‘ഖലീഫയുടെ പുത്രൻ’ എന്ന ഒരു ഔദാര്യവും ആനുകൂല്യവും സമൂഹത്തിൽ ഇബ്നു ഉമറിന് കിട്ടരുതെന്ന വാശി ഉമറിന് ഉണ്ടായിരുന്നു. ഒരിക്കൽ ഇബ്നു ഉമർ ഒരു ഒട്ടകത്തെ വാങ്ങി. അതിനെ മേയാൻ വിട്ടത് പൊതുജനങ്ങളുടെ വളർത്തുമൃഗങ്ങൾ മേയുന്നിടത്തായിരുന്നു. ഒട്ടകം തടിച്ചുകൊഴുത്തു. ചന്തയിൽ പ്രവേശിച്ച ഉമർ അദ്ദേഹത്തിൻ്റെ ഒട്ടകത്തെ കാണാൻ ഇടവന്നു. നല്ല തടിച്ചുകൊഴുത്തത്.
“ആരുടേതാണ് ഈ ഒട്ടകം?” അദ്ദേഹം അന്വേഷിച്ചു.
ആളുകൾ പറഞ്ഞു. "അബ്ദുല്ലയുടെ"
ഇത് കേട്ടതും ഉമർ പറയാൻ തുടങ്ങി: "അബ്ദുല്ലാഹ് ബഖിൻ! ബഖിൻ! സന്തോഷം, ഭരണാധികാരിയുടെ പുത്രന്റെ ഒട്ടകം ഉശാറായിട്ടുണ്ട്."
ഇബ്നു ഉമർ പിതാവിന്റെ പിന്നാലെ ചെന്നു. എന്താണ് കാര്യം എന്ന് ചോദിച്ചു. “നിന്റെ ഒട്ടകത്തെ കണ്ടപ്പോൾ കൗതുകം തോന്നി.”
ഇബ്നു ഉമർ പറഞ്ഞു: “ഈ ഒട്ടകം ഞാൻ വാങ്ങുമ്പോൾ വളരെ മെലിഞ്ഞതായിരുന്നു. ആളുകൾ വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നിടത്ത് ഞാനും മേയാൻ വിട്ടു. അങ്ങനെ തടിച്ചു കൊഴുത്തതാണ്.”
“അത് ശരി, നിൻ്റെ കൂടെ ഒട്ടകത്തെ കണ്ടപ്പോൾ ആൾക്കാർ പറഞ്ഞില്ലേ, ഭരണാധികാരിയുടെ പുത്രന്റെ ഒട്ടകമാണ്. ആ ഒട്ടകത്തെ വെള്ളം കുടിപ്പിക്കൂ. അതിനു മേയാൻ അവസരം നൽകൂ. അതുകൊണ്ട് അബ്ദുല്ലാഹ്, നീ ഈ ഒട്ടകത്തെ വാങ്ങുമ്പോൾ കൊടുത്ത മുതൽമുടക്ക് കഴിച്ചു ബാക്കിയുള്ള സംഖ്യ പൊതുഫണ്ടിൽ അടക്കണം."
ഗൗരവത്തിലായിരുന്നു പിതാവിന്റെ ശാസന. ഇബ്നു ഉമറിന് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല.
ജലൂലാഇൽ നിന്ന് ഇബ്നു ഉമർ വാങ്ങിയ യുദ്ധാർജിത സ്വത്തുക്കളുടെ വിഷയത്തിൽ ഉമറെടുത്ത തീരുമാനവും തന്റെ കരുത്തുറ്റ കരുതലിന്റെ ഭാഗമായിരുന്നു. ബാഗ്ദാദിലെ ഒരു ഗ്രാമമാണ് ജലൂലാഅ്. നാൽപ്പതിനായിരം ദിർഹംസിനാണ് ഇബ്നു ഉമർ അവിടന്ന് സ്വത്തുക്കൾ വാങ്ങിയത്. അന്നത്തെ മികച്ച വിലയായിരുന്നു അത്. യുദ്ധാർജിത സമ്പാദ്യങ്ങളായിരുന്നതിനാൽ പണം കൃത്യമായും സുതാര്യമായും നൽകി. യുദ്ധ നായകൻ സഅ്ദ് ബിനു അബീ വഖാസ് ആയിരുന്നു.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഉമർ വിവരമറിഞ്ഞു. മകനെ വിളിപ്പിച്ചു. മുഖവുരയില്ലാതെ ഒറ്റ ചോദ്യം: "അബ്ദുല്ലാഹ്, നരകത്തിലേക്കെന്നെ കൊണ്ടുപോകുകയാണെങ്കിൽ എന്തുവിലകൊടുത്തും നീയെന്നെ സംരക്ഷിക്കുമോ?” “എന്തുകൊടുത്തും ഞാൻ സംരക്ഷിക്കും. എന്റെ സർവ്വ സമ്പാദ്യങ്ങൾ നൽകേണ്ടി വന്നാലും പ്രശ്നമില്ല." ഞാൻ പ്രതികരിച്ചു. ഇത് കേട്ട് ഉമർ പറഞ്ഞു: "എങ്കിൽ നീ ജലൂലാഇൽ നിന്ന് വാങ്ങിയ യുദ്ധാർജിത സ്വത്തിൽ ഞാൻ പ്രതിചേരുകയാണ്. നീ അത് വാങ്ങാൻ നിന്നപ്പോൾ ആളുകൾ പറഞ്ഞിട്ടുണ്ടാകും. അത് അബ്ദുല്ലാഹിബ്നു ഉമറാണ്. തിരുനബിയുടെ സന്തതസഹചാരി. ഭരണാധികാരിയുടെ പുത്രൻ. ഉമറിന്റെ കുടുംബത്തിലെ ഏറ്റവും വലിയ മാന്യൻ. വലിയ ആളാണ്. അങ്ങനെ അവർ ഒരു ദിർഹം ലാഭം കിട്ടുന്നതിനേക്കാൾ നിനക്ക് കുറച്ചു തരുന്നതിലായിരിക്കും താല്പര്യപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിക്കുന്നു. ഖുറൈശി ഗോത്രക്കാരിൽ ഒരുത്തനും കിട്ടാത്ത മികച്ച ലാഭം നിനക്ക് ഞാൻ തരാൻ പോവുകയാണ്.” അനന്തരം ഉമർ സഫിയ്യക്കരികിൽ ചെന്നു. ഉബൈദിന്റെ മകളാണ് സഫിയ. ഇബ്നു ഉമറിന്റെ പ്രിയപ്പെട്ട പത്നി.
ഉമർ പറഞ്ഞു: “കട്ടായമായി നിന്നോട് ഞാൻ പറയുന്നു മോളേ, ഈ വീട്ടിലുള്ള എല്ലാ വസ്തുക്കളും നീ പുറത്തെടുക്കുക. അല്ലെങ്കിൽ എല്ലാം വിട്ട് നീ പുറത്തുപോകുക. ഒരു സുഗന്ധക്കുപ്പി പോലും എടുക്കരുത്." ഉമറിനെ നന്നായി അറിയുന്ന സഫിയ്യ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, ഇച്ഛിച്ചത് ചെയ്തോളൂ.” ഇബ്നുഉമർ പറയുന്നു: “കൃത്യം ഏഴു ദിവസം എന്നെ പിതാവ് വെറുതെ വിട്ടു. അതിനുശേഷം വിളിപ്പിച്ചു.”
“അബ്ദുല്ലാഹ്, ഞാൻ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വരും. അതിനാൽ നാല് ലക്ഷത്തിന് സ്വത്തുക്കൾ വിറ്റിരിക്കുന്നു. 80,000 ദിർഹംസ് നിനക്ക് നൽകാൻ പോവുകയാണ്.”
ഉമർ പറഞ്ഞാൽ പറഞ്ഞതു തന്നെ. എനിക്ക് 80,000 തന്നു. ബാക്കി മൂന്ന് ലക്ഷത്തി ഇരുപതിനായിരം സഅദിന് അയച്ചു കൊടുത്തു. എന്നിട്ട് നിർദ്ദേശിച്ചു. യുദ്ധത്തിൽ പങ്കെടുത്തവർക്കിടയിൽ ഇത് വിതരണം ചെയ്യുക. അതിൽ ആരെങ്കിലും മരിച്ച് പോയിട്ടുണ്ടെങ്കിൽ അവരുടെ അനന്തരഗാമികളിലേക്ക് മതിയായ വിഹിതം എത്തിക്കുക."
അബ്ദുല്ലയും സഹോദരൻ ഉബൈദുല്ലയും ഒരിക്കൽ സൈനിക നീക്കത്തിന്റെ ഭാഗമായി ഇറാഖിലേക്ക് പോയി. രണ്ടുപേരും തിരിച്ചുപോരവേ അബൂമൂസൽ അശ്അരിക്കരികിലൂടെയാണ് പോന്നത്. അദ്ദേഹം അന്ന് ബസ്വറയിലെ ഗവർണറാണ്. സമുചിതമായ സ്വീകരണം തന്നെ അബൂമൂസാ രണ്ടുപേർക്കും നൽകി. കൂട്ടത്തിൽ പറഞ്ഞു: "ഇവിടെ അമീറുൽ മുഅ്മിനീന് എത്തിക്കാനുള്ള കുറച്ചു പണം ഉണ്ട്. നിങ്ങൾക്കത് കടമായി ഞാൻ നൽകാം. ഇറാഖിൽ നിന്ന് കച്ചവടച്ചരക്കുകൾ വാങ്ങി മദീനയിൽ കൊണ്ടുപോയി വിറ്റാൽ ലാഭം കിട്ടും. മുതൽമുടക്ക് അമീറുൽ മുഅ്മിനീനെ ഏൽപ്പിച്ചാൽ മതിയല്ലോ. ലാഭം നിങ്ങൾക്കിരിവർക്കും എടുക്കാം." അവർ പറഞ്ഞു: “ഞങ്ങളത് താൽപര്യപ്പെടുന്നു.” അബൂമൂസ ഉടൻ ഉമറിന് എഴുത്ത് അയച്ചു; പണം കൊടുത്തയക്കുന്ന കാര്യം.
രണ്ടുപേരും പ്രയാസപ്പെട്ട് ചരക്കുകൾ സംഘടിപ്പിച്ചു. മദീനത്ത് എത്തി. കൊണ്ടുവന്ന ചരക്കുകൾ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ലാഭത്തിനു വിറ്റു. അബൂ മൂസ ഏല്പ്പിച്ച പണം ഉമറിന് കൈമാറി. വിവരങ്ങൾ അന്വേഷിച്ച ഉമർ ചോദിച്ചു: "സൈന്യത്തിലെ എല്ലാവരോടും അബൂ മൂസ ഈ സമീപനം തന്നെയാണോ സ്വീകരിച്ചിട്ടുള്ളത്. ഇത്തരം ഒരവസരം അവർക്കെല്ലാവർക്കും ലഭിച്ചിട്ടുണ്ടോ?” അവർ പറഞ്ഞു: “ഇല്ല.” ഉമറിന്റെ ഭാവം മാറി. "അപ്പോൾ നിങ്ങൾ ഭരണാധികാരിയുടെ മക്കൾ ആയതുകൊണ്ട് ഒരവസരം കിട്ടി. എങ്കിൽ ഒന്നേ പറയാനുള്ളൂ. ലാഭവും മുതൽമുടക്കും ഇവിടെ വയ്ക്കുക."
അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു: “ഞാൻ ഒന്നും പ്രതികരിച്ചില്ല. ഉബൈദ് പ്രതികരിക്കുന്ന കൂട്ടത്തിലായിരുന്നു. അവൻ പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, അതിന്റെ ആവശ്യമുണ്ടോ? ഈ ചരക്കുകൾ ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നതല്ലേ. വല്ല നഷ്ടവും സംഭവിച്ചിരുന്നെങ്കിൽ അങ്ങേയ്ക്ക് തരാനുള്ള പണത്തിന് ഞങ്ങൾ ഉത്തരവാദിയാകേണ്ടിവരുമായിരുന്നില്ലേ."
പക്ഷേ ഉമർ വിട്ടില്ല. പണവും ലാഭവും ഇവിടെ വയ്ക്കണം എന്ന് ശഠിച്ചു. ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല. പക്ഷേ ഉബൈദ് പ്രതികരിക്കാൻ നോക്കി. ഇതിങ്ങനെ തുടർന്നപ്പോൾ സദസ്സിൽ നിന്ന് ഒരാൾ എണീറ്റ് പറഞ്ഞു: "നമുക്കിത് ഒരു ഷെയർ ബിസിനസായി ഗണിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുക. കിട്ടിയ ലാഭം പാതിയാക്കുക. ഒരു പാതി സർക്കാരിന്. മറുപാതി അബ്ദുല്ലയുടെയും ഉബൈദുല്ലയുടെയും അധ്വാനഫലത്തിനും. എന്താ പറ്റില്ലേ." ഉമറിന് ഇത് ബോധിച്ചു. ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി "ഖിറാള് "എന്ന പേരിൽ ഒരു സംഘടിത ബിസിനസ് സ്വഭാവം അന്നുമുതൽ രൂപപ്പെടുകയുണ്ടായി. ഉമറിന്റെ കണിശതയും സൂക്ഷ്മതയും ആയിരുന്നു ഇതിന് പിന്നിൽ. തന്റെ മക്കളെ ഉമർ അവ പഠിപ്പിക്കുകയായിരുന്നു.
