ഉമർ ഖിലാഫത്ത് പദത്തിൽ എത്തുന്നത് ഹിജ്റ വർഷം 13 ജമാദുൽ ആഖിറ മാസത്തിലാണ്. നിരവധി വിജയങ്ങളാണ് കുറഞ്ഞ കാലം കൊണ്ട് കൊയ്തെടുത്തത്. ഡമസ്കസ്, ഉറുദുൻ, അഹ്വാസ്, മദാഇൻ, മിസ്ർ തുടങ്ങി പല നാടുകളും ഇസ്ലാമിക അധികാരത്തിനു കീഴിൽ വന്നു. പോരാട്ടങ്ങൾ അനവധി നടന്നു. അതിലെല്ലാം മതിയായ പങ്കാളിത്തം വഹിക്കാൻ ഇബ്നു ഉമറിന് സാധിച്ചു. ശാം, ഇറാഖ്, ബസ്വറ, ഫാരിസ് തുടങ്ങിയ നാടുകളിലേക്കൊക്കെ പോരാളിയായി പോയി. യർമൂകിൽ സാന്നിധ്യമരുളിയത് വേറിട്ട അനുഭവമായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ പിതാവിനെ കൗതുകത്തോടെയാണ് പലപ്പോഴും നോക്കിക്കണ്ടിരുന്നത്. ഗാഢമായ ബന്ധം തന്നെ രണ്ടുപേർക്കുമിടയിൽ രൂപപ്പെട്ടു. പിതാവ് പണ്ടേ നല്ല പാഠങ്ങൾ പകർന്നു നൽകിയിരുന്നു. തിരുനബിക്കൊപ്പമുള്ള ഒരു യാത്രയിൽ നബിയുടെ മുമ്പിലേക്ക് വാഹനവുമായി കുതിക്കാൻ നിന്ന ഇബ്നു ഉമറിനെ തടഞ്ഞുകൊണ്ട് ഉമർ ഒരിക്കൽ പറഞ്ഞു: “അബ്ദുല്ല, നബിയുടെ മുന്നിൽ ആരും പോകാറില്ല."
ഉമറിന്റെ ഇഷ്ടം മാനിച്ചു തന്നെയാണ് ഇബ്നു ഉമർ നീങ്ങിയിരുന്നത്. അദ്ദേഹത്തിന് ഒരു ഭാര്യയുണ്ടായിരുന്നു. മതിയായ എന്തോ കാരണത്താൽ അവളെ ഉമറിന് ഇഷ്ടമായിരുന്നില്ല. ഉമർ തിരുനബിയോട് ഇതേ പറ്റി സങ്കടപ്പെടുമായിരുന്നു. ഒരിക്കൽ തിരുനബി ഇബ്നു ഉമറിനെ വിളിച്ചുപറഞ്ഞു: "നീ അവളെ ഒഴിവാക്കുക."
ഇബ്നു ഉമർ പറയുന്നുണ്ട്: “എനിക്കവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ ഞാൻ പിതാവിനെ മാനിച്ച് അവളെ ഒഴിവാക്കി." ഇതായിരുന്നു പിതാവുമായുള്ള ഇബ്നു ഉമറിന്റെ ആത്മബന്ധം.
ഖൈബറിൽ നിന്ന് ജൂതന്മാരെ പുറന്തള്ളാൻ ഖലീഫ ഉമറിനെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഒരു ഘടകം ഇബ്നു ഉമറിനെതിരെയുള്ള ജൂതന്മാരുടെ ഒരാക്രമണമായിരുന്നു. ഇബ്നു ഉമർ തന്നെ പറയട്ടെ: “ഞാനും സുബൈറും മിഖ്ദാദുബ്നുൽ അസ്വദും ഖൈബറിലുള്ള ഞങ്ങളുടെ സ്വത്ത് പരിചരിക്കുക എന്ന ലക്ഷ്യത്തിൽ നീങ്ങിയതാണ്. അവിടെച്ചെന്ന് ഓരോരുത്തരും അവനവന്റെ ഭൂമി തേടിപ്പോയി. ഞാൻ രാത്രി കിടന്നുറങ്ങുകയാണ്. എനിക്കെതിരെ ആക്രമണം ഉണ്ടായി. എന്റെ കൈ തോളിൽ നിന്ന് ആരോ പിരിച്ചു. ഞാൻ ഒച്ച വെച്ചു. ശത്രു അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. എന്റെ കൂട്ടുകാർ വന്നു. അവർ ചോദിച്ചു: “ആരാണ് ഇത് ചെയ്തത് ?” ഞാൻ പറഞ്ഞു: “അറിയില്ല.” അവർ പെട്ടെന്ന് തന്നെ എന്റെ കൈ ശരിപ്പെടുത്തി. കൈക്കുഴ നിന്ന് വേറിട്ടിരുന്നു.
ഉമറിനരികിൽ ചെന്ന് വിഷയം അവതരിപ്പിച്ചു. ഉമർ പറഞ്ഞു: “ഇത് ജൂതന്മാർ തന്നെ. അവരല്ലാതെ മറ്റാരുമവിടെ നമുക്ക് ശത്രുക്കളായില്ല.” ഉമർ ജനങ്ങളെ സംഘടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം അവതരിപ്പിച്ചു. പ്രസംഗമധ്യേ പറഞ്ഞു: “തിരുദൂതർ ഖൈബർകാരുമായി ഉണ്ടാക്കിയ കരാർ ഏത് സമയത്തും അവരെ പുറത്താക്കാൻ നമുക്ക് അധികാരമുണ്ട് എന്ന നിലയ്ക്കാണ്. ഇപ്പോൾ അവർ ഇതാ അബ്ദുല്ലക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നു. മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അവിടെ ശത്രുക്കളായി അവരെല്ലാതെ മറ്റാരുമില്ല. അതുകൊണ്ട് ഞാൻ അവരെ പുറത്താക്കാൻ പോവുകയാണ്. ഖൈറിൽ സ്വത്തുള്ളവർ അതുമായി ബന്ധപ്പെട്ട വല്ല നടപടിക്രമങ്ങളും ശരിപ്പെടുത്താനുണ്ടെങ്കിൽ ഉടൻ ചെല്ലുക."
