തിരുനബിയുടെ വിജ്ഞാന സദസ്സ്. ജനനിബിഢം! പ്രമുഖ ശിഷ്യന്മാർ അണിനിരന്നിരിക്കുന്നു. അബൂബക്റും ഉമറുമെല്ലാമുണ്ട്. തിരുനബി ഒരു ചോദ്യം ഉന്നയിച്ചു. "മനുഷ്യനെപ്പോലെ ഒരു മരമുണ്ട്, ഏതെന്ന് പറയാമോ?" തിരുനബി ചില സൂചനകൾ നൽകി. ആ വൃക്ഷം കൃത്യസമയത്ത് ഫലങ്ങൾ സമ്മാനിക്കുന്നു. അതിൻ്റെ ഇലകൾ പൊഴിഞ്ഞു വീഴുന്നില്ല. ഓരോരുത്തരായി മറുപടിയിലേക്ക് പ്രവേശിച്ചു. മിക്കവാറും മരങ്ങളുടെ പേരുകളും അവർ പറഞ്ഞു നോക്കി. പക്ഷേ നബി പുഞ്ചിരി തൂകി. തലയാട്ടി, അല്ല അല്ല. ഒടുവിൽ തിരുനബി തന്നെ പറഞ്ഞു: "ഞാൻ ഉദ്ദേശിച്ചത് ഈത്തപ്പനയാണ്."
ഈത്തപ്പനയുടെ പ്രത്യേകത ചിന്തിക്കുന്ന ആർക്കും ഈ വസ്തുത ബോധ്യമാകും. ഈന്തപ്പനയുടെ ഒരു ഭാഗവും ഒഴിവാക്കാനില്ല. എല്ലാം ഗുണപ്രദം. മനുഷ്യനും പ്രകൃതിക്കും ഫലപ്രദം. വിശ്വാസി ഇങ്ങനെയായിരിക്കണം. അതാണ് തിരുനബി ഉദ്ദേശിക്കുന്നത്. വിശ്വാസിയിൽ ഒന്നും തന്നെ അനാവശ്യമായി ഉണ്ടാകാൻ പാടില്ല. അവൻ്റെ വാക്കും പ്രവർത്തിയും ചിന്തയും പെരുമാറ്റവുമൊക്കെ അപരർക്കും ആവാസവ്യവസ്ഥയ്ക്കും അനുഗുണമാകണം.
ക്ലാസ് കഴിഞ്ഞു. ഉമർ വീട്ടിലേക്ക് മടങ്ങുകയാണ്. കൂടെ മൂത്ത മകനുമുണ്ട്. വളരെ ചെറുപ്പമാണ്. നബിസദസ്സിൽ ഇരിക്കട്ടെ എന്ന് കരുതി കൊണ്ടുവന്നതാണ്. വഴിയിൽ വെച്ച് മകൻ പറഞ്ഞു. "വാപ്പാ.. തിരുനബി ആ ചോദ്യം ഉന്നയിച്ചപ്പോൾ തന്നെ എൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത്, അത് ഈത്തപ്പനയായിരിക്കും എന്നാണ്." ഉമറിന് കൗതുകമായി. എന്തുകൊണ്ട് മോനേ നീയത് അപ്പോൾ പറഞ്ഞില്ല. "വാപ്പയും അബൂബക്ർ സിദ്ദീഖും മറ്റു പ്രമുഖരും ഒന്നും പറയാതിരുന്നപ്പോൾ എനിക്ക് മടിയായി, അതാണ് ഞാൻ മിണ്ടാതിരുന്നത്."
“മോനേ നിനക്ക് പറഞ്ഞു കൂടായിരുന്നോ, എങ്കിൽ എനിക്കെത്ര അഭിമാനമാകുമായിരുന്നു. നിന്നോട് എൻ്റെ ഇഷ്ടം എത്രയോ വർദ്ധിക്കുമായിരുന്നു."
ഉമറിൻ്റെ ഈ ബുദ്ധിമാനായ മകൻ്റെ പേരാണ് അബ്ദുല്ലാഹി ബിനു ഉമർ. ഇബ്നു ഉമർ ജനിക്കുന്നത് തിരുനബിയുടെ പ്രവാചകത്വത്തിന്റെ രണ്ടാം വർഷമാണ്. ഉമർ കുഞ്ഞിന് പേരിട്ടത് പാരമ്പര്യ ശൈലി അനുസരിച്ച് 'അബ്ദുല്ല' എന്നാണ്. ഏറ്റവും നല്ല നാമമാണ് അബ്ദുല്ല എന്ന് നബി പറയാറുണ്ട്. ദൈവദാസൻ എന്നർത്ഥം. ഇബ്നു ഉമർ തന്റെ നാമം വല്ലാതെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ മോതിരത്തിൽ കൊത്തിവെച്ചിരുന്നത് അബ്ദുല്ലാഹിബ്നു ഉമർ എന്നാണെന്ന് ഇബ്നുസീരീൻ പറയുന്നുണ്ട്.
ചരിത്രത്തിൽ പ്രസിദ്ധരായ നാല് അബ്ദുല്ലമാരിൽ ശ്രദ്ധേയനാണ് ഇബ്നു ഉമർ. ബാക്കി അബ്ദുല്ലമാർ ഇവരാണ്; അബ്ദുല്ലാഹിബ്ൻ അബ്ബാസ്, അബ്ദുല്ലാഹിബ്നു സുബൈർ, അബ്ദുല്ലാഹിബ്ൻ അംറു ബ്ൻ ആസ്വ്. ഉമറിന്റെ പുത്രൻ എന്ന പേര് തന്നെ മതി അബ്ദുല്ലയ്ക്ക് അഭിമാനിക്കാൻ. അറേബ്യൻ ശൈലി അനുസരിച്ച് അബൂ അബ്ദുറഹ്മാൻ എന്ന വിളിപ്പേരും(കുൻയത്) ഇബ്നു ഉമറിന് ഉണ്ടായിരുന്നു. പറഞ്ഞല്ലോ ഇബ്നു ഉമറിന്റെ പിതാവ് സയ്യിദുനാ ഉമർ ബിൻ ഖത്താബ് ആണെന്ന്. തിരുനബിയുമായി പിതാമഹൻ കഅ്ബിൽ സന്ധിക്കുന്ന പരമ്പരയാണ് ഉമറിൻ്റേത്. ഉമ്മയുടെ പേര് സൈനബ്. മള്ഊനുൽ- ജഹ്മിയ്യയുടെ പുത്രി. പ്രസിദ്ധനായ ഉസ്മാനുബ്നു മള്ഊനിൻ്റെ സഹോദരി. സൈനബ് വളരെ സാത്വികയായ ഒരു സ്ത്രീയായിരുന്നു.
