തിരുനബിയുടെ ശിരസ്സെടുക്കാൻ പുറപ്പെട്ട ഉമൈർ തിരികെവന്നത് മുസ്ലിമായി. ആ ചരിത്രം മനോഹരമാണ്!
ഉമൈർ തിരുസദസ്സിലേക്ക് വരികയാണ്. തിരുദൂതരുടെ ഏറ്റവും അടുത്ത അനുചരനായ ഉമർ അദ്ദേഹത്തെ തടയാനാഞ്ഞു. തിരുനബി വിലക്കി. ഉമൈറിനോട് ഇരിക്കാൻ കൽപ്പിച്ചു. അകന്ന്, മാറിയിരുന്ന ഉമൈറിനോട് "അടുത്തിരിക്കൂ" എന്നായി തിരുനബി. അയാൾ അനുസരിച്ചു. അടുത്തുനിന്ന അനുചരർക്ക് ആശങ്കയായി. അക്രമം പ്രതിജ്ഞയാക്കിയ മനുഷ്യരുടെ അടുത്തുനിന്നാണ് ഉമൈർ വരുന്നത്.
"അൻഇം സ്വബാഹൻ" (പ്രഭാത നമസ്കാരം) ഉമൈർ അഭിവാദനം നൽകി.
"ഉമൈർ, അതിനെക്കാൾ ഉത്തമമായ അഭിവാദനം അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. സ്വർഗീയ വാക്കുകൾ കൊണ്ടുള്ള രക്ഷ" എന്ന് തിരുനബി പറഞ്ഞു.
"അതൊക്കെ ഇപ്പോൾ വന്നതല്ലേ" ഉമൈറിന്റെ മറുപടി.
"ആട്ടെ, താങ്കൾ വന്ന കാര്യം പറയൂ"
"എൻ്റെ മകൻ ഇവിടെ തടവുകാരനായുണ്ട്. അവനെ മോചിപ്പിക്കാൻ വന്നതാണ്"
"ശരി, അതിനെന്തിനാണ് കഴുത്തിൽ വാൾ?”
"വാളോ! അതുകൊണ്ട് എന്ത് കാര്യം? അതുകൊണ്ട് ഒന്നും നേടാൻ ആകില്ല"
ഉമൈർ ശ്രദ്ധ തിരിക്കാൻ തുനിഞ്ഞു.
"സത്യം പറയൂ, ഉമൈർ"
"ഞാൻ പറഞ്ഞ കാര്യത്തിന് തന്നെയാണ് വന്നത്"
"അല്ല, ഹിജ്റിൽ വെച്ച് നീയും സ്വഫ്വാനും കൂടിയാലോചന നടത്തി. ആ തീരുമാനപ്രകാരമാണ് നീ വന്നത്. നിന്റെ കടവും കുടുംബകാര്യവും എല്ലാം സ്വഫ്വാൻ ഏറ്റെടുത്തിട്ടുണ്ട്. അന്ന് അവന് നൽകിയ വാഗ്ദാനം അനുസരിച്ച് എൻ്റെ ശിരസ്സ് സമ്മാനിക്കാൻ വന്നതാണല്ലോ ഉമൈർ. അല്ലാഹുവാണ് എന്നെ കാക്കുന്നവൻ. നമുക്കിടയിൽ വേറെ മറയില്ല!"
ഉമൈർ സ്തംബ്ധനായി. താനും സ്വഫ്വാനും അല്ലാതെ മൂന്നാമതൊരാൾ പോലും അറിയാത്ത രഹസ്യം. അത് വിശദമായി മുഹമ്മദ് നബി പറയുന്നു! പ്രവാചകരുടെ ഓരോ വാക്കും ഉമൈറിന്റെ ഹൃദയത്തെ ആഴത്തിൽ തൊട്ടു. ചിന്തകളെ സ്വാധീനിച്ചു. സത്യം തന്റെ മുന്നിൽ മറനീക്കി വന്നിരിക്കുകയാണ്. ഇനി അത് നിഷേധിക്കുക സാധ്യമല്ല!
ഉമൈർ അതീവ വിനയത്തോടെ പറഞ്ഞു: "അങ്ങയുടെ വാക്കുകൾ ദൈവിക വചനങ്ങളാണെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്കത് ബോധ്യപ്പെടുന്നു. എൻ്റെ ഇങ്ങോട്ടുള്ള വരവിന്റെ താൽപര്യം സ്വഫ്വാനല്ലാതെ മറ്റൊരാളും അറിഞ്ഞിരുന്നില്ല. അങ്ങത് കൃത്യമായി പറഞ്ഞു. അത് അല്ലാഹു അറിയിച്ചുതന്നതാണ്. ഞാനിതാ ഇസ്ലാം സ്വീകരിക്കുന്നു. അങ്ങെന്നെ സ്വീകരിക്കണം!”
തിരുനബി പുഞ്ചിരിതൂകി. അതുവരെ കോപത്തോടെ നിന്ന ഉമറിന്റെ കണ്ണുകൾ നിറഞ്ഞു.
"അല്ലാഹു സത്യം, ഉമൈറിനെക്കാൾ എനിക്കിഷ്ടം പന്നിയെയായിരുന്നു (അത്രയും മോശം സ്വഭാവക്കാരനായിരുന്നു). പക്ഷേ, ഇപ്പോൾ അദ്ദേഹം എന്റെ മക്കളെക്കാൾ എനിക്ക് പ്രിയപ്പെട്ടവനായി" ഉമർ പറഞ്ഞു.
