ഇഹലോകത്തെ ഉപേക്ഷിച്ച ജീവിതമായിരുന്നു പ്രവാചകാനുചരൻ അലിയുടെത്. മഹാന്റെ വിരിപ്പിനെപ്പറ്റി, ചരിത്രകാരന്മാർ എഴുതുന്നു: “തല മൂടുമ്പോൾ കാലും, കാലു മൂടുമ്പോൾ തലയും പുറത്താകുന്നത്രയും ചെറുതായിരുന്നു അത്”
തിരുനബി പുത്രിയായ ഫാത്വിമയെ താൻ വിവാഹം ചെയ്യുമ്പോൾ, ഒരു ഈത്തപ്പനയോലയല്ലാതെ കിടക്കാൻ ഒരു വിരിപ്പോ സഹായത്തിന് സേവകരോ ഉണ്ടായിരുന്നില്ല എന്ന് അലി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിൽക്കാലത്ത് ഇസ്ലാമിന്റെ നാലാം ഖലീഫയായി അബൂത്വാലിബിന്റെ മകൻ അലി.
തിരുനബിയുടെ പ്രിയപുത്രി ഫാത്വിമയെയാണ് അലി വിവാഹം ചെയ്തത്. വിവാഹത്തിനുള്ള പണം അലിയുടെ പക്കൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് തിരുനബി മുമ്പ് കൊടുത്ത ഒരു പടയങ്കിയായിരുന്നു. അത് വിൽക്കുകയല്ലാതെ വഴിയില്ല. മദീനയിലെ സമ്പന്നനായ പ്രവാചകാനുചരൻ ഉസ്മാൻ അത് വാങ്ങാൻ സമ്മതമറിയിച്ചു. പകരമായി 500 ദിർഹം നൽകി. പക്ഷേ പടയങ്കി വാങ്ങിയതിനു ശേഷം, വിവാഹ സമ്മാനമായി ഉസ്മാൻ അത് അലിക്ക് തന്നെ കൊടുത്തു. പക്ഷേ, അലി അത് സ്വീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ, കച്ചവടക്കാരനായ എനിക്കല്ല, യുദ്ധഘട്ടങ്ങളിൽ താങ്കൾക്കാണ് ഇത് കൂടുതൽ ഉപകരിക്കുക എന്നു പറഞ്ഞപ്പോൾ, കൃതജ്ഞതയോടെ അലി അത് സ്വീകരിച്ചു.
ഒരു വീട് വാടകയ്ക്കെടുത്തു അലി. തന്റെ ഉമ്മയെയും പത്നിയെയും അവിടെ താമസക്കാരാക്കി. തിരുനബി ഒരു തോൽപാത്രവും രണ്ട് ആട്ടുകല്ലുകളും മൺപാത്രങ്ങളും വിരിപ്പും ഒരു കട്ടിലും വാങ്ങിക്കൊടുത്തു. അലി വീട്ടിലെ ജോലികൾ ഉമ്മാക്കും ഭാര്യക്കും ഇടയിൽ വീതിച്ചു. വെള്ളം കൊണ്ടുവരിക, വിറകു ശേഖരിക്കുക ഈ കാര്യങ്ങൾ ഉമ്മ ഏറ്റെടുത്തു. ഭക്ഷണം പാകം ചെയ്യുക പോലുള്ള വീട്ടുജോലികൾ ഫാത്വിമ നിർവഹിച്ചു.
ഒരു ദിവസം പേരക്കുട്ടികളായ, ഹസനെയും ഹുസൈനെയും കാണാനായി തിരുനബി മകളുടെ വീട്ടിലെത്തി. പക്ഷേ, കുഞ്ഞുങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. അവർ വിശന്നു കരഞ്ഞപ്പോൾ, ശ്രദ്ധ മാറ്റാനായി അലി അവരെ പുറത്തേക്ക് കൊണ്ടുപോയതാണെന്ന് മകൾ മറുപടി പറഞ്ഞു. തിരുനബി അവരെ തിരക്കിയിറങ്ങി. അപ്പോൾ ഒരു കൂജ കൊണ്ട് കളിക്കുകയാണ് കുട്ടികൾ. അലി അവരെ തിരുനബിയുടെ അടുത്ത് നിർത്തി, ഭക്ഷണം അന്വേഷിക്കാൻ ഇറങ്ങി. കുറച്ച് കാരക്കകൾ ശേഖരിച്ച് അവരുടെ അടുത്തേക്ക് മടങ്ങിയെത്തി. എല്ലാവരും തിരികെ വീട്ടിലേക്ക് നടന്നു.
