മദീനയിൽ അണഞ്ഞപ്പോൾ ഇബ്നു ഉമറിന് വയസ്സ് പതിനൊന്ന്. പഠിക്കാനും പകർത്താനും ധാരാളമുണ്ട്. തിരുനബിയുടെ പാഠശാല തന്നെ പഥ്യം. നബിയുടെ സഹവർത്തിത്വം എന്തു കൊണ്ടും ഇബ്നു ഉമറിൻ്റെ കൗമാരത്തെ പുഷ്കലമാക്കി. തന്റെ യുവത്വം പ്രവാചകൻ്റെ പരിലാളനയേറ്റു സംസ്കൃതമായി. എല്ലാ കാര്യങ്ങളിലും തിരുനബി ഇടപെട്ടു. അറിവ് നൽകി. സ്നേഹം നൽകി. ബഹുമാനം നൽകി. ധൈര്യം നൽകി. ഉപദേശ നിർദ്ദേശങ്ങൾ ആവശ്യത്തിനനുസരിച്ച് സമ്മാനിച്ചു. തിരുനബിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായി ഇബ്നു ഉമർ മാറി. നബിയിൽനിന്ന് കണ്ടതും കേട്ടതും മനസ്സിൽ ഒപ്പി. ജീവിതത്തിൽ പകർത്തേണ്ടവ പൂർണമായി പകർത്തി; വള്ളി പുള്ളി വ്യത്യാസം ഇല്ല എന്ന് തന്നെ പറയാം.
തിരുനബിയുടെ പള്ളിയായിരുന്നു പാഠശാല. മദീനാ പള്ളിയിലെ സ്ഥിരവാസിയും മാടപ്രാവുമായിരുന്നു ഇബ്നു ഉമർ. തൻ്റെ പ്രിയ പെങ്ങൾ ഹഫ്സ്വയെ തിരുനബി വിവാഹം ചെയ്തത് കൂടുതൽ സൗകര്യമായി. അടുപ്പം അതോടെ വർദ്ധിച്ചു. തിരുനബിക്കും പ്രത്യേക കരുതലുണ്ടായി. ഒരു ദിവസം സ്വപ്നം കണ്ടു. തൻ്റെ കയ്യിൽ ഒരു കഷണം കട്ടിപ്പട്ട്. സ്വർഗ്ഗത്തിൽ താൻ ഇച്ഛിക്കുന്ന എല്ലാ ഇടങ്ങളിലേക്കും ആ പട്ട് തന്നെയും വഹിച്ചു പാറിപ്പറക്കുന്നു. അതിനിടയിൽ രണ്ടുപേർ വന്ന് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. പെടുന്നനെ അവരെ നേരിട്ടുകൊണ്ട് ഒരു മാലാഖ പ്രത്യക്ഷനായി. എന്നോട് പറഞ്ഞു: “നീ ഭയക്കേണ്ട". അപ്പോൾ ആ രണ്ടുപേർ എന്നെ വിട്ടുപോയി. ഇതാണ് സ്വപ്നം. ഞാൻ സ്വപ്നം പെങ്ങളോട് പറഞ്ഞു. തിരുനബിയിൽ നിന്ന് ഒരു വ്യാഖ്യാനം കിട്ടാനായിരുന്നു അത്. തിരുനബി ഇങ്ങനെയാണ് പറഞ്ഞത്: "നിൻ്റെ സഹോദരൻ അബ്ദുല്ല ഏറ്റവും നല്ല മനുഷ്യനാണ്; രാത്രി നിസ്കാരവും കൂടി വേണം”. ഇതിനുശേഷം ഇബ്നു ഉമർ രാത്രി ഐച്ഛിക നിസ്കാരം ധാരാളമായി വർദ്ധിപ്പിക്കാൻ തുടങ്ങി.
തിരുനബിയുടെ നോട്ടം ഏത് സമയത്തും ഇബ്നു ഉമറിലുണ്ടായി. അതൊരു സംസ്കരണ പ്രക്രിയയായി പരിണമിച്ചു. ഇബ്നു ഉമർ പറയുന്നു: ഒരു ദിവസം ഞാൻ തിരുദൂതർക്കരികിൽ ചെന്നു. ഉള്ളിൽ പഞ്ഞി നിറച്ച ഒരു കുഷ്യൻ എനിക്കിട്ട് തന്നിട്ട് ഇരിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ ഇരുന്നില്ല. ഒരിക്കൽ പട്ടിനു സമാനമായ ഒരു പുതപ്പ് നബിയെന്നെ പുതച്ചു. എനിക്കു കിട്ടിയ ഒരു ആദരവായിരുന്നു അത്. എൻ്റെ തുണി ഞെരിയാണി വിട്ട് താഴ്ന്നത് കണ്ട് തിരുനബി പറഞ്ഞു. “അബ്ദുല്ല കയറ്റിയുടുക്കൂ”. ഞാൻ കയറ്റിയുടുത്തു. നബി വീണ്ടും പറഞ്ഞു: “ഒന്നുകൂടി". ഞാൻ വീണ്ടും കയറ്റി. അപ്പോൾ ആരോ ചോദിച്ചു: “ഏതുവരെ കയറ്റണം?” തിരുനബി പറഞ്ഞു: “കണങ്കാലിന്റെ അർധഭാഗം വരെയാകാം". തിരുനബി കൽപ്പനകളെ കണ്ടറിഞ്ഞു ശിരസ്സാവഹിക്കുന്ന പ്രകൃതമായിരുന്നു ഇബ്നു ഉമറിന്.
വൈജ്ഞാനികമായും വ്യവഹാരപരമായും പല ആവശ്യങ്ങൾക്കും സ്ത്രീകൾക്ക് നബിയുടെ പള്ളി ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അവർക്ക് മതിയായ മറയും സ്വകാര്യതയും കിട്ടാൻ പ്രത്യേകമായ ഒരു വാതിൽ വേണമെന്ന് നബി ആഗ്രഹിച്ചു. ഒരിക്കൽ പറഞ്ഞു: "ഈ കവാടം സ്ത്രീകൾക്ക് വേണ്ടി മാത്രമാക്കിയാലോ". ഇത് കേട്ടത് മുതൽ ആ വാതിലിലൂടെ ഇബ്നു ഉമർ പള്ളിയിലേക്ക് പ്രവേശിച്ചിട്ടില്ല; മരിക്കുന്നതുവരെ.
റമളാൻ മാസപ്പിറവി ഒരിക്കൽ കണ്ടത് ഇബ്നു ഉമറായിരുന്നു. ജനസംസാരമായി. ഇബ്നു ഉമർ നബിയെ സമീപിച്ചു കാര്യം പറഞ്ഞു. തിരുനബി ഉടൻ നോമ്പ് കൊണ്ട് കൽപ്പിച്ചു. ജനങ്ങൾ നോമ്പിലേക്ക് പ്രവേശിച്ചു. തൻ്റെ ദർശനസാക്ഷ്യം നബി അംഗീകരിച്ചതിൽ ഇബ്നു ഉമർ വല്ലാതെ അഭിമാനിച്ചു.
മദ്യ നിരോധനം ഖുർആൻ പ്രഖ്യാപിച്ച സമയം. തിരുനബി നിരോധനം സാർഥകമാക്കാൻ ചെറുപ്പക്കാരോട് സഹായമഭ്യർത്ഥിച്ചു. ഇബ്നു ഉമറിനെ വിളിച്ചിട്ട് നബി പറഞ്ഞു: “നീ വാ, ഒരു കത്തിയുമെടുത്തോ". നബിയുടെ കൂടെ ഞാൻ പുറപ്പെട്ടു. ഇബ്നു ഉമർ ഓർക്കുന്നു. മറ്റു കൂട്ടുകാരും ഉണ്ട്. മദ്യവീപ്പകൾ അങ്ങാടിയിൽ സജീവം. ശാമിൽ നിന്ന് പ്രത്യേകം കൊണ്ടുവന്നവയാണ്. തിരുനബി എന്നിൽ നിന്ന് കത്തി വാങ്ങി. ജനമധ്യത്തിൽ വീപ്പകൾ കുത്തിക്കീറി. മദ്യം സറ പറാ ഒഴുകാൻ തുടങ്ങി. ഉദ്ഘാടനം നബി നിർവഹിച്ചു. പിന്നീട് കത്തി എന്നെ ഏൽപ്പിച്ചിട്ട് പറഞ്ഞു. “ബാക്കി നീ നോക്കിക്കോ. മറ്റുള്ളവർ നിനക്ക് സഹായികളാകട്ടെ". ഞാൻ ആവേശത്തിൽ ഇറങ്ങി. മദ്യം നിറച്ച തോൽപാത്രങ്ങളുടെ മൂട് തകർത്തു. അങ്ങാടിയിലൂടെ മദ്യപ്പുഴ ഒഴുകുന്ന അവസ്ഥ വന്നു.
ഇബ്നു ഉമറിൽ തിരുനബി അർപ്പിച്ച വിശ്വാസം വലുതായിരുന്നു. തൻ്റെ പിതാവ് ഉമറിനൊപ്പം സ്വർഗ്ഗത്തിലാണ് നീ എന്ന് വരെ ഒരു വേള പറഞ്ഞു. ഇബ്നു ഉമർ ഓർക്കുന്നു: തിരുനബിയും ഞാനും ഈത്തപ്പന തോട്ടത്തിൽ ഇരിക്കുകയാണ്. അബൂബക്ർ കടന്നുവന്നു. അനുവാദം തേടി. തിരുനബി എന്നോട് പറഞ്ഞു: “അനുവാദം നൽകൂ. സ്വർഗം കൊണ്ട് സന്തോഷ വാർത്തയുമറിയിക്കൂ". ഞാൻ ആജ്ഞ പോലെ ചെയ്തു. പിന്നീട് വന്നത് ഉമർ. അനുവാദം നൽകി, സ്വർഗ്ഗ വാഗ്ദാനവും. മൂന്നാമത് വന്നത് ഉസ്മാൻ. തിരുനബി പറഞ്ഞു. "സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക; പക്ഷേ കുറച്ചു പരീക്ഷണത്തിന് വിധേയമാകേണ്ടി വരുമെന്ന് മാത്രം". ഉസ്മാൻ കടന്നുവന്നു. കരഞ്ഞു. പിന്നെ ചിരിച്ചു. ഈ സമയത്ത് ഞാൻ ചോദിച്ചു: “തിരുദൂതരേ, അപ്പോൾ എൻ്റെ കാര്യമോ?” നബി പറഞ്ഞു: അബ്ദുല്ലാഹ്! നീ നിന്റെ പിതാവിന്റെ കൂടെയാണ്."
പല ഉപദേശങ്ങളും തിരുനബി നൽകി. ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: “അല്ലാഹുവിൻ്റെ മാർഗത്തിൽ നീ ഇഷ്ടപ്പെടുക. അവൻ്റെ മാർഗത്തിൽ കോപപ്പെടുക. എത്ര നിസ്കാരവും നോമ്പും വർധിപ്പിച്ചിട്ട് കാര്യമില്ല, ഈമാനിന്റെ മധുരിമ ലഭിക്കണമെങ്കിൽ ഇത് അനിവാര്യമാകുന്നു. ഇബ്നു ഉമർ! പ്രഭാതമായാൽ പ്രദോഷം ആകുമെന്ന് നീ ഉറപ്പിക്കേണ്ട. പ്രദോഷമായാൽ പ്രഭാതം താണ്ടുമെന്നും ഉറപ്പിക്കേണ്ട. ആരോഗ്യ സമയത്ത് രോഗസമയത്തേക്കുള്ളത് സമ്പാദിക്കുക. ജീവിതകാലത്ത് മരണകാലത്തേക്കുള്ളത് സമ്പാദിക്കുക. അബ്ദുല്ലാഹ്! നാളെ നിൻ്റെ പേര് എന്താകുമെന്ന് നിനക്കറിയില്ല”.
ഒരുതവണ എന്റെ തോളിൽ പിടിച്ച് തിരുനബി പറഞ്ഞത്: "മോനേ നീ ഇഹലോകത്ത് ഒരു പരദേശിയാവുക! അതല്ലെങ്കിൽ ഒരു നാടോടിയെപ്പോലെയാവുക. സ്വന്തം ദേഹത്തെ മരിച്ച് അടക്കം ചെയ്തവരുടെ കൂട്ടത്തിലായി ഗണിക്കുക. അബ്ദുല്ലാഹ്! അവിടെ ദിനാറിനും ദിർഹമിനും വിലയില്ല. മറിച്ച് പുണ്യകർമ്മങ്ങളും ചീത്ത കർമ്മങ്ങളുമാണ് പരിഗണ്യം; നന്മകൾക്ക് പ്രതിഫലം. തിന്മകൾക്ക് ശിക്ഷ. നിൻ്റെ മക്കളെ നീ കയ്യൊഴിച്ചാൽ നിന്നെ പരലോകത്ത് അല്ലാഹു കയ്യൊഴിക്കും. ജനമധ്യത്തിൽ നീ പരിഹാസപാത്രമാകേണ്ടിയും വരും. അഹങ്കാരപൂർവ്വം തുണി വലിച്ചിഴച്ചാൽ അന്ത്യദിനത്തിൽ അല്ലാഹുവിൻ്റെ തിരുനോട്ടം ഉണ്ടാകില്ല”.
തിരുനബിയോട് താൻ ചെയ്ത ഒരൊറ്റ കരാറും ലംഘിച്ചിട്ടില്ല എന്ന് ഇബ്നു ഉമർ അഭിമാനപൂർവ്വം പറഞ്ഞിരുന്നു. നബിയായിരുന്നു തൻ്റെ എല്ലാം. നബിയെക്കാൾ ധൈര്യവാനായ, സമുന്നതനായ, സധർമിയായ, സംതൃപ്തനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല" അഭിമാനപൂർവ്വം ഇബ്നു ഉമർ പറഞ്ഞു. തിരുനബിയെ പറയുമ്പോഴെല്ലാം ഇബ്നു ഉമറിന്റെ നേത്രങ്ങൾ ഈറനണിയുമായിരുന്നു.
