ഒരു യാത്രയിലാണ് തിരുനബിയും അനുചരരും. പെട്ടെന്ന് മഴ പെയ്തു. എല്ലാവരും നന്നായി നനഞ്ഞു. മഴ തോർന്നപ്പോൾ, ഒരു മലഞ്ചെരുവിൽ മേൽവസ്ത്രം ഉണക്കാനിട്ട് തിരുദൂതർ വിശ്രമിച്ചു. ഒന്ന് മയങ്ങിപ്പോയി.
മറുവശത്തെ മലഞ്ചെരുവിൽ ഈ രംഗങ്ങൾ എല്ലാം നിരീക്ഷിച്ച് നിൽക്കുകയാണ് ഒരാൾ. പേര് ദുസൂർ, മുഹാരിബ് ഗോത്രത്തലവൻ. ഇസ്ലാമിനെ കഠിനമായി വെറുക്കുന്നയാൾ. കയ്യിൽ കിട്ടിയാൽ പ്രവാചകരെ വധിക്കാൻ നടക്കുന്നവൻ. ഇതുതന്നെ അവസരം എന്നയാൾ ഉറപ്പിച്ചു. ശബ്ദമുണ്ടാക്കാതെ അങ്ങോട്ട് നടന്നു. പരിസരത്തൊന്നും തിരുനബിയുടെ ശിഷ്യർ ഇല്ലെന്ന് ഉറപ്പാക്കി. വാൾ കൈക്കലാക്കി, നബിതങ്ങളെ ഉണർത്തി. ധിക്കാരത്തോടെ പറഞ്ഞു:
"ഓ, മുഹമ്മദ്; നിന്നെയാര് രക്ഷിക്കും?"
ഭാവഭേദമേതുമില്ലാതെ തിരുനബി പറഞ്ഞു: "അല്ലാഹു"
ആ വാക്ക് കേട്ട ദുസൂർ നടുങ്ങി. വാക്കുകൾ വിറയാർന്നു. കൈവാൾ വഴുതിവീണു. ആ വാളിപ്പോൾ തിരുനബിയുടെ കയ്യിലാണ്. ദുസൂർ അൽപം മുമ്പ് ചോദിച്ചത് തിരുനബി അങ്ങോട്ടുന്നയിച്ചു:
"ഈ വാൾതലപ്പിൽനിന്ന് താങ്കളെ ആരാണ് രക്ഷിക്കുക?"
ദുസൂർ പരവശനായി: "അങ്ങയുടെ കാരുണ്യം മാത്രം"
കരുണ യാചിക്കുന്നവരോട് അൽപവും ക്രൗര്യമില്ല. പ്രപഞ്ചത്തിന് കൃപയായ നബിപുങ്കവർ ദുസൂറിനായി പ്രാർത്ഥിച്ചു. അദ്ദേഹത്തെ വെറുതെവിട്ടു. പക്ഷേ ദുസൂർ പോകുന്നില്ല. ഹൃദയം തുടിച്ചുണരുകയായിരുന്നു ആ മനുഷ്യനിൽ.
"അങ്ങ് എനിക്ക് അല്ലാഹുവിനെക്കുറിച്ച് അറിയിച്ചുതന്നാലും".
തിരുനബി ആ മനുഷ്യനെ അനുചരരുടെ അടുക്കലേക്ക് കൊണ്ടുപോയി. അദ്ദേഹം തന്റെയും ലോകത്തിന്റെയും രക്ഷിതാവിനെ അറിഞ്ഞു. തിരികെ ഗോത്രത്തിലേക്ക് നടന്നു. മുഹാരിബ് ഗോത്രമാകെ തിരുനബിയുടെ ഇഷ്ടക്കാരായി, വിശ്വാസം രുചിച്ചു.
