യമാമയിലെ ഭരണസാരഥിക്ക് അങ്ങനെ ഒരു കത്ത് വന്നു. സത്യമതത്തെ പരിചയപ്പെടുത്തി തിരുനബി അയച്ചതാണ്. കത്തു വായിച്ച നാട്ടുരാജാവ് കലിതുള്ളി! "മുഹമ്മദിനെ കൊല്ലണം, എല്ലാ ഇടപാടുകളും നശിപ്പിക്കണം"
ഒരു ദിവസം യമാമയിലേക്ക്, പ്രവാചകാനുയായികൾ സന്ദർശനാർഥം വന്നുചേർന്നു. അതിക്രൂരമായി സുമാമ അവരെ വധിച്ചു. അങ്ങനെയിരിക്കെ, യമാമയുടെ രാജാവിന് ഒരാഗ്രഹം. മക്ക സന്ദർശിക്കണം, വിഗ്രഹങ്ങളെ പ്രീതിപ്പെടുത്തണം. അവർ ഒരു സംഘമായി പുറപ്പെട്ടു. പക്ഷേ മദീനയുടെ പ്രാന്തപ്രദേശത്ത് എത്തുമ്പോൾ കാലാവസ്ഥ പ്രതികൂലമായി. കാറ്റും കോളും. സംഘം പല വഴികളായി ചിതറി. സുമാമ ഒറ്റപ്പെട്ടു. അതിർത്തിയിലെ പാറാവുകാർ അയാളെ ചോദ്യം ചെയ്തു. മറുപടി തൃപ്തികരമല്ല. അപരിചിതൻ പള്ളിയുടെ തൂണിൽ ബന്ധിപ്പിക്കപ്പെട്ടു.
പള്ളിയിലേക്ക് വരികയായിരുന്ന തിരുനബി, സുമാമയെ കണ്ട് തൻ്റെ അനുചരരോട് ചോദിച്ചു. "അതാരാണെന്ന് അറിയുമോ?"
"ഇല്ലല്ലോ നബിയേ.."
"അത് യമാമക്കാരനായ സുമാമത് ബ്നു ഉസാലാണ്"
വീട്ടിലേക്ക് തിരിച്ചുപോയ തിരുനബി പത്നിയോട്, സുമാമയ്ക്കുള്ള ഭക്ഷണം തയ്യാറാക്കാൻ പറഞ്ഞു. തടവുപുള്ളിയാണെങ്കിലും മദീനയുടെ അതിഥിയാണ്. സുമാമയെ നന്നായി സൽക്കരിച്ചു. പിറ്റേന്ന് തിരുദൂതർ ചോദിച്ചു: “എന്തു പറയുന്നു സുമാമ?” അദ്ദേഹത്തിന് ഇസ്ലാമിനോടുള്ള മനോഭാവത്തെപ്പറ്റിയാണ് ചോദ്യം.
"നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊല്ലാം പക്ഷേ, അതിനു പകരം ചോദിക്കാൻ എൻ്റെ തറവാട്ടിൽ ആളുണ്ട്. എന്നെ മോചിപ്പിക്കുകയാണെങ്കിൽ, എന്നും ഞാൻ കടപ്പാടുള്ളവനായിരിക്കും. നഷ്ടപരിഹാരമായി പണമാണ് വേണ്ടതെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് തരാൻ തയ്യാറാണ്”. മറുപടിയിൽ ധിക്കാരം കലർന്നിരുന്നു.
തിരുദൂതർ തിരികെപ്പോയി. സുമാമക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു. രണ്ടുദിവസം കഴിഞ്ഞ് പഴയ ചോദ്യം ആവർത്തിച്ചു. സുമാമ പഴയ മറുപടിയും. അതിന്റെ അടുത്ത ദിവസവും തിരുനബി പള്ളിയിലെത്തി. ഇപ്പോൾ എന്താണ് അഭിപ്രായം? സുമാമയ്ക്ക് മറ്റൊന്നും പറയാനില്ല.
ഒടുവിൽ, ഉപാധികളൊന്നും വെക്കാതെ സുമാമയെ തിരുനബി മോചിപ്പിച്ചു. തടവിൽ നിന്നിറങ്ങി തന്റെ ഒട്ടകപ്പുറത്തേറി സുമാമ മദീനയുടെ അതിർത്തിയിലെത്തി. അവിടെ ഒരു തോട്ടത്തിൽ പോയി കുളിച്ച് ശുദ്ധിയായി. ശേഷം വിശ്വാസികൾ നിറഞ്ഞ മദീന പള്ളിയിലേക്ക് കയറിച്ചെന്നു. "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് നബി അവന്റെ അടിമയും പ്രവാചകനും ആണെന്നും പ്രഖ്യാപിക്കുന്നു". സുമാമ തിരുനബിയെക്കണ്ടു. "അങ്ങയുടെ മുഖത്തെക്കാൾ വെറുപ്പുള്ള ഒരു മുഖം എനിക്കില്ലായിരുന്നു ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഖവും അങ്ങയുടെതാണ്"
കുറ്റബോധത്താൽ സുമാമയുടെ ഉള്ളം കലങ്ങിമറിഞ്ഞു. "നബിയേ, ഞാൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്. അങ്ങയുടെ അനുയായികളെ ഞാൻ വധിച്ചു"
"ഇല്ല സുമാമ ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല" പ്രപഞ്ചം നിറയെ കരുണയായ തിരുദൂതർ പ്രതിവചിച്ചു.
സുമാമ ഉള്ളം നിറഞ്ഞ് മടങ്ങി. പ്രവാചകരെയും ശിഷ്യരെയും ആട്ടിയോടിച്ച മക്കാവാസികൾക്ക് ഒരുതരി ധാന്യവും ഇനി യമാമയിൽ നിന്ന് കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. മക്കയിലെ, തിരുനബിയെയും ശിഷ്യരെയും വല്ലാതെ ദ്രോഹിച്ച ഖുറൈശീ പ്രമുഖർ ഗത്യന്തരമില്ലാതെ പ്രവാചകർക്ക് കത്തയച്ചു: “സുമാമയെ അനുനയിപ്പിക്കണം”
ലോകത്തിന്റെ ദൂതർ ഇടപെട്ടു: “മക്കയ്ക്കുള്ള ധാന്യം തടഞ്ഞുവെക്കരുത്, അവർ നമ്മെ ദ്രോഹിക്കുന്നത് ശരിയാണ്. പക്ഷേ, അതിൻ്റെ പേരിൽ ഒരു സമൂഹത്തിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കരുത്”. സുമാമ ആ നിർദ്ദേശം ശിരസാവഹിച്ചു.
