മുത്ത്നബിയുടെ മിമ്പറിന്റെ (പ്രസംഗപീഠം) കഥയറിയില്ലേ? ഒരു ഈന്തപ്പനത്തടിയിൽ ചാരിനിന്നുകൊണ്ടായിരുന്നു അവിടുന്ന് ഖുതുബ (പ്രഭാഷണം) നിർവ്വഹിച്ചിരുന്നത്. ഇതറിഞ്ഞ അൻസാരിയായ ഒരു സ്വഹാബി വനിത തിരുനബിയെ സമീപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "നിങ്ങൾക്ക് ഇരിക്കാൻ പറ്റിയ നല്ലൊരു മിമ്പർ ഞാൻ ഉണ്ടാക്കി തരട്ടെ; നല്ലൊരു ആശാരി പയ്യൻ എന്റെ അടുക്കലുണ്ട്." തിരുനബി സമ്മതിച്ചു. അങ്ങനെ മൂന്ന് പടികളുള്ള ഒരു മിമ്പർ ഉണ്ടാക്കിക്കൊടുത്തു; രണ്ടു പടികളിൽ ചവിട്ടിക്കയറാനും മൂന്നാമത്തെ പടി ഇരിക്കാനും.
നേരത്തെ ചാരിയിരുന്ന ഈന്തപ്പനത്തടി ഒഴിവാക്കി പുതിയ മിമ്പറിലേക്ക് തിരുനബി മാറിയപ്പോഴേക്കും, കുട്ടി നഷ്ടപ്പെട്ട തള്ളയൊട്ടകത്തെപ്പോലെ ആ പനത്തടി ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. കരച്ചിലിന്റെ ശബ്ദമുയർന്നു; അവിടെയുണ്ടായിരുന്നവരെല്ലാം ആ ശബ്ദം കേട്ടു. ഒട്ടനവധി പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട സംഭവമാണിത്. കരച്ചിൽ കേട്ടപ്പോൾ തിരുനബി അതിനെ അണച്ചുചേർത്ത് സമാശ്വസിപ്പിച്ചു. അങ്ങനെ കരച്ചിൽ അടങ്ങി. "ഞാൻ അതിനെ ആശ്വസിപ്പിച്ചില്ലായിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അത് കരയുമായിരുന്നു" എന്ന് പറയുകയും ചെയ്തു.
പിന്നീട് കൗതുകകരമായ ഒരു കാര്യമുണ്ടായതായി ചില നിവേദനങ്ങളിൽ പറയുന്നുണ്ട്. സംഭവമിങ്ങനെ: തിരുനബി ആ മരത്തടിയോട് ചോദിച്ചു: "നീ എന്താണ് ആഗ്രഹിക്കുന്നത്? ഭൂമിയിൽ നിനക്ക് വീണ്ടും ഒരു ഈന്തപ്പന മരമായി തഴച്ചു വളരണമെന്ന് ആഗ്രഹമുണ്ടോ? ഞാനതിന് അവസരമൊരുക്കാം. അതല്ല നിനക്ക് സ്വർഗ്ഗത്തിൽ വളരണമെന്നാണോ ആഗ്രഹം? എങ്കിൽ അവിടെ വളർന്ന് കായ്ച്ച് അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ നിന്നിൽ നിന്ന് കഴിക്കട്ടെ." “എനിക്ക് സ്വർഗ്ഗത്തിൽ വളർന്നാൽ മതിയെന്നായിരുന്നു” അതിന്റെ പ്രതികരണം.
ഈ വിവരണത്തിൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു പ്രത്യേക ബിന്ദുവിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പുതിയ മിമ്പറുണ്ടാക്കാൻ ആരാണ് തിരുനബിക്ക് മുമ്പിൽ നിർദേശം സമർപ്പിക്കുന്നത്? ആരാണത് ഏറ്റെടുക്കുന്നത്? ഒരു സ്ത്രീ! അപ്പോൾ സ്ത്രീകൾക്ക് ഇസ്ലാമിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? സാമൂഹിക സാംസ്കാരിക രംഗത്ത് ഇത്തരം ക്രിയാത്മക ഇടപെടലുകൾക്ക് എന്തെങ്കിലും ഇടം ഇസ്ലാമിൽ ഉണ്ടായിരുന്നോ?
അതെ! ഉണ്ടായിരുന്നു. നിർദേശങ്ങളും ഇടപെടലുകളും തിരുനബി മാനിച്ചു, അനുവദിച്ചു, പ്രോത്സാഹിപ്പിച്ചു. ഉമർ തന്നെ പറയട്ടെ: "തിരുനബിക്ക് പ്രവാചകത്വം ഏൽപ്പിക്കപ്പെടുന്നതിനു മുമ്പ് ഞങ്ങൾ സ്ത്രീകളെ ഒരു വിഷയമായി തന്നെ കണക്കാക്കിയിരുന്നില്ല. പക്ഷേ, ഖുർആൻ അവരുടെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ വിശദീകരിച്ചു. അവർക്ക് ഒരുപാട് അവകാശങ്ങൾ പകുത്ത് നൽകി. ഒരിക്കൽ ഞാൻ വീട്ടിൽ ചില കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഭാര്യയതാ പുതിയ ചില നിർദേശങ്ങളുമായി വരുന്നു! അത് അങ്ങനെയായാൽ കൊള്ളാമായിരുന്നു, ഇത് ഇങ്ങനെയായാൽ നന്നാകുമായിരുന്നു എന്നൊക്കെ പറയുന്നു! അത് കേട്ടപ്പോൾ എനിക്ക് കലിവന്നു. ഇവിടുത്തെ കാര്യം നോക്കാൻ നീ ആരെടി? ഞാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ നീ എന്തിന് എടങ്കോലിടണം? എന്നിങ്ങനെ ഞാൻ ശാസിച്ചു. നിങ്ങളോടൊന്നും മിണ്ടാൻ പാടില്ലേ? നിങ്ങളുടെ മകൾ മുത്ത് നബിയോട് തന്നെ പലതും പറയുന്നുണ്ടല്ലോ, ചിലപ്പോഴൊക്കെ ദേഷ്യപ്പെടുകയും ചെയ്യുന്നു. (തിരുനബിയുടെ ഭാര്യയായിരുന്നല്ലോ ഉമറിന്റെ മകൾ ഹഫ്സ). നിങ്ങളോട് മാത്രം ഒന്നും പറഞ്ഞുകൂടാ എന്നാണോ?"
ഉടൻ ഉമർ മകൾ ഹഫ്സയുടെ അടുക്കലെത്തി. "തിരുനബിക്ക് ദേഷ്യം പിടിക്കുന്ന വിധം പല കാര്യങ്ങളും നിങ്ങൾ നബിയോട് ആവശ്യപ്പെടാറുണ്ടോ?"
ഹഫ്സ പറഞ്ഞു: "അല്ലാഹുവാണേ, ഞങ്ങൾ ആവശ്യപ്പെടാറുണ്ട്".
സ്ത്രീകളെ അടിമകളെപ്പോലെ കണ്ടിരുന്ന ഒരു വ്യവസ്ഥിതിയിൽ നിന്ന്, അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയാണ്.
രസകരമായ മറ്റൊരു രംഗമിതാണ്.
അസ്മാ ബീവി, ഹഫ്സ ബീവിയെ സന്ദർശിക്കാൻ വന്നതാണ്. ഹബ്ശയിലേക്ക് പലായനം ചെയ്തവരിൽപ്പെട്ടവരാണ് ഉമൈസിന്റെ മകളും ജഅ്ഫറിന്റെ ഭാര്യയുമായ അസ്മാ. മകളായ ഹഫ്സയുടെ അടുക്കലേക്ക് ചെന്നപ്പോൾ ഉമർ അസ്മാനെ കണ്ടു. "ഇതാരാണ്?" ഉമർ ചോദിച്ചു.
"ഉമൈസിന്റെ മകൾ അസ്മാ" എന്ന് മറുപടി ലഭിച്ചു.
"ഹബ്ശയിലേക്ക് പോയവൾ അല്ലേ? കടൽ യാത്ര നടത്തിയവർ അല്ലേ?" എന്ന് ഉമർ ചോദിച്ചു.
“അതെ” അസ്മ പ്രതികരിച്ചു. ഇതുകേട്ടപ്പോൾ ഉമറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
"ഏതായാലും പലായനം ഞങ്ങളാണ് ആദ്യം ചെയ്തത്. അതുകൊണ്ട് തിരുനബിയോട് ഏറ്റവും ബന്ധപ്പെട്ടത് ഞങ്ങൾ തന്നെയാണ്" (അസ്മയും സംഘവും നബിയുടെ ഹിജ്റയ്ക്ക് (പലായനം) ശേഷമാണ് മദീനയിൽ എത്തുന്നത്).
ഈ സംസാരം അസ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവർ പ്രതികരിച്ചു: "നിങ്ങൾ വിശന്നവർക്ക് അന്നം നൽകിയും വിവരമില്ലാത്തവരെ ഉപദേശിച്ചും നബിയോടൊപ്പമായിരുന്നപ്പോൾ ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാത്ത നാട്ടിലായിരുന്നു ഞങ്ങൾ. അതെന്തിനു വേണ്ടിയാണ് ഞങ്ങൾ അവിടെ എത്തിപ്പെട്ടത്? അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്റെ റസൂലിനു വേണ്ടി. ഒരു കാര്യം പറയാം: ‘ഇക്കാര്യം നബിയുടെ കോടതിയിൽ എത്തിക്കുന്നത് വരെ എനിക്കിനി തീറ്റയോ കുടിയോ ഇല്ല. എത്ര പ്രയാസങ്ങളും ഭയപ്പാടുമാണ് ഞങ്ങൾ സഹിച്ചത്! നബിയോട് ഞാൻ ഉണ്ടായ കാര്യം അതുപോലെ പറയും; ഒന്നും കൂട്ടുകയോ മാറ്റുകയോ ഇല്ല.’ അങ്ങനെ തിരുനബി വന്നപ്പോൾ ഉമർ പറഞ്ഞ കാര്യം അതേപടി അസ്മ തിരുനബിയോട് പറഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘അതിനോട് നീ എന്താണ് പ്രതികരിച്ചത്?’ അസ്മ അതും വിശദീകരിച്ചു. അപ്പോൾ മുത്ത് നബി പറഞ്ഞു: ‘ഉമറിനെ നിങ്ങളെക്കാൾ പ്രത്യേകം പരിഗണിക്കേണ്ട കാര്യമൊന്നും എനിക്കില്ല. ഉമറിനും കൂടെയുള്ളവർക്കും ഒരു ഹിജ്റ മാത്രമേ ലഭിച്ചുള്ളൂ. നിങ്ങൾക്ക് രണ്ട് ഹിജ്റയുടെ പ്രതിഫലം ലഭിച്ചു. ഒന്ന് എത്യോപ്യയിലേക്കും രണ്ടാമത് മദീനയിലേക്കും.’”
ഇവിടെ സ്ത്രീയുടെ പക്ഷത്തുനിന്നുകൊണ്ടാണ് തിരുനബി സംസാരിക്കുന്നത്. അവർ പറഞ്ഞത് വസ്തുതയാണ് എന്നതുകൊണ്ടാണത്. ഉമറിനെ പോലുള്ള ഒരു നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ റസൂലിന്റെ കോടതിയിൽ വാദിച്ചു വിജയിക്കാനുള്ള ധൈര്യം ഈ മഹതിക്ക് എവിടെ നിന്ന് കിട്ടി? മുത്ത് നബിയുടെ കോടതിയിൽ സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും അവകാശങ്ങളുമുള്ള, സ്വത്വബോധമുള്ള അല്ലാഹുവിന്റെ അടിമകളായിരുന്നു സ്ത്രീകൾ.
ഒരു വിഷമഘട്ടത്തിൽ ഭാര്യയുമായി കൂടിയാലോചന നടത്തുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന തിരുനബിയെ ഒന്ന് കണ്ടുനോക്കൂ. ഹുദൈബിയ സന്ധി കഴിഞ്ഞു. കരാറിലെ വ്യവസ്ഥകളെല്ലാം പ്രത്യക്ഷത്തിൽ ശത്രുക്കൾക്ക് അനുകൂലവും മുസ്ലിംകൾക്ക് പ്രതികൂലവുമായിരുന്നു. ഉംറ ചെയ്യാൻ വേണ്ടി പുറപ്പെട്ട നബി കരാറനുസരിച്ച് ഈ കൊല്ലം ഉംറ വേണ്ടെന്ന് വെച്ച് തിരിച്ചുവരികയാണുണ്ടായത്. ഉംറ പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കുന്നതുകൊണ്ടുതന്നെ അതിൽ നിന്ന് മുക്തി നേടാൻ മൃഗങ്ങളെ ബലി നടത്തുകയും തലമുണ്ഡനം ചെയ്യുകയും വേണം. അതിനായി നബി ഉത്തരവിട്ടു: "എഴുന്നേൽക്കൂ, അറവു നടത്തൂ, പിന്നെ തലമുണ്ഡനം ചെയ്യൂ." മൂന്നുവട്ടം പറഞ്ഞിട്ടും ആരും എഴുന്നേറ്റില്ല. അവർ പ്രതികൂലമായ ആ കരാറിന്റെ ആഘാതത്തിലായിരുന്നു. അതിന്റെ അനന്തരഫലങ്ങൾ ഓർത്ത് അവർ നിരാശയിലായിരുന്നു; നബിയുടെ പ്രസ്തുത കൽപ്പനകൾ അവർ ശ്രദ്ധിച്ചില്ല. കേട്ടില്ല എന്ന് വേണം പറയാൻ.
തിരുനബിക്ക് നിരാശയായി. അവിടുന്ന് തന്റെ ഭാര്യയായ ഉമ്മുസലമയെ സമീപിച്ചു പരിഭവം പറഞ്ഞു. ഉമ്മുസലമ പറഞ്ഞു: "നബിയേ, നിങ്ങൾ ഇനി ആരോടും ഒന്നും മിണ്ടേണ്ട. സ്വന്തം ഒട്ടകത്തെ അറുത്തുകൊള്ളുക, ക്ഷുരകനെ വിളിച്ച് തല മുണ്ഡനം ചെയ്യുക." ഇത് കണ്ടപാടെ സ്വഹാബികൾ ചാടിയെഴുന്നേറ്റ് ബലിയറുക്കാനും പരസ്പരം തലമുണ്ഡനം ചെയ്യാനും തുടങ്ങി. മറയ്ക്ക് പിന്നിലിരുന്നുകൊണ്ട് ഒരു സ്ത്രീ 1500 ഓളം വരുന്ന പുരുഷന്മാരെ നിയന്ത്രിക്കുന്ന രീതിയാണത്!
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ അവർക്ക് പ്രത്യേകമായ സദസ്സുകൾ തന്നെ വേണമായിരുന്നു. പുരുഷന്മാരോടൊപ്പമുള്ള സദസ്സുകളിൽ ചില പരിമിതികളുണ്ടാകുമല്ലോ. അപ്പോൾ അവർ ആ ആവശ്യമുന്നയിച്ചുകൊണ്ട് തിരുനബിയെ സമീപിച്ചു: "പുരുഷന്മാർ ഞങ്ങളെ അതിജയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു പ്രത്യേക ദിവസം ഞങ്ങൾക്ക് തരണം." തിരുനബി അവർക്ക് ദിവസം നിശ്ചയിച്ചു, നല്ല ഉപദേശങ്ങൾ നൽകി. അന്ന് പറഞ്ഞ ഒരു സുപ്രധാന കാര്യം ഇതായിരുന്നു: "നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആർക്കെങ്കിലും മൂന്നു മക്കളെ നഷ്ടപ്പെട്ടാൽ അവർ അവൾക്ക് നരകത്തിൽ നിന്നുള്ള സംരക്ഷണമായി മാറും." അപ്പോൾ ഒരു സ്ത്രീ ചോദിച്ചു: "രണ്ടു മക്കളാണെങ്കിലോ?" "രണ്ടു മക്കളാണെങ്കിലും" എന്ന് അവിടുന്ന് പ്രതികരിച്ചു. മദീനയിൽ പകർച്ചവ്യാധികൾ കാരണം ആളുകൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കുന്ന സന്ദർഭമായിരുന്നു അത്. മക്കൾ മരിച്ച ഉമ്മമാർക്ക് ആശ്വാസമേകാൻ കൂടിയാണ് ഈ കാര്യം അവിടെ പറഞ്ഞത്.




