ഇബ്നു ഉമറിന്റെ കൗമാര കാലം മക്കത്തായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനു ശേഷം ഏഴുവർഷം മക്കത്ത് കഴിച്ചുകൂട്ടേണ്ടിവന്നു. ആ കാലം ഖുറൈശികളിൽ നിന്നുള്ള ആക്രമണ ഭീതി നിറഞ്ഞ കാലമായിരുന്നു. ശത്രുവിനെ വെല്ലുവിളിക്കുന്ന പിതാവിൻ്റെ പ്രകൃതം അപകടങ്ങൾ നിരന്തരം വിളിച്ചുവരുത്തി. പലായനത്തിന്റെ വാതിൽ തുറക്കുന്നത് അങ്ങനെയാണ്. പീഡനം ശക്തമായപ്പോൾ തിരുനബി പലായനത്തിനായി സമ്മതം നിൽകി. “നിങ്ങൾക്ക് നല്ല കൂട്ടുകാരെയും നിർഭയ നാടിനെയും അല്ലാഹു സമ്മാനിക്കും. പുറപ്പെടുക" ഇതായിരുന്നു തിരു ആജ്ഞ.
മിക്കവാറും പേർ പുറപ്പെട്ടത് അതീവ രഹസ്യമായിട്ടായിരുന്നു. ശത്രുഭയം തന്നെ കാരണം. അവിടെയും ഉമർ വേറിട്ട് നിന്നു. ഇബ്നു ഉമർ ഓർക്കുന്നു: പിതാവ് പലായനത്തിനൊരുങ്ങിയതും വാളെടുത്തു. അമ്പ് വില്ലിൽ കുലച്ചു. ഏതാനും അമ്പുകൾ കയ്യിൽ പിടിച്ചു. അരയിൽ ഒരു ചെറിയ കുന്തം തിരുകി. കഅബക്കരികിലണഞ്ഞു (മക്കയിലെ ഹറം പള്ളിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലുള്ള വിശുദ്ധ ഭവനമാണ് കഅബ). . മുറ്റത്ത് ഖുറൈശി ഗോത്രക്കാർ കുറെയെണ്ണം ഉണ്ട് .
ഏഴ് തവണ വിശുദ്ധഭവനം പ്രദിക്ഷണം ചെയ്തു. ഇബ്റാഹീം മഖാമിൻ്റെ (ഇബ്റാഹീം നബിയുടെ പാദമുദ്ര സൂക്ഷിക്കുന്ന സ്ഥലം) പിന്നിൽ ചെന്ന് രണ്ട് റകഅത് (നിസ്കാരത്തിലെ ആവർത്തിതമായ ഭാഗം) നിസ്കരിച്ചു. അനന്തരം ചെറിയ സംഘങ്ങളായി ഇരിക്കുന്ന ഖുറൈശികൾക്കരികിലേക്ക് നീങ്ങി. ഓരോ കൂട്ടത്തിന്റെയും സമീപത്ത് ചെന്ന് പറഞ്ഞു: "മുഖം കെട്ടു പോകട്ടെ". അനന്തരം അത്യുച്ചത്തിൽ ഒരു വെല്ലുവിളിയായിരുന്നു: "ഞാൻ പലായനം ചെയ്യുന്നു. തടുക്കാൻ കഴിയുന്നവരുണ്ടെങ്കിൽ കാണട്ടെ. സ്വന്തം മാതാവിൻ്റെ വിലാപവും മക്കളുടെ അനാഥത്വവും ഭാര്യയുടെ വൈധവ്യവും കൊതിക്കുന്നവരുണ്ടെങ്കിൽ ഈ മലഞ്ചെരുവിന്റെ അപ്പുറത്തേക്ക് വരിക. നമുക്ക് നോക്കാം."
ഇത്രയും പറഞ്ഞ് തലയുയർത്തിപ്പിടിച്ച് ഒരു നടത്തമായിരുന്നു. ഹറം (മക്കയിലെ പ്രത്യേക പവിത്രത കൽപ്പിക്കപ്പെടുന്ന ഭൂപരിധി) പ്രകമ്പനം കൊണ്ടു. ഒരാളും ഉമറിനെ പിന്തുടർന്നില്ല. മാതാപിതാക്കളോടൊപ്പമായിരുന്നു ഇബ്നു ഉമറിന്റെ പലായനം. അതുകൊണ്ടാണ് പിൽക്കാലത്ത് മുഹാജിരീങ്ങൾക്കെല്ലാം (പലായനക്കാർ ) 4000 ദിർഹം വീതം പെൻഷൻ വിധിച്ചപ്പോൾ സ്വന്തം മകന് ഉമർ 3500 മാത്രം നൽകിയത്. എന്താണ് കുറച്ചത് എന്ന് ആരോ ചോദിച്ചു. "അവൻ മാതാപിതാക്കൾക്കൊപ്പമാണ് പലായനം ചെയ്തത്. അത് തനിച്ച് പോന്നതിന്റെ സ്ഥാനത്ത് വരില്ലല്ലോ" എന്നായിരുന്നു മറുപടി.
കളിച്ചു വളർന്ന നാടിനോടും കൂട്ടുകാരോടുമുള്ള വിട ഇബ്നു ഉമറിന്റെ മനസ്സിൽ വിരഹ വേദനയുതിർത്തു. കുറേകാലം പിന്നിട്ടിട്ടും അത് ശമിച്ചിരുന്നില്ല. പറയാൻ കാരണമുണ്ട്. മക്കാ വിജയാനന്തരം തങ്ങളുടെ പഴയ ഭവനങ്ങൾക്കരികിലൂടെ നടന്നുപോയ കഥ ഇബ്ൻ ഉമർ പറയുന്നുണ്ട്. ആ ഭവനങ്ങളിലേക്ക് കണ്ണു മീട്ടാതെയാണ് ഞാൻ നടന്നു പോയത്. ഇരുകണ്ണുകളും ചിമ്മി. അതും കരഞ്ഞുകൊണ്ട്. ഗൃഹാതുരത്വത്തിന്റെ വേദന വലുതായിട്ടും തന്നിൽ തുടി കൊട്ടി എന്നർത്ഥം. അതല്ലെങ്കിൽ തൻ്റെ ആവാസ വ്യവസ്ഥ അകാരണമായി മുടക്കിയ നാട്ടുകാരോടുള്ള പ്രതിഷേധം ആ ഹൃത്തിൽ മായാതെ കിടന്നിരിക്കും.
പിൽക്കാലത്തു പുത്രൻ സാലിമിനോട് അന്ത്യോപദേശമായി പറഞ്ഞത്: “ഞാൻ അഥവാ ഹറമിൽ മരിച്ചാൽ ഹറമിന് പുറത്ത് എന്നെ മറവ് ചെയ്താൽ മതി. പലായനത്തിന് ശേഷം ഹറമിലെ അന്ത്യവിശ്രമം എന്തോ എനിക്ക് പന്തി തോന്നുന്നില്ല". പ്രാർഥന ഇങ്ങനെയായിരുന്നു: “അല്ലാഹുവേ എൻ്റെ മരണം നീ മക്കത്താക്കരുതേ." ഇതൊന്നും സത്യത്തിൽ മക്കയോടുള്ള നീരസം കൊണ്ടായിരുന്നില്ല. മക്കയുടെ പവിത്രതയോടുള്ള വിയോജിപ്പുമായിരുന്നില്ല. പണ്ഡിതനായ ഇബ്നു ഉമറിന് അങ്ങനെ വരാൻ വഴിയില്ലല്ലോ. മറിച്ച് മക്കത്ത് തന്നെ എന്നുമുണ്ടാകണമെന്ന ഉത്ഘടമായ അഭിലാഷം പിൽക്കാലത്ത് നിരസിക്കപ്പെട്ടതിലുള്ള ആത്മാവിൻ്റെ പ്രതിഷേധമായിരിക്കാം. അല്ലെങ്കിൽ മക്കയിൽ കിടക്കാൻ മാത്രം താൻ യോഗ്യനല്ലെന്ന വിനയ ചിന്തയായിരിക്കാം.
