മദീനയിലെത്തിയ തിരുനബിക്ക് സ്വസ്ഥത നൽകാൻ ശത്രുക്കൾ സന്നദ്ധമായില്ല. കുറെ പിടിച്ചുനിന്നു. ഒടുവിൽ ക്ഷമയറ്റു. അല്ലാഹുവിൻ്റെ വിധി വന്നു. ധർമ്മസമരം നടത്തുക. അങ്ങനെയാണ് ബദ്ർ നടക്കുന്നത്.
കൗമാരക്കാരനായ ഇബ്നു ഉമറിന് കൗതുകം ഉണർന്നു. തനിക്കും പങ്കെടുക്കണം പോരാട്ടത്തിൽ. ധർമ്മസമരത്തിന്റെ മഹത്വമൊക്കെ നബിയിൽ നിന്ന് കുറെ കേട്ടിട്ടുണ്ട്. യുദ്ധസമയമായി. സംഘം യാത്ര തിരിച്ചു. കുട്ടിപ്പട്ടാളവും റെഡി. ഇബ്നു ഉമർ മുന്നിൽ തന്നെയുണ്ട്. പക്ഷേ തിരുനബി പടയാളികളെ ഒടുവിൽ നിരീക്ഷിക്കുന്ന ഒരു ഘട്ടമുണ്ട്. അത് അവസാനതല റിക്രൂട്ട്മെൻ്റാണ്. അതിൽ വിജയിച്ചവർക്കേ യുദ്ധാവസരം കിട്ടൂ.
ഇബ്നു ഉമർ തന്നെ ആ കഥ ഓർക്കുന്നു:
സംഘം യാത്രതിരിച്ചു. ബുയൂത്തുസ്സുഖ്യയിൽ എത്തി. മദീനയിൽ നിന്ന് ഒരു മൈൽ ദൂരം അപ്പുറമാണത്. ശുദ്ധജലം സുലഭമായ കിണറുകൾ നിലകൊള്ളുന്ന ഇടം. തിരുനബി അവിടെ യാത്ര നിർത്തി. തമ്പടിച്ചു. സൈന്യത്തെ നിരീക്ഷണത്തിനു വിധേയമാക്കി. കുറെ കുട്ടികൾ നബിയുടെ ശ്രദ്ധയിൽപ്പെട്ടു. അവർക്കൊന്നും ആയുധം ഉപയോഗിക്കാൻ പ്രായമെത്തിയിട്ടില്ല എന്ന് പറഞ്ഞു മടക്കി. ആ മടക്കിയ കൂട്ടത്തിൽ ഞാനുമുണ്ട്. റാഫിഉബ്ൻ ഖദീജുണ്ട്, ബറാഉബ്ൻ ആസിബുണ്ട്, സൈദ് ബിൻ സുഹൈറുണ്ട്, സൈദ് ബിൻ അർഖമുണ്ട്, സൈദ് ബിൻ സാബിത്തുണ്ട്, ഉമൈർ ബിൻ അബീ വഖാസുണ്ട്. തിരുനബി ഞങ്ങളെ നിരീക്ഷിച്ചു. “പറ്റില്ല, ഇവരെ തിരിച്ചയക്കണം” ഈ സമയം ഉമൈർ പൊട്ടിക്കരഞ്ഞു. “ഒടുവിൽ അവന് നബി അനുവാദം നൽകി. തിരിച്ചയക്കപ്പെട്ട രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. അതിയായ ദുഃഖവും കരച്ചിലുമായി കഴിഞ്ഞുകൂടി. തിരുനബി എനിക്ക് അനുമതി തന്നില്ലല്ലോ”.
പിന്നീട് ഉഹ്ദ് യുദ്ധം വന്നു. സൈന്യം പുറപ്പെട്ടു കൂടെ ഞാനും കൂടി. മറ്റു കുട്ടികളുമുണ്ട്. ശൈഖയ്നി എന്ന് പറയുന്ന സ്ഥലത്തെത്തി. തിരുനബി നിരീക്ഷണം നടത്തി ചെറുപ്പമാണെന്ന് പറഞ്ഞു കുറെ പേരെ മടക്കി. സൈദ് ബിൻ സാബിത്ത്, അംറുബിനു ഹസ്മ്, ഉസാമത്ത് ബിനു സൈദ്, സൈദ് ബിൻ അർഖം, ബറാഉബ്ൻ ആസിബ്, ഉസൈദ്, എല്ലാം മടക്കപ്പെട്ടവരിൽ തന്നെ. കൂട്ടത്തിൽ സമുറതു ബ്ൻ ജുൻദിബിൽ ഫിസാരിക്കും റാഫിഉബ്ൻ ഖദീജിനും മാത്രം അനുവാദം നൽകി. അവർക്കിരുവർക്കും പതിനഞ്ച് വയസ്സായിരുന്നു. അവരെയും മടക്കിയതാണ്. അപ്പോൾ ആരോ പറഞ്ഞു: “തിരുദൂതരേ, റാഫി നന്നായി അമ്പെറിയും. അതുകേട്ട് നബി അനുവാദം നൽകി. അപ്പോൾ ആരോ അഭിപ്രായപ്പെട്ടു. സമുറ റാഫിഇനെ ഗുസ്തിയിൽ മലർത്തിയടിക്കും. അതോടെ അവനും കിട്ടി അവസരം. എനിക്ക് കിട്ടണമെന്ന് അതിയായി അഭിലഷിച്ചിരുന്നു. പക്ഷേ തിരുവിധി മറിച്ചായി. അനുവാദം ലഭിച്ചില്ല. എൻ്റെ സങ്കടക്കടൽ ഇരമ്പിക്കൊണ്ടിരുന്നു.
തുടർന്നുവന്ന യുദ്ധം ഖൻന്തക്കായിരുന്നു. അന്ന് ഇബ്നു ഉമറിന് 15 വയസ്സ് പൂർത്തിയായി. ഉഹ്ദ് സമയത്ത് 14 വയസ്സ് ആയിരുന്നു. ഖൻന്തക്കിൽ പങ്കെടുക്കാൻ ഇബ്ൻ ഉമർ ഇറങ്ങിത്തിരിച്ചു. തിരുനബി അനുവാദം നൽകി. അങ്ങനെ തൻ്റെ കന്നിയങ്കം സാക്ഷാത്കൃതമായി. ധാരാളം പരിക്കുകൾ മുസ്ലിംകൾക്ക് ആദ്യ സമയത്ത് ഏൽക്കേണ്ടിവന്ന സമരരായിരുന്നു ഖൻന്തക്ക്. പിന്നീട് യുദ്ധമുഖം മുസ്ലിംകൾ കയ്യടക്കി. വലിയ ഓർമ്മയാണ് ഇബ്നു ഉമറിന് ഖൻന്തഖ് സമ്മാനിച്ചത്. ഖൻന്തക്ക് എന്നാൽ കിടങ്ങ് എന്നർത്ഥം. കിടങ്ങ് കുഴിച്ച് ശത്രുവിനെ പ്രതിരോധിക്കേണ്ട പ്രത്യേക പരിതസ്ഥിതി വന്നതിനാലാണ് ഈ നാമം ലഭിച്ചത്.
പിറ്റേ ദിവസം തിരുനബി ഒരു പ്രത്യേക ആജ്ഞ പുറപ്പെടുവിച്ചു. "എൻ്റെ ശബ്ദം കേൾക്കുന്ന, അനുസരിക്കുന്ന ആരും തന്നെ ബനൂഖുറയ്ളയിൽ എത്താതെ അസ്ർ നിസ്കാരം നിർവഹിക്കരുത്". ജൂത ഗോത്രത്തിന്റെ ഏരിയയാണ് ബനൂ ഖുറയ്ള. അവർ സുരക്ഷിതരായി കഴിയുകയായിരുന്നു. പക്ഷേ കരാറുകൾ ലംഘിച്ചു. ശത്രുവിനെ സഹായിച്ചു. ഇതാണ് തിരുനബിയെ ചൊടിപ്പിച്ചത്. സ്വാഭാവികമായും ഇസ്ലാമിക സാമ്രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ അവരോട് ചില കണക്കുകൾ ചോദിക്കേണ്ടതുണ്ട്.
ഇബ്നു ഉമർ യാത്രയിൽ ചേർന്നു. അദ്ദേഹം പറയുന്നുണ്ട്. “ബനൂ ഖുറയ്ളയിലേക്ക് നീങ്ങിയ ഞങ്ങൾ അസ്ർ നിസ്കാര വിഷയത്തിൽ പല തട്ടുകളിലായി. അവിടെ എത്താതെ നിസ്കരിക്കരുത് എന്നാണല്ലോ തിരുനബി പറഞ്ഞത്. വഴിയിൽ വെച്ച് അസ്ർ സമയമായി. ഒരു സംഘം പറഞ്ഞു; അവിടെ എത്താതെ ഞങ്ങൾ നിസ്കരിക്കുന്നില്ല. മറ്റൊരു കൂട്ടർ പറഞ്ഞു; തിരുനബി ആ അർഥത്തിലല്ല പറഞ്ഞത്. പെട്ടെന്ന് എത്തണമെന്നാണ് സൂചിപ്പിച്ചത്. ഞങ്ങൾ നിസ്കരിച്ചിട്ടാണ് പോകുന്നത്. അവർ വഴിയിൽ നിസ്കരിച്ചു. പിന്നീട് നബിയോട് ഈ അഭിപ്രായവ്യത്യാസത്തെ പരാമർശിച്ചപ്പോൾ ആരെയും നബി കുറ്റപ്പെടുത്തിയില്ല. ഇരുപത്തിയഞ്ച് ദിവസമാണ് ജൂത സമൂഹവുമായി ഉപരോധത്തിൽ ഏർപ്പെട്ടത്. ഒടുവിൽ അവർ കീഴടങ്ങുകയായിരുന്നു.
