യുദ്ധഭൂമി. മൂന്ന് സഹോദരങ്ങളും തളർന്നു കിടക്കുന്നു, കഠിനമായ ദാഹമുണ്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണ് മുന്നിൽ തുടിക്കുന്നത്. അപ്പോഴും ഹൃദയത്തിൽ സന്തോഷത്തിന്റെ നിലാവ് പരക്കുന്നു. 'ആരും കൊതിക്കുന്ന അന്ത്യസമയങ്ങളാൽ അനുഗ്രഹീതരാണ് ഞങ്ങൾ'. എങ്കിലും, ദാഹം അവരെ വീണ്ടും കുത്തിനോവിച്ചു. "വെള്ളം!" ആരോടെന്നില്ലാതെ പതിഞ്ഞ ശബ്ദങ്ങൾ. പരിചാരകൻ സമീപത്തേക്ക് ഓടിവന്നു. പാത്രം ചുണ്ടോടു ചേർത്തു കൊടുത്തപ്പോഴാണ്, അടുത്ത് മറ്റൊരു സഹോദരൻ വെള്ളത്തിന് വേണ്ടി വിളിക്കുന്നത് കേട്ടത്. “അദ്ദേഹത്തിന് ആദ്യം കൊടുക്കൂ..” എന്നായി ആ മനുഷ്യർ.
മൂന്ന് പേരിലേക്കും പരിചാരകൻ വെള്ളവുമായി എത്തി. “തന്റെ സഹോദരന് ആദ്യം നൽകൂ..” എന്ന മറുപടിയാണ് ഓരോരുത്തർക്കും. ഒടുവിൽ മൂന്ന് പേരും വെള്ളം പാനം ചെയ്യുന്നതിന് മുന്നേ ലോകം വെടിഞ്ഞു. അവർ പ്രവാചകശിഷ്യരായ ഇക് രിമ, ഹബീബ് ബിൻ അബീഹാരിസ്, അയ്യാശ് ബിൻ അബീ റബീഅ എന്നിവരായിരുന്നു. ശരീരം അത്രയും ദാഹജലം കൊതിക്കുമ്പോഴും അവർക്ക് വലുത് സഹോദരദാഹമാണ്. മനോഹര മാതൃക!
അബൂജഹലിന്റെ മകനാണ് ഇക് രിമ. ആദ്യകാലത്ത് ഇസ്ലാമിനോട് വലിയ ശത്രുത മനസ്സിൽ സൂക്ഷിച്ച മനുഷ്യൻ. എതിർപക്ഷത്തെ ശക്തനായ പോരാളി. അദ്ദേഹം യാഥാർഥ്യം മനസ്സിലാക്കി നേർവഴിയിലേക്ക് കടന്ന് വന്നു. ഹൃദയഹാരിയാണ് ആ ചരിത്രം. സ്വഹാബികളോടാകെ, ഇക് രിമ ഇസ്ലാം മതത്തിലേക്ക് വരുമ്പോൾ തിരുനബി നൽകിയ ഉപദേശം ആദരവോടെ ലോകം ഓർത്തുവെച്ചു. "അധർമങ്ങൾ ഉപേക്ഷിച്ച് സത്യവിശ്വാസിയായി ഇക് രിമ ഇങ്ങോട്ട് വരും. നിങ്ങൾ അദ്ദേഹത്തിന്റെ പിതാവിനെ ആക്ഷേപിക്കരുത്. മരിച്ചവരെ കുറ്റം പറയുന്നത് ജീവിച്ചിരിക്കുന്നവരിൽ പ്രയാസമുണ്ടാക്കും. മരണപ്പെട്ടുപോയ ആൾക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയുമില്ല".
പലായനത്തിന്റെ നാളുകൾ കഴിഞ്ഞു. പിറന്ന നാട്ടിലേക്ക് പിന്നീടൊരിക്കൽ തിരുനബി വിജയ സന്തോഷവുമായെത്തി. ഈ വരവ്, ഞങ്ങളുടെ ജീവനെടുക്കാനാണെന്ന് പലരെയും പോലെ ഇക് രിമയും കരുതി. വിശ്വാസികളുടെ ദയവും ഗുണകാംക്ഷയും മനസ്സിലാക്കാതെ നാടുവിടാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഇക് രിമയുടെ പ്രിയ പത്നി ഉമ്മുഹകീം സത്യവിശ്വാസം സ്വീകരിച്ചിരുന്നു. മഹതി തിരുനബിയെ സമീപിച്ചു. "അല്ലാഹുവിന്റെ ദൂതരേ, അങ്ങ് വധശിക്ഷ നടപ്പിലാക്കുമെന്ന് വിചാരിച്ച്, ഇക് രിമ യമനിലേക്ക് നാടുകടന്നിരിക്കുന്നു. അങ്ങ് അദ്ദേഹത്തിന് അഭയം നൽകുമോ?"
"അഭയം നൽകിയിരിക്കുന്നു!" നന്മയുടെ പ്രവാചകരുടെ വാക്ക്.
ഉമ്മുഹകീം ഭർത്താവിനെ തേടിയിറങ്ങി. അദ്ദേഹം പായ്ക്കപ്പലിൽ കയറിയിരുന്നു. കാലാവസ്ഥ അനുകൂലമായിരുന്നില്ല. കപ്പൽ ആടിയുലഞ്ഞു. കപ്പിത്താൻ കൂടെയുള്ളവരോട് പറഞ്ഞു. "യഥാർത്ഥ സ്രഷ്ടാവിനെ വിളിച്ച് കേഴുക, പ്രപഞ്ച രക്ഷിതാവിനെ"
"എന്താണ് പറയേണ്ടത്?"
"ലാഇലാഹ ഇല്ലല്ലാഹ്"
ഇക് രിമ ആലോചിക്കുകയായിരുന്നു. 'ആരിൽ നിന്നാണ് ഞാൻ ഒളിച്ചോടുന്നത്? അറബികളും ലോകരും അറിയുന്ന യാഥാർഥ്യത്തിൽ നിന്നോ?’ അവിശ്വാസത്തിന്റെ കനലുകൾ മായുകയാണ്. ഉമ്മുഹകീം ഇക് രിമയുടെ അടുക്കലെത്തി. "അമ്മാവന്റെ മകനേ, നിങ്ങൾ എന്തിന് നിങ്ങളെ നശിപ്പിച്ചു കളയണം. എല്ലാവരിലും ഉത്തമരായ, കുടുംബബന്ധം കാത്ത് സൂക്ഷിക്കുന്ന നേതാവിൽ നിന്നാണ് ഞാൻ വരുന്നത്". വിനയപൂർവം അദ്ദേഹവും പത്നിയും തിരുനബിയുടെ അരകിലെത്തി. അവിടുന്ന് ദമ്പതികൾക്ക് അഭയം നൽകി.
ഇക് രിമ സത്യസാക്ഷ്യം മൊഴിഞ്ഞു. ആ മധുരവാക്ക് ഒരുവട്ടം കൂടി പറഞ്ഞരുളാൻ ദൂതരോട് ആവശ്യപ്പെട്ടു. തിരുനബി സത്യവാചകം ആവർത്തിച്ചു. 'തീർച്ചയായും, അങ്ങ് നന്മയിലേക്കാണ് ഞങ്ങളെ ക്ഷണിക്കുന്നത്. എത്ര സുന്ദരമായ കാര്യങ്ങളാണവ. സത്യമത പ്രബോധനത്തിനു മുമ്പ് തന്നെ, അങ്ങ് ഞങ്ങളിൽ ഏറ്റവും നന്മയുള്ള ആളും സത്യസന്ധനുമായിരുന്നല്ലോ' ഇക് രിമ പറഞ്ഞു.
വിശ്വാസം നുകരുന്ന സമയം അക്രമകാരിയായിരുന്ന മനുഷ്യനെ തിരുദൂതർ സ്ഫുടം ചെയ്തു. അദ്ദേഹത്തിന് വേദനയുണ്ടാക്കുന്ന വർത്തമാനങ്ങളിൽ നിന്ന് കാത്തു. അദ്ദേഹം വെളിച്ചമുള്ള നബി അനുചരരുടെ നേതാവായി. സ്വന്തം ദാഹങ്ങൾ മറന്ന് സഹോദരങ്ങളുടെ ദാഹങ്ങൾക്ക് ഹൃദയം നൽകുന്ന വലിയ മനുഷ്യനായി. അങ്ങനെയാണ് ഇസ്ലാം മനുഷ്യരിലേക്ക് പടർന്നതും മനസ്സുകളുടെ വസന്തമായതും.
