ശത്രുക്കൾ തിരുനബിക്കെതിരെ ﷺ ആയുധങ്ങളൊരുക്കുമ്പോഴും വെളിച്ചം തേടി അനേകം പേർ ആ സവിധത്തിലെത്തി. വിശ്വാസികൾക്ക് മുഴുവൻ പ്രതീക്ഷ നൽകിയ രംഗപ്രവേശമായിരുന്നു തിരുനബിയുടെ ﷺ പിതൃസഹോദരൻ ഹംസയുടെ ഇസ്ലാമാശ്ലേഷം. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ ആറാം വർഷാവസാനം, ദുൽഹിജ്ജ മാസം. സ്വഫാ മലയുടെ അടുക്കൽ വെച്ച് ഖുറൈശി പ്രമുഖനായ അബൂജഹൽ തിരുനബിയെ ﷺ ക്രൂരമായി മർദ്ദിച്ചു. പ്രകോപിതനാകാതെ മൗനം ദീക്ഷിച്ച്, സഹിഷ്ണുതയോടെ തിരുനബി ﷺ അവിടെത്തന്നെ നിന്നു. അരിശം തീരാതെ അബൂജഹൽ ഒരു കല്ലെടുത്ത് തിരുനബിയെ ﷺ ഇടിച്ചു. തിരുശരീരത്തിൽ നിന്ന് രക്തം ധാരയായി ഒഴുകി.
അബ്ദുല്ലാഹിബിന് ജുദ്ആന്റെ അടിമയായിരുന്ന ഒരു സ്ത്രീ രംഗങ്ങളെല്ലാം വീട്ടിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. വേട്ടകഴിഞ്ഞ് ചുമലിൽ വില്ലും തൂക്കിവരുന്ന ഹംസയോട് അവൾ കാര്യങ്ങൾ വിശദീകരിച്ചു. ശക്തനും ധീരനുമായ ഹംസയുടെ രക്തം തിളച്ചു. നിശബ്ദനായി അബൂജഹലിനെ ലക്ഷ്യം വെച്ചു നടന്നു. മുമ്പിൽ ചെന്ന് ധീരമായി പ്രഖ്യാപിച്ചു: "എടാ ദുഷ്ടാ…നീ എൻ്റെ സഹോദരപുത്രനെ ആക്ഷേപിച്ചു അല്ലേ. ഞാനും ഇതാ അദ്ദേഹത്തിന്റെ മതം സ്വീകരിക്കുന്നു".
കൈവശമുള്ള വില്ലുകൊണ്ട് അബൂജഹലിനെ ശക്തിയായി പ്രഹരിച്ചു. ഇതോടെ രണ്ടുപേരുടെയും ഗോത്രങ്ങൾ രംഗത്തുവന്നു. ഹംസയുടെ ‘ഹാശിമും’ അബൂജഹലിന്റെ ‘മഖ്സൂമും’. വിഷയം ഗോത്രപ്പോരിലേക്ക് വഴിവെക്കുമെന്നു കണ്ടപ്പോൾ അബൂജഹൽ ഇടപെട്ടു. "അബൂഉമാറയെ (ഹംസ) വിട്ടേക്കുക. അദ്ദേഹത്തിൻ്റെ സഹോദരപുത്രനെ ഞാൻ ചീത്ത വിളിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു പ്രതികരണമുണ്ടായത്".
ഇസ്ലാം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ കഴിഞ്ഞ ഹംസയ്ക്ക് അബൂജഹലിന്റെ ചെയ്തി, വെളിച്ചത്തിലേക്കുള്ള വാതിൽ തുറക്കുന്നതിൽ ഗതിവേഗം നൽകി. ഇസ്ലാം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി. 'അല്ലാഹുവിൻ്റെ സിംഹ'മെന്ന അപരനാമത്തിലേക്ക് ജീവിതാവസ്ഥകൾ ഉയർന്നു. ഓരോ നിമിഷവും വെളിച്ചമുള്ള ഏടുകളായി.
ഉമർ മുസ്ലിമാകുന്നു
ഖത്വാബിന്റെ മകൻ ഉമറും അബൂജഹലും മക്കയിലെ പ്രധാന ധീരന്മാരായിരുന്നു. "അല്ലാഹുവേ അവർ രണ്ടുപേരിൽ നിന്ന് നിനക്കിഷ്ടപ്പെട്ട ഒരാളെക്കൊണ്ട് ഈ മതത്തെ ശക്തിപ്പെടുത്തേണമേ"എന്ന് തിരുനബി ﷺ പ്രാർഥിക്കാറുണ്ടായിരുന്നു. ഫലം ലഭിച്ചത് ഖത്വാബിന്റെ മകൻ ഉമറിനായിരുന്നു. ഹംസയുടെ ഇസ്ലാം സ്വീകരണത്തിന്റെ മൂന്നാം ദിവസമായിരുന്നു അത്.
ഹംസയിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലമാണ് ഉമറിന്റെത്. ആരെയും വകവക്കാത്ത പ്രകൃതി. പൂർവപിതാക്കന്മാരുടെ വിശ്വാസ-ആചാരങ്ങളെ ഭക്ത്യാദരങ്ങളോടെ സ്വീകരിക്കുകയും ലഹരിയും വിനോദങ്ങളും ആവോളം അനുഭവിക്കുകയും ചെയ്യുന്ന ആൾ. ഈ സമ്പ്രദായങ്ങളോടൊക്കെ വിയോജിച്ച ഇസ്ലാമിനെ കഠിനമായി അദ്ദേഹം വിമർശിച്ചു. മുസ്ലിംകളോട് പലപ്പോഴും ക്രൂരമായി ഇടപെട്ടു. ഇതിനെല്ലാമിടയിലും അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ എവിടെയോ ആർദ്രതയും കരുണയും നിറഞ്ഞുനിന്നു. ഒരു ദിവസം കഅ്ബയുടെ അടുക്കൽ നിസ്കരിക്കുന്ന തിരുനബിയെ ﷺ അദ്ദേഹം ശ്രദ്ധിച്ചു. വിശുദ്ധ ഖുർആനിലെ അറുപത്തൊമ്പതാം അധ്യായത്തിന്റെ പാരായണം പ്രവാചകരിൽ ﷺ നിന്ന് നേരിട്ടു തന്നെ ശ്രവിച്ചു. അതിലെ ആശയങ്ങൾ ആ ഹൃദയം തൊട്ടു. മുഹമ്മദ്നബി ﷺ കവിയാണെന്നും ജോത്സ്യനാണെന്നുമുള്ള പ്രചാരണങ്ങൾ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. തിരുനബിയിൽ ﷺ നിന്നു കേട്ട അധ്യായത്തിലെ 40, 43 സൂക്തങ്ങൾ ഈ ആരോപണത്തെ ഖണ്ഡിക്കുന്നത് അദ്ദേഹം ശ്രദ്ധാപൂർവം വിലയിരുത്തി. അന്നുതന്നെ ഇസ്ലാം ഹൃദയത്തിൽ പ്രവേശിച്ചിരുന്നു എന്ന് പിന്നീടൊരിക്കൽ ഉമർ തന്നെ പറയുകയുണ്ടായി. എന്നാൽ ആ സമയത്ത് അദ്ദേഹം ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചില്ല. പാരമ്പര്യ വിശ്വാസത്തെക്കുറിച്ചുള്ള വിചാരവും, പരിസരങ്ങളുടെ സമ്മർദ്ദവും നിലനിൽക്കുന്ന ജീവിതാവസ്ഥയിൽ തന്നെ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒടുവിൽ പ്രവാചകരെ വധിക്കാൻ വാളേന്തിയിറങ്ങിയവരുടെ കൂട്ടത്തിൽ അദ്ദേഹവും ചേർന്നു.
ഉറയിൽ നിന്നെടുത്ത വാളുമേന്തി തിരുനബിയെ ﷺ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തെ നുഐം അബ്ദുല്ലാഹ് എന്നയാൾ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു, "നിങ്ങൾ എവിടേക്കാണ്?" മുഹമ്മദ് നബിയെ വധിക്കാൻ. "അങ്ങനെ നീ നിർവഹിക്കുന്ന പക്ഷം ഹാശിം, സഹ്റ ഗോത്രങ്ങൾ നിന്നെ വെറുതെവിടുമെന്നു വിചാരിക്കുന്നുണ്ടോ?" നീയും പാരമ്പര്യ വിശ്വാസം ഒഴിവാക്കി പുതിയ മതത്തിലേക്കു ചേർന്നു അല്ലേ? ഉമർ പ്രതികരിച്ചു. അപ്പോൾ നുഐം, ആശ്ചര്യകരമായൊരു കാര്യം ഞാൻ നിങ്ങളോട് പറയട്ടെ എന്ന ആമുഖത്തോടെ "നിങ്ങളുടെ സഹോദരിയും അവരുടെ ഭർത്താവും ഇസ്ലാം സ്വീകരിച്ചിരിക്കുന്നു"എന്നറിയിച്ചു.
ആ വാർത്ത ഉമറിന്റെ സഞ്ചാരഗതി മാറ്റി. വേഗം സഹോദരിയുടെ വീട് ലക്ഷ്യം വെച്ചു നീങ്ങി. അപ്പോൾ ഖബ്ബാബ് ബിൻ അല് അറത് വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് സഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. വിശുദ്ധ ഖുർആനിലെ ത്വാഹാ അധ്യായത്തിന്റെ പകർപ്പും അവരുടെ കൈവശമുണ്ട്. ഖുർആൻ പാരായണം കേട്ടുകൊണ്ട് വീട്ടിലേക്കു കടന്നുവരുന്ന ഉമറിന്റെ ശബ്ദം കേട്ട് ഖാബ്ബാബ് വീടിൻ്റെ ഒരു കോണിലൊളിച്ചു. കലിതുള്ളി വീട്ടിൽ കയറിയ ഉമർ ചോദിച്ചു: "ഞാൻ കേട്ട മൂളൽ എന്തായിരുന്നു?" ഞങ്ങൾ സംസാരിക്കുകയായിരുന്നുവെന്ന മറുപടി ഉമറിനെ തൃപ്തിപ്പെടുത്തിയില്ല. "നിങ്ങൾ രണ്ടുപേരും മതം മാറിയിട്ടുണ്ടല്ലേ എന്നുപറഞ്ഞുകൊണ്ട് സഹോദരീ ഭർത്താവിനു നേരെ ഉമർ ചാടിവീണു. ഭർത്താവിനെ രക്ഷിക്കാനെത്തിയ സഹോദരിക്കും പ്രഹരമേറ്റു. മുഖത്ത് നിന്നു രക്തം പൊട്ടിയൊലിക്കാൻ തുടങ്ങിയപ്പോൾ ഒരു പെൺപുലിയെപ്പോലെ അവർ പറഞ്ഞു: “ഉമറേ എൻ്റെ മതം സത്യമല്ലെങ്കിൽ.. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാനിതാ പ്രഖ്യാപിക്കുന്നു”.
സഹോദരിയുടെ പ്രതികരണവും അവളുടെ മുഖത്തുനിന്നൊലിക്കുന്ന രക്തവും ഉമറിനെ ദുഃഖിപ്പിക്കുകയും ജാള്യനാക്കുകയും ചെയ്തു. വിനയപുരസരം അയാൾ ചോദിച്ചു. "പാരായണം ചെയ്തുകൊണ്ടിരുന്ന ഫലകം എന്നെയൊന്നു കാണിക്കൂ. ഞാനൊന്നു വായിച്ചുനോക്കട്ടെ". ശുദ്ധിയില്ലാതെ അത് തൊട്ടുകൂടാ. മാലിന്യം നിറഞ്ഞ നിനക്ക് അതു തരാനാവില്ല. കുളിച്ച് ശുദ്ധി വരുത്തി വന്നാൽ തരാം. ഒരു കൊച്ചുകുട്ടിയെപ്പോലെ ഉമർ അനുസരിച്ചു. കുളിച്ചുവന്ന് ഖുർആൻ ഫലകം വാങ്ങി. അല്ലാഹുവിൻ്റെ തിരുനാമത്തിൽ എന്ന് തുടങ്ങുന്ന ഭാഗം വായിച്ചുതുടങ്ങി. ഒന്നു മുതൽ 14 വരെയുള്ള സൂക്തങ്ങൾ ശ്രദ്ധാപൂർവം പാരായണം ചെയ്തു. “തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനില്ല. അതുകൊണ്ട് എന്നെ നീ ആരാധിക്കുകയും എന്നെ സ്മരിക്കുന്നതിനുവേണ്ടി നിസ്കാരം കൃത്യമായി നിലനിർത്തുകയും ചെയ്യുക". ഈ ആശയമുള്ള സൂക്തം എത്തിയപ്പോഴേക്കും ഉമർ ഇങ്ങനെ പറഞ്ഞു. “എത്ര മനോഹരമായ വാക്യങ്ങളാണിത്. മുഹമ്മദ് നബി എവിടെയാണെന്ന് എനിക്കൊന്നു കാണിച്ചുതരുമോ?". ഇതുകേട്ടതും അതുവരെ ഒളിച്ചിരുന്ന ഖബ്ബാബ് പുറത്തേക്കു വന്നു. "ഉമറേ സന്തോഷിക്കുക. ബുധനാഴ്ച രാത്രിയിലെ പ്രവാചകരുടെ പ്രാർഥന നിങ്ങൾക്ക് ലഭിച്ചതുപോലെയുണ്ട്".
പിന്നെ ഒട്ടും വൈകിയില്ല. അർഖമിൻ്റെ വീട്ടിലുള്ള തിരുനബിയെ ﷺ കാണാൻ പുറപ്പെട്ടു. വാളും പിടിച്ചു വാതിൽക്കലെത്തിയ ഉമറിനെക്കണ്ട് വീട്ടിനുള്ളിലുള്ളവർ തിരുനബിയോടു ﷺ വിവരം പറഞ്ഞു. ഉമറാണ് വന്നതെന്നറിഞ്ഞപ്പോൾ ധൈര്യവാനായ ഹംസ പറഞ്ഞു, "വാതിൽ തുറന്നുകൊടുക്കൂ.. അകത്തേക്കു വരട്ടെ. സൗഹൃദത്തോടെയാണെങ്കിൽ നമുക്ക് സ്വീകരിക്കാം. അല്ലെങ്കിൽ അവൻ്റെ വാളുകൊണ്ടു തന്നെ അവനെ നമുക്ക് കൈകാര്യം ചെയ്യാം". തിരുനബി ﷺ എഴുന്നേറ്റ് അതിഥിയെ സ്വീകരിക്കുന്നതു പോലെ അദ്ദേഹത്തെ വരവേറ്റു. വസ്ത്രമാസകലം ഒന്നു കൂട്ടിപ്പിടിച്ചു. തിരുനബി ﷺ ഇങ്ങനെ പറഞ്ഞു: “അല്ലാഹുവേ ഇതാ ഉമർ വന്നിരിക്കുന്നു. ഇദ്ദേഹത്തെക്കൊണ്ട് നീ നിൻ്റെ ദീനിനെ ശക്തിപ്പെടുത്തേണമേ!” ഒരിടവേള നൽകാതെ ഉമർ ഉടനെ പറഞ്ഞു. “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്..”(അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു). ഇതു കേട്ടതും എല്ലാവരും ഉറക്കെ തക്ബീർ മുഴക്കി. കഅ്ബയുടെ അങ്കണത്തിലുള്ളവർ വരെ ആ വിജയസ്വരം കേട്ടു.
വിശ്വാസികൾക്ക് ഊർജവും അവിശ്വാസികൾക്കു ഭയവും നൽകുന്ന പ്രഖ്യാപനമായിരുന്നു ഉമറിന്റെത്. ഈ രംഗത്തെക്കുറിച്ച് പിന്നീട് ഉമർ പറഞ്ഞു: "ഞാൻ ഇസ്ലാമായതിൽ പിന്നെ ആദ്യം ചോദിച്ചത് ഇതായിരുന്നു. മക്കയിൽ ഇസ്ലാമിനോട് ഏറ്റവും ശത്രുതയുള്ള ആളാരാണ്? അവർ പറഞ്ഞു, അബൂജഹൽ. ഞാൻ അയാളുടെ വീട്ടിൽ പോയി വാതിൽ മുട്ടി. ഞാൻ ഇസ്ലാം സ്വീകരിച്ച കാര്യം അയാളോടു പറഞ്ഞു. വാതിൽ തുറന്ന അതേ ശക്തിയോടെ ദേഷ്യത്തിൽ അയാൾ വാതിലടച്ചു. നിന്നെയും നീ കൊണ്ടുവന്നതിനെയും നശിപ്പിക്കട്ടെയെന്നു പറഞ്ഞുകൊണ്ട് മടങ്ങിപ്പോയി”.
ഉമർ, ജുമൈൽ ബിൻ മുഅമ്മറിനെ സമീപിച്ചു. ഖുറൈശികൾക്ക് വാർത്തകൾ എത്തിച്ചുകൊടുക്കുന്ന അദ്ദേഹത്തോട് താൻ മുസ്ലിമായ വിവരം പറഞ്ഞു. അയാൾ നേരെ സദസ്സിലേക്കു നടന്നു. അവരോട് ഇങ്ങനെ പറഞ്ഞു. "ഉമർ മതം മാറിയിരിക്കുന്നു". പിന്നിൽ തന്നെയുണ്ടായിരുന്ന ഉമർ ഇടപെട്ടു: "അങ്ങനെയല്ല, ഞാൻ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു". കേട്ടപാടെ എല്ലാവരും ഉമറിനു നേരെ ചാടിവീണു. മധ്യാഹ്നം വരെ ഏറ്റുമുട്ടൽ തുടർന്നു. അപ്പോഴേക്കും പരിക്ഷീണനായി ഉമർ പറഞ്ഞു: "നിങ്ങളുടെ ഇഷ്ടം പോലെ ആകാം. ഞങ്ങൾ മൂന്നൂർ പേർ തികഞ്ഞാൽ ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ഞങ്ങൾ", ധീരമായി അദ്ദേഹം പ്രഖ്യാപിച്ചു.
ഉമർ ഇസ്ലാം സ്വീകരിച്ചത് ഖുറൈശികൾക്കു തീരെ സഹിക്കാനായില്ല. വധിച്ചു കളയണമെന്നു തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ഇതറിഞ്ഞ ഉമർ കുറച്ചുദിവസം വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. ജാഹിലിയ്യ കാലത്ത് ഉമറിന്റെ കൂട്ടുകാരനായിരുന്ന സഹ് മ് ഗോത്രത്തിൽപ്പെട്ട ആസിബിനു വാഇൽ ശൈത്യകാലത്തെ വസ്ത്രം ധരിച്ച് ഉമറിനെ സന്ദർശിച്ചു. എന്താണ് വീട്ടിൽ തന്നെ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിന്റെ ജനങ്ങൾ എന്നെ കൊന്നുകളയുമെന്നു മറുപടി പറഞ്ഞപ്പോൾ ഞാൻ സംരക്ഷണം നൽകിയിരിക്കുന്നുവെന്ന് ആസ്വ് പറഞ്ഞു. രണ്ടുപേരും കൂടി പുറത്തിറങ്ങിയപ്പോൾ താഴ്വാരം നിറഞ്ഞ് ജനങ്ങൾ ഉമറിനെ ലക്ഷ്യംവെച്ചു വന്നു. ആസ്വ് സംരക്ഷണം നൽകിയെന്നറിഞ്ഞപ്പോഴാണ് ശത്രുക്കൾ തിരിച്ചുപോയത്.
ഉമറിന്റെ ആഗമനം ഇസ്ലാമിന് ചെറിയ ശക്തിയൊന്നുമല്ല നൽകിയത്. ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം: ഉമറിനോട് ചോദിക്കപ്പട്ടു, "സത്യ-അസത്യ വിവേചകൻ (അൽഫാറൂഖ്) എന്ന് നിങ്ങൾക്ക് എങ്ങനെയാണ് പേരു ലഭിച്ചത്?" ഞാൻ ഇസ്ലാമിലേക്ക് വരുന്നതിനു മൂന്നുദിവസം മുമ്പാണ് ഹംസ ഇസ്ലാമിലേക്കു വന്നത്. ഞാൻ മുസ്ലിമായപ്പോൾ തിരുനബിയോടു ﷺ ചോദിച്ചു: ജീവിച്ചാലും മരിച്ചാലും നാം സത്യത്തിൽ തന്നെയല്ലേ? “എന്റെ ആത്മാവിന്റെ അധിപനായ അല്ലാഹു സത്യം, നിങ്ങൾ ജീവിച്ചാലും മരിച്ചാലും സത്യത്തിൽ തന്നെയാണ്” തിരുനബി പ്രതിവചിച്ചു. എങ്കിൽ പിന്നെ എന്തിനാണ് നാമിങ്ങനെ ഒളിച്ചുവസിക്കുന്നത്? ഉമർ തിരുനബിയോടു ﷺ ചോദിച്ചു. “നിങ്ങൾക്ക് നേർവഴി തന്ന അല്ലാഹു സാക്ഷി! നാം ഹറം പ്രവേശനം ചെയ്യുക തന്നെ ചെയ്യും” തിരുനബിയുടെ മറുപടി. അപ്പോൾ ഞങ്ങളെല്ലാവരും രണ്ടു സംഘമായി പുറത്തിറങ്ങി. ഒരു സംഘത്തിനു ഞാനും അടുത്ത സംഘത്തിന് ഹംസയും നേതൃത്വം നൽകി. ഞങ്ങൾ നേരെ ഹറമിൽ പ്രവേശിച്ചു. ആ സമയത്ത് ഖുറൈശികളുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു. അപ്പോൾ അവരുടെ മുഖത്ത് തെളിച്ചം നഷ്ടപ്പെട്ടിരുന്നു. അന്നാണ് തിരുനബി ﷺ എന്നെ ‘അൽഫാറൂഖ്’ എന്ന് അഭിസംബോധന ചെയ്തത്.
ഇസ്ലാമിലെ ആദ്യത്തെ പ്രകടനമെന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കരുത്തനായ ഉമറിന്റെ ആഗമനമാണ് ഇത്തരമൊരു രംഗപ്രവേശനത്തിനു നിമിത്തമായത്. അതുവരെ കഅ്ബയുടെ പരിസരത്ത് പരസ്യമായി നിസ്കരിക്കാൻ പോലും പാവപ്പെട്ട വിശ്വാസികൾക്ക് കഴിയുമായിരുന്നില്ലെന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നുണ്ട്. ഞങ്ങൾ പ്രതാപമുള്ളവരായി മാറിയത് ഉമറിന്റെ ഇസ്ലാം സ്വീകരണത്തോടെയാണെന്ന് ഇബ്നു മസ്ഊദ് തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
റോം കാരനായ ശുഹൈബ് പറഞ്ഞു: "ഉമർ ഇസ്ലാമിലേക്കു വന്നതോടെ ഇസ്ലാം ജയിച്ചു. പരസ്യ പ്രബോധനം ആരംഭിച്ചു. ഞങ്ങൾ കഅ്ബയുടെ ചുറ്റുമിരിക്കുകയും പരസ്യമായി ത്വവാഫ് നിർവഹിക്കുകയും ചെയ്തു. ഞങ്ങളെ ആക്രമിക്കാൻ വരുന്നവരെ നേരിടാനും തുടങ്ങി."





