സൈദ് ആ സംഘത്തെ കണ്ടുമുട്ടി. തന്റെ നാട്ടുകാർ! എത്ര കാലമായി അവരെ പിരിഞ്ഞിട്ട്. ഉമ്മയെയും ഉപ്പയെയും ഓർമ വരുന്നു. കൽബ് ഗോത്രത്തിലെ സമ്പന്ന കുടുംബത്തിലാണ് സൈദ് ജനിച്ചത്. ഒരു ദിവസം കൊള്ളസംഘം അവരുടെ ഗ്രാമം കീഴടക്കി. സമ്പത്ത് കവർച്ച ചെയ്തു. സൈദിനെ ബന്ദിയാക്കി. പിന്നീട് അടിമക്കമ്പോളങ്ങളിലൂടെ പലരുടെയും നിഴലിലായി ജീവിതം. ഒടുവിൽ മക്കയിലെ സമ്പന്നയായ ഖദീജയുടെ കരങ്ങളിൽ. അവർ തൻ്റെ പ്രിയപ്പെട്ട ഭർത്താവായ പ്രവാചകർ മുഹമ്മദ് നബിക്ക് സൈദിനെ സമ്മാനമായി നൽകി. ഒരു മകന് നൽകുന്ന വാത്സല്യത്തോടെ, തിരുനബി സൈദിനെ ചേർത്തുനിർത്തി. സൈദിന് ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളായി മാറി പ്രവാചകർ.
അങ്ങനെ ഒരു ദിവസം കഅബയുടെ പരിസരത്ത് നിൽക്കുമ്പോഴാണ് നാട്ടുകാരെ കാണുന്നത്. അവരോട് ഏറെനേരം മിണ്ടി. തന്റെ മാതാപിതാക്കളെ കേൾപ്പിക്കാൻ ഒരു കവിത ചൊല്ലി അവരെ ഏൽപ്പിച്ചു. താൻ ഇവിടെ വളരെ സന്തോഷവാനാണെന്നും തന്നെ ഓർത്തു വിഷമിക്കേണ്ടതില്ലെന്നും അറിയിച്ചു. ഏറെക്കാലമായി സൈദിനെ കാണാത്തതിലെ വിരഹവേദനയിലായിരുന്ന കുടുംബത്തിന്, സൈദിന്റെ കവിത ആശ്വാസമഴയായി. പിതാവ് അമ്മാവനേയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു.
മുഹമ്മദ് നബിയോടൊപ്പമാണ് സൈദ് എന്ന് മക്കയിൽ വന്ന അവർ മനസ്സിലാക്കി. എന്തുവിലകൊടുത്തും പ്രിയപ്പെട്ട മകനെ മോചിപ്പിക്കണം. എത്ര ദീനാറായാലും നൽകാം. അവർ പ്രതീക്ഷയോടെ പ്രവാചകരുടെ വീട്ടിലെത്തി. വിവരങ്ങൾ സംസാരിച്ചു.
എല്ലാം കേട്ട പ്രവാചകർ പറഞ്ഞു: "സൈദിന്റെ വിഷയത്തിൽ തീരുമാനമെടുക്കുക സൈദാണ്. നിങ്ങളുടെ കൂടെ വരാനാണ് താൽപര്യം എങ്കിൽ ഒന്നും പകരം തരാതെ നിങ്ങൾക്ക് കൊണ്ടുപോകാം. അവൻ്റെ ആഗ്രഹം മറ്റൊന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല".
കുടുംബത്തിന് സന്തോഷമായി. സൈദ് സദസ്സിലേക്ക് വന്നു. തിരുനബി ചോദിച്ചു: "ഇവരെ അറിയുമോ?"
“അതെ, ഇത് എന്റെ പിതാവാണ്. മറ്റേത് അമ്മാവനും”. അവർ പരസ്പരം ആലിംഗനം ചെയ്തു.
"നിന്നെ കൊണ്ടുപോകാൻ വന്നതാണ്"
"എനിക്ക് അങ്ങയുടെ കൂടെ കഴിഞ്ഞാൽ മതി. അങ്ങാണ് എൻ്റെ പിതാവും മാതാവും. അങ്ങയോളം പ്രിയപ്പെട്ടതായി ഈ ഭൂമിയിൽ എനിക്ക് മറ്റൊന്നുമില്ല"
അമ്മാവൻ ഇടപെട്ടു: "എന്താണ് സൈദ് പറയുന്നത്? ഞങ്ങളുടെ കൂടെ വരുന്നതിനെക്കാൾ നിനക്കിഷ്ടം ഈ അടിമത്തമാണോ?"
“അതേ, തിരുനബിയെക്കാൾ നന്മയുള്ള ഒരാളെ ഭൂമിയിൽ കണ്ടെത്താനാകില്ല. ഞാൻ അവരോടൊപ്പം ഉള്ള താമസം ഇഷ്ടപ്പെടുന്നു”
തിരുദൂതർ സൈദിന്റ കൈപിടിച്ച് കഅബയിലേക്ക് നടന്നു. എല്ലാവരെയും സാക്ഷിയാക്കി പറഞ്ഞു: "ഇതാ സൈദ്, ഇന്നുമുതൽ എന്റെ മകനാണ്. എൻ്റെ അവകാശങ്ങൾ അവന്റെതും അവന്റെ അവകാശങ്ങൾ എന്റെതുമാണ്"
അതിന് സാക്ഷിയായ സൈദിന്റെ പിതാവിനും അമ്മാവനും ഏറെ സന്തോഷമായി. ഏറ്റവും അനുഗ്രഹമുള്ളിടത്തു തന്നെ തങ്ങളുടെ മകൻ വളരട്ടെ. അവർ യാത്രയായി.
