ഉമറിന്റെയും ഹംസയുടെയും ഇസ്ലാം സ്വീകരണം ഖുറൈശികളെ പുതിയ പ്രതിരോധവഴികൾ തേടാൻ നിർബന്ധിച്ചു. അതുവരെയുണ്ടായിരുന്ന അക്രമത്തിന്റെ നിലപാടിൽ നിന്നൊന്ന് മാറിയാലോയെന്ന് അവർ ആലോചിച്ചു. അനുനയമായിരുന്നു പുതിയ തന്ത്രം.
ഖുറൈശികളുടെ നേതാവായ ഉത്ബ ബിൻ റബീഅ, ഒരു ദിവസം ഖുറൈശി സദസ്സിലിരുന്ന് ചോദിച്ചു: "ഖുറൈശികളേ.. പള്ളിയിൽ ഒറ്റയ്ക്കിരിക്കുന്ന മുഹമ്മദിനെ നേരിട്ടുകണ്ട് ഞാനൊന്നു സംസാരിച്ചാലോ? ചിലവാഗ്ദാനങ്ങളൊക്കെ മുന്നിൽവെക്കാം. അത് സ്വീകരിക്കുന്ന പക്ഷം നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാമല്ലോ!" ഖുറൈശികൾ സമ്മതം നൽകി; "അബുൽവലീദ് നിങ്ങളൊന്ന് ശ്രമിച്ചുനോക്കൂ..” ഉത്ബ മെല്ലെ എഴുന്നേറ്റു. തിരുനബിയുടെ ﷺ അടുത്തേക്കു നടന്നു. ചാരത്ത് ചേർന്നിരുന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. "സഹോദരപുത്രാ! അങ്ങേക്ക് അറിയുന്നതുപോലെ ഈ സമൂഹത്തിലെ ഉന്നതസ്ഥാനീയനും തറവാടിത്തമുള്ള വ്യക്തിയുമാണല്ലോ നിങ്ങൾ. നിങ്ങൾ കൊണ്ടുവന്ന പുതിയ സന്ദേശം വഴി സമൂഹത്തിലുണ്ടായ ഭിന്നിപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടല്ലോ? ഇവിടെയുണ്ടായിരുന്ന മതത്തെയും ദൈവങ്ങളെയും കുറ്റപ്പെടുത്തുകയും മുൻഗാമികളെ നിഷേധിക്കുകയും ചെയ്യുക വഴി അതീവഗുരുതരമായൊരു ഇടപെടലല്ലേ അങ്ങ് നടത്തിയിട്ടുള്ളത്? ഞാൻ പറയുന്നതൊന്നു ശ്രദ്ധിച്ചുകേൾക്കുക. ചില കാര്യങ്ങൾ ഞങ്ങൾ മുന്നിൽവെക്കാൻ പോവുകയാണ്. അതിൽ ചിലതെങ്കിലും നിങ്ങൾക്ക് സ്വീകാര്യമായേക്കാം. അപ്പോൾ തിരുനബി ﷺ പറഞ്ഞു."അബുൽവലീദ്, നിങ്ങൾ പറഞ്ഞോളൂ.."
അദ്ദേഹം തുടർന്നു."സഹോദരപുത്രാ, ഈ പ്രബോധനസന്ദേശം വഴി ഉദ്ദേശിക്കുന്നത് സാമ്പത്തികലബ്ധിയാണെങ്കിൽ എത്രയാണെങ്കിലും ഞങ്ങൾ സംഘടിപ്പിച്ചുതരാം. ഈ ദേശത്തെ അതിസമ്പന്നനായി മാറ്റാം. നേതൃപദവിയാണ് ഉദ്ദേശ്യമെങ്കിൽ അതാകാം. നിങ്ങൾ പറയുന്നതിനപ്പുറം ഞങ്ങൾ ഒരു തീരുമാനമെടുക്കില്ല. അല്ല, വല്ല ഒഴിയാബാധയുമാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ ഞങ്ങളതു ചികിത്സിച്ചു മാറ്റാം. ഞങ്ങളുടെ ആസ്തികൾ മുഴുവനും അതിനുവേണ്ടി വിനിയോഗിക്കാം. അബുൽ വലീദ് സംസാരിച്ചു തീരുന്നതുവരെ തിരുനബി ﷺ ശ്രദ്ധാപൂർവം കേട്ടിരുന്നു. ശേഷം പറഞ്ഞു: "അബുൽ വലീദ്, നിങ്ങൾ പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞുവോ?"
“അതെ.”
"എന്നാൽ ഇനി ഞാൻ പറയുന്നത് കേൾക്കൂ" തിരുനബി ﷺ വിശുദ്ധ ഖുർആനിൽ നിന്ന് 'ഫുസ്സിലത്' അധ്യായം പാരായണം ചെയ്യാനാരംഭിച്ചു.
"ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു. പരമകാരുണികനും കരുണാവാരിധിയുമായുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണിത്. വചനങ്ങൾ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. ഉൾക്കൊള്ളുന്നവർക്കു വേണ്ടി, അറബിയിൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. സുവിശേഷവും താക്കീതും ഉൾക്കൊള്ളുന്ന വേദം. എന്നാൽ അവരിൽ അധികമാളുകളും പിന്തിരിഞ്ഞുകളഞ്ഞു. അവർ കാര്യങ്ങൾ ഉൾക്കൊള്ളുന്നില്ല. ഏതൊരു ആശയത്തിലേക്കാണോ ക്ഷണിക്കുന്നത്, അതുൾക്കൊള്ളാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങൾ മൂടികൾക്കുള്ളിലാണെന്ന് അവർ പറയുന്നു."
തിരുനബി ﷺ പാരായണം തുടർന്നു. ഖുർആന്റെ മാസ്മരികതയിൽ രണ്ടുകൈകളും പിന്നോട്ടുവെച്ച് സസൂക്ഷ്മം ഉത്ബ എല്ലാം കേട്ടുകൊണ്ടിരുന്നു. പാരായണത്തിനിടയിൽ സാഷ്ടാംഗം ചെയ്യേണ്ട നേരത്ത് പ്രവാചകർ ﷺ സുജൂദ് ചെയ്തു. അറിയാതെ ഉത്ബയും ശിരസ്സ് കുനിച്ചു. അപ്പോൾ തിരുനബി ﷺ പറഞ്ഞു:" എനിക്ക് പറയാനുള്ളതു കേട്ടില്ലേ? ഇനി നിങ്ങൾക്ക് തീരുമാനമെടുക്കാം. ഉത്ബ സുഹൃത്തുക്കളുടെ അടുക്കലേക്കു മടങ്ങി. മ്ലാനമുഖനായി വരുന്ന അദ്ദേഹത്തോട് കൂട്ടുകാർ വിവരങ്ങൾ അന്വേഷിച്ചു. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം വിശദീകരിച്ചു: "മുഹമ്മദിൽ നിന്ന് ഞാൻ ചില വാചകങ്ങൾ കേട്ടു. സമാനമായത് മുമ്പ് കേട്ടിട്ടേയില്ല. അല്ലാഹു സത്യം, അതു കവിതയോ മാരണമോ ജ്യോത്സ്യമോ ഒന്നുമല്ല. ഖുറൈശികളേ, ഞാൻ പറയുന്നതൊന്നു കേൾക്കൂ… ഈ വ്യക്തിയെ നമുക്ക് അദ്ദേഹത്തിന്റെ വഴിക്കു വിട്ടേക്കാം. അല്ലാഹു സത്യം, ഞാൻ കേട്ട വാചകങ്ങൾക്ക് ഒരു ഭാവിയുണ്ട്. അറബികൾ ഒരുമിച്ചു നേരിട്ടാൽ അതുവഴി അദ്ദേഹത്തിൽ നിന്നുള്ള പ്രശ്നങ്ങൾ തീർന്നുകിട്ടും. ഒരുപക്ഷേ അദ്ദേഹം അതിജയിച്ചാൽ ആധിപത്യം എല്ലാവരുടെതുമാകും. അദ്ദേഹത്തിന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമല്ലേ! അതുവഴി നിങ്ങളും ഭാഗ്യവാന്മാരായി മാറും". ഇത്രയും ആയപ്പോഴേക്കും ഖുറൈശികൾ ഇടപെട്ടു. "അബുൽ വലീദ്, താങ്കൾ അദ്ദേഹത്തിന്റെ മാസ്മരിക വാചകങ്ങളിൽ വീണുപോയിട്ടുണ്ടല്ലോ"!. ഇത്രയേ എനിക്ക് പറയാനുള്ളൂ. നിങ്ങൾക്കു വേണ്ട തീരുമാനങ്ങൾ എടുക്കാം, അദ്ദേഹം നടന്നകന്നു.
ഈ സംഭവം പറയുന്ന മറ്റു ചില ചരിത്ര നിവേദനങ്ങളുമുണ്ട്: തിരുനബിയുടെ ﷺ പാരായണം പതിമൂന്നാമത്തെ സൂക്തത്തിലെത്തി. “ഇനിയും അവർ തിരിഞ്ഞുകളയുന്ന പക്ഷം അവരോടു പറഞ്ഞേക്കുക, ആദ്, സമൂദ് വിഭാഗങ്ങൾക്ക് നേരിടേണ്ടിവന്ന ഭയാനകമായ ശിക്ഷകൾ നിങ്ങൾക്കും ഭവിച്ചേക്കാമെന്ന് ഞാൻ താക്കീത് നൽകുന്നു” ഉടനെ ഉത്ബ ചാടിയെഴുന്നേറ്റ് അദ്ദേഹത്തിന്റെ കൈകൊണ്ട് തിരുനബിയുടെ ﷺ വായപൊത്തി. പറയപ്പെട്ട ശിക്ഷ അവതരിച്ചേക്കുമോയെന്ന ഭയത്തിൽ ‘ഒന്ന് നിർത്താൻ ദയവുണ്ടാകണം’ എന്ന് ആവശ്യപ്പെട്ടു.
പ്രകടനത്തിന്റെയും പ്രലോഭനത്തിന്റെയും വഴികൾ മുഴുവനും നിഷ്പ്രഭമാക്കി തിരുനബിയുടെ ﷺ മറുപടി. നബിജീവിതവായനയിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശവും മേൽസൂക്തങ്ങളിൽ ഉയർത്തിക്കാണിച്ച ഉള്ളടക്കങ്ങളാണ്.
അനുനയസംഘവും കൗതുകങ്ങളും
ഖുർആനിക സൂക്തങ്ങൾ കേൾപ്പിക്കുകയല്ലാതെ വാഗ്ദാനങ്ങളോട് അനുകൂലിച്ചോ പ്രതികൂലിച്ചോ ഉത്ബയോട് തിരുനബി ﷺ പ്രതികരിച്ചില്ലല്ലോ എന്ന് ഖുറൈശികൾ ആലോചിച്ചു. ഒരുദിവസം സന്ധ്യാനേരത്ത് അവർ കഅ്ബയുടെയരികിൽ ഒരുമിച്ചു. പ്രവാചകരെ ﷺ ആളയച്ചുവരുത്തി. ഏറെ പ്രതീക്ഷയോടെ തിരുനബി ﷺ വന്നു. എന്നാൽ ഖുറൈശികൾക്ക് പുതുതായി ഒന്നും പറയാനുണ്ടായിരുന്നില്ല. ഉത്ബ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ മാത്രം. ഒരാൾ ഒറ്റയ്ക്ക് പറഞ്ഞപ്പോൾ വേണ്ടത്ര ബോധ്യമായിട്ടില്ലെങ്കിലോയെന്നു കരുതി കൂട്ടമായി പറയുകയെന്നതായിരുന്നു ലക്ഷ്യം.
എല്ലാവർക്കും വ്യക്തമാകും വിധമുള്ള ഒരു മറുപടി തന്നെ തിരുനബി ﷺ അവരോടു പറഞ്ഞു.“ഇവിടെ പറഞ്ഞുകേട്ട വാഗ്ദാനങ്ങളോടൊന്നും എനിക്കൊരു താത്പര്യവുമില്ല. സമ്പത്തോ, നേതൃത്വമോ, രാജപദവിയോ ഒന്നും ആഗ്രഹിച്ചുകൊണ്ടല്ല ഞാൻ ഈ സന്ദേശവുമായി രംഗത്തുവന്നത്. അല്ലാഹു എന്നെ അവന്റെ ദൂതനായി നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. അവൻതന്നെ എനിക്ക് ഗ്രന്ഥം അവതരിപ്പിച്ചു തരികയും നിങ്ങൾക്കു സുവിശേഷവും താക്കീതും നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഞാൻ ആ ദൗത്യം നിർവഹിക്കുകയും ഗുണകാംക്ഷ മുന്നോട്ടുവെക്കുകയും ചെയ്യുന്നുവെന്നു മാത്രം. നിങ്ങൾ അത് സ്വീകരിക്കുന്ന പക്ഷം ഇരുലോകത്തെയും നിങ്ങളുടെ വിഹിതം അതായിരിക്കും. നിരസിക്കുകയാണ് നിങ്ങളുടെ താത്പര്യമെങ്കിൽ അല്ലാഹു നമുക്കിടയിൽ ഒരു വിധി നടപ്പിലാക്കും വരെ ഞാൻ സഹിഷ്ണുതയോടെ മുന്നോട്ടുപോകും"
തിരുനബിയുടെ ﷺ ഈ മറുപടിക്ക് അവർ നൽകിയ മറുമൊഴി കൗതുകകരമായിരുന്നു. അല്ലാഹുവിനോട് പ്രാർഥന നിർവഹിച്ച് ഈ പർവതങ്ങൾ നീക്കി നാട് വിശാലമാക്കി, അവിടെ അരുവികൾ സൃഷ്ടിച്ച്, മരിച്ചുപോയവരെ പുനർജനിപ്പിച്ച്, വിശിഷ്യാ കിലാബിന്റെ മകൻ ഖുസയ്യിനെ തിരിച്ചുകൊണ്ടുവന്ന് ബോധ്യപ്പെടുത്തുന്ന പക്ഷം ഞങ്ങൾ വിശ്വസിച്ചുകൊള്ളാമെന്നായി.
തിരുനബി ﷺ പുതിയ മറുപടികളൊന്നും പറഞ്ഞില്ല. നേരത്തേ പറഞ്ഞത് തന്നെ ആവർത്തിച്ചു. അതോടെ ഖുറൈശികളുടെ സംസാരം മറ്റൊരു ഭാഗത്തേക്കു നീങ്ങി. നമുക്ക് കാര്യങ്ങൾ സംസാരിച്ചു തീരുമാനിക്കാൻ ഒരു മലക്കിനെ അവതരിപ്പിക്കണമെന്നായി. സ്വർണത്തിന്റെയും വെള്ളിയുടെയും സൗധങ്ങളും നിധിനിക്ഷേപങ്ങളും ലഭിക്കാനായി തിരുനബിയുടെ സ്രഷ്ടാവിനോട് ചോദിക്കൂ എന്നും പറഞ്ഞു. പക്ഷേ തിരുനബിയുടെ ﷺ മറുപടി മാറിയില്ല. അവർ അൽപം ഭീഷണിയുടെ സ്വരത്തിലേക്ക് മാറി. ആകാശമണ്ഡലങ്ങൾ അഗ്നികുണ്ഠങ്ങളായി നിലത്തു പതിക്കട്ടെയെന്നായി അടുത്ത ആവശ്യം. അല്ലാഹു നിശ്ചയിക്കുന്ന പക്ഷം അങ്ങനെ ഉണ്ടാകാമെന്നായിരുന്നു അപ്പോൾ തിരുനബിയുടെ ﷺ പ്രതികരണം.
"ഞങ്ങൾ നിങ്ങളെ സമീപിച്ച് പറയുന്നതും മുന്നോട്ടുവെക്കുന്നതുമെല്ലാം കാലേക്കൂട്ടി നിങ്ങളുടെ പടച്ചവൻ നിങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ടാകുമല്ലോ. അതുകൊണ്ട് ഞങ്ങളോടു പറയേണ്ട മറുപടിയും നേരത്തേ തന്നെ നിങ്ങൾക്കറിയിച്ചു തന്നിട്ടുണ്ടാവുമല്ലേ! ഞങ്ങൾ സ്വീകരിക്കാത്ത പക്ഷം എന്താണ് സംഭവിക്കുകയെന്നും അങ്ങനെയെങ്കിൽ അറിയിച്ചിട്ടുണ്ടാകുമല്ലോ! എന്നാൽ ഇനി നമുക്കുകാണാം. അല്ലാഹു സാക്ഷി, നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും ഞങ്ങൾ വെറുതെവിടില്ല. ഒന്നുകിൽ ഞങ്ങൾ നിങ്ങളെ നശിപ്പിക്കും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ.."
ഖുറൈശികൾ പറഞ്ഞുവെച്ചു. സത്യവിശ്വാസത്തിന് അനുകൂലമായി ഖുറൈശികൾ ചിന്തിച്ചേക്കുമെന്നു കരുതി മുന്നോട്ടുവന്ന തിരുനബി ﷺ സങ്കടത്തോടെ മടങ്ങിപ്പോയി. പ്രവാചകരെ ﷺ പരാജയപ്പെടുത്താനുള്ള പുതിയവഴികൾ ആലോചിച്ചുകൊണ്ട് മറുപക്ഷം പുതിയ കൂടിയിരുത്തങ്ങൾ മെനഞ്ഞു.
അബൂജഹലിന്റെ പരാജയം
തിരുനബിയെ ﷺ വാഗ്ദാനങ്ങൾ നൽകി കീഴൊതുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഖുറൈശികളെ ഒന്ന് ചൂടുപിടിപ്പിച്ച് ഈ അവസരം മുതലെടുക്കാമെന്ന് അബൂജഹൽ കരുതി. അയാൾ ഒരു പ്രഭാഷണം സംഘടിപ്പിച്ചു."ഖുറൈശികളേ.. മുഹമ്മദ് ഇപ്പോഴും നമ്മെ അവഹേളിക്കുകയും നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്നു. നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു. ഇനി വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. ഇനി മുഹമ്മദ് സുജൂദിൽ (സാഷ്ടാംഗം) കിടക്കുമ്പോൾ ശിരസ്സ് ഒരു പാറക്കല്ലെടുത്തെറിഞ്ഞ് തകർത്തുകളയാമെന്നു ഞാൻ ദൈവത്തോടു പ്രതിജ്ഞ ചെയ്തിരിക്കുന്നു. നിങ്ങളെല്ലാവരും എനിക്ക് സംരക്ഷണവുമായി ഒപ്പമുണ്ടാകണം. അതിന്മേൽ അബ്ദുമനാഫ് കുടുംബം എന്തു ചെയ്താലും കുഴപ്പമില്ല. കേട്ടുനിന്ന എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ ഒരിക്കലും നിങ്ങളെ കൈവിടില്ല, താങ്കൾ ഉദ്ദേശിച്ചത് ചെയ്തുകൊള്ളൂ”
അബൂജഹൽ കല്ലും കരുതി കാത്തുനിന്നു. പ്രഭാതനിസ്കാരത്തിന് തിരുനബിയെത്തി. രംഗം കാണാൻ ഖുറൈശികൾ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രവാചകർ ﷺ സുജൂദിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ഒരു വലിയകല്ലും ചുമന്ന് അബൂജഹൽ മുന്നോട്ടുനീങ്ങി. അടുത്തേക്ക് എത്തിയതും വിവർണനായി അയാൾ പിന്നോട്ടോടി. കല്ല് കൈയിൽ നിന്ന് താഴെ വീണതുപോലും അയാൾ അറിഞ്ഞില്ല. രംഗം കണ്ടുനിന്നവർ ഓടിവന്ന് അയാളോടു ചോദിച്ചു. അല്ല, എന്തുപറ്റി? "ഞാൻ ഇന്നലെ പറഞ്ഞ കൃത്യം ചെയ്യാൻ വേണ്ടി ഒരുങ്ങിപ്പോയതായിരുന്നു. അടുത്തെത്തിയപ്പോഴേക്കും എന്റെ മുന്നിൽ ഒരു പടുകൂറ്റൻ ഒട്ടകം പ്രത്യക്ഷപ്പെട്ടു. അത്രമേൽ ഭീകരമായ ഒരു ഒട്ടകത്തെ ഞാൻ ഇന്നുവരെയും കണ്ടിട്ടില്ല. അതെന്നെ വിഴുങ്ങാൻ ഒരുങ്ങിനിൽക്കുന്നതു പോലെ!"
അത് ജിബ്രീൽ ആയിരുന്നുവെന്നും അബൂജഹൽ അടുത്തേക്ക് വന്നിരുന്നെങ്കിൽ പിടിച്ചു വിഴുങ്ങുമായിരുന്നുവെന്നും തിരുനബി ﷺ തന്നെ പറഞ്ഞത് ഇബ്നു ഇസ്ഹാഖ് ഉദ്ധരിച്ചിട്ടുണ്ട്.
അബൂജഹലിന്റെ സ്വപ്നം അവസാനിച്ചു. പെരുമ്പറകൾ പമ്പ കടന്നു. ഓരോ ദിവസവും പ്രവാചകരുടെ ﷺ വ്യക്തിവിശേഷം കൂടുതൽ കൂടുതൽ തെളിവുകളോടെ വ്യക്തമായി. എന്നാൽ അഹങ്കാരവും സത്യനിഷേധവും ഒരുവിഭാഗത്തെ കൂടുതൽ ശത്രുക്കളാക്കി.





