തൻ്റെ ക്ഷണം സ്വീകരിക്കുമോ അദ്ദേഹം, ഈ ദേശങ്ങളുടെ രാജാവാണല്ലോ? അഥവാ ക്ഷണിച്ചാൽ അദ്ദേഹത്തിന് പ്രയാസമാകുമോ? താൻ ഒരു ഭൃത്യനാണ്. അധികാരമോ സ്വാധീനമോ ഇല്ലാത്ത പാവമൊരു സാധാരണക്കാരൻ.
ഒടുക്കം, മടിച്ചു മടിച്ച് ഖലീഫയെ ക്ഷണിച്ചു: "എന്റെ വിവാഹമാണ്". ഖലീഫ, ഒരു പ്രയാസവും കാട്ടാതെ, ഹൃദയപൂർവം ക്ഷണം സ്വീകരിച്ചു. അദ്ദേഹം വരുമോയെന്ന ഉറപ്പ് അപ്പോഴും ആ ഭൃത്യനുണ്ടായിരുന്നില്ല. കാരണം, അത്രയും തിരക്കുള്ള ആളാണ് ഖലീഫ.
കല്യാണദിവസം വന്നണഞ്ഞു. മദീനയിലെ ഒരു സാധാരണക്കാരനെപ്പോലെ ഖലീഫയും ആ വീട്ടിലെത്തി. ആതിഥേയനെക്കണ്ടു. "എന്റെ ഉത്തരവാദിത്വമാണ് ക്ഷണം സ്വീകരിക്കൽ. സദ്യ വേണ്ട. നോമ്പാണ്. സൗഭാഗ്യങ്ങൾക്കു വേണ്ടി പ്രാർഥിക്കാനാണ് വന്നത്"
ഉള്ളം നിറഞ്ഞ ആ ഭൃത്യൻ ഖലീഫയുടെ പ്രാർഥനയിൽ ഏറെ സന്തോഷിച്ചു. അതായിരുന്നു, പ്രവാചകരുടെ മരുമകനും മൂന്നാം ഖലീഫയുമായ ഉസ്മാൻ! സഹപ്രവർത്തകരെയും ഭരണീയരെയും വല്ലാതെ പരിഗണിക്കുകയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു മഹാൻ.
ഒരിക്കൽ സ്നേഹിതനായ ത്വൽഹ ഉബൈദില്ലാഹ്, ഉസ്മാന്റെ പക്കൽ നിന്ന് അമ്പതിനായിരം ദിർഹം കടം വാങ്ങി. നാളുകൾ കഴിഞ്ഞ് ഖലീഫയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "വിശ്വാസികളുടെ നേതാവേ, കടം വീട്ടാനുള്ള പണം എന്റെ പക്കൽ ഉണ്ട്. എപ്പോൾ വേണമെങ്കിലും വാങ്ങാം. വീട്ടിലെത്തിക്കാൻ ആണെങ്കിൽ അങ്ങനെ ചെയ്യാം"
"അതിനി മടക്കി നൽകേണ്ടതില്ല. അത് ഞാൻ താങ്കൾക്ക് തന്നെ തന്നിരിക്കുന്നു" ഉസ്മാൻ പറഞ്ഞു.
ഇടയ്ക്കിടെ സഹായങ്ങൾക്കായ്, ഖലീഫയെ സന്ദർശിച്ചിരുന്ന ഒരു സാധുസ്ത്രീ മദീനയിൽ ജീവിച്ചിരുന്നു. കുറച്ചായി അവരെ കാണാനില്ല. ഖലീഫ വീട്ടുകാരോട് തിരക്കി: "അവരെ ഇപ്പോൾ കാണാനില്ലല്ലോ?"
"ഓ, ഇന്നലെ അവൾ പ്രസവിച്ചു. ആൺകുട്ടിയാണ്.” വീട്ടുകാർ അറിയിച്ചു.
ഉടൻ തന്നെ, 50 വെള്ളിനാണയങ്ങൾ എടുത്ത്, അവർക്കായി കൊടുത്തയച്ചു. "ഇത് ആ കുട്ടിക്ക് പുതുവസ്ത്രം വാങ്ങാനുള്ളതാണ്"
ഒരു ദിവസം ഉസ്മാൻ പ്രഭാഷണത്തിനായി ഒരുങ്ങി. സദസ്സിൽ നിന്ന് സംസാരം ഉയർന്നു. അദ്ദേഹം തന്റെ കയ്യിലുള്ള വടികൊണ്ട് പലരെയും തട്ടിയുണർത്തി. കൂട്ടത്തിൽ 'ജഹ്ജാഹ്' എന്ന് പേരുള്ള ഒരാൾ എഴുന്നേറ്റ് ആ വടി വാങ്ങി, തന്റെ മുട്ടുകാലിൽ വെച്ച് ഒടിച്ചുകളഞ്ഞു. എല്ലാവരും അമ്പരന്നു. ആരോടാണ് ഇങ്ങനെ പെരുമാറിയത്. പക്ഷേ, ഒരു ഭരണാധികാരിയായിരുന്നിട്ടും, അഹന്ത കാണിക്കാനോ പ്രതികാരത്തിന് തുനിയാനോ ഉസ്മാൻ തുനിഞ്ഞില്ല. അക്ഷോഭ്യനായി, അദ്ദേഹം വീട്ടിലേക്ക് നടന്നുപോയി.
