ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് മക്കം ഫത്ഹ്. അഥവാ മക്കാ വിജയം. തിരുനബിയും സഹചരും രക്തരഹിതമായി സ്വന്തം നാടിനെ കീഴിലൊതുക്കിയ വിജയ ദിനമായിരുന്നു അത്; ചരിത്രത്തിൽ തുല്യതയില്ലാത്തത്. അന്ന് ഇബ്നു ഉമറിന് വയസ്സ് ഇരുപത്. രക്തം തിളക്കുന്ന പ്രായം. ഒരു കുതിരപ്പുറത്താണ് ഇബ്നു ഉമർ പ്രത്യക്ഷനായത്. 11 മാസം പ്രായമായ കുതിരയുടെ പുറത്ത്. കൂടെ കനമുള്ള ഒരു കുന്തമുണ്ട്. ദേഹത്ത് ചെറിയ ഒരു പുതപ്പുണ്ട്. ഇരുഭാഗവും ചേർത്ത് ഇട്ടുമൂടാൻ മാത്രം വലിപ്പമില്ലാത്തത്. ഒരുവേള തിരുനബി ഇബ്നു ഉമറിനെ കണ്ടു. അദ്ദേഹം തൻ്റെ കുതിരയ്ക്ക് പുല്ല് പറിച്ചു കൊടുക്കുകയാണ്. തിരുനബി പുഞ്ചിരി തൂകി പറഞ്ഞു: "അബ്ദുല്ലാഹ്.. അബ്ദുല്ലാഹ്.. വളരെ നന്നായി, നന്നായി." തിരുനബി അബ്ദുല്ലയെ പ്രകീർത്തിക്കുകയായിരുന്നു.
മക്കം ഫത്ഹിന്റെ ഓർമ്മകൾ ഇബ്നു ഉമറിൽ ജ്വലിച്ചു നിന്നു. തിരുനബിയുടെ ഓരോ നീക്കങ്ങളും കൃത്യമായി ഒപ്പിയെടുത്തു. തിരുദൂതൻ മക്കയിലേക്ക് പ്രവേശിച്ച വീഥി വരെ കൃത്യമായി മനസ്സിൽ അടയാളപ്പെടുത്തിയിരുന്നു. തിരുനബിയും സഹചരും മക്കത്തെത്തിയപ്പോൾ സ്ത്രീകൾ കുതിരകളുടെ മുഖത്തടിച്ച സംഭവം പോലും ഇബ്നു ഉമറിന് ഓർമ്മയുണ്ട്. അപ്പോൾ തിരുനബി അബൂബക്റിനെ നോക്കി പുഞ്ചിരി തൂകി. ആ സമയത്ത് അബൂബക്ർ പാടിയ കവിത പോലും മന:പ്പാഠമായിരുന്നു അദ്ദേഹത്തിന്.
ഇബ്നു ഉമർ ഓർക്കുന്നു: തിരുനബി മക്കത്ത് കടന്നപ്പോൾ 360 വിഗ്രഹങ്ങളുണ്ടായിരുന്നു കഅ്ബയെ ചുറ്റിപ്പറ്റി. തിരുനബി ഒരു കൊച്ചു വടി കൊണ്ട് ആംഗ്യം കാണിച്ചു. ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. "സത്യം എത്തി. അസത്യം പൊളിഞ്ഞു. തീർച്ചയായും അസത്യം നശിക്കേണ്ടത് തന്നെ." തിരുനബി കാണിക്കുന്ന ഓരോ ആംഗ്യമനുസരിച്ചും വിഗ്രഹങ്ങൾ ഓരോന്നായി നിലംപൊത്തിക്കൊണ്ടിരുന്നു. ഒരു വിഗ്രഹത്തെയും വടികൊണ്ട് നബി സ്പർശിച്ചിരുന്നില്ല. യാത്രയിൽ ഉടനീളം നബിയെ ഇബ്നു ഉമർ ഒപ്പിയെടുത്തു. ജീവിതത്തിൽ അനുധാവനം ചെയ്യാൻ വേണ്ടി തന്നെയായിരുന്നു ഇത്.
തിരുനബി അന്ന് വന്നത് തൻ്റെ പിൻസീറ്റിൽ ഉസാമതുബ്ൻ സൈദിനെ ഇരുത്തിയാണ്. കൂടെ ഉസ്മാനുബ്നു തൽഹത്തും ഉണ്ട്. അദ്ദേഹം കഅ്ബയുടെ പരിപാലകനാണ്. താക്കോൽ സൂക്ഷിപ്പുകാരൻ! തിരുനബി ഒട്ടകത്തെ കഅ്ബാ മുറ്റത്ത് മുട്ടുകുത്തിച്ചു. താക്കോൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കഅ്ബക്കകത്ത് കടന്നു. കൂടെ ഉസാമതുബ്ൻ സൈദും ബിലാലും ഉസ്മാനുബ്നു ത്വൽഹതും ഉണ്ട്. കുറെ സമയം കഅബക്കകത്തു ചെലവാക്കി. പിന്നീട് പുറത്തുവന്നു. ജനങ്ങളെ അഭിമുഖീകരിച്ചു.
അബ്ദുല്ലാഹിബ്നു ഉമർ ചാൻസ് ഉപയോഗപ്പെടുത്തി. അകത്തു കടന്നു. ബിലാലുണ്ട് വാതിലിന്റെ പിന്നിൽ നിൽക്കുന്നു. ചോദിച്ചു: “നബി തങ്ങൾ എവിടെയാണ് ഇവിടെ നിസ്കരിച്ചത്?” ബിലാൽ ചൂണ്ടിക്കാണിച്ചു; തിരുനബി നിസ്കരിച്ച മൂല. ഇബ്നു ഉമർ പറയുന്നുണ്ട്; എത്രയാണ് നബി തങ്ങൾ നിസ്കരിച്ചത് എന്ന് അന്ന് ചോദിക്കാൻ ഞാൻ വിട്ടു പോയി.
മക്കം ഫത്ഹിന് ശേഷമാണ് ബനൂ ജുദൈമയിലേക്കുള്ള ഒരു സൈനിക നീക്കം നടക്കുന്നത്. തിരുനബി കൽപ്പിച്ചുതനുസരിച്ച് ഖാലിദുബ്നുൽ വലീദായിരുന്നു നേതൃത്വം. കിനാനയിൽ നിന്നുള്ള ഒരു ഗോത്ര സമൂഹമായിരുന്നു ബനൂ ജുദൈമ. ഖാലിദ് അവർക്കു കീഴടങ്ങാനുള്ള അവസരം നൽകി. പക്ഷേ അവർ ഒരുക്കമായിരുന്നില്ല. മുസ്ലിംകൾക്കെതിരെയുള്ള നീക്കവുമായി നിലകൊണ്ടു. സ്വാഭാവികമായും ബലപ്രയോഗം വേണ്ടിവന്നു. അവരെ ഖാലിദും സംഘവും ബന്ധികളാക്കി. ഇബ്നു ഉമറും ഈ സൈനിക നീക്കത്തിൽ പങ്കാളിയായിരുന്നു.
ബന്ധികളാക്കപ്പെട്ടവരോട് ഖാലിദിന്റെ സമീപനം കുറച്ചു കടുത്തു പോയി. കാരണം അവർ ഇസ്ലാമിനെ അത്രയും കൊഞ്ഞനം കുത്തിയിരുന്നു. അവരെ കൊല ചെയ്യുക എന്ന നയമാണ് ഖാലിദ് സ്വീകരിച്ചത്. പക്ഷേ ഇബ്നു ഉമർ എതിർത്തു. "ഇല്ല, എൻ്റെ മുമ്പിൽ എത്തിയ ഒറ്റ ബന്ധിയെയും ഞാൻ കൊല്ലില്ല. എൻ്റെ കൂടെയുള്ള കൂട്ടുകാരും അതിന് സന്നദ്ധമല്ല" എന്ന നിലപാട് സ്വീകരിച്ചു. ഒടുവിൽ സൈനിക നീക്കം അവസാനിപ്പിച്ചു.
മദീനയിൽ എത്തിയപ്പോൾ തിരുനബി കരമുയർത്തി പ്രാർത്ഥിച്ചത് ഇങ്ങനെ: "അല്ലാഹുവേ ഖാലിദ് എടുത്ത നയത്തിൽ നിന്ന് നിന്നോട് ഞാൻ മുക്തി ചോദിക്കുന്നു." രണ്ടുതവണ തിരുനബി ഇങ്ങനെ പ്രാർഥിച്ചു. ഈ സംഭവം ഇബ്നു ഉമറിന്റെ യശസ്സുയർത്തി. കാഴ്ചപ്പാടിൽ വളരെ ഉയർന്ന വിതാനത്തിലാണ് താനുള്ളതെന്ന് തെളിയിച്ചു. യുദ്ധമുഖത്തായിരുന്നാലും വൈകാരിക നീക്കങ്ങൾക്കല്ല പ്രസക്തി. വൈചാരിക നീക്കങ്ങൾക്കാണെന്ന് തെളിയിക്കുകയായിരുന്നു ഇബ്നു ഉമർ. തിരുനബി അതിന് ഒപ്പു ചാർത്തി.
ഇബ്നു ഉമർ പങ്കെടുത്ത മറ്റൊരു പോരാട്ടമാണ് ഹുനൈൻ യുദ്ധം. തിഹാമ താഴ്വാരങ്ങളിൽ ഒന്നാണ് ഹുനൈൻ. മുസ്ലിംകൾക്ക് വലിയ പാഠം സമ്മാനിച്ച ഒരു പോരാട്ടം. മുസ്ലിംകൾ എണ്ണത്തിൽ കൂടുതലായിരുന്നു. സ്വാഭാവികമായും ഉണ്ടായ ആഹ്ലാദം കെട്ടുപോകുന്നതായിരുന്നു ആദ്യ റൗണ്ട് നീക്കം. മുസ്ലിം സൈന്യം പിന്തിരിഞ്ഞോടി. തിരുനബിയും ഏതാനും പേരും മാത്രമാണ് ഉറച്ചു നിന്നത്. ഉറച്ചുനിന്ന കൂട്ടത്തിൽ ഇബ്നു ഉമറിന്റെ പിതാവ് ഉമർ ഉണ്ടായിരുന്നു. ഉമർ അടക്കം പതിമൂന്ന് പേരാണ് കാലിടറാതെ നിന്നത്. രംഗം വീണ്ടെടുക്കാൻ തിരുനബി പരിശ്രമിച്ചു. പെട്ടെന്ന് തന്നെ എല്ലാവരെയും വീണ്ടും വിളിക്കച്ചേർത്തു. പോരാട്ടം കയ്യിലൊതുക്കി. യുദ്ധാനന്തരം ഒരു അടിമ പെൺകുട്ടിയെ ഉമറിന് കിട്ടി. ഹവാസിൻ ഗോത്രക്കാരിയായിരുന്ന അവളെ മകൻ ഇബ്നു ഉമറിന്, ഉമർ കൈമാറി.
ഇബ്നുഉമർ ഓർക്കുന്നുണ്ട്: “ഞാൻ അവളെ എൻ്റെ അമ്മാവന്മാരുടെ അരികിലേക്ക് വിട്ടു. അഥവാ ബനൂ ജംഹ് ഗോത്രത്തിലേക്ക്. അവൾക്ക് ആശ്വാസകരമാകാനും എനിക്കുവേണ്ടി അവളെ സുസജ്ജമാക്കാനും വേണ്ടിയായിരുന്നു വിട്ടത്. കഅ്ബാ പ്രദിക്ഷണം ചെയ്യേണ്ടതുണ്ടായിരുന്നു എനിക്ക്. തിരികെ വന്ന് അവളെ പ്രാപിക്കാം എന്ന് കരുതി. എല്ലാം കഴിഞ്ഞു മസ്ജിദിൽ നിന്ന് ഞാൻ ഇറങ്ങി വന്നപ്പോൾ കാണുന്നത് ജനങ്ങളെല്ലാം വെപ്രാളപ്പെട്ട് ഓടുന്നതാണ്. ഞാൻ ചോദിച്ചു: എന്താണ് വിഷയം? അവർ പറഞ്ഞു: "ഞങ്ങളുടെ കുട്ടികളെയും സ്ത്രീകളെയും അല്ലാഹുവിൻ്റെ ദൂതൻ തിരിച്ചു തരാൻ തയ്യാറായിരിക്കുന്നു." ഉടൻ ഞാൻ പറഞ്ഞു: “എങ്കിൽ നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരുത്തി ബനു ജംഹിൽ ഉണ്ട്. എനിക്ക് കിട്ടിയവൾ. അവിടെ ചെല്ലൂ. അവളെ സ്വീകരിക്കൂ. അവളുടെ ആളുകൾ അവിടേക്ക് ചെന്നു. അവളെ കൈപറ്റി. തിരുനബിയുടെ മാനവികത പ്രകടീഭവിക്കുന്നതായിരുന്നു ഈ സംഭവം. ഇബ്നു ഉമർ ഇതിന് സാക്ഷിയായി.
ഖൻന്തകിന് ശേഷമുള്ള എല്ലാ പോരാട്ടങ്ങളിലും സജീവമായ സാന്നിധ്യമായി ഇബ്നു ഉമർ ഉണ്ടായിരുന്നു. നജ്ദിന്റെ ഭാഗത്തേക്ക് ഒരു സൈനിക നീക്കം നടത്തിയ കഥ ഇബ്നു ഉമർ പറയുന്നുണ്ട്. അന്ന് ഓരോരുത്തർക്കും ലഭിച്ചത് 12 ഒട്ടകങ്ങളാണ്. പുറമേ ഓരോ ഒട്ടകം വേറെയും.
