മദീനയിൽ നിന്ന് ശാമിലേക്ക് കച്ചവടത്തിനായ് പുറപ്പെട്ടതാണ് അബൂഹുദൈഫയും സംഘവും. മടങ്ങിവരുമ്പോൾ ഒരു വലിയ അപകടം! ഒട്ടും പ്രതീക്ഷിക്കാതെ ഒരു സായുധസംഘം അവരെ വളഞ്ഞു. പ്രവാചകശിഷ്യനായ അബൂഹുദൈഫ, തങ്ങളെ പിടിച്ചു കെട്ടിയവരുടെ നേരെതിരിഞ്ഞു: "എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? ആരാണ് നിങ്ങൾ?”
അക്രമിസംഘത്തിന്റെ നേതാവ് ഇടപെട്ടു: “ഞാൻ അബുൽഹകം. ഞങ്ങൾ മക്കക്കാരാണ്. നിങ്ങൾ മദീനവാസികൾ മുഹമ്മദിന് അഭയം ഒരുക്കിയവരല്ലേ? ഞങ്ങൾ മുസ്ലിംകൾക്കെതിരെ ഒരുപക്ഷേ യുദ്ധം ചെയ്യും. നിങ്ങൾ തീർച്ചയായും ഞങ്ങൾക്കെതിരെ ഇറങ്ങും. അത് ഒഴിവാക്കാനാണ് ഇപ്പോൾ ഈ ബന്ധനം”
അബൂഹുദൈഫ ഒരു കരാർ എഴുതി: "ഞാൻ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യില്ല".
അങ്ങനെയദ്ദേഹം മോചിതനായി മദീനയിലേക്ക് തിരിച്ചെത്തി. ഖുറൈശികൾ യുദ്ധം ചെയ്യാൻ കോപ്പ് കൂട്ടുന്നതും, തിരുനബിയും സംഘവും ബദ്റിലേക്ക് പുറപ്പെട്ടുപോയതും അദ്ദേഹം മനസ്സിലാക്കി. മുസ്ലിംകൾക്കൊപ്പം ചേരാൻ ആയുധമണിഞ്ഞ് സംഭവസ്ഥലത്തേക്ക് യാത്ര തുടങ്ങി.
തിരുനബി അനുയായികളെ സജ്ജമാക്കുകയാണ്. ആകെ മുന്നൂറ്റിപ്പതിമൂന്ന് പേർ. ആയുധങ്ങളും കുതിരയും ഒട്ടകങ്ങളും വളരെ കുറച്ചു മാത്രം. മറുഭാഗത്ത് സൈന്യം ശക്തമാണ്. ആളെണ്ണവും ആയുധങ്ങളുടെ മൂർച്ചയും അവിടെ നന്നായുണ്ട്. പക്ഷേ, വിശ്വാസത്തിൻ്റെ മധുരമുള്ള കരുത്തിൽ മുസ്ലിം സൈന്യം മറ്റെല്ലാം വിസ്മരിച്ചു.
ഒരാൾ കുതിരപ്പുറത്ത് അതിവേഗം അവരുടെ അടുക്കലേക്ക് പാഞ്ഞുവരുന്നത് വിശ്വാസികൾ കണ്ടു: "അബൂഹുദൈഫ”. അദ്ദേഹം ആയോധനകലയിൽ നിപുണനാണ്. ഒരേസമയം 20 പേരെ വരെ നേരിടാനാകുന്നത്ര പാടവമുള്ള പോരാളി. അദ്ദേഹം നമുക്കൊപ്പം ചേരുകയാണ്. ആശ്വാസം! മുസ്ലിംകൾ സന്തോഷിച്ചു. അബൂഹുദൈഫ തിരുനബിയെ കണ്ടു. ഖുറൈശികൾ തന്നെ ബന്ധിയാക്കിയതും കരാർ എഴുതിക്കൊടുത്തു മോചനം വാങ്ങിയതും പറഞ്ഞു.
"എങ്കിൽ അബൂഹുദൈഫ യുദ്ധത്തിൽ നിന്ന് മാറിനിൽക്കുക, ആയുധങ്ങളും വാഹനങ്ങളും ഉപയോഗിക്കരുത്”
"നബിയേ, അവർ എത്രമാത്രം ക്രൂരതയാണ് നമ്മളോട് ചെയ്തത്. നമ്മുടെ സമ്പത്ത് അപഹരിച്ചു, മക്കയിൽ നിന്ന് പുറത്താക്കി, അക്രമങ്ങൾ സ്ഥിരമാക്കി. താൽക്കാലികമായി ഉണ്ടാക്കിയ ആ കരാർ പാലിക്കണോ?” അബൂഹുദൈഫ സംശയത്തിലായി.
"ശത്രുവിനോട് പോലും വിശ്വാസവഞ്ചന അരുത്. അങ്ങനെ ചെയ്യുന്നവർ നമ്മളിൽ പെട്ടവരല്ല. കരാർ പാലിക്കാൻ നാം ഉത്തരവാദിത്വപ്പെട്ടവരാണ്". തിരുനബിയുടെ അചഞ്ചലമായ പ്രഖ്യാപനം വന്നു. ആ യുദ്ധം അവസാനിക്കുവോളം മാറിനിന്ന് അബൂഹുദൈഫ എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു.
