കമ്പോളങ്ങളിലെ ചരക്കുവസ്തു. ഉമയ്യതു ബ്നു ഖലഫാണ് ആഫ്രിക്കയിലെ ഏതോപ്യക്കാരനായ ബിലാലിന്റെ ഉടമ. ദാസ്യവൃത്തിയുടെ നാളുകൾക്കിടയിലാണ് മനസ്സ് തൊട്ട ഒരാശയം മക്കയിൽ പരക്കുന്നത്. 'പ്രപഞ്ചസ്രഷ്ടാവാണ് എല്ലാത്തിന്റെയും ഉടമ, മനുഷ്യർ എല്ലാം തുല്യർ, അവർക്കിടയിൽ ഉച്ചനീചത്വങ്ങൾ ഇല്ല'. അടിമകളെ മനുഷ്യരെന്ന് വിളിച്ച സമഭാവനയുടെ ദൂതനെ ബിലാൽ ഹൃദയമറിഞ്ഞ് സ്വീകരിച്ചു. കഠിനമായിരുന്നു പിന്നീടുള്ള നേരങ്ങൾ, റബാഹയുടെ പുത്രൻ ബിലാലിന്. എല്ലാ മേഖലയിൽ നിന്നും ദ്രോഹങ്ങൾ ഉയർന്നുവന്നു. ക്ഷമിക്കാനും, പ്രത്യാശ പുലർത്താനും തിരുദൂതർ എപ്പോഴും ബിലാലിന് ഉപദേശം നൽകി.
ഉടമകൾ അടിമകളെ മൃഗീയമായി എതിരിടാൻ തുടങ്ങി. ഇസ്ലാം സ്വീകരിച്ചതാണ് അവരുടെ തെറ്റ്. പഴുത്തുവെന്ത മരുഭൂവിൽ ബിലാൽ തളർന്നു കിടക്കുകയാണ്. തൻ്റെ ഇടയനെ മലർത്തിക്കിടത്തി ഉമയ്യ ഗർജിക്കുന്നു. "നിന്റെ പുതിയ ദൈവത്തെ ഉപേക്ഷിക്കുക, ഞങ്ങളുടെ ദൈവത്തെ പുകഴ്ത്തുക". മർദ്ദനമുറകൾ മാറിമാറി അയാൾ പരീക്ഷിച്ചു. കഴുത്തിൽ കയറിട്ട്, കുട്ടികൾക്ക് കളി വസ്തുവാക്കി മാറ്റി ആ പാവം മനുഷ്യനെ. എപ്പോഴും ബിലാലിന്റെ ചുണ്ടിൽ ഒരേ മന്ത്രം തിളങ്ങി, "അഹദ്, അഹദ് (ദൈവം ഏകനാണ്).” രക്ഷിതാവിനെ അറിഞ്ഞ ഒരാൾക്ക് എങ്ങനെ സത്യത്തിൽ നിന്ന് തിരിച്ചു നടക്കാനാകും? മൃഗമായി മാറി ഉമയ്യ. ഒടുവിൽ ആ പീഡനങ്ങൾ കാണാനിടവന്ന അബൂബകർ സിദ്ദീഖ് ബിലാലിന് മോചനവഴി തുറന്നു.
അടിമകൾക്ക് യാതൊരു പരിഗണനയും നൽകാതിരുന്ന അക്കാലത്തെ അത്ഭുതപ്പെടുത്തും വിധമാണ് തിരുദൂതർ ബിലാലിനെ സ്വീകരിച്ചത്. തിരുനബി, പീഡന പർവങ്ങൾ താണ്ടിയ ആ കരം പിടിച്ച് ആശ്വാസവാക്കുകളേകി. റബാഹയുടെ പ്രിയപുത്രന്റെ കണ്ണുകൾ നിറഞ്ഞു പെയ്തു.
മക്കയുടെ വിജയദിവസം വന്നു. മധ്യാഹ്ന നിസ്കാര സമയമടുത്തു. വലിയ പ്രമാണികളും കേളികേട്ട കുടുംബ വഴികൾ ഉള്ളവരും അവിടെയുണ്ട്. തിരുനബി ബിലാലിനോട് കഅബയുടെ മുകളിൽ കയറി വാങ്ക് വിളിക്കാൻ കൽപ്പിച്ചു. പരിസരത്തുള്ള പർവതനിരകളിൽ കയറി ഖുറൈശികൾ രംഗം വീക്ഷിക്കുന്നുണ്ട്. അവരെ ആശ്ചര്യപ്പെടുത്തുന്ന നടപടിയായിരുന്നു അത്. ഏവർക്കും ബിലാലിന്റെ പോയ കാലം നന്നായി അറിയാം. അടിമകളെ അവർ പരിഗണിച്ചിരുന്നത് മൃഗങ്ങൾക്കും താഴെയായിരുന്നു. അവിടെനിന്ന് ഇതാ, ഇസ്ലാമിന്റെ ആശയ വിളംബരധ്വനികൾ ലോകത്തോട് പറയാൻ ഏതോപ്യയിലെ ഒരു അടിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!
ഖുറൈശികളിൽ നിന്ന് ചിലർ പറഞ്ഞു. “ഇന്നാലിന്ന ആളുകൾ മരണപ്പെട്ടത് എത്ര നന്നായി. അവർക്ക് ഇതൊന്നും കാണേണ്ടി വന്നിരുന്നില്ലല്ലോ”. അത്രയും മനുഷ്യവിരുദ്ധ ആശയങ്ങൾക്ക് അടിമകളായിരുന്നു അവർ.
“ബനൂജുമഹിലെ അടിമ അബൂത്വൽഹയുടെ കെട്ടിടത്തിനു മുകളിൽ കയറി ഉച്ചത്തിൽ വിളിച്ചു പറയുന്നത് ‘ഒരു വലിയ സംഭവം തന്നെ'”; ഹകം ബിൻ അൽ ആസ് പറഞ്ഞു.
തിരുദൂതർ ബിലാലിനെ ഓർത്ത് അഭിമാനിച്ചു. മൂല്യങ്ങളുടെ വലിയ പദ്ധതിയാണ് ഇസ്ലാം. മനുഷ്യരെ പരിഗണിക്കുന്ന, പ്രതീക്ഷകളിലേക്ക് അവരെ വഴിനടത്തുന്ന ആശയലോകം. ഒട്ടകങ്ങൾക്കിടയിൽ ഉറങ്ങിയിരുന്ന, ആർക്കും എന്തും ചെയ്യാം എന്നായിരുന്ന അടിമ വിഭാഗത്തിന് വിമോചനമാർഗം തുറക്കുക, എത്ര വലിയ വിപ്ലവം! ബിലാലിന്റെ വാങ്കുവിളി, അനീതിയുടെ കെട്ടുറപ്പുള്ള ഭിത്തികളെ തകർത്തു കളഞ്ഞു. സമഭാവനയുടെ മനുഷ്യത്വ വിളംബരം ലോകം കേട്ടു. അതിലേക്ക് മാനവകുലത്തിലെ ചുവടുകൾ അടുത്തു.
