മക്കയിലെ പ്രതികരണങ്ങൾ പലതും അസഹ്യമായി. ഈ സംസ്കൃതിയുടെ മൂല്യബോധങ്ങളെ പരിചയപ്പെടുത്താൻ എന്താണിനിയൊരു മാർഗം. 'സഖീഫ്' ഗോത്രത്തോടൊന്ന് പിന്തുണ തേടിയാലോ?' തിരുനബി ﷺ ആലോചിച്ചു. 'സഖീഫ്' ഗോത്രക്കാർ താമസിക്കുന്നത് ത്വാഇഫിലാണ്. കുടുംബക്കാരും അവിടെയുണ്ട്. പോറ്റുമ്മ ഹലീമാബീവിയുടെ നാടുകൂടിയാണത്.
ശവ്വാലിൽ തിരുനബി ﷺ ത്വാഇഫിലേക്കു പുറപ്പെട്ടു. ഒപ്പം സൈദ് ബിൻ ഹാരിസയും ഉണ്ടായിരുന്നു. ത്വാഇഫുകാർ സ്വീകരിക്കുമെന്ന ഉത്തമപ്രതീക്ഷയുണ്ട്. 'സഖീഫ്' ഗോത്രപ്രമുഖന്മാരെ സമീപിച്ചു. അംറ് ബിൻ ഉമൈറിന്റെ മക്കളായ മൂന്നു സഹോദരങ്ങളായിരുന്നു പ്രമുഖർ. അബ്ദു യാലിൽ, ഹബീബ്, മസ്ഊദ്. സ്വഫ്വാൻ ബിൻ ഉമയ്യയുടെ ഉമ്മ ഖുറൈശീ വനിത സ്വഫിയ്യ അവരിൽ ഒരാളുടെ ഭാര്യയായിരുന്നു.
തിരുനബി ﷺ അവരെ സന്ദർശിച്ചു. ഇസ്ലാം പരിചയപ്പെടുത്തി. പിന്തുണ ആവശ്യപ്പെട്ടു. ശത്രുക്കൾക്കെതിരെ ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. എല്ലാം കേട്ടതിനു ശേഷം അവരിലൊരാൾ പരിഹാസപൂർവം പറഞ്ഞു: “അല്ലാഹു പ്രവാചകനായി മുഹമ്മദിനെ നിയോഗിച്ചുവെങ്കിൽ കഅ്ബയുടെ കിസ്വ ഞാൻ പിച്ചിച്ചീന്തും”. അടുത്തയാൾ ചോദിച്ചു; "പ്രവാചകരായി നിയോഗിക്കാൻ വേറെയാരെയും ലഭിച്ചില്ലേ?" മൂന്നാമൻ പറഞ്ഞു: "ദൈവമേ! ഞാൻ ഒന്നും സംസാരിക്കുന്നില്ല. താങ്കൾ ശരിക്കും പ്രവാചകനാണെങ്കിൽ സംസാരിക്കാതിരിക്കലാണു നല്ലത്. വ്യാജമായി പ്രവാചകത്വം വാദിക്കുന്ന ആളാണെങ്കിൽ അപ്പോഴും സംസാരിക്കുന്നത് ഉചിതമല്ല”
സഖീഫു ഗോത്രത്തിലുള്ള പ്രതീക്ഷയറ്റ് തിരുനബി ﷺ വേദനയോടെ എഴുന്നേറ്റു. "നിങ്ങളെന്നോട് പ്രവർത്തിച്ചതും പറഞ്ഞതുമൊക്കെ ഇരിക്കട്ടെ, ഇതു നിങ്ങൾ പ്രചരിപ്പിക്കരുത്". തിരുനബി ﷺ ത്വാഇഫിൽ പത്തുദിവസം കഴിച്ചുകൂട്ടി. (ഒരു മാസമെന്ന അഭിപ്രായവുമുണ്ട്). ത്വാഇഫിലെ മുഴുവൻ പ്രമുഖരെയും അവിടുന്ന് സന്ദർശിച്ചു. ആശയവിനിമയം നടത്തി. പക്ഷേ ആരും സ്വീകരിച്ചില്ല. അവർ തിരുനബിയോട് ﷺ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഒപ്പം കുട്ടികളെയും വിഡ്ഢികളെയും അടിമകളെയും ഇളക്കിവിട്ടു. അവർ തിരുനബിയെ ﷺ ഉപദ്രവിക്കാനും കല്ലെറിയാനും തുടങ്ങി. കൂവി വിളിക്കുകയും തെറിവിളിക്കുകയും ചെയ്തു. ചിലവേളകളിൽ അവരൊന്നാകെ തങ്ങൾക്കെതിരെ തിരിഞ്ഞു. ഏറുകളേറ്റ് കാലുകൾ മുറിഞ്ഞു. രക്തമൊലിക്കാൻ തുടങ്ങി. തിരുനബി ﷺ കടന്നുവരുന്ന വഴിയിൽ രണ്ട് വരിയായി ശത്രുക്കൾ നിരന്നുനിന്നു. ഇരുവശങ്ങളിൽ നിന്നുമായി തിരുനബിയെ ﷺ അവർ അക്രമിച്ചു. പവിത്രമേനിയിൽ പരുക്കുകളേറ്റു. ഒപ്പമുള്ള സൈദ് ബിൻ ഹാരിസ ആവും വിധം സംരക്ഷണം നൽകി. ഒടുവിൽ അദ്ദേഹത്തിന്റെ തല പൊട്ടിയൊലിച്ചു. ഇരുകാലുകളിലും രക്തമൊലിപ്പിച്ചുകൊണ്ട് ഒരു വിധത്തിൽ അവർക്കിടയിൽ നിന്നു രക്ഷപ്പെട്ടു. ഒരു തോട്ടത്തിലേക്കു പ്രവേശിച്ചു. നോവുന്ന മേനിയും മനസ്സും. ഒരു മരച്ചുവട്ടിൽ അൽപം തണൽ കൊള്ളാമെന്നു കരുതി. റബീഅയുടെ മക്കൾ ഉത്ബയും ശൈബയും ആ തോട്ടത്തിലുണ്ടായിരുന്നു. അവരുടെതാണാ തോട്ടം. അവരും ഇസ്ലാമിൻ്റെയും പ്രവാചകരുടെയും ശത്രുക്കളാണ്. എന്നാലും അൽപസമയം അവിടെ മരച്ചുവട്ടിലിരുന്നു.
ഇമാം ത്വബ്റാനി ഈ സംഭവം എഴുതുന്നു. തിരുനബി ﷺ മരച്ചുവട്ടിലെത്തി. നിസ്കരിച്ചു. “അല്ലാഹുവേ, ഞാൻ നിന്നോട് ആവലാതി പറയുന്നു. എന്റെ ശക്തിയില്ലായ്മ, തന്ത്രക്കുറവ്, ജനങ്ങളുടെ മുമ്പിലുള്ള പരിമിതി, കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവേ! ദുർബലരുടെ രക്ഷിതാവണല്ലോ നീ, ആരുമില്ലാത്തവരുടെ രക്ഷിതാവായ അല്ലാഹുവേ! നീ എന്നെ ആർക്കാണ് ഏൽപിച്ചുകൊടുക്കുന്നത്, ഈ എതിരാളികൾക്കാണോ. നിന്റെ കോപവും അനിഷ്ടവുമില്ലെങ്കിൽ എനിക്ക് പരിഭവമില്ല. നീ നൽകുന്ന സൗഖ്യമാണെൻ്റെ ശക്തി. ഈ ലോകത്തെ മുഴുവൻ ശരിയായി നിയന്ത്രിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നിന്റെ കോപത്തിൽ നിന്ന് നിന്നോടു തന്നെ ഞാൻ കാവൽ തേടുന്നു. എല്ലാ നിയന്ത്രണവും കഴിവും നിനക്ക് മാത്രമാണല്ലോ നാഥാ..”
മരച്ചുവട്ടിൽ ക്ഷീണിതനായി ഇരുന്ന് പ്രാർഥിക്കുന്ന തിരുനബിയെ ﷺ കണ്ടപ്പോൾ ഉത്ബയുടെയും ശൈബയുടെയും മനസ്സിൽ ഒരൽപം കരുണ കിനിഞ്ഞു. അവർ പരിചാരകൻ അദ്ദാസിനെ വിളിച്ചു. ഒരു കുല മുന്തിരിയെടുത്ത് താലത്തിൽ വെച്ച്, തിരുനബിക്ക് ﷺ കൊടുത്തയച്ചു. അദ്ദാസ് മുന്തിരിപ്പാത്രവുമായി അടുത്തെത്തി. തിരുസവിധത്തിൽ പാത്രം വെച്ചു. കഴിക്കാൻ ആവശ്യപ്പെട്ടു. അവിടുന്ന് സ്വീകരിച്ചു.
'ബിസ്മില്ലാഹ്'(അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് ചൊല്ലി കഴിക്കാൻ തുടങ്ങി. അദ്ദാസ് തിരുമുഖം നോക്കി കണ്ണെടുക്കാതെ നിന്നു. എന്നിട്ടദേഹം ചോദിച്ചു. ഇത് ഈ നാട്ടുകാർ ചൊല്ലുന്ന വാചകമല്ലല്ലോ? അപ്പോൾ തിരുനബിﷺ തിരിച്ചുചോദിച്ചു. നിങ്ങൾ ഏതു നാട്ടുകാരനാണ്? നിങ്ങൾ ഏത് മതക്കാരനാണ്? ഞാൻ നീനവക്കാരനായ നസ്രാണിയാണ്". സദ് വൃത്തനായ 'യൂനുസ് ബിൻ മതായുടെ' നാട്ടുകാരനാണല്ലേ?” തിരുനബിയുടെ ﷺ ചോദ്യം. “യൂനുസ് ബിൻ മതാ ആരാണെന്ന് അവിടുത്തേക്കറിയുമോ? ഞാൻ നീനവയിൽ നിന്നു യാത്ര തിരിക്കുമ്പോൾ പത്തു പേർക്കുപോലും യൂനുസ് ബിൻ മതായെ അറിയില്ലാരുന്നു. അങ്ങനെയൊരു വ്യക്തിയെ നിരക്ഷരരായ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന അവിടുത്തേക്ക് എങ്ങനെ അറിയാം?” തിരുനബി ﷺ മറുപടി പറഞ്ഞു: “അത് എന്റെ സഹോദരനായ പ്രവാചകനാണ്. ഞാനും അല്ലാഹുവിന്റെ ദൂതനാണ്”. അദ്ദാസ് വിനയാന്വിതം കുനിഞ്ഞു. തിരുശിരസിലും കൈകാലുകളിലും ചുംബിച്ചു. രംഗം വീക്ഷിച്ചുകൊണ്ടിരുന്ന റബീഅയുടെ മക്കളിൽ ഒരാൾ മറ്റൊരാളോടു പറഞ്ഞു". നീ നിന്റെ പരിചാരകനെ നാശപ്പെടുത്തിയല്ലോ?" മടങ്ങിവന്ന അദ്ദാസിനോട് യജമാനൻ ചോദിച്ചു. “നീ എന്തിനാണ് ആ വ്യക്തിയുടെ ശിരസും കൈകാലുകളും ചുംബിച്ചത്?” അദ്ദേഹം പറഞ്ഞു,"യജമാനരേ ഈ വ്യക്തിയോളം മഹത്വമുള്ള ഒരാളും ഇന്ന് ഭൂമിലോകത്തില്ല. ഒരു പ്രവാചകർക്കു മാത്രം പറയാവുന്നൊരു കാര്യമാണ് അവിടുന്നെന്നോടു പറഞ്ഞത്." കേട്ടമാത്രയിൽ അവർ പറഞ്ഞു. "ഹോ.. കഷ്ടം അദ്ദാസ്, നിങ്ങൾ നിങ്ങളുടെ മതം വിട്ടു പോകരുത്. അത് ആ വ്യക്തിയുടെ മതത്തെക്കാൾ മെച്ചപ്പെട്ടതാണ്" ത്വാഇഫിൽ നിന്ന് ഒരാളും തിരുനബിയുടെ ﷺ ക്ഷണം സ്വീകരിച്ചില്ല. ദുഃഖഭാരം പേറി തിരുദൂതർ ﷺ തിരിച്ചുനടന്നു.
ഖാലിദുൽ അദവാനി പറയുന്നു: "ത്വാഇഫിലെ തെരുവിൽ ഒരു വില്ലിൽ ഊന്നിനിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ തിരുനബി ﷺ ഖുർആനിലെ എൺപത്തി ആറാമത്തെ അധ്യായം ത്വാരിഖ് പാരായണം ചെയ്യുന്നത് കേട്ടു. അതപ്പോൾ തന്നെ ഞാൻ ഹൃദിസ്ഥമാക്കി. അന്നു ഞാൻ ബഹുദൈവ വിശ്വാസിയായിരുന്നു. പിന്നീട് മുസ്ലിമായ ശേഷം ഞാനതു പാരായണം ചെയ്തു. ഞാൻ പ്രവാചകരിൽ ﷺ നിന്ന് എന്തോ ശ്രദ്ധാപൂർവം ശ്രവിക്കുന്നതു കണ്ട ത്വാഇഫുകാർ എന്നോടു ചോദിച്ചു, എന്താണ് നിങ്ങൾ മുഹമ്മദിൽ നിന്ന് ശ്രവിച്ചത്. ഞാനതവരെ കേൾപ്പിച്ചു. ആ കൂട്ടത്തിലുള്ള ഖുറൈശികൾ പറഞ്ഞു."ഞങ്ങളുടെ നാട്ടിലുള്ള വ്യക്തിയെ ഞങ്ങൾക്കല്ലേ നന്നായി അറിയുന്നത്. അവർ പറയുന്നതിൽ വല്ല സത്യവുമുണ്ടെങ്കിൽ ഞങ്ങൾ പിൻപറ്റുമായിരുന്നില്ലേ?" ഖുറൈശികൾ മറ്റുള്ളവരുടെ അന്വേഷണത്തിന്റെ വഴികൾ മുടക്കുകയായിരുന്നു.
ത്വാഇഫിൽ തിരുനബി ﷺ അനുഭവിച്ച പരീക്ഷണങ്ങളുടെ തീക്ഷ്ണത മറക്കാനാവാത്തതായിരുന്നു. ഇമാം ബുഖാരിയും ഇമാം അഹ്മദും നിവേദനം ചെയ്യുന്ന ഒരു നബിചരിത്രം ഇങ്ങനെ വായിക്കാം. തിരുനബിയുടെ ﷺ പ്രിയപത്നി ആഇശ ചോദിച്ചു: "ഉഹ്ദ് യുദ്ധ ദിവസത്തെക്കാൾ പ്രയാസമേറിയ വല്ല ദിവസവും അവിടുത്തേക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?" അവിടുന്ന് ഇപ്രകാരം പറഞ്ഞു."ആഇശാ, നിന്റെ ജനതയിൽ ഞാനഭിമുഖീകരിച്ച ഏറ്റവും തിക്തമായ അനുഭവം ത്വാഇഫിലെ അഖബയിൽ വെച്ച് യാലീൽ ബിൻ അബ്ദു കുലാലിനെ ഇസ്ലാമിലേക്കു ക്ഷണിച്ചപ്പോഴായിരുന്നു. ഒരാളും എന്റെ ക്ഷണം സ്വീകരിച്ചില്ല. ഞാൻ മനംനൊന്ത് തിരിച്ചു സഞ്ചരിച്ചു. ‘ഖർനുസ്സആലിബ്’ എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് എനിക്കൊരാശ്വാസമായത്. ഞാൻ ശിരസുയർത്തി നോക്കിയപ്പോൾ ഒരു മേഘക്കൂട്ടം തണൽവിരിച്ചിരിക്കുന്നു. അതിലേക്ക് ശ്രദ്ധിച്ചുനോക്കിയപ്പോൾ അതാ, ഇരിക്കുന്നു മലക്ക് ജിബിരീൽ. സലാം ചൊല്ലിക്കൊണ്ട് എന്നെ വിളിച്ചു." ഓ മുഹമ്മദ്, അവിടുത്തെ ജനതയുടെ വർത്തമാനങ്ങളും അവർ അവിടുത്തോടു പ്രതികരിച്ചതും അല്ലാഹു അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് പർവതത്തിന്റെ ദൗത്യമുള്ള മലക്കിനെ അങ്ങോട്ടയച്ചിരിക്കുന്നു. തങ്ങൾക്ക് വേണ്ടത് ആ മലക്കിനോടു കൽപിച്ചോളൂ. ഉടനെ പർവതത്തിന്റെ മലക്ക് തിരുനബിയെ ﷺ വിളിച്ചു. സലാം ചൊല്ലി. "അവിടുത്തെ ജനത അവിടുത്തോടു പറഞ്ഞതും പ്രതികരിച്ചതുമൊക്കെ അല്ലാഹു അറിഞ്ഞിരിക്കുന്നു. ഞാൻ പർവതത്തിന്റെ ദൗത്യമുള്ള മലക്കാണ്. അങ്ങ് വേണ്ടത് കൽപിച്ചോളൂ. അതിനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. അവിടുന്ന് താത്പര്യപ്പെടുന്നപക്ഷം രണ്ടു പർവതങ്ങൾ അവർക്കു മേൽ മറിച്ചിടാം. അപ്പോൾ തിരുനബി ﷺ പറഞ്ഞു. വേണ്ട. "അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേർക്കാത്ത വിധം അവനെ മാത്രം ആരാധിക്കുന്നവർ അവരുടെ പരമ്പരയിൽ അല്ലാഹു ജനിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം"
ഇക്രിമയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. തിരുനബി ﷺ പറഞ്ഞു: ജിബ്രീൽ എന്റെയടുക്കൽ വന്നു. "അല്ലാഹു അവിടുത്തേക്ക് സലാം അറിയിച്ചിരിക്കുന്നു. ഇത് പർവതങ്ങളുടെ മലക്കാണ്. കൽപനയെന്തോ അതു നിർവഹിക്കാനാണ് ഉത്തരവ്. അപ്പോൾ പർവതത്തിന്റെ മലക്ക് പറഞ്ഞു, അങ്ങ് ആവശ്യപ്പെടുന്നപക്ഷം ത്വാഇഫുകാരുടെ മേൽ പർവതത്തെ മറിച്ചിടാം. അല്ലെങ്കിൽ അവരെ ഭൂമിയിൽ ആഴ്ത്തിക്കളയാം. എന്നാൽതിരുദൂതർ "ഞാൻ അവർക്ക് അവസരം നൽകാൻ ആഗ്രഹിക്കുന്നു" എന്നാണ് പ്രതികരിച്ചത്. “ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലുന്നവർ അവരുടെ പരമ്പരയിൽ നിന്നുണ്ടാകുന്നതിനെ ഞാൻ പ്രതീക്ഷിക്കുന്നു”. അപ്പോൾ മലക്ക് പറഞ്ഞു, “അല്ലാഹു അവിടുത്തേക്ക് ‘റഊഫ്’, ‘റഹീം’ എന്ന നാമകരണം ചെയ്ത പോലെ അവിടുന്ന് കരുണയും വിട്ടുവീഴ്ചയും ചെയ്യുന്നവരാണല്ലോ”
തിരുനബി ﷺ ത്വാഇഫിൽ നിന്നു മക്കയിലേക്കു മടങ്ങാനൊരുങ്ങിയപ്പോൾ ഒപ്പമുള്ള സൈദ് ബിൻ ഹാരിസ ചോദിച്ചു. “അവിടുന്ന് മക്കയിലേക്ക് എങ്ങനെ തിരിച്ചുപോകും. അവർ അങ്ങയെ അവിടെ നിന്ന് പുറത്താക്കിയതല്ലേ?” “അല്ലയോ സൈദേ, ഇക്കാര്യത്തിലെല്ലാം ഒരു തുറസും പരിഹാരവും നൽകിയ അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുക തന്നെ ചെയ്യും”
തിരുനബിയും ﷺ സൈദുബിൻ ഹാരിസയും സഞ്ചരിച്ച് ഹിറയുടെ അടുത്തെത്തി. മക്കയിലേക്ക് ഇനി ഒരു ജാമ്യക്കാരന്റെ അഭയത്തിലേ പ്രവേശിക്കാൻ പറ്റൂ. അതിനായി അബ്ദുല്ലാഹിബ്നു ഉറൈഖിതിനെ അഖ്നസ് ബിൻ ശരീഖ് എന്ന പ്രമാണിയുടെ സമീപത്തേക്കു പറഞ്ഞയച്ചു. അദ്ദേഹം പറഞ്ഞു, “ഞാൻ ഉടമ്പടിയിൽ കഴിയുന്ന ആളാണ്. അതിനാൽ മറ്റൊരാൾക്ക് അഭയം നൽകാൻ എനിക്ക് അനുവാദമില്ല”. തുടർന്ന് സുഹൈൽ ബിൻ അംറിനോടു അഭയംതേടി. അപ്പോൾ അദ്ദേഹം പറഞ്ഞു: “ബനൂ ആമിർ ഗോത്രം ബനൂ കഅ്ബ് ഗോത്രക്കാർക്ക് അഭയം നൽകുകയില്ല”. അവസാനം മുത്വ്ഇമുബിൻ അദിയ്യിനോടു ചോദിച്ചു. അയാൾ സ്വാഗതം ചെയ്തു. തിരുനബിയോടു ﷺ വരാൻ ആവശ്യപ്പെട്ടു. ആദ്യം അഭയം അന്വേഷിച്ച രണ്ടുപേരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു. പക്ഷേ അഭയം നൽകിയ മൂന്നാമന് ആ ഭാഗ്യം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ തന്നെ മുത്ഇം പുറപ്പെട്ടു. ആയുധധാരിയാകളായ ആറോ എഴോ സന്താനങ്ങളോടൊപ്പം കഅ്ബയുടെ അടുത്തെത്തി. തിരുനബിയോടദ്ദേഹം ത്വവാഫ് (കഅ്ബ പ്രദക്ഷിണം) ചെയ്തുകൊള്ളാൻ പറഞ്ഞു. അപ്പോൾ അബൂസുഫിയാൻ മുത്ഇമിനോടു ചോദിച്ചു: "നിങ്ങൾ മുഹമ്മദിന്റെ അനുയായി ആണോ, അതല്ല അഭയം നൽകിയ ആളാണോ?” മുത്ഇം പറഞ്ഞു. “ഞാൻ അഭയം നൽകിയെന്നേയുള്ളൂ”. “എന്നാൽ കുഴപ്പമില്ല, നിങ്ങൾ അഭയം നൽകിയ വ്യക്തിക്ക് ഞങ്ങളും അഭയം നൽകിയിരിക്കുന്നു”എന്നു പറഞ്ഞുകൊണ്ട് തിരുനബി ﷺ ത്വവാഫ് പൂർത്തിയാക്കുന്നതു വരെ മുത്ഇമിനൊപ്പം അബൂസുഫിയാനും അവിടെയിരുന്നു. തിരുനബി ﷺ വീട്ടിലേക്കു പോയപ്പോൾ അദ്ദേഹം കൂട്ടുകാർക്കൊപ്പം ഇരിപ്പിടത്തിലേക്ക് പോയി. തിരുനബിയുടെ ﷺ ഹിജ്റയെ തുടർന്ന് മുത്ഇം മരണപ്പെട്ടു. അദ്ദേഹത്തോടുള്ള കടപ്പാട് തിരുനബിയുടെ ﷺ ഹൃദയത്തിലുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു, ബദ്റിലെ ബന്ദികൾക്ക് വേണ്ടി മുത്ഇം സംസാരിക്കാനുണ്ടായിരുന്നെങ്കിൽ ഞാൻ മോചിപ്പിക്കുമായിരുന്നു.
ജന്മനാട്ടിലേക്ക് മറ്റൊരാളുടെ അഭയം തേടി പ്രവേശിക്കേണ്ട സാഹചര്യം, കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ അനുവദിക്കപ്പെടാത്ത ചുറ്റുപാട്. അക്രമിക്കപ്പെടുന്ന വിശ്വാസികളുടെ ദീനരോദനങ്ങൾ. പലായനം കൊണ്ട് അപരവത്കരിക്കപ്പെട്ട കുടുംബങ്ങൾ. മനുഷ്യപ്പറ്റില്ലാത്ത ക്രൂരതകളുടെ ഇരപകലുകൾ. തിരുനബി ﷺ അല്ലാഹുവിൽ നിന്നുള്ള പുതിയ കൽപനകൾക്കു കാതോർക്കുകയാണ്....





