾ ഉണ്ടാവാം" എന്നാണ് പ്രവാചകർക്ക് അല്ലാഹു നൽകിയ പ്രത്യേക പരിഗണനകളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ ഉള്ളത്. അയ്യൂബ് നബിക്ക് തീരെ അസുഖം ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്; ഉണ്ടായിട്ടുണ്ട്. ശക്തമായ പരീക്ഷണങ്ങളും രോഗങ്ങളും ഉണ്ടായിട്ടുണ്ട്. അത് മേൽപ്പറഞ്ഞ രൂപത്തിലൊന്നും ആയിരുന്നില്ല എന്നർത്ഥം. അതേക്കുറിച്ച് നമുക്ക് പിറകെ പറയാം.
ആരാണ് അയ്യൂബ് നബി? ഖുർആനിൽ നാല് സ്ഥലങ്ങളിലാണ് അയ്യൂബ് നബിയെ കുറിച്ച് പറയുന്നത്. അതിൽ തന്നെ രണ്ട് സ്ഥലത്ത് കേവല പരാമർശങ്ങൾ മാത്രമേയുള്ളൂ. ചരിത്രകാരൻ കൂടിയായ ഇബ്നു കസീർ പറയുന്നത് പ്രകാരം: ഇസ്ഹാഖ് നബിയുടെ മകൻ ഈസ്വിന്റെ മകൻ റസാഹിന്റെ മകൻ മൂസ്വിന്റെ മകനാണ് അയ്യൂബ് നബി. മൂസാ നബിയുടെയും യൂസഫ് നബിയുടെയും ഇടയിലുള്ള കാലഘട്ടത്തിലാണ് ജനനം.
അല്ലാഹു അവിടുത്തേക്ക് പ്രവാചകത്വവും സമ്പത്തും സന്താനങ്ങളും ആരോഗ്യവും നൽകി. ഒട്ടേറെ കന്നുകാലികളും അടിമകളും ഭൂസ്വത്തുക്കളും സന്താനങ്ങളുമുണ്ടായിരുന്നു. പിന്നീട് അയ്യൂബ് നബിയെ അല്ലാഹു പരീക്ഷിച്ചു. ശക്തമായ രോഗം നൽകി; സമ്പത്ത് നശിച്ചു, മക്കൾ മരിച്ചു, ആരോഗ്യം ക്ഷയിച്ചു. സഹായികളായി കൂടെയുണ്ടായിരുന്ന പലരും അകന്നെങ്കിലും ഭാര്യ എല്ലാവിധ സേവനങ്ങളും ചെയ്തു. തനിക്ക് ഭക്ഷണം കണ്ടെത്താൻ വേണ്ടി അവർ പ്രയാസപ്പെടുകയും വേണ്ട രൂപത്തിൽ പരിഹരിക്കുകയും ചെയ്തു. പതിനെട്ട് കൊല്ലത്തോളം ഈ പരീക്ഷണങ്ങൾ തുടർന്നു. അയ്യൂബ് നബി ലോകത്തോളം ക്ഷമിച്ചു. ക്ഷമയുടെ ഉദാത്തമായ മാതൃകയായി. ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്നത് നബിമാരാണെന്ന് തിരുനബി പറഞ്ഞിട്ടുണ്ടല്ലോ. പരീക്ഷണത്തിന്റെയും ക്ഷമയുടെയും മൂർത്തീഭാവമായി അയ്യൂബ് നബി മാറി.
അയ്യൂബ് നബിയുടെ ഖബർ ബെയ്ത്ത് സെർബിജ് എന്ന സ്ഥലത്താണ്. സലാല ടൗണിൽ നിന്നും 27 കിലോമീറ്റർ അപ്പുറത്ത് ഒരു മലയുടെ മുകളിലാണത്. മറ്റെവിടെയെങ്കിലും അയ്യൂബ് നബിയുടേത് എന്ന പേരിൽ വല്ല ഖബറും ഉള്ളതായി എനിക്കറിയില്ല. അയ്യൂബ് നബിയുടെ ഖബർ ളിഫാർ കുന്നുകളിൽ തന്നെയാണെന്ന് ചരിത്രരേഖകൾ സ്ഥിരപ്പെടുത്തുന്നുണ്ടെന്ന് ഒമാൻ ഭരണകൂടം ഔദ്യോഗികമായി വെച്ച ഫലകത്തിൽ എഴുതിയിട്ടുണ്ട്.
മലകയറുമ്പോൾ നമ്മൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കും; പരീക്ഷണങ്ങളുടെ പർവ്വങ്ങൾ താണ്ടിയ ആ സാത്വിക തീരത്തേക്ക്. അവിടെ അയ്യൂബ് നബിയും ഭാര്യയും സാമ്പത്തിക നഷ്ടവും ശാരീരിക അസ്വസ്ഥതകളും മക്കളുടെ മരണവുമൊക്കെ കാരണം പ്രയാസപ്പെട്ട് നിൽക്കുന്നത് നാം കാണുന്നു.
രോഗാവസ്ഥയിൽ പിശാച് വൈദ്യൻ ചമഞ്ഞുവന്ന് തന്നെ കൂടുതൽ പ്രയാസപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് അയ്യൂബ് നബി പിശാചിനെ ആട്ടുന്നു. പിശാചാണെന്നറിയാതെയാണെങ്കിലും ചികിത്സിക്കാനായി പിശാചിന് അവസരം കൊടുത്ത ഭാര്യയോട് അയ്യൂബ് നബി കുപിതനാകുന്നു. ദേഷ്യത്തിൽ തന്നെ 100 അടി അടിക്കുമെന്ന് ശപഥം ചെയ്തുപോകുന്നു. പിശാച് തന്നെ പ്രയാസപ്പെടുത്താൻ ശ്രമിച്ചപ്പോൾ അല്ലാഹുവിനോട് അയ്യൂബ് നബി പ്രാർത്ഥിച്ചു. അക്കാര്യം ഖുർആൻ ഇങ്ങനെ പറയുന്നു:
وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ (83) فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ (84) [Al-Anbiyāʾ: 83-84].
“അയ്യൂബ് നബിയെ സ്മരിക്കൂ. തന്റെ നാഥനോട് അവിടുന്ന് പ്രാർത്ഥിച്ച സന്ദർഭം: "എനിക്ക് പ്രയാസം വന്നുഭവിച്ചിരിക്കുന്നു. നീ ഏറ്റവും വലിയ കരുണാവാരിധിയാണല്ലോ." അവിടുത്തെ പ്രാർത്ഥനയ്ക്ക് നാം ഉത്തരം നൽകുകയും പ്രയാസം അകറ്റുകയും ചെയ്തു. അദ്ദേഹത്തിന് തന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്തു; നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ഉപാസകർക്ക് ഒരു ഉൽബോധനവുമെന്ന നിലയിൽ.”
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അയ്യൂബ് നബി. നമ്മൾ അല്ലാഹുവിന്റെ ആളുകളല്ലേ? എന്തിനാണ് അല്ലാഹു നമ്മെ കഷ്ടപ്പെടുത്തുന്നത്? അല്ലാഹുവിന് നിസ്കരിക്കുകയും നോമ്പ് നോൽക്കുകയും ചെയ്യുന്നവർക്കാണല്ലോ കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്നത്? ഗസ്സയിലെ കുട്ടികൾ പിടഞ്ഞു മരിക്കുന്നില്ലേ? എന്നിങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളുമായി പൊറുതിമുട്ടുന്നവർക്ക് ഉത്തരമാണ് അയ്യൂബ് നബി.
പ്രപഞ്ചം അങ്ങനെയാണ്. അവിടെ അയ്യൂബ് നബിയും സക്കറിയ നബിയും യഹ്യ നബിയും ഉണ്ടാകും. പ്രവാചകന്മാരായിട്ടും ഒരുപാട് പ്രയാസങ്ങൾ സഹിച്ചവരാണവർ. മൂന്നുകൊല്ലം ഉപരോധം സഹിച്ചവരല്ലേ മുഹമ്മദ് നബി? ഈ ലോകമല്ല യഥാർത്ഥ ലോകമെന്ന് ലോകത്തോട് വിളിച്ചുപറയാൻ വേണ്ടി വന്നവരാണവർ. ഇവിടെയുള്ള സുഖമല്ല സുഖം; ഇവിടെയുള്ള ദുഃഖമല്ല ദുഃഖം. പരമമായ സുഖങ്ങളുടെയും ദുഃഖങ്ങളുടെയും സങ്കേതം വരാനിരിക്കുന്നതേയുള്ളൂ. അവിടേക്കുള്ള പരീക്ഷണാലയം മാത്രമാണ് ഈ പ്രപഞ്ചം. ഇത് തിരിച്ചറിയുന്നവർക്ക് പ്രശ്നകലുഷിതമായ അന്തരീക്ഷത്തിലും ചിരിക്കാൻ സാധിക്കും. യഥാർത്ഥ ദൈവത്തിൽ യഥാർത്ഥമായ അർപ്പണം നടത്താത്തവർക്ക് എപ്പോഴും പ്രശ്നങ്ങൾ തന്നെയായിരിക്കും.
അതുകൊണ്ടാണ് ഇസ്രായേലിലെ സൈനികർ എല്ലാവിധ സുഖസൗകര്യങ്ങൾ ആസ്വദിച്ചിട്ടും മാനസിക അസ്വസ്ഥതകൾ കൊണ്ട് തകരുന്നത്. എന്നാൽ ഭക്ഷണവും വെള്ളവും വൈദ്യുതിയും കിടപ്പാടവും നശിപ്പിച്ചിട്ടും ബന്ധുക്കളും സ്വന്തക്കാരും എല്ലാം പിടഞ്ഞു മരിച്ചിട്ടും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ചിരിക്കാൻ സാധിക്കുന്നതും അതുകൊണ്ടാണ്. അധിനിവേശം വിനാശം വിതച്ച കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് അവർ ഉറക്കെ 'അല്ലാഹു അക്ബർ' എന്ന് മുഴക്കുന്നതും അതുകൊണ്ടാണ്.
ഇവിടെയാണ് തിരുനബിയുടെ ആ വചനം പ്രസക്തമാകുന്നത്: "വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഈ അവസ്ഥ വിശ്വാസിക്ക് മാത്രമുള്ളതാണ്. അവന് വല്ല സന്തോഷവും ഉണ്ടായാൽ അവൻ നന്ദി ചെയ്യും; അപ്പോൾ അവന് അതും ഗുണകരമാകും. അവന് വല്ല പ്രയാസവും അനുഭവിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അവന് അതും ഗുണകരം തന്നെ."
ഈ ദൈവവിശ്വാസം നൽകുന്ന നിർഭയത്വവും ആത്മവിശ്വാസവും കണ്ട് അത്ഭുതപ്പെട്ടാണ് അമേരിക്കൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെഫ്രി ഷോൺ കിംഗും ഭാര്യയും ഇസ്ലാം സ്വീകരിച്ചത്. അദ്ദേഹം തുറന്നുപറഞ്ഞു: “Their faith and their devotion to Islam has not only opened my heart but has opened the hearts of millions of people around the world.”
അയ്യൂബ് നബി പ്രാർത്ഥിച്ചപ്പോൾ ഉറവ പൊട്ടിയ ഒരു അരുവിയുണ്ട്; നല്ല കുളം, തണുത്ത ശുദ്ധമായ വെള്ളം. 'ശർളാത്' എന്നാണ് ഈ ഉറവ അറിയപ്പെടുന്നത്. ഉറവയുടെ കാര്യം ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്:
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ (41) ارْكُضْ بِرِجْلِكَ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ (42) وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ (43) وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ إِنَّا وَجَدْنَاهُ صَابِرًا نِّعْمَ الْعَبْدُ إِنَّهُ أَوَّابٌ (44) [Sād: 41-44].
“നമ്മുടെ ഇഷ്ടദാസൻ അയ്യൂബിനെ ഓർത്തു നോക്കൂ. അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ച സന്ദർഭം: "നിശ്ചയം പിശാച് എനിക്ക് അവശതയും രോഗപീഡയും ഏൽപ്പിച്ചിരിക്കുന്നുവല്ലോ നാഥാ.." അപ്പോൾ ദൈവം അദ്ദേഹത്തോട് പറഞ്ഞു: "താങ്കൾ കാൽ നിലത്തടിക്കുക, ഇതാ സ്നാനജലവും കുടിനീരും." അദ്ദേഹത്തിന് വീട്ടുകാരെയും അവരോടൊപ്പം അത്രതന്നെ വേറെയും നാം പ്രദാനം ചെയ്തു. നമ്മുടെ ഭാഗത്തുനിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാർക്കുള്ള ഉൽബോധനവുമായിട്ടാണിത് നാം ചെയ്തത്. "താങ്കൾ ഒരു പിടി പുല്ലെടുത്ത് അതുകൊണ്ട് അടിക്കൂ, ശപഥം ലംഘിക്കരുത്." നിശ്ചയം അദ്ദേഹത്തെ ക്ഷമാശീലനായി തന്നെ നാം കണ്ടെത്തി. എത്ര നല്ല ദാസൻ! തീർച്ചയായും അദ്ദേഹം നന്നായി പശ്ചാത്തപിക്കുന്നയാളായിരുന്നു.”




