വിശുദ്ധ ഖുർആനിലെ ഇരുപത്താറാം അധ്യായത്തിലെ ഇരുന്നൂറ്റിപ്പതിനാലാം സൂക്തം അവതരിച്ചതോടെ പരസ്യപ്രബോധനത്തിനുള്ള പ്രഥമ കൽപനയായി. അടുത്ത ബന്ധുക്കൾക്ക് താക്കീത് നൽകുകയെന്ന പ്രഖ്യാപനമായിരുന്നു അത്. പ്രസ്തുത അധ്യായത്തിൽ മൂസാനബിയുടെ കഥ, പ്രവാചകത്വ പ്രഖ്യാപനം, ഇസ്രായേലുകാർക്കൊപ്പമുള്ള പലായനം, ഫറോവയുടെ സംഘത്തിൽ നിന്നുള്ള മോചനം, ഫറോവയുടെ പരാജയം തുടങ്ങി കഴിഞ്ഞകാല പ്രബോധനത്തിൻ്റെ നാൾവഴികളാണ് പരിചയപ്പെടുത്തുന്നത്. വരാനുള്ള നാളുകളിൽ തിരുനബി ﷺ അഭിമുഖീകരിക്കേണ്ട ഭാവിയുടെ വ്യക്തമായ സൂചനകൾ ഈ സൂക്തങ്ങളിലുണ്ടായിരുന്നു. ആത്മീയമായ കരുതലിനും, അതിജീവന വിചാരങ്ങളെ കരുപ്പിടിപ്പിക്കുന്നതിനും ഈ ഉത്ബോധനം ഏറെ പ്രയോജനപ്രദമായി. ഒരേസമയം പ്രവാചകർക്കുള്ള കരുത്തും, മുഖം തിരിച്ചവർക്കുള്ള താക്കീതും ഈ അധ്യായം ഉൾവഹിക്കുന്നു.
ഖുർആനിന്റെ നിർദ്ദേശമനുസരിച്ച് കുടുംബാദികളിൽ പ്രധാനികളെയെല്ലാം തിരുനബി ﷺ വിളിച്ചുവരുത്തി. നല്ല ഒരു സദ്യയും തയ്യാർ ചെയ്തു. നാൽപതിനും നാൽപത്തഞ്ചിനും ഇടയിൽ അംഗങ്ങൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും പ്രതിനിധികളെ അഭിസംബോധനചെയ്ത് സ്വഫാ കുന്നിന്റെ മുകളിൽ കയറിനിന്ന് പ്രവാചകൻ ﷺ സംസാരിച്ചുതുടങ്ങി: “ഓ, അബ്ദുമനാഫിന്റെ സന്താനങ്ങളേ.. ഹാശിമിന്റെ മക്കളേ.. പിതൃസംഹാദരൻ അബ്ബാസ് എന്നവരേ.. അമ്മായി സ്വഫിയ്യ എന്നവരേ.. അബ്ദുൽമുത്വലിബിന്റെ കുടുംബമേ.. മോളേ ഫാത്വിമാ.. ഞാൻ നിങ്ങൾക്കു വേണ്ടി അല്ലാഹുവിൽ നിന്ന് ഒന്നും ഉടമപ്പെടുത്തിയിട്ടില്ല.. എന്റെ സ്വത്തിൽ നിന്ന് നിങ്ങൾ എന്തും ചോദിച്ചോളൂ.. ഒരു കാര്യം ചോദിച്ചോട്ടേ.. ഈ പർവതത്തിനു പിന്നിൽ നിന്ന് ഒരു അശ്വസൈന്യം വരുന്നുവെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?” അവർ പറഞ്ഞു: "തീർച്ചയായും, ഇന്നുവരെ അങ്ങ് കള്ളം പറഞ്ഞ ഒരനുഭവമില്ല. ഞങ്ങൾ വിശ്വസിക്കും”. തിരുനബി ﷺതുടർന്നു: "എന്നാൽ, ഞാൻ പ്രഖ്യാപിക്കുന്നു. അല്ലാഹു നിങ്ങളിലേക്കു നിയോഗിച്ചയച്ച താക്കീതുകാരനാണ് ഞാൻ. അറബികളിൽ ഒരാളും ഞാൻ നിങ്ങൾക്കു നൽകുന്ന പോലുള്ള നന്മ സ്വന്തം കുടുംബത്തിന് നൽകിയിട്ടില്ല. രണ്ടുലോകത്തെയും നന്മയാണ് നിങ്ങൾക്കു വാഗ്ദാനം ചെയ്യുന്നത്. ഞാൻ നിങ്ങളെ വിജയത്തിലേക്കു ക്ഷണിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ എന്നോടൊപ്പമുണ്ടാകണം”.
ഒത്തുകൂടിയ എല്ലാവരും തിരുനബിയുടെ ﷺ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. പക്ഷേ, തിരുനബിയുടെ പിതൃസഹോദരങ്ങളിൽ ഒരാളായ അബൂലഹബ് എന്നയാൾക്കു മാത്രം അത് ഇഷ്ടമായില്ല. അയാൾ ചോദിച്ചു: “ഇതു പറയാനാണോ ഞങ്ങളെ വിളിച്ചുചേർത്തത്. നിങ്ങൾക്കു നാശം മുഹമ്മദേ” (തബ്ബൻ ലക യാ മുഹമ്മദ് എന്ന വാചകമാണയാൾ ഉപയോഗിച്ചത്). തിരുനബിക്ക് ﷺ അതു വലിയ പ്രയാസമായി. പക്ഷേ, അല്ലാഹു സമാധാനിപ്പിച്ചു. അബൂലഹബിനെ അതേ നാണയത്തിൽ ഖുർആൻ തിരുത്തി. "തബ്ബത് യദാ"- എന്ന് തുടങ്ങുന്ന ഖുർആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അവതരിച്ചു. ആശയം ഇങ്ങനെയാണ്. "അബൂലഹബിന്റെ ഇരുകൈകൾക്കും നാശം. അവന്റെ നേട്ടങ്ങളും സമ്പാദ്യങ്ങളുമൊന്നും അവന് ഉപകരിക്കുകയില്ല. ജ്വാലകൾ ഉയരുന്ന നരകത്തിലേക്ക് അവൻ ചെന്നുചേരും. ഒപ്പം അവന്റെ ഏഷണിക്കാരിയായ ഭാര്യയും. അവളുടെ കഴുത്തിൽ പനനാരു കൊണ്ടുള്ള ഒരു കയറുണ്ടാകും” (ഇതെല്ലാം പിൽക്കാലത്ത് പുലർന്നു). എന്നാൽ കുടുംബസദസ്സിൽ വെച്ചു തന്നെ ചെറുപ്പക്കാരനായ അലി വിശ്വാസം പ്രഖ്യാപിച്ചു. ഏതു ഘട്ടത്തിലും ഞാൻ അങ്ങേക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു.
തിരുനബി ﷺ പരസ്യപ്രബോധനത്തിന്റെ വഴിയിലേക്കിറങ്ങി. "കൽപ്പിക്കപ്പെട്ടത് അങ്ങ് ഉച്ചത്തിൽ പ്രഖ്യാപിക്കുക, ബഹുദൈവവാദികളെ പരിഗണിക്കേണ്ടതില്ല"- വിശുദ്ധഖുർആൻ പതിനഞ്ചാം അധ്യായത്തിലെ തൊണ്ണൂറ്റിനാലാം സൂക്തത്തിലെ ഈ ആശയത്തിന്മേൽ പ്രവാചകൻ ﷺ മുന്നോട്ടുപോയി. ഏകദൈവവിശ്വാസത്തിന്റെ മൂല്യങ്ങൾ നിരന്തരമായി വിളിച്ചുപറഞ്ഞു. ബിംബാരാധനയിലെ അയുക്തിയും, ബഹുദൈവവിശ്വാസത്തിൻ്റെ അടിസ്ഥാനമില്ലായ്മയും പ്രബോധിതരെ കൃത്യമായി ബോധ്യപ്പെടുത്തി. വിഗ്രഹങ്ങളുടെ യഥാസ്ഥിതി ഉദാഹരണങ്ങളിലൂടെ പറഞ്ഞുകൊണ്ടിരുന്നു. കാതോർത്തു കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് ബോധ്യമാകുന്ന കാര്യങ്ങളായിരുന്നു തിരുനബി ﷺ അവതരിപ്പിച്ചത്. മുഹമ്മദ് നബിയോടൊപ്പം ﷺ ചേർന്നവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആത്മസംതൃപ്തി മറ്റുള്ളവരെക്കൂടി ആ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു. അന്ധമായി വിമർശിച്ചവർ, തിരുനബിയെ ﷺ ദൗത്യത്തിൽ നിന്ന് തടുക്കാനുള്ള ആലോചനകൾ തുടങ്ങി.
ഈ സാഹചര്യത്തിൽ ഹജ്ജ് നടന്നാൽ ഉണ്ടാകാവുന്ന വിഷയങ്ങൾ അവർ ചർച്ചചെയ്തു. പുറംനാടുകളിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്കെത്തുന്നവർ മുഹമ്മദ് നബിയെ ﷺ കേൾക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുമെന്ന് അവർക്കറിയാം. ഉചിതമായൊരു നിലപാട് രൂപപ്പെടുത്തിയില്ലെങ്കിൽ ക്ഷീണം സംഭവിക്കുമെന്ന് മനസ്സിലാക്കി, വ്യക്തമായൊരു തീരുമാനം രൂപപ്പെടുത്താൻ ഖുറൈശി പ്രമുഖർ വലീദ് ബിൻ മുഗീറയെ സമീപിച്ചു. എല്ലാവരും ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ കൂടുതൽ നഷ്ടങ്ങളുണ്ടാകുമെന്ന് അദ്ദേഹവും ഏറ്റുപറഞ്ഞു.
പുറംദേശക്കാരോട് മുഹമ്മദ്നബിയെ ﷺ കുറിച്ച് എന്താണ് പറയുക? അവരുടെ മുന്നിലുള്ള പ്രധാന പ്രശ്നമായി അക്കാര്യം. പ്രവാചകത്വമാണ് വാദിക്കുന്നത്. അല്ലാഹു നിയോഗിച്ച ദൂതനാണെന്നാണ് അവകാശപ്പെടുന്നത്. അതല്ല, മറ്റൊന്നാണെന്ന് പറയണമെങ്കിൽ അതെന്താണെന്നു വിശദമാക്കണം. അതിന്മേലായി അവരുടെ ചർച്ച.
പ്രവാചക അനുചരൻ ഇബ്നു അബ്ബാസ് പറയുന്നു: "തിരുനബിക്ക് ﷺ സൂറതുൽഗാഫിർ അവതരിച്ചു. അവിടുന്ന് കഅ്ബയുടെ ചാരത്തിരുന്നത് പാരായണം ചെയ്തു. വലീദ് ബിനുൽമുഗീറ ശ്രദ്ധാപൂർവം അതു കേട്ടിരുന്നു. ശേഷം ബനൂ മഖ്സൂമുകാരുടെ സദസ്സിലേക്കു കടന്നുചെന്നു. അദ്ദേഹം പറഞ്ഞു. "മുഹമ്മദ് പാരായണം ചെയ്യുന്ന വചനങ്ങൾ കേട്ടു. കവിതയോ കാവ്യമോ ജിന്ന് പദ്യമോ അങ്ങനെ അറബിഭാഷയിലെ ഏതൊരു സാഹിത്യശാഖയും നിങ്ങളെക്കാളധികം എനിക്കു വഴങ്ങും. ദൈവമാണേ സത്യം, മുഹമ്മദ് സമര്‍പ്പിക്കുന്ന വചനങ്ങള്‍ അവയില്‍ ഒന്നിനോടും സാദൃശ്യമുള്ളതല്ല. ആ വചനങ്ങളിൽ വിസ്മയമുണ്ട്. മധുരമുണ്ട്. ഒരു പ്രത്യേക ഭംഗയുണ്ട്. അതിന്റെ ചില്ലകൾ ഫലഫൂയിഷ്ടം! വേരുകൾ, പതമുള്ള മണ്ണില്‍ ആഴ്ന്നിറങ്ങിയത്! സര്‍വ വചനങ്ങളെക്കാളും ഉത്തമം! തീര്‍ച്ച, അതിനെ പരാജയപ്പെടുത്തുക സാധ്യമല്ല. നിസ്സംശയം, സര്‍വതിനെയും അതു മറികടക്കും". ഈ സംഭവം ഖുറൈശികൾക്കിടയിൽ ചർച്ചയായി. അവർ പറഞ്ഞു: "വലീദ് സാബിഇയ്യായി" (മതം മാറിയിരിക്കുന്നു). ‘ഖുറൈശികളുടെ സുഗന്ധം’ എന്ന അപരനാമത്തിൽ പ്രസിദ്ധനായ വലീദ് മതം മാറിയാൽ ഖുറൈശികൾ മുഴുവൻ മതം മാറിയേക്കും. അബൂജഹ്ൽ ഇടപെട്ടു."അതു ഞാൻ ശരിയാക്കിക്കോളാം".
അബൂജഹ്ൽ ദുഃഖം പ്രകടിപ്പിച്ചു കൊണ്ട് വലീദിന്റെ വീട്ടിലെത്തി."അമ്മാവാ, ഖുറൈശികൾ നിങ്ങളെ ഏൽപ്പിക്കാൻ വേണ്ടി സമ്പത്ത് സമാഹരിക്കുകയാണ്. നിങ്ങൾ പ്രവാചകൻ മുഹമ്മദിൻ്റെ പുത്തന്‍ വാദഗതികള്‍ ശുദ്ധ അസംബന്ധമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം”. വലീദ് അയാളെ നോക്കി: "ഞാൻ അതിസമ്പന്നനാണെന്നു ഖുറൈശികൾക്ക് അറിയാമല്ലോ". അബൂജഹ്ൽ തുടർന്നു: "ഏതായാലും ഈ വിഷയത്തിൽ നിങ്ങൾ വിയോജിച്ചു പറഞ്ഞാലേ പറ്റൂ". വലീദ് അഭിപ്രായത്തിൽ നിന്ന് മാറിയില്ല: “ഞാനെന്തു പറയാൻ, മുഹമ്മദിൻ്റെ വചനങ്ങൾ മനുഷ്യന്റെയോ ജിന്നുകളുടെയോ വചനമേയല്ല". അബൂജഹൽ പ്രതികരിച്ചു: “ജനങ്ങൾ നിങ്ങളെ തൃപ്തിപ്പെടണമെങ്കിൽ നിങ്ങൾ അതു പറഞ്ഞേ മതിയാകൂ". ഞാനൊന്നാലോചിക്കട്ടെ! "വലീദ് അയാളെ മടക്കി. വലീദ് ജനങ്ങളെ അഭിമുഖീകരിച്ചു; "പ്രിയമുള്ളവരേ, മക്കയിൽ ഹജ്ജ് സീസണായിക്കഴിഞ്ഞു. എല്ലാ നാട്ടിൽ നിന്നും ആളുകൾ ഇവിടെ എത്തിത്തുടങ്ങും. സ്വാഭാവികമായും ഇവിടെ പ്രത്യക്ഷപ്പെട്ട വ്യക്തിയെക്കുറിച്ച് (മുഹമ്മദ്) അവർ അന്വേഷിക്കും. അപ്പോൾ എല്ലാവരുടെയും അഭിപ്രായം ഒന്നായിരിക്കണം. പലതായാൽ ആളുകൾക്ക് വിശ്വാസമാകില്ല. നമ്മൾ എന്താണു പറയുക.?" നിങ്ങൾ തന്നെ പറയൂ വലീദ്. "കൂടിയവർ പറഞ്ഞു." ഇല്ല, നിങ്ങൾ പറയൂ കേൾക്കട്ടെ”. വലീദ് അവരെ പ്രോത്സാഹിപ്പിച്ചു.
ചിലർ പറഞ്ഞു. ‘ജോത്സ്യനെന്നായാലോ?’
വലീദ്: ദൈവം സത്യം, അതു ശരിയല്ല. ജോത്സ്യത്തിന്റെ ഒരു ലക്ഷണവും മുഹമ്മദിലില്ല.
“ഭ്രാന്താണെന്ന് പറഞ്ഞാലോ?”
വലീദ്: “ഭ്രാന്തന്മാരെ നാം കണ്ടിരിക്കുന്നു, അതിന്റെ ഒരു ലക്ഷണവും ഇവിടെക്കാണാനില്ല”. “കവിയാണെന്നു പറയാം?”
വലീദ്: “കവിതയുടെ വൃത്തവും അലങ്കാരവും കാൽപനികതയും ഘടനയുമൊക്കെ നന്നായി നമുക്കറിയാം.
പിന്നെന്താണ് ആരോപിക്കുക?”. “എന്നാൽ ദുർമന്ത്രവാദിയാണെന്നു പറയാം”.
വലീദ്: "ഇതു മാരണവുമല്ല. അതിലെ ഊത്തോ കെട്ടോ ഒന്നും ഇതിലില്ല”.
തുടർന്ന് അയാൾ ഖുർആനിന്റെ പ്രത്യേകതകൾ പറഞ്ഞു. ശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: 'ഇപ്പോൾ ആരോപിക്കാൻ പറ്റിയ ഒരു കാര്യം മാരണം എന്നതാണ്, മാരണക്കാരൻ'. എല്ലാവർക്കും സമ്മതമായി, അവർ തൽക്കാലം പിരിഞ്ഞു.
ഖുർആൻ ഈ വിഷയത്തിൽ ഇടപെട്ടു. വലീദിന്റെ കുതന്ത്രങ്ങളെയും നടപടികളെയും അത്ഭുതപ്പെടുത്തുന്ന ഭാഷയിൽ വിഷയം അവതരിപ്പിച്ചു. 'അൽമുദ്ദസിർ' അധ്യായത്തിലെ പത്തു മുതലുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “ഞാൻ തന്നെ സൃഷ്ടിച്ച അവനെ എനിക്ക് വിട്ടുതന്നേക്കൂ. ഞാനവനു ധാരാളം സമ്പത്ത് നൽകി. സന്നദ്ധരായി അവനൊപ്പം നിൽക്കുന്ന സന്താനങ്ങളെ നൽകി. നേതൃപദവി നൽകി. പിന്നെയും ഞാനവനു വർധിപ്പിച്ചു നൽകണമെന്ന് അവൻ മോഹിക്കുന്നു. അതുവേണ്ട. അവൻ നമ്മുടെ വചനങ്ങളോട് മത്സരിച്ചവനാണ്. അടുത്തു തന്നെ നാം അവനെ ഒരുകയറ്റം കയറ്റുന്നുണ്ട് (ശിക്ഷ). അവൻ ചിലതു ചിന്തിച്ചു. പദ്ധതിയിട്ടു. അതോടെ അവനു പടച്ചവന്റെ ശാപമേറ്റു. അതിനാൽ അവൻ നശിക്കട്ടെ. എന്താണവൻ പദ്ധതിയിട്ടത്.! പിന്നെ അവൻ ജനങ്ങളെ നോക്കി മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവൻ അഹങ്കാരത്തോടെ പിന്നോട്ടടിച്ചു. എന്നിട്ടവൻ പറഞ്ഞു, ഇതു മാരണമല്ലാതെ മറ്റൊന്നുമല്ല. ഇതു മനുഷ്യന്റെ വചനങ്ങൾ തന്നെയാണ്. വരട്ടെ, ഞാനവനെ (സഖർ) നരകത്തിലിട്ടു കരിക്കുന്നതാണ്. എന്താണ് സഖർ എന്ന് അങ്ങേക്കറിയുമോ? ഒന്നിനെയും അതു ശേഷിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. അതു ചർമം കരിച്ച് രൂപം മാറ്റിക്കളയും”.
വലീദിനൊപ്പം അഭിപ്രായ പ്രകടനങ്ങൾ നടത്തിയവരെയും ഖുർആൻ വിട്ടുകളഞ്ഞില്ല.'അൽഹിജ്റ്' അധ്യായത്തിലെ തൊണ്ണൂറ്റിയൊന്നു മുതലുള്ള സൂക്തങ്ങളുടെ ആശയസാരം നോക്കൂ: “അവരുടെ രക്ഷിതാവിനെത്തന്നെ സത്യം. ഖുർആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കിയവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും”.
ഖുർആനിന്റെ സന്ദർഭോചിതമായ അവതരണങ്ങൾ ശത്രുക്കളെ അലോസരപ്പെടുത്തി. തീർഥാടകരോട് അവർ സംസാരിച്ച കാര്യങ്ങൾ തിരുനബിയുടെ ﷺ പ്രസിദ്ധി എല്ലാ ദേശത്തുമെത്താൻ കാരണമായി.
പുറംലോകത്തു നിന്ന് ഹജ്ജിന് ആളുകൾ മക്കയിലേക്കെത്തുന്ന മുഴുവൻ വഴികളിലും മുശ്രികുകൾ1 ഇരിപ്പുറപ്പിച്ചു. അവർക്ക് നേതൃത്വം കൊടുത്തത് അബൂലഹബായിരുന്നു. വീടുകളിലും ജനങ്ങൾ സംഗമിക്കുന്ന ഇടങ്ങളിലുമുള്ളവരെ കണ്ടു. ഉക്കാള്, മജന്ന, ദുൽമജാസ് തുടങ്ങിയ ചന്തകളിലുള്ള ജനങ്ങളെ ക്ഷണിച്ചു. എല്ലായിടത്തും തിരുനബിയെ ﷺ പിന്തുടർന്നു ശല്യപ്പെടുത്താൻ അബൂലഹബുണ്ടായിരുന്നു. പ്രവാചകനെ ﷺ മതം മാറിയ വ്യക്തിയെന്നാക്ഷേപിച്ചു. ആരും ആ വ്യക്തിയെ അനുസരിക്കരുതെന്നും അതൊരു വ്യാജവാദിയാണെന്നും അയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ഒരർഥത്തിൽ വിമർശനങ്ങൾ മഹാശല്യമായിരുന്നെങ്കിലും, ഇങ്ങനെയൊരു മഹാവ്യക്തി മക്കയിലുണ്ടെന്ന് ലോകം മുഴുവനും അറിയാൻ അതൊരു കാരണമായി. ദുഷ്പ്രചരണങ്ങളുമായിറങ്ങിയവർക്ക് പ്രവാചകരെ ﷺ മാറ്റിനിർത്താൻ കഴിഞ്ഞില്ല. മുഹമ്മദ്നബിയെ ﷺ ഒരൽപം പോലും ദൗത്യത്തിൽ നിന്നു വ്യതിചലിപ്പിക്കാൻ ഉപകരിച്ചില്ല. ഏതായാലും ഹജ്ജിനുശേഷം ഈ പുതിയ മതത്തെയും പ്രവാചകരെയും ഇല്ലായ്മ ചെയ്തിട്ടേ അടങ്ങൂ എന്നവർ ശപഥം ചെയ്തു. അതിനവർ വിവിധ പ്രതിരോധമുറകൾ ആലോചിച്ചു.
ആരോപണങ്ങളും അവഗണനയും വഴി വിശ്വാസികളെ ഒറ്റപ്പെടുത്തുകയെന്നതായിരുന്നു ഒന്നാമത്തെ ആലോചന. നിരന്തരമായി പ്രവാചകർക്കെതിരെ വ്യത്യസ്ത ആരോപണങ്ങൾ അഴിച്ചുവിടാൻ അവർ ഉദ്ദേശിച്ചു. "ഉത്ബോധനം അവതരിപ്പിക്കപ്പെട്ട മനുഷ്യാ, തീർച്ചയായും നിങ്ങൾ ഒരു ഭ്രാന്തൻ തന്നെയാണ്" എന്നുള്ള അവരുടെ പരാമർശം വിശുദ്ധ ഖുർആൻ പതിനഞ്ചാം അധ്യായം ആറാം സൂക്തം ഉദ്ധരിക്കുന്നുണ്ട്. കള്ളവാദിയായ ജാലവിദ്യക്കാരനാണെന്നു മക്കക്കാർ ആരോപിച്ചത്, മുപ്പത്തിയെട്ടാം അധ്യായം നാലാം സൂക്തത്തിലുമുണ്ട്.
തിരുനബിയെ ﷺ ജ്വലിക്കുന്ന ദൃഷ്ടികൾ കൊണ്ട് മൂടാനും വൈകാരികമായി വേദനിപ്പിക്കും വിധം പെരുമാറാനും അവർ തീരുമാനിച്ചു. ഒപ്പം ഭ്രാന്ത് ആരോപിക്കുകയും ചെയ്യാം എന്നവർ കരുതി. വിശുദ്ധ ഖുർആൻ അറുപത്തെട്ടാം അധ്യായം അമ്പത്തിയൊന്നാം സൂക്തം ഈ കാര്യം അവതരിപ്പിക്കുന്നു. പ്രവാചകരുടെ ﷺ പാവപ്പെട്ട അനുയായികളെ നോക്കി പരിഹസിക്കുന്നതും അവരുടെ വിനോദമായി. ഇവർക്കാണോ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് അനുഗ്രഹം ലഭിച്ചതെന്നു ചോദിച്ച് അവർ അനുചരരെ നിസാരപ്പെടുത്തിയ കാര്യം ആറാം അധ്യായം അമ്പത്തിമൂന്നാം സൂക്തം പരാമർശിക്കുന്നു.
അതത് സമയങ്ങളിൽ അവർക്കുള്ള മറുപടികളും ഖുർആനിൽ തന്നെ വന്നു. അധ്യായം 83 ലെ 29 മുതൽ 33 വരെയുള്ള വാക്യങ്ങൾ ഈ ആശയത്തിലുള്ളതാണ്: “തീർച്ചയായും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സത്യവിശ്വാസികളെ പരിഹസിച്ചു ചിരിക്കുമായിരുന്നു. അവരുടെ മുന്നിൽ സഞ്ചരിക്കുമ്പോൾ പരസ്പരം കണ്ണു കാണിക്കുമായിരുന്നു. എന്നിട്ടവർ ബന്ധുക്കളുടെ അടുക്കലേക്ക് രസിച്ചുകൊണ്ട് കടന്നുചെല്ലും. വിശ്വാസികളെ കാണുമ്പോൾ തീർച്ചയായും ഇവർ വഴിപിഴച്ചവരാണ് എന്ന് വിളിച്ചുപറയും. എന്നാൽ സത്യവിശ്വാസികളുടെ മേൽനോട്ടക്കാരായി അവരെ നാം നിശ്ചയിച്ചിട്ടില്ല”.
ഖുർആനിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയെന്നതായിരുന്നു മറ്റൊരുപായം. പൂർവികരുടെ കെട്ടുകഥകൾ പ്രചരിപ്പിച്ച് അതിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. അതുവഴി ഖുർആൻ പഠനത്തിൽ നിന്ന് അവരെ തടുത്തുനിർത്താമെന്ന് നിനച്ചു. തിരുനബി ﷺ ഖുർആൻ ഓതുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ എത്തിച്ചേരാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്തി. നിസ്കാരത്തിലോ മറ്റോ തിരുനബി ﷺ ഖുർആൻ പാരായണം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പരിസരത്തു പോലും ജനങ്ങൾ എത്താതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. പരസ്യമായി ഖുർആൻ കേൾക്കുന്ന വിധം നിസ്കരിക്കുന്നതിൽ നിന്ന് തിരുനബിയെ ﷺ വിലക്കാൻ ശ്രമിച്ചു. ഇതുകാരണം ഖുറൈശികൾ പങ്കെടുക്കുന്ന സംഗമങ്ങളിലോ സമ്മേളനങ്ങളിലോ ഖുർആൻ പാരായണം ചെയ്യാനുള്ള അവസരം പ്രബോധനത്തിന്റെ അഞ്ചാം വർഷം വരെ തിരുനബിക്ക് ﷺ ലഭിച്ചിരുന്നില്ല. എങ്കിലും ഇടയ്ക്കിടെ യാദൃച്ഛികമായി കേട്ടവരും മനസ്സിലാക്കിയവരുമുണ്ട്.
ഖുറൈശികളുടെ കൂട്ടത്തിൽ ദുഷ്ടലാക്കുമായി നടന്ന നള്ർ ബിൻ ഹാരിസ് എന്നയാൾ ഹീറയിൽ ചെന്ന് പേർഷ്യൻ രാജാക്കന്മാരുടെയും റുസ്തമിന്റെയും അസഫന്ദിയാറുടെയും വീരകഥകൾ കേട്ടുപഠിച്ചു. ശേഷം മക്കയിലേക്കു വന്ന് തിരുനബിയുടെ ﷺ പ്രബോധന സദസ്സുകൾക്കടുത്ത് അയാൾ രംഗപ്രവേശനം ചെയ്തു. തിരുനബിയുടെ ﷺ സംഭാഷണത്തിനു ശേഷം അയാൾ പറയും, "ഞാൻ മുഹമ്മദിനെക്കാൾ സംഭാഷണ ശക്തിയുള്ള ആളാണ്”. ശേഷം മേൽ പറയപ്പെട്ട കഥകൾ അവതരിപ്പിക്കും. എന്നിട്ട് അയാൾ ചോദിക്കും; “ഇതൊക്കെ എന്റെയടുക്കൽ ഉണ്ടായിരിക്കെ മുഹമ്മദ് എങ്ങനെയാണ് എന്നെക്കാൾ വലിയ പ്രഭാഷകനാവുന്നത്". അയാൾ ചില നർത്തകിമാരെ വിലക്കെടുക്കുകയും ഇസ്ലാമിലേക്ക് സ്വാധീനിക്കപ്പെടുന്നുവെന്നറിയുന്ന ആളുകളെ വലയിൽ വീഴ്ത്താൻ അവരെ പ്രയോജനപ്പെടുത്തുകയും മദ്യം വിളമ്പുകയും പാട്ടുപാടി സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ഇബ്നു അബ്ബാസിന്റെ ഹദീസ് നിവേദനത്തിൽ വായിക്കാം. പരിശുദ്ധ ഖുർആൻ അധ്യായം 31 ലെ ആറാം സൂക്തം ഈ വിഷയം പരാമർശിക്കുന്നുണ്ട്. ഒരു വിവരവുമില്ലാതെ, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചു കളയാൻ വിനോദവാർത്തകൾ വിലക്ക് വാങ്ങുന്ന ചിലയാളുകൾ മനുഷ്യരുടെ കൂട്ടത്തിൽ ഉണ്ടെന്നാണ് പ്രസ്തുത സൂക്തത്തിന്റെ ആശയം.





