മക്കയിൽ വിശ്വാസികളുടെ ജീവിതം ദുസ്സഹമായി. എങ്ങോട്ടുതിരിഞ്ഞാലും ക്രൂരമർദ്ദനം, പരിഹാസം, ഭ്രഷ്ട്... പാവങ്ങളുടെ ദൈന്യങ്ങൾ തിരുനബിയെ ﷺ നൊമ്പരപ്പെടുത്തി. പരിഹാരങ്ങൾക്കായി അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ചു. വിശ്വാസികളെ ഓരോ സന്ദർഭത്തിലും ആശ്വസിപ്പിച്ചു. ഒടുവിൽ പലായനത്തിന് അനുമതി വന്നു: “നിങ്ങൾ എത്യോപ്യയിലേക്ക് പലായനം ചെയ്തോളൂ. സത്യത്തിന്റെ ദേശമാണത്. ഭരണാധികാരി ‘നജ്ജാശി’ നീതിമാനാണ്. അവിടെ ആരും അക്രമിക്കപ്പെടുകയില്ല. അല്ലാഹു ഒരു പരിഹാരം നൽകുന്നതു വരെ അവിടെത്തുടരുക". തിരുനബി ﷺ വിശ്വാസികളെ ഉണർത്തി. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പലായനം ഒരുങ്ങി. ഹിജ്റക്ക് അഞ്ച് വർഷം മുമ്പ് റജബ് മാസത്തിലായിരുന്നു അത്. പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമാണ് എതോപ്യയിലേക്ക് യാത്രയായത്. അവരുടെ പേരുകൾ ചുവടെ.
1. ഉസ്മാൻ ബിൻ അഫ്ഫാൻ
2. പത്നി റുഖിയ്യ (തിരുനബിയുടെﷺ മകൾ)
3. അബൂഹുദൈഫ ബിൻ ഉത്ബ
4. പത്നി സഹ്ല ബിൻത് സുഹൈൽ
5. സുബൈർ ബിൻ അൽ അവ്വാം
6. മിസ്അബ് ബിൻ ഉമൈർ
7. അബ്ദുർറഹ്മാൻ ബിൻ ഔഫ്
8. ഉസ്മാൻ ബിൻ മള്ഗൂൻ
9. അബൂ സബ്റ ബിൻ അബൂ റഹം
10. ഹാത്വബ് ബിൻ അംറ്
11. സുഹൈൽ ബിൻ ബൈളാ
12. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്
13. അബൂസലമ ബിൻ അബ്ദുൽ അസദ്
14. പത്നി ഉമ്മു സലമ ബിൻത് അബീ ഉമയ്യ
15. ആമിറ് ബിന് റബീഅ
16. പത്നി ലൈല: ബിൻത് അബീ ഹസ്മ
അബൂഹസ്മയുടെ മകൾ ലൈല പറയുന്നു: "ഞങ്ങൾ ഇസ്ലാം സ്വീകരിച്ചപ്പോൾ ഏറ്റവും ശത്രുത പുലർത്തിയ ആളായിരുന്നു ഉമർ. ഞങ്ങൾ പലായനത്തിന് ഒരുങ്ങിയപ്പോൾ ഒട്ടകപ്പുറത്തു കയറിയ എന്നോട് അദ്ദേഹം ചോദിച്ചു, "എങ്ങോട്ടാണ് ഉമ്മു അബ്ദില്ല?". ഞാൻ പറഞ്ഞു,"ഞങ്ങൾ ഇസ്ലാം വിശ്വസിച്ചതിന്റെ പേരിൽ നിങ്ങൾ ഞങ്ങളെ അക്രമിക്കുകയല്ലേ? ഞങ്ങൾ പീഡിപ്പിക്കപ്പെടാത്ത നാടു തേടിപ്പോവുകയാണ്”. അപ്പോൾ അദ്ദേഹം പറഞ്ഞു. "അല്ലാഹു നിങ്ങൾക്കൊപ്പമുണ്ടാകട്ടെ”. ഞാനിക്കാര്യം ഭർത്താവിനോടു പറഞ്ഞു. “ഉമറിനെന്തോ ഒരു മനസ്താപം ഉള്ളതു പോലെ” എന്നു ഞാൻ കൂട്ടിച്ചേർത്തു. അപ്പോൾ ഭർത്താവ് പറഞ്ഞു,"നീ വിചാരിക്കുന്നുണ്ടോ അയാൾ ഇസ്ലാം സ്വീകരിക്കുമെന്ന്? ഉമറിന്റെ കഴുത മുസ്ലിമായാലും ഉമർ മുസ്ലിമാവുകയില്ല!” പ്രവാചകാനുചരൻ ജഅ്ഫർ പറയുന്നു: "ഞങ്ങൾ ഹബ്ശയിൽ സുരക്ഷിതരായിക്കഴിഞ്ഞു. ആരാധനകൾ മുറപോലെ നിർവഹിച്ചു. ആരും ഞങ്ങളെ പ്രയാസപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. പക്ഷേ, ഇത് മക്കയിലെ സത്യനിഷേധികൾ അറിഞ്ഞപ്പോൾ അവർക്കതത്ര സുഖിച്ചില്ല. അവർ സഭ കൂടി വിവരങ്ങൾ വിലയിരുത്തി. രണ്ട് സമർഥരായ പ്രതിനിധികളെ നേഗസ് (നജ്ജാശി) ചക്രവർത്തിയെ കാണാൻ നിയോഗിച്ചു. വിലപിടിപ്പുള്ള ആകർഷകമായ ഉപഹാരങ്ങൾ നൽകി. മുസ്ലിംകൾക്കു നൽകിയ അഭയം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ഉമാറത് ബിനുൽ വലീദും അംറ് ബിൻ അൽ ആസ്വും കൊട്ടാരത്തിലെത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം മക്കയിൽ നിന്നുള്ള വിവിധയിനം കറിക്കൂട്ടുകൾ രാജാവിനെ കാണുന്നതിനു മുമ്പ് തന്നെ എല്ലാ കൊട്ടാരപാലകർക്കും സമ്മാനിച്ചു. രാജാവിനെ നേരിട്ടു സന്ദർശിക്കാനും തുടർന്ന് മുസ്ലിംകളെ അവരുടെ ഭാഗം കേൾക്കാൻ അവസരം നൽകാതെ ഖുറൈശികൾക്കു വിട്ടുലഭിക്കാനുമാണ് അവർ പദ്ധതിയൊരുക്കിയത്. കണ്ണഞ്ചിപ്പിക്കുന്ന കാണിക്കകളുമായവർ രാജസന്നിധിയിലെത്തി. സാഷ്ടാംഗം ചെയ്ത് അഭിവാദ്യം അറിയിച്ചു. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. "മഹാരാജാവേ! ഞങ്ങളുടെ മക്കയിൽ നിന്നു ബുദ്ധിശൂന്യരായ കുറച്ചാളുകൾ ഈ നാട്ടിലെത്തിയിട്ടുണ്ട്. അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചവരാണ്. ഞങ്ങൾക്കോ നിങ്ങൾക്കോ പരിചയമില്ലാത്ത പുതിയൊരു മതം അവർ അവതരിപ്പിക്കുന്നു. ഞങ്ങളുടെ നാട്ടിലെ നേതാക്കന്മാരാണ് ഞങ്ങളെ ഇങ്ങോട്ടു നിയോഗിച്ചത്. അതുകൊണ്ട് ഇവിടെയെത്തിയവരെ ഞങ്ങളിലേക്കു തന്നെ തിരിച്ചയയ്ക്കണം. അവരെക്കുറിച്ച് വിശദമായി അറിയുന്ന നാട്ടുകാരും ബന്ധുക്കളുമാണ് ഞങ്ങൾ”. അപ്പോൾ രാജാവിൻ്റെ പരിചാരകൻ പറഞ്ഞു,"രാജാവേ, ഇവർ രണ്ടുപേരും പറഞ്ഞത് വാസ്തവമാണ്. ഇവർ മക്കയിലെ നേതാക്കളാണ്. അവരെക്കുറിച്ച് നന്നായി പരിചയമുള്ളവരാണ്. അതുകൊണ്ട് ഇവരോടൊപ്പം നമുക്കവരെ ഏൽപ്പിച്ചു വിടാം. അവരുടെ നാട്ടിൽ എത്തിച്ചുകൊടുക്കട്ടെ”
രാജാവ് ചോദിച്ചു: "അവരെവിടെ?”. "അങ്ങയുടെ നാട്ടിൽ തന്നെയുണ്ട് പ്രഭോ” അവർ പ്രതികരിച്ചു. രാജാവിനു ദേഷ്യം പിടിച്ചു."ആഹാ! എന്റെ നാട്ടിൽ വന്ന് അഭയം തേടിയവരെ ഞാൻ വിട്ടുകൊടുക്കുകയോ! മറ്റൊരു ദേശത്തെയോ ഭരണാധികാരിയെയോ തിരഞ്ഞെടുക്കാതെ എന്നെയും എന്റെ രാജ്യത്തെയും തേടിവന്നവരെ അങ്ങനെയങ്ങ് വിട്ടുകളയുകയോ? ഞാനവരെ വിളിക്കട്ടെ. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ ആവശ്യപ്പെട്ട കാര്യം ആലോചിക്കാം. അല്ലാത്തപക്ഷം ഞാനവരെ സംരക്ഷിക്കും. അവർക്കു വേണ്ട പരിചരണങ്ങൾ നൽകും”.
പ്രവാചകശിഷ്യന്മാരെ വിവരമറിയിക്കാൻ ദൂതനെ അയച്ചു. അദ്ദേഹം ഔദ്യോഗികമായി അവരെ കാര്യമറിയിച്ചു. അവർ കൂടിയാലോചിച്ചു. ‘രാജസദസ്സിൽ നമ്മളെന്താണു പറയുക? നമ്മൾ ശരിയായ വിവരങ്ങൾ പങ്കുവയ്ക്കുക. തിരുനബി ﷺ പഠിപ്പിച്ച കാര്യങ്ങൾ, നമ്മുടെ വിശ്വാസങ്ങൾ എന്നിവയൊക്കെ നേരെചൊവ്വേ അവതരിപ്പിക്കാം’ – അവർക്കിടയിൽ ധാരണയായി. അപ്പോൾ ജഅ്ഫർ ബിൻ അബീത്വാലിബ് പറഞ്ഞു: "ഇന്ന് നമ്മുടെ പ്രതിനിധിയായി വിഷയമവതരിപ്പിക്കുന്നത് ഞാനായിരിക്കും”.
രാജാവ് തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി. അവർ അവരുടെ ഏടുകൾ നിവർത്തിവെച്ചു. മുസ്ലിം പ്രതിനിധികളെ രാജസന്നിധിയിലേക്കു ക്ഷണിച്ചു. അവർ സലാം (അഭിവാദ്യ വാചകം) ചൊല്ലിക്കൊണ്ട് കടന്നുവന്നു. രാജാവ് ചോദിച്ചു: "ഇതെന്തേ, രാജാവിന് സാഷ്ടാംഗം ചെയ്തു വണങ്ങാത്തത്?”. "ഞങ്ങൾ സൃഷ്ടികൾക്ക് സാഷ്ടാംഗം ചെയ്യാറില്ല. സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ സാഷ്ടാംഗം ചെയ്യാറുള്ളൂ”. രാജാവ് ചോദിച്ചു: "നിങ്ങളെ നിങ്ങളുടെ ജനങ്ങളിൽ നിന്നു മാറ്റിനിർത്തിയ മതമേതാണ്? നിങ്ങൾ നിങ്ങളുടെ പാരമ്പര്യമതം ഉപേക്ഷിച്ചു. എന്നാൽ, ഞങ്ങളുടെയോ മറ്റു വിഭാഗങ്ങളുടെയോ മതത്തിൽ ചേർന്നതുമില്ല. പിന്നേതാണീ മതം?”
ജഅ്ഫർ സംസാരിക്കാൻ തുടങ്ങി: "അല്ലയോ, രാജാവേ! ഞങ്ങൾ ജാഹിലിയ്യതിൽ അഥവാ വിവരക്കേടിൽ മുങ്ങിയ ജനതയായിരുന്നു. ബിംബങ്ങളെ ആരാധിക്കുക, ശവം തിന്നുക, വൃത്തികേടുകൾ പ്രവർത്തിക്കുക, കുടുംബബന്ധങ്ങൾ ഛേദിക്കുക, അയൽവാസിയെ മോശമാക്കുക, കരുത്തുള്ളവൻ ഇല്ലാത്തവനെ പിടിച്ചടക്കുക ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ ജീവിതം. അപ്പോൾ ഞങ്ങളിലേക്ക് അല്ലാഹു ഞങ്ങളിൽ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ നിയോഗിച്ചു. സത്യസന്ധതയിലും പവിത്രതയിലും വിശ്വസ്തതയിലും പേരുകേട്ട, അറിയപ്പെട്ട തറവാട്ടിലെ ഒരു വ്യക്തിയെ. ‘ഏകനായ രക്ഷിതാവ് - അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനോട് ആരെയും പങ്കുചേർക്കരുത്. അവനെക്കൂടാതെ ആരാധിക്കപ്പെടുന്ന ശിലകളെയും ശിൽപ്പങ്ങളെയും ഒഴിവാക്കുക’ എന്നീ സന്ദേശങ്ങളിലേക്ക് ഞങ്ങളെ ആ പ്രവാചകൻ ക്ഷണിച്ചു. നിസ്കാരം, ദാനധർമം, വ്രതാനുഷ്ഠാനം എന്നിവ കൽപ്പിച്ചു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബബന്ധം ചേർക്കുക, അയൽവാസിയോടു നല്ല നിലയിൽ വർത്തിക്കുക, സ്വത്തോ ജീവനോ അപഹരിക്കാതിരിക്കുക, കള്ളസാക്ഷി പറയാതിരിക്കുക, പതിവ്രതകളുടെ മാനം കെടുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉദ്ബോധിപ്പിച്ചു”. അദ്ദേഹം തുടർന്നു. "അങ്ങനെ ഞങ്ങൾ നല്ല രീതിയിൽ ജീവിച്ചുതുടങ്ങിയപ്പോൾ, നാട്ടിലുള്ളവർ ഞങ്ങളുടെ സ്വൈര്യംകെടുത്തി. ഞങ്ങളെ പഴയ ജീവിതത്തിലേക്ക് കൊണ്ടുപോകാൻ ബലപ്രയോഗം നടത്തി. അക്രമിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ സ്വസ്ഥമായി ജീവിക്കാൻ ഈ നാട്ടിലേക്കുവന്നു. നിങ്ങളുടെ ഭരണപരിധിയിൽ ഞങ്ങൾ അക്രമിക്കപ്പെടില്ലെന്നു വിശ്വസിച്ച് ഈ നാട്ടിൽ നിങ്ങളുടെ ഭരണത്തിൽ അഭയം തേടി”.
ജഅ്ഫറിന്റെ സംഭാഷണം രാജാവിനു നന്നായി ബോധിച്ചു. അദ്ദേഹം ചോദിച്ചു,
"നിങ്ങളുടെ പ്രവാചകൻ അവതരിപ്പിച്ച വേദത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങൾക്കറിയാമോ?”
ജഅ്ഫർ പറഞ്ഞു,"അതെ”.
"എന്നാൽ അൽപം പാരായണം ചെയ്യൂ”.
ജഅ്ഫർ വിശുദ്ധ ഖുർആനിലെ മർയം അധ്യായത്തിന്റെ ആദ്യഭാഗം പാരായണം ചെയ്തു കേൾപ്പിച്ചു. ഖുർആനിന്റെ ആശയത്തിലും പാരായണത്തിലും ലയിച്ച് അദ്ദേഹം കരയാൻ തുടങ്ങി. കണ്ണുനീർ താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി. പാത്രിയാർക്കീസുമാരുടെ കണ്ണുനീർ വീണ് ഏടുകൾ നനഞ്ഞു. മർയം അധ്യായത്തിന്റെ പ്രമേയം ഈസാനബിയും മാതാവ് മർയമുമാണല്ലോ! അടിസ്ഥാന ക്രൈസ്തവരായ രാജാവിനെയും സഭാംഗങ്ങളെയും അതേറെ സ്വാധീനിച്ചു. ഉടനെ രാജാവ് പറഞ്ഞു, "ഈസാ, മൂസാ പ്രവാചകന്മാർ അവതരിപ്പിച്ചതും ഇപ്പോൾ കേട്ടതും ഒരേ ഉറവിടത്തിൽ നിന്നാണല്ലോ! ഒരേ വിളക്കുമാടത്തിലെ വ്യത്യസ്ത പ്രകാശരേഖകൾ”. തുടർന്ന് മക്കയിലെ ഖുറൈശീ പ്രതിനിധിയായ അംറിനോടു രാജാവ് ചോദിച്ചു. "ഇവിടെയെത്തിയ മുസ്ലിംകളുടെ കൂട്ടത്തിൽ നിങ്ങളുടെ അടിമകളായവർ ആരെങ്കിലുമുണ്ടോ?”
“ഇല്ല”.
“ഇവർ നിങ്ങൾക്കെന്തെങ്കിലും വായ്പകൾ തിരിച്ചുതരാനുണ്ടോ?”.
"ഇല്ല”, അംറ് മറുപടി പറഞ്ഞു.
അവസാനം രാജാവ് പറഞ്ഞു: "ഇക്കൂട്ടരെ ഒരിക്കലും ഞാൻ നിങ്ങൾക്കു വിട്ടുതരില്ല. നിങ്ങൾക്കു പോകാം”.
പുറത്തിറങ്ങിയപ്പോൾ അംറ് പറഞ്ഞു. "നാളെയാവട്ടെ, ഞാൻ അവസാനത്തെ ഒരടവും കൂടി പയറ്റിനോക്കാം”.
ഉമാറ പറഞ്ഞു, "വേണ്ട, ഏതായാലും അവർ നമ്മുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെത്തന്നെയല്ലേ”.
അംറ് പറഞ്ഞു, "അവർക്ക് ഈസാ നബിയെക്കുറിച്ചുള്ള വിശ്വാസം ശരിയല്ലെന്ന കാര്യം ഞാൻ നാളെ രാജാവിനോടു പറയും. അതുവഴി എല്ലാം തിരിച്ചുവീശും”.
അടുത്ത ദിവസംതന്നെ അംറ് രാജസന്നിധിയിലെത്തി. രാജാവിനോടു പറഞ്ഞു: മുസ്ലിംകൾ ഈസാനബിയെക്കുറിച്ച് തെറ്റായ വിശ്വാസമാണ് വെച്ചുപുലർത്തുന്നത്. രാജാവ് ജഅ്ഫറിനെ വിളിപ്പിച്ചു. അപ്പോൾ മുസ്ലിംകൾ കൂടിയാലോചിച്ചു. എന്തായിരിക്കും പ്രശ്നം? ഇനി ഈസാ നബിയെക്കുറിച്ചുള്ള അഭിപ്രായാന്വേഷണമാണെങ്കിൽ നമ്മൾ എന്താണ് പറയുക? എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു, "അല്ലാഹുവും മുഹമ്മദ് നബിയും ﷺ എന്താണോ പറഞ്ഞത്, അതു തന്നെ പറയുക. ജഅ്ഫർ പറഞ്ഞു: "ഇന്നും ഞാൻ തന്നെ വിഷയം അവതരിപ്പിക്കാം”.
പ്രവാചകാനുചരർ രാജസന്നിധിയിലെത്തി, അംറും ഉമാറയും ഇരുവശത്തുമായി ഇരുന്നു. പാത്രിയാർക്കീസുമാർ ഒപ്പം അണിനിരന്നു. ജഅ്ഫറിനോടും കൂട്ടുകാരോടും ചോദിച്ചു; "ഈസാ പ്രവാചകനെക്കുറിച്ച് നിങ്ങളുടെ നിലപാടെന്താണ്?” "ഞങ്ങളോട് ഞങ്ങളുടെ പ്രവാചകൻ പറഞ്ഞുതന്നതു തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഇസാനബി അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്. പവിത്രാത്മാവാണ്. അല്ലാഹു അവന്റെ പരിശുദ്ധയും പതിവ്രതയുമായ ദാസി മർയമിൽ ആ ആത്മാവിനെ നിക്ഷേപിച്ചു. കേട്ടമാത്രയിൽത്തന്നെ കൈനിലത്തടിച്ച് ഒരു കൊള്ളിക്കഷണമെടുത്തു രാജാവ് പറഞ്ഞു; "ജഅ്ഫർ പറഞ്ഞത് കൃത്യമാണ്. ഈ കൊളളിക്കഷണത്തിന്റെ പോലും വ്യത്യാസം വന്നിട്ടില്ല. അല്ലയോ പാതിരിമാരേ! ഇനിയൊന്നും പറയേണ്ടതില്ല”. പാതിരിമാർ ചില കലപിലകളുണ്ടാക്കാൻ തുടങ്ങി. ഉടനെ രാജാവ് പറഞ്ഞു: "നിങ്ങൾ ശബ്ദമുണ്ടാക്കിയാലും ശരി, ഇതു കൃത്യമാണ്”. വേദങ്ങളും പ്രവാചകത്വ വിശ്വാസവുമൊക്കെ നന്നായി അറിയുന്ന ആളായിരുന്നു അദ്ദേഹം.
രാജാവ് വിശ്വാസികൾക്കു നേരെ തിരിഞ്ഞുകൊണ്ട് തുടർന്നു."നിങ്ങൾക്ക് സ്വാഗതം! നിങ്ങൾക്കൊപ്പമുള്ളവർക്കും സ്വാഗതം. മുഹമ്മദ്നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. തൗറാതിൽ സുവിശേഷം പറയുകയും ഇൻജീലിൽ എടുത്ത് പറയുകയും ചെയ്ത സത്യദൂതൻ. നിങ്ങൾ ഈ രാജ്യത്ത് എവിടെയും സ്വസ്ഥമായി ജീവിച്ചോളൂ. ഈ രാജദൗത്യം ഇല്ലായിരുന്നെങ്കിൽ ഞാനാ പ്രവാചകന്റെ പാദസേവകനാകുമായിരുന്നു”. അദ്ദേഹം വിശ്വാസികൾക്കു ഭക്ഷണവും വസ്ത്രവുമെത്തിക്കാൻ കൽപനയിറക്കി."നിങ്ങൾ സുരക്ഷിതരായി വസിച്ചോളൂ. ആരെങ്കിലും നിങ്ങളെ ആക്ഷേപിച്ചാൽ അവരിൽ നിന്നു പിഴയീടാക്കും”. മൂന്നു പ്രാവശ്യം അതാവർത്തിച്ചു പറഞ്ഞു."എനിക്ക് ഒരു പർവതം കണക്കെ സ്വർണം പകരം തരാമെന്നു പറഞ്ഞാലും നിങ്ങളിൽ ഒരാളെയും ഞാൻ പ്രയാസപ്പെടുത്തുകയില്ല”.
ഒരു ഹദീസ് നിവേദനത്തിൽ ഇങ്ങനെ കൂടി വായിക്കാം: "മുസ്ലിംകളോട് രാജാവ് ചോദിച്ചു, നിങ്ങളെ ആരെങ്കിലും ഇവിടെ ശല്യപ്പെടുത്താറുണ്ടോ? ഉണ്ടെന്നു ചില വിശ്വാസികൾ പറഞ്ഞു. ഉടനെ രാജവിളംബരം നടത്തുന്ന ആളെ വിളിച്ചുപറഞ്ഞു. മുസ്ലിംകളിൽ ആരെയെങ്കിലും ശല്യപ്പെടുത്തിയാൽ നാല് ദിർഹം പിഴയായിരിക്കും ഈടാക്കുക. പോരേയെന്നു വിശ്വാസികളോടു ചോദിച്ചു. പോരായെന്നു പറഞ്ഞപ്പോൾ എന്നാൽ ഇരട്ടി, അഥവാ എട്ട് ദിർഹം പിഴയായിരിക്കുമെന്നു വിളംബരം ചെയ്യാൻ പറഞ്ഞു. മൂസ ബിൻ ഉഖ്ബയുടെ നിവേദനപ്രകാരം ആരെങ്കിലും മുസ്ലിംകളിൽ ഒരാളെ പ്രയാസപ്പെടുത്തുന്ന നോട്ടം നോക്കിയാൽ അവൻ എന്നോട് എതിര് പ്രവർത്തിച്ചുവെന്നു കൂടിയുണ്ട്. രാജാവ്, ഖുറൈശി പ്രതിനിധികളായ അംറിനെയും ആമിറിനേയും തിരിച്ചയച്ചു. പരിചാരകരോട് പറഞ്ഞു: "അവർ കൊണ്ടുവന്ന ഉപഹാരങ്ങൾ അവർക്ക് തിരിച്ചു നൽകിയേക്കൂ. എനിക്കതാവശ്യമില്ല. എനിക്കെന്റെ അധികാരം തിരിച്ചുനൽകുന്നതിന് അല്ലാഹു എന്റെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ല. പിന്നെ ഞാനെങ്ങനെ കൈക്കൂലി സ്വീകരിക്കും. എനിക്ക് ജനങ്ങളെ അനുസരിപ്പിച്ചു തന്ന പടച്ചവനെ ജനങ്ങളുടെ കാര്യത്തിൽ ഞാൻ അനുസരിക്കുന്നു".
ഖുറൈശീ പ്രതിനിധികൾ ഇളിഭ്യരായി മക്കയിലേക്കുമടങ്ങി.





