ഇസ്ലാമിക ചരിത്രത്തിലെ പ്രധാന കരാറാണ് ഹുദൈബിയ ബൈഅത്. കരാർ എന്നാണ് ബൈഅത് കൊണ്ട് ഉദ്ദേശ്യം. കേവലക്കരാർ അല്ല. കരുത്തുറ്റ കരാർ. ഒരിക്കലും അത് ലംഘിക്കില്ല എന്ന് അല്ലാഹുവിനെ മുൻനിർത്തി ചെയ്യുന്ന സന്ധിയാണിത്.
ഹുദൈബിയ്യയിൽ വെച്ച് നടന്ന ഈ സന്ധിയിൽ സംബന്ധിക്കാൻ ഇബ്നു ഉമറിന് അവസരം ലഭിച്ചു. അദ്ദേഹം പറയുന്നുണ്ട്: “ഹുദൈബിയ്യ ദിവസം. തിരുനബിയും ഞങ്ങളും മക്ക ലക്ഷ്യമാക്കി വന്നതായിരുന്നു. തീർഥാടനം മാത്രമാണ് ഉദ്ദേശ്യം. പക്ഷേ മക്കക്കാർ അനുവാദം തന്നില്ല. അവർ തെറ്റിദ്ധാരണയിലാണ്. ആളുകളൊക്കെ മരത്തണലുകളിൽ ചിതറിയിരിപ്പാണ്. ഒരുകൂട്ടം ജനങ്ങൾ തിരുനബിയോട് ഒട്ടിച്ചേർന്ന് വട്ടമിട്ട് നിൽക്കുന്നത് എൻ്റെ പിതാവ് ഉമറിന്റെ ശ്രദ്ധയിൽപെട്ടു. എന്നോട് പറഞ്ഞു. “അബ്ദുല്ലാഹ്, എന്താണ് തിരുദൂതരെ ആളുകൾ പൊതിഞ്ഞിരിക്കുന്നത്?” ഞാൻ ചെന്നു നോക്കി. അവർ ഒരു കരാർ രൂപീകരിക്കുകയാണ്. പിന്നെ കാത്തു നിന്നില്ല, ഞാനും അതിൽ പങ്കാളിയായി. മരണം വരെ നബിക്കൊപ്പം എന്നതാണ് കരാർ.
ഇതിനകം ചർച്ച നടത്താൻ മക്കത്തേക്ക് ഉസ്മാനിനെ പറഞ്ഞയച്ചിരുന്നു. നിശ്ചിത സമയം കഴിഞ്ഞു. അദ്ദേഹം തിരിച്ചെത്തിയില്ല. അതിനിടയിൽ ഒരു ശ്രുതിയെത്തി. ഉസ്മാൻ മക്കത്ത് കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സമയത്താണ് തിരുനബി ജനങ്ങളെ വിളിച്ചുകൂട്ടി സന്ധി ഉണ്ടാക്കുന്നത്. ഉമറിനു മുമ്പേ എനിക്ക് നബിയോട് കരാർ ചെയ്യാൻ സാധിച്ചു എന്ന് ഇബ്നു ഉമർ അഭിമാനം കൊണ്ടിരുന്നു.
ചില ചരിത്രകാരന്മാർ പറയുന്നത് ഏറ്റവും ആദ്യമായി ബൈഅത് ചെയ്തതു തന്നെ അബ്ദുല്ലാഹിബ്ൻ ഉമർ ആണെന്നാണ്. ഉസ്മാനിൻ്റെ അസാന്നിധ്യത്തിൽ ഉസ്മാനിനു വേണ്ടി തിരുനബി തന്നെയാണ് കരാർ ചെയ്തത്; തൻ്റെ ഒരു കൈ മറുകൈയിൽ വെച്ചുകൊണ്ട്.
ഹുദൈബിയ്യയിൽ നിന്ന് മടങ്ങിയെത്തി ഇരുപത് ദിവസമേ പിന്നിട്ടിട്ടുള്ളൂ. ഖൈബറിലേക്ക് യാത്ര തിരിക്കേണ്ട ഗതി വന്നു മുസ്ലിംകൾക്ക്. ജൂതന്മാരുടെ കുതന്ത്രം തന്നെയായിരുന്നു കാരണം. അവർ പ്രവാചകൻ്റെ മദീനയോട് യുദ്ധം ചെയ്യാൻ വേണ്ടി സംഗമിച്ചിരിക്കുകയാണ്. മൗനം പാലിച്ചാൽ വിളിച്ചുവരുത്തുന്ന അപകടം വലുതായിരിക്കും. “നിങ്ങൾക്ക് അളവറ്റ യുദ്ധാർജിത സമ്പാദ്യം അവൻ വാഗ്ദാനം ചെയ്യുന്നു"(സൂറ:അൽ ഫത്ഹ് 20). വിശുദ്ധ ഖുർആൻ പ്രചോദനമായി അവതരിച്ചു. തിരുനബി സജ്ജമായി. അനുചരർ കൂടെയിറങ്ങി. സംഘത്തിൽ ഇബ്നു ഉമറും ചേർന്നു. ഹുദൈബിയ്യയിൽ സംഗമിച്ച എല്ലാവരും ഉണ്ട്; ജാബിർബിനു അബ്ദുല്ല ഒഴികെ.
മുസ്ലിം പക്ഷത്തിൻ്റെ നീക്കം ശത്രുവിന്റെ ഹൃദയത്തിൽ തീ കോരിയിട്ടു. അവർ ഭയന്നു പിന്തിരിഞ്ഞു. ഒരുപാട് സ്വത്തുക്കൾ ന്യായമായും മുസ്ലിംകൾക്കു കിട്ടി. ഇബ്നു ഉമറിനും കിട്ടി ധാരാളം. അദ്ദേഹം പറയുമായിരുന്നു: "ഖൈബർ വിജയം വരെ ഈത്തപ്പഴം വയർ നിറച്ചു തിന്ന അനുഭവം ഞങ്ങൾക്കില്ല."
ഇബ്നു ഉമറിന് മരിക്കാത്ത ഓർമ്മ സമ്മാനിച്ച പോരാട്ടമാണ് മുഅതത് യുദ്ധം. ചാവുകടലിന് സമീപത്ത് ഹിജാസിന്റെ ഭാഗത്തായി ശാം പരിധിയിൽ വരുന്ന ഒരു സ്ഥലമാണ് മുഅതത്. തിരുനബി ബുസ്റ ഭരണാധികാരിയുടെ അരികിലേക്ക് ഒരു ദൂതനെ വിട്ടു; ഹാരിസുബ്ൻ ഉമൈറുൽ അസ്ദിയെ. വഴിയിൽ വെച്ച് ശുറഹ്ബീൽ ഇബ്നു അംറ് അൽ ഗസ്സാനി ഹാരിസിനെ കണ്ടുമുട്ടി ശുറഹ്ബീൽ ശാമിലെ റോമൻ ഗവർണർ ആയിരുന്നു. അയാൾ ഹാരിസിനെ ബന്ദിയാക്കി വെട്ടിക്കൊന്നു. ഇത് നയതന്ത്ര രംഗത്ത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഒരു രാജ്യത്തിൻ്റെ ഔദ്യോഗിക വക്താവിനെയും ദൂതനെയും കൊല്ലുക. തിരുനബി വിഷയം ഗൗരവത്തിൽ എടുത്തു. മുസ്ലിംകളോട് പ്രതിരോധത്തിന് കൽപ്പനയിട്ടു. ഇബ്നു ഉമറും ചേർന്നു ഈ പോരാട്ടത്തിൽ. മുസ്ലിംകളുടെ എണ്ണം കേവലം മുവ്വായിരമായിരുന്നു. റോമക്കാർ ഒരു ലക്ഷം! അതോടൊപ്പം അറബികളിൽ നിന്ന് ഒരു പേരും അവരോട് ചേർന്നു. മുസ്ലിം സൈന്യത്തിൻ്റെ മനസ്സിൽ ആശങ്കയുണർന്നു. എന്താണ് ചെയ്യേണ്ടത്? തിരുനബി സൈനികത്തലവനായി നിശ്ചയിച്ചിരുന്നത് സൈദ് ഇബ്നു ഹാരിസിനെയാണ്. അദ്ദേഹത്തിന് വല്ലതും പറ്റിയാൽ ജഅ്ഫർ നയിക്കണം. ജഅ്ഫർ കൊല ചെയ്യപ്പെട്ടാൽ അബ്ദുല്ലാഹിബ്നു റവാഹ നയിക്കട്ടെ. ഇതായിരുന്നു തിരുആജ്ഞ.
ശത്രുശക്തി കണ്ട് സ്വാഭാവികമായി പകച്ചുനിൽക്കുന്ന മുസ്ലിം സൈന്യത്തോട് അബ്ദുല്ലാഹിബ്നു റവാഹ ഒരു പ്രഭാഷണം നടത്തി: "അല്ലയോ ജനങ്ങളേ. നിങ്ങൾ എന്തിനു മടിച്ചു നിൽക്കണം. രക്തസാക്ഷിത്വത്തിനാണ് വന്നതെന്ന് തീരുമാനിക്കുക. മരണത്തെ വെറുത്തു പിന്മാറിയിട്ട് കാര്യമില്ല. മരണം എന്നായാലും പിടികൂടും. നമ്മുടെ പാരമ്പര്യം എണ്ണം കൊണ്ടും വണ്ണം കൊണ്ടും ശക്തി കൊണ്ടും പോരാടിയതല്ല. മറിച്ച് വിശുദ്ധമായ മതം കൊണ്ടുള്ള തേരോട്ടമാണ്. അല്ലാഹു നമുക്ക് കനിഞ്ഞേകിയ ഇസ്ലാം കൊണ്ടുള്ള പടയോട്ടം. അതിനാൽ രണ്ടാലൊന്ന് തീരുമാനിക്കുക; ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം."
ജനങ്ങൾ പ്രചോദിതരായി. അവർ ഒറ്റക്കെട്ടായി പറഞ്ഞു: "ഇബ്നു റവാഹ പറഞ്ഞതാണു ശരി." അവർ റോമക്കാരുമായി ഏറ്റുമുട്ടി. സൈദ് രക്തസാക്ഷിയായി. ജഅ്ഫർ പതാക കയ്യേറ്റെടുത്തു. ജഅ്ഫർ നിണമണിഞ്ഞു വീണപ്പോൾ ഇബ്നു റവാഹ യുദ്ധനായകനായി. കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇബ്നു റവാഹയും നിലംപതിച്ചു. ഉടൻ മുസ്ലിംകൾ ഖാലിദുബ്നുൽ വലീദിനെ അമരക്കാരനാക്കി. അദ്ദേഹം തന്ത്രം പ്രയോഗിച്ചു. ശക്തമായ പോരാട്ടം കാഴ്ചവെച്ചു. വലിയ വിജയമാണ് ഇസ്ലാമിന് ഉണ്ടായത്.
ഇബ്നു ഉമർ പറയുന്നുണ്ട്: “രണാങ്കണത്തിൽ ജഅ്ഫറിനെ പെട്ടെന്ന് കാണാതെയായപ്പോൾ ഞങ്ങൾ തിരഞ്ഞു. മരിച്ചു കിടക്കുന്ന കൂട്ടത്തിലുണ്ട്. 99 വെട്ടും കുത്തും ഏറ്റിരിക്കുന്നു! പക്ഷേ പിൻവശത്ത് ഒന്നും തന്നെയില്ല. അദ്ദേഹത്തിൻ്റെ പതാകയേന്തിയ വലതു കൈ ശത്രു ഛേദിച്ചപ്പോൾ ഇടതു കൈയിലേക്ക് പതാക മാറ്റി. അതും ഛേദിക്കപ്പെട്ടപ്പോൾ കക്ഷം കൊണ്ട് പതാക പിടിച്ചുനിൽക്കാൻ ശ്രമിച്ചു. അങ്ങനെയാണ് രക്തസാക്ഷിയായത്.
ഇബ്നു ഉമറിന്റെ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമയായി മുഅതത് മാറി. പക്ഷേ ഇബ്നു ഉമറിനെ ഒരു ദുഃഖം അലട്ടി. മറ്റൊന്നുമല്ല. ഖാലിദുബ്നുൽ വലീദിന്റെ നേതൃത്വത്തിൽ സൈനിക മുന്നേറ്റം പൂർണ്ണമാകുന്നതിനുമുമ്പ് ഇബ്നു ഉമറും ഒരു സംഘവും മദീനത്തേക്ക് മടങ്ങി.
ഇബ്നു ഉമർ തന്നെ പറയട്ടെ: “ഞങ്ങൾ മദീനത്തേക്ക് വെച്ച് പിടിച്ചു. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയവരായി ഞങ്ങൾ സ്വയം വിലയിരുത്തി. നമ്മൾ ഇനി എന്ത് ചെയ്യും? ദൈവ കോപത്തിന് വിധേയപ്പെട്ടില്ലേ. ഞങ്ങൾ പരസ്പരം വേദന പങ്കുവെച്ചു. ഏതായാലും നബിയെ കാണുക. മാപ്പ് അപേക്ഷിക്കുക. തീരുമാനിച്ചു. ഞങ്ങൾ എത്തിച്ചേർന്നത് പ്രഭാത നിസ്കാരത്തിനു മുമ്പാണ്. പാത്തും പതുങ്ങിയും നിന്ന ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി തിരുനബി ചോദിച്ചു: ആരാണ് ? ഞങ്ങൾ കുറ്റബോധത്തോടെ പറഞ്ഞു: "യുദ്ധത്തിൽ നിന്ന് ഓടിയവരാണ്." പക്ഷേ യുദ്ധ അവസ്ഥയെക്കുറിച്ച് നന്നായി അറിയാവുന്ന തിരുനബിയുടെ പ്രതികരണം വിചിത്രമായിരുന്നു: "ഒരിക്കലും അല്ല, നിങ്ങൾ യുദ്ധത്തിലേക്ക് ചാടി വീണവർ തന്നെ. ഞാൻ നിങ്ങളുടെ കൂടെയാണ്. ഞാൻ മുസ്ലിം സംഘത്തിനൊപ്പമാണ്. മുസ്ലിംകളിലെ ഓരോ സംഘത്തിനൊപ്പവും ഞാനുണ്ട്." തിരുനബിയുടെ ഈ പ്രചോദനം ഏറ്റവും വലുതായി ഇബ്നു ഉമർ കണ്ടു. നബിയുടെ വിശാലതയും മനഃശാസ്ത്ര ബോധവും അദ്ദേഹം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
