ഇബ്നു ഉമറിന്റെ ബാല്യം മക്കത്തായിരുന്നു. പ്രഥമ പാഠശാല പിതാവും മാതാവും തന്നെ. സ്കൂൾ സിസ്റ്റം മക്കത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രത്യേകിച്ചൊന്നും ചെറുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞിരുന്നില്ല. അറേബ്യൻ അന്ധകാരത്തിന്റെ സംസ്കൃതിയെ സ്വയം ഉൾക്കൊള്ളുക, അത്രമാത്രം.
പക്ഷേ ഇബ്നു ഉമറിന് സൗഭാഗ്യം ഉണ്ടായി. ധർമ്മച്യുതിയെ ആഘോഷമാക്കി നടന്നിരുന്ന പിതാവ് ഉമറിന് പെട്ടെന്നൊരു മാറ്റം. ദൈവ വചനമായ ഖുർആനിൻ്റെ മധുരിമയായിരുന്നു. നിമിത്തം, ഉമർ ഇസ്ലാം സ്വീകരിച്ചു. തിരുനബിയുടെ പ്രാർഥനയുണ്ട്: "രണ്ടാലൊരു ഉമറിനെക്കൊണ്ട് ഈ മതത്തെ നീ ശക്തിപ്പെടുത്തണേ നാഥാ". അതിൽ ഒരു ഉമർ അബൂജഹൽ ആയിരുന്നു. അവൻ നന്നായില്ല. ഭാഗ്യം കനിഞ്ഞത് ഖത്താബിൻ്റെ പുത്രൻ ഉമറിനെയാണ്.
പിതാവ് ഇസ്ലാം പുൽകിയതോടെ കുട്ടിയായിരുന്ന ഇബ്നു ഉമറും സ്വാഭാവികമായും മുസ്ലിമായി. വലിയ ഭാഗ്യമായിരുന്നു ഇത്. പിന്നീട് പിതാവിനൊപ്പം ഇസ്ലാമിൻ്റെ ശീലവും ശൈലിയും പകർത്താൻ സാധിച്ചു. തിരുനബിയായിരുന്നു തന്റെ പാഠശാല. പിതാവിന്റെ മനംമാറ്റം കൊച്ചുകുട്ടിയായ ഇബ്നു ഉമറിനെ വല്ലാതെ ആകർഷിച്ചു. ഉമറിന്റെ മതം മാറ്റം ഒരു സ്വയം പ്രഖ്യാപനമായിരുന്നു. ഇബ്നു ഉമർ ഓർക്കുന്നുണ്ട്: പിതാവ് പ്രത്യക്ഷനായി. ഞാനും പിന്നാലെയുണ്ട്. ചെറിയ കുട്ടിയാണ്.
പുതിയ വാർത്തയുണ്ട്. ആരാണത് പുറത്തെത്തിക്കുക? പിതാവ് ചോദിച്ചു.
ആളുകൾ പറഞ്ഞു: "ജമീലു ബ്ൻ മഅ്റുൽ-ജുഹ്മി എത്തിക്കും".
പിതാവ് ജമീലിന് അരികിലെത്തി, വിളിച്ചുപറഞ്ഞു: "ഓ ജമീൽ, ഞാൻ മുസ്ലിമായ കാര്യം നീ അറിഞ്ഞില്ലേ."
വാർത്ത കേട്ടപാതി കേൾക്കാത്ത പാതി ശിരോവസ്ത്രം വലിച്ച് ജമീൽ ജനമധ്യത്തിലേക്ക്. ഉമർ പിന്നാലെയുണ്ട്. ഞാൻ തൊട്ടു പിന്നിലും. മസ്ജിദിന്റെ കവാടത്തിങ്കൽ ചെന്ന് ജമീൽ ഒച്ചവെച്ചു: “ഖുറൈശീ സമൂഹമേ! ഉമർ മതം മാറിയിരിക്കുന്നു." അപ്പോൾ ഉമർ പറഞ്ഞു: “ഞാൻ മതം മാറിയിട്ടില്ല. മറിച്ച് മുസ്ലിം ആവുകയാണ് ചെയ്തത്. അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് അവന്റെ അടിമയും ദൂതനും ആകുന്നു". ഇത് കേട്ടതും ജനങ്ങൾ ഇരമ്പി വന്നു. ഉമറിനെ പൊതിഞ്ഞു. പൊതിരെ പ്രഹരിക്കാൻ തുടങ്ങി. ഉമർ വിട്ട് കൊടുത്തില്ല. സർവ്വശക്തിയും സംഭരിച്ചു. ഒറ്റയ്ക്ക് അവരോട് കലാപംകൂട്ടി. നട്ടുച്ചവരെ ഈ പോരാട്ടം തുടർന്നു. ഒടുവിൽ പിതാവ് തളർന്നു. ഒരിടത്തിരുന്നു. എല്ലാവരും കൂടി പിതാവിന്റെ തല കൊത്തിപ്പറിക്കാൻ ഭാവത്തിലെന്നോണം വീണ്ടും പാഞ്ഞടുത്തു.
പിതാവ് പറഞ്ഞു: "നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ. മതം ഉപേക്ഷിക്കുന്ന പ്രശ്നമില്ല. "അതിനിടയിൽ ഒരു വൃദ്ധൻ അവിടെ പ്രത്യക്ഷനായി. ജനങ്ങളോട് ചോദിച്ചു. "എന്താണ് പ്രശ്നം?” ആളുകൾ പറഞ്ഞു: “ഉമർ മതം മാറിയിരിക്കുന്നു." “അതിനെന്ത്? അവൻ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു. നിങ്ങൾക്കെന്താണ് നഷ്ടം? നിങ്ങളുടെ സ്വന്തക്കാരെ ഇതുപോലെ കൈകാര്യം ചെയ്യാൻ നിങ്ങൾ ആർക്കെങ്കിലും വിട്ടു കൊടുക്കുമോ? വെറുതെ വിടൂ ആ മനുഷ്യനെ”. ആഗതൻ ആജ്ഞാപിച്ചു. ഇത് കേട്ടതും ജനങ്ങൾ പിന്തിരിഞ്ഞു.
ഞാൻ പിന്നീട് പിതാവിനോട് (മദീനയിലേക്കുള്ള പലായന ശേഷമാണെന്ന് തോന്നുന്നു) ചോദിച്ചു: "അന്ന് അങ്ങേയ്ക്ക് വേണ്ടി പ്രതിരോധം തീർത്ത ആ ആൾ ആരായിരുന്നു. ചിരിച്ചുകൊണ്ടു പിതാവ് പറഞ്ഞു: ബനുൽ- ആസ്വിലുബ്ൻ വാസിലുസ്സഹ്മി.." ഈ സംഭവത്തോടെ ഇബ്നു ഉമറിന് ഇസ്ലാമിൻ്റെ മാസ്മരികത ബോധ്യമായി. പിന്നെ പിതാവിനെ അനുധാവനം ചെയ്തു. ഇസ്ലാം ജീവിതത്തിൽ സാർത്ഥകമാക്കാനായി ഇബ്നു ഉമറിന്.
സഈദുബ്നുൽ മുസയ്യബ് പറഞ്ഞതാണ് ശരി; "ഉമറിനോട് മക്കളുടെ കൂട്ടത്തിൽ ഏറ്റവും സമാനത അബ്ദുല്ലയ്ക്കായിരുന്നു." അബൂസലമ പറഞ്ഞു: “മഹത്വത്തിൽ പിതാവിനെപ്പോലെയായിരുന്നു ഇബ്നു ഉമർ." "മരുക്കാട്ടിൽ വഴിപിഴച്ച ഒട്ടകക്കുട്ടി തൻ്റെ തള്ളയുടെ കാൽപാടുകളെ തെറ്റാതെ പിന്തുടരും പോലെ ഉമറിനെ ഇബ്നു ഉമർ പിന്തുടർന്നു" എന്ന് സൈദുബ്നു അസ്ലം തൻ്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്.
