തന്റെ അനുഭവം തുറന്നുപറയുന്ന ആ മനുഷ്യനെ കമ്പോളത്തിലുള്ളവർ സാകൂതം കേട്ടു. “എനിക്കൊരു അടിമയുണ്ടായിരുന്നു. ആരോഗ്യവാൻ. നന്നായി പണിയെടുപ്പിച്ചിരുന്നു. മടി കാണിക്കുന്ന ദിവസങ്ങളിൽ എന്റെ കലിയിളകും. അന്ന് മർദ്ദനങ്ങളുടെ ദിവസമാകും. ദേഷ്യം തീരുവോളം അവന്റെ ശരീരമാകെ മർദ്ദനമേൽപ്പിക്കും. പാഠം പഠിപ്പിക്കും. അത് ഉടമയുടെ അധികാരമല്ലേ.. പക്ഷേ ഇന്ന്... ഇന്ന് ഞാനെൻ്റെ അടിമയെ സ്വതന്ത്രനാക്കി”
"ഏഹ്! അതെന്തേ?" ചന്തയിലുള്ളവർക്ക് ആശ്ചര്യം. നല്ല ഒരടിമയെ വെറുതെ വിട്ട് കളയുകയോ.
"അതെന്താ അബൂ മസ്ഊദ്, അത്ര വലിയ നഷ്ടമെന്തെങ്കിലും വരുത്തിയോ അവൻ"
“അതെ, ഒരു അപകടകരമായ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഒഴിവാക്കിയത്”
അബൂമസ്ഊദ് ആ കഥ പറയാനൊരുങ്ങി.
"കഴിഞ്ഞ ഒരു ദിവസം എന്റെ ആരോഗ്യവാനായ അടിമയിൽ നിന്ന് ഒരു വീഴ്ച സംഭവിച്ചു. വെറുതെ വിടാനാകുമോ? പതിവുപോലെ മർദ്ദിച്ചു. നല്ല മൂർച്ചയുള്ള അടിയേറ്റവൻ പുളഞ്ഞു. അപ്പോൾ ഒരു വിളി! പിന്നിൽ നിന്ന്. അതിൽ പരിഭവം കലർന്നിരുന്നു. തിരുനബിയായിരുന്നു.
“അബൂമസ്ഊദ്, നിർത്താനായില്ലേ ഈ പാവത്തോടുള്ള ക്രൂരത. അറിഞ്ഞുകൊള്ളൂ.. നിങ്ങൾക്ക് അടിമയുടെ മേലുള്ള അവകാശത്തെക്കാൾ, അല്ലാഹുവിന് നിങ്ങളുടെ മേൽ അവകാശമുണ്ട് !"
ഹൊ! ഞാൻ ഭയന്നുതരിച്ചു. അല്ലാഹുവിന്റെ കോപത്തെയോർത്ത് ഉള്ളം ഉരുകി. ഇനിയെന്താണ് പോംവഴി? ആലോചിച്ചാലോചിച്ച് ആ മാർഗം തിരഞ്ഞെടുത്തു. അടിമയെ സ്വതന്ത്രനാക്കുക! അപ്പോൾത്തന്നെ തിരുനബിയുടെ അരികിലേക്ക് നടന്നു.
“നബിയേ, അല്ലാഹുവിന്റെ പൊരുത്തത്തിന് വേണ്ടി ഞാൻ അടിമയെ മോചിപ്പിച്ചു”
തിരുദൂതർ പുഞ്ചിരിയോടെ പറഞ്ഞു: “അത് നന്നായി അബൂമസ്ഊദ്, ഇല്ലെങ്കിൽ നരകാഗ്നി താങ്കളെ വിഴുങ്ങുമായിരുന്നു”
