ഹിജ്റ വർഷം 11. തിരുനബി വിടവാങ്ങിയ വർഷം. അബൂബക്ർ സിദ്ദീഖ് അധികാര പദത്തിൽ എത്തി. ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. ആ കൂട്ടത്തിൽ ഏറ്റവും ഭീഷണമായിരുന്നു അറബി ഗോത്രങ്ങളിൽ വ്യാപകമായി ഉടലെടുത്ത മതപരിത്യാഗം. ചിലരൊക്കെ നിർബന്ധ ദാനം (സകാത്ത്) നൽകില്ലെന്ന് പ്രഖ്യാപിച്ചു. ചുരുക്കം ചിലർ പ്രവാചകത്വവാദം ഉന്നയിച്ചു. ഇബ്നു ഉമർ പറയട്ടെ: “തിരുനബിയുടെ വിയോഗത്തോടെ മദീനയിൽ കാപട്യം പുറത്തുവന്നു. അറബികൾ പലരും ഇസ്ലാം വിടാനൊരുങ്ങി.
അബൂബക്ർ മുഹാജിറുകളെയും അൻസ്വാരികളെയും (മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ താമസിക്കുന്നവരെയും അവർക്ക് സഹായങ്ങൾ നൽകിയ മദീനയിലെ തദ്ദേശവാസികളെയും) വിളിച്ചു ചേർത്തു. കൂടിയാലോചനയായിരുന്നു ലക്ഷ്യം. അദ്ദേഹം പറഞ്ഞു: "അറബികൾ അവരുടെ ആടും ഒട്ടകവും സകാത്ത് നൽകാതെ മടിച്ചിരിക്കുന്നു. മതം വിട്ടതുപോലെ. എന്തുചെയ്യണം? ഞാനും നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ തന്നെ. പറയൂ അഭിപ്രായം." ആളുകൾ കുറെ സമയം മിണ്ടാതെ നിന്നു.
പിന്നീട് ഉമർ എണീറ്റു പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതന്റെ ഖലീഫാ (പ്രതിനിധി), അറബികളിൽ നിന്ന് നിസ്കാരത്തിൻ്റെ കാര്യം മാത്രം ഇപ്പോൾ ശ്രദ്ധിക്കുക. സകാത്ത് വിഷയം തൽക്കാലം അവർക്ക് വിടുക. അവരിലധികവും ഈയിടെ ഇസ്ലാമിൽ വന്നവരല്ലേ. ഒന്നുകിൽ അല്ലാഹു അവരെ ഇസ്ലാമിലേക്ക് കൊണ്ടുവരും. നമുക്ക് ശക്തി കിട്ടും. അപ്പോൾ നമുക്ക് പടപൊരുതാം. അല്ലാതെ ഈ മുഹാജിറുകൾക്കും അൻസാറുകൾക്കും ബാക്കി അറബികളുമായി നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് തോന്നുന്നില്ല." അബൂബക്ർ പ്രതികരിച്ചില്ല. ഉസ്മാനിനു നേരെ തിരിഞ്ഞു. അദ്ദേഹത്തിനും ഉമറിന്റെ വീക്ഷണം തന്നെ. തുടർന്ന് അലിയാരിലേക്ക് മുഖം തിരിച്ചു. അലിയാർക്കും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. ബാക്കിയുള്ളവർക്കൊക്കെയും സമാന വീക്ഷണമാണ്.
അബൂബക്റിന്റെ മുഖം മാറി. അദ്ദേഹം മിമ്പറിൽ (പ്രസംഗപീഠം) ഉപവിഷ്ടനായി. അല്ലാഹുവിനെ പ്രകീർത്തിച്ച് പ്രഭാഷണം ആരംഭിച്ചു: "അല്ലാഹു മുഹമ്മദ് നബിയെ പ്രവാചകനായി നിയോഗിച്ചു. സത്യവുമായിട്ടാണ് നബി വന്നത്; വിശുദ്ധമായ ഇസ്ലാമുമായിട്ട്. ചിലർ ഇപ്പോൾ അതിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുന്നു. സകാത്ത് നൽകില്ലെന്ന് പറയുന്നു. അല്ലാഹുവിനെ തന്നെ സത്യം. തിരുദൂതരുടെ കാലത്ത് അവർ സകാത്തായി നൽകിയിരുന്ന മൃഗത്തിന്റെ കയറു പോലും എനിക്ക് തരാതെ തടഞ്ഞു വെച്ചാൽ ഞാൻ അവരോട് യുദ്ധം ചെയ്യും; എന്റെ ആത്മാവ് പറന്നുയരും വരെ. അല്ലാഹു നിസ്കാരവും സകാത്തും രണ്ടായി കണ്ടിട്ടില്ല. രണ്ടിനെയും ഒന്നിച്ചാണ് പരാമർശിച്ചിട്ടുള്ളത്."
ഇത് കേട്ടതും ഉമർ ചാടി എഴുന്നേറ്റു. നിലപാട് മാറ്റി. തക്ബീർ മുഴക്കി. അബൂബക്റിന്റെ തീരുമാനത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മറ്റുള്ളവർക്ക് മറിച്ച് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
തിരുനബിയുടെ ഏറ്റവും അവസാനത്തെ നീക്കം ഉസാമയുടെ നേതൃത്വത്തിലുള്ള സൈനിക നിയോഗമായിരുന്നു. പൂർത്തിയാകും മുമ്പ് പ്രവാചകൻ വിടവാങ്ങി. അബൂബക്ർ ഖിലാഫത്ത് ഏറ്റെടുത്തതോടെ ആദ്യം നടപ്പിൽ വരുത്തിയത് ഉസാമയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കമായിരുന്നു. ഇബ്നു ഉമർ അതിൽ ഒരു പടയാളിയായി പങ്കാളിത്തം വഹിച്ചു. കള്ള പ്രവാചകൻ മുസൈലിമക്കെതിരെ നടന്ന പോരാട്ടമാണ് യമാമ യുദ്ധം. ഇബ്നു ഉമറിന്റെ ഓർമ്മയിൽ തിളച്ചു നിൽക്കുന്നുണ്ടിത്.
മുസൈലിമ നാൽപ്പതിനായിരം സൈന്യവുമായി രംഗത്തെത്തി. ബനു ഹനീഫ ഗോത്രക്കാരും മറ്റുമാണ് സൈന്യത്തിലധികവും. ഗോത്ര വികാരം സ്ഥാപിച്ചെടുക്കാൻ മുസൈലിമക്ക് ഇതിനകം സാധിച്ചിരുന്നു. ചിലർ പറയാൻ തുടങ്ങി: “മുസൈലിമ കള്ള പ്രവാചകൻ തന്നെ, മുഹമ്മദ് സത്യപ്രവാചകനും. പക്ഷേ റബീഇലെ കള്ള പ്രവാചകനാണ് മുളറിലെ സത്യപ്രവാചകനെക്കാൾ എനിക്ക് പ്രിയങ്കരം." വർഗീയത അത്ര ശക്തമായി വേരൂന്നി എന്നർത്ഥം. ഇബ്നു ഉമർ ഈ പോരാട്ടത്തിൽ തിളക്കമാർന്ന പങ്കു തന്നെ വഹിച്ചു. രക്തസാക്ഷിത്വം കൊതിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തിറങ്ങിയത്.
പക്ഷേ അല്ലാഹുവിൻ്റെ വിധി മറിച്ചായിരുന്നു. അദ്ദേഹം ഓർക്കുന്നുണ്ട്: “യമാമയിൽ യുദ്ധത്തിനുവേണ്ടി പടയൊരുങ്ങി. ആദ്യമായി മുറിവേറ്റത് അബൂ ഉഖൈലുൽ അൻഫിക്കായിരുന്നു. അമ്പ് അദ്ദേഹത്തിൻ്റെ തോളിനും നെഞ്ചിനും ഇടയിൽ തറച്ചു. ഭാഗ്യത്തിന് മർമ്മസ്ഥലം ഒഴിവായി. അദ്ദേഹം അമ്പ് ഊരിയെടുത്തു. ഇടതു ഭാഗം ദുർബലമായി. കുടിലിലേക്ക് മാറ്റപ്പെട്ടു.
ഇതിനകം യുദ്ധം കൊടുമ്പിരികൊണ്ടിരുന്നു. മുസ്ലിംകൾക്ക് ഒരുവേള പിടിച്ചുനിൽക്കാനായില്ല. പിന്തിരിഞ്ഞോടുന്ന അവസ്ഥ വന്നു. അബു ഉഖൈൽ വിശ്രമിക്കുന്ന ടെൻ്റിനരികിലൂടെയായിരുന്നു പലരും ഓടിയത്. അദ്ദേഹം മുറിവേറ്റു തളർന്നു കിടപ്പാണ്. മഅനുബ്ൻ അദിയ്യ് വിളിച്ചു പറയാൻ തുടങ്ങി: അല്ലാഹ്! അല്ലാഹ്! അൻസാറുകളേ.. ശത്രുവിലേക്ക് തിരിച്ചെത്തുക."
ഇബ്നു ഉമർ പറയുന്നു: “ബഹളം കേട്ട് അബൂ ഉഖൈൽ എണീറ്റു. ഞാൻ ചോദിച്ചു: എന്താണ് അബൂ ഉഖൈൽ ഉദ്ദേശ്യം? താങ്കൾക്ക് യുദ്ധ ബാധ്യത ഇല്ലല്ലോ. ആ സമയം അദ്ദേഹം പറഞ്ഞു: എൻ്റെ പേര് വിളിക്കുന്നുണ്ടല്ലോ? ഞാൻപറഞ്ഞു: അൻസ്വാരികളെയല്ലേ വിളിക്കുന്നത്. താങ്കളെപ്പോലെ പരിക്ക് പറ്റിയവരെ അല്ലല്ലോ. പക്ഷേ അബൂ ഉഖൈൽ അടങ്ങിയില്ല. പറഞ്ഞതിങ്ങനെ: "ഞാനും ഒരു അൻസ്വാരി തന്നെ. ചന്തി കുത്തിയാണെങ്കിലും എനിക്ക് ഉത്തരം ചെയ്യേണ്ടിയിരിക്കുന്നു." വലതുകൈയിൽ അദ്ദേഹം വാളെടുത്തു. എന്നിട്ട് വിളിച്ചു കൂവി: “ഓ അൻസാറുകളേ. ഹുനൈൻ ദിവസത്തെ പോലെ തിരിച്ചു വരിക."
പെടുന്നനെ രംഗം മാറി. ആളുകൾ ഒന്നിച്ചു. പരസ്പരം ധൈര്യം പകർന്നു. ശത്രുവുമായി ശക്തമായി ഏറ്റുമുട്ടി. വാളുകൾ തമ്മിൽ മിന്നൽ പിണർ തീർത്തു.” ഇബ്നു ഉമർ തുടരുന്നു: “ഞാൻ നോക്കുമ്പോൾ അബൂ ഉഖൈൽ യുദ്ധ രംഗത്തുണ്ട്. തോൾ മുതൽ കൈ അറ്റ് നിലത്തു കിടക്കുന്നു. പതിനാലു മുറിവുകൾ അദ്ദേഹത്തിന് പറ്റിയിട്ടുണ്ട്. മുസൈലിമ വെട്ടേറ്റ് ഒരു ഭാഗത്ത് കിടക്കുന്നു. അവസാന ശ്വാസത്തിൽ വീണുകിടക്കുകയാണ് അബൂ ഉഖൈൽ. എന്നെ കണ്ടതും ചോദിച്ചു: "ആർക്കാണ് പരിക്ക് ?” ഞാൻ പറഞ്ഞു: "സന്തോഷിക്കുക! അല്ലാഹുവിൻ്റെ ശത്രു കൊലചെയ്യപ്പെട്ടിരിക്കുന്നു."
ഇത് കേട്ടതും അബൂ ഉഖൈൽ വാനലോകത്തേക്ക് കൈ ഉയർത്തി. അല്ലാഹുവിൽ സ്തുതിയർപ്പിച്ചു. ഈ ലോകത്തോട് വിട പറഞ്ഞു. ഞാൻ ഈ സംഭവം പിതാവിനെ ധരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “അബൂ ഉഖൈലിന് അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹം രക്തസാക്ഷിത്വം ആവശ്യപ്പെട്ടു. അതു കിട്ടി. തിരുനബിയുടെ സഹചരിൽ ആദ്യകാലത്ത് ഇസ്ലാമിലേക്ക് വന്ന സദ്ഗുണൻ ആയിരുന്നു അദ്ദേഹം."
ഇബ്നു ഉമർ ഓർക്കുന്ന മറ്റൊരാൾ അമ്മാറുബ്ൻ യാസിറാണ്. യമാമ യുദ്ധമധ്യേ ഒരു പാറപ്പുറത്ത് കയറി നിൽക്കുകയാണ് അമ്മാർ. എന്നിട്ട് ആർത്തു വിളിച്ചുപറയുന്നു:
“ഓ മുസ്ലിംകളേ.. നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നാണോ പിന്തിരിഞ്ഞ് ഓടുന്നത്? ഞാൻ അമ്മാറുബ്ൻ യാസിറാണ്. എൻ്റെ അടുത്തേക്ക് വരൂ." ഞാൻ അദ്ദേഹത്തെ കണ്ടു. ചെവി മുറിഞ്ഞിരിക്കുന്നു. അതിങ്ങനെ പിടയുന്നുണ്ട്. പക്ഷേ അദ്ദേഹം ശക്തമായ പോരാട്ടത്തിലാണ്. യമാമ യുദ്ധത്തിൽ സൈദ് ബിൻ ഖത്താബ് രക്തസാക്ഷിയായി. ഇബ്നു ഉമറിന്റെ പിതൃവ്യൻ ആയിരുന്നു സൈദ്. യുദ്ധം കഴിഞ്ഞു സുരക്ഷിതനായി തിരിച്ചെത്തിയ ഇബ്ൻ ഉമറിനോട് ഉമർ ആദ്യം ചോദിച്ചതിങ്ങനെ: “നിൻ്റെ മുമ്പേ സൈദ് വിടവാങ്ങി. താനിപ്പോഴും ജീവനോടെ, നിനക്കെന്തു പറ്റി?”
ഇബ്നു ഉമറിന്റെ പ്രതികരണമിങ്ങനെയായിരുന്നു: "അദ്ദേഹം രക്തസാക്ഷിത്വത്തിന് തിരഞ്ഞെടുക്കപ്പെട്ടു. അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. പരിഗണിച്ചു. ഞാനും അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്ക് ആ ഭാഗ്യം കൈവന്നില്ല. ഞാനെന്തു ചെയ്യാൻ."
