ഉപായങ്ങളും ഉപാധികളും പരാജയപ്പെട്ടപ്പോൾ പുതിയവഴികൾ ആലോചിച്ചു, ഖുറൈശീ സമൂഹം. അബൂത്വാലിബിനെ (മുഹമ്മദ് നബിയുടെ പിതൃവ്യൻ) അനുനയിപ്പിച്ച് സഹോദരപുത്രനെ കൊലചെയ്യാൻ വിട്ടുതരാൻ ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചില്ല. അതോടെ ഹാശിം കുടുംബത്തോടു മുഴുവനും ഇസ്ലാം വിരോധികൾക്കു ശത്രുതയായി. ഇനി അവരെ ഒന്നാകെ ഉപരോധിക്കാമെന്ന വിചാരത്തിലേക്ക് നീങ്ങി. സമ്മർദത്തിലൂടെ തിരുനബിയെ ﷺ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനാവശ്യമായ ഒരു ഉപരോധക്കരാർ അവർ തയ്യാറാക്കി.
ബനൂഹാശിം, ബനുൽമുത്വലിബ് കുടുംബങ്ങളുമായി മറ്റുള്ളവർ പൂർണമായും നിസ്സഹകരണം പ്രഖ്യാപിക്കുന്നു. അവരിൽ നിന്ന് വിവാഹബന്ധങ്ങൾ സ്വീകരിക്കാനോ ഉണ്ടാകാനോ പാടില്ല. സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ പാടില്ല. അവരോട് അനുകമ്പ കാണിക്കുകയോ യാതൊരുവിധ ഉടമ്പടികളിലും ഏർപ്പെടുകയോ ചെയ്യരുത്. പ്രവാചകരെ വധിക്കാൻ വിട്ടുതരുന്നതുവരെ ഈ ഉപരോധം തുടരും. ഇതായിരുന്നു നിസ്സഹകരണ ഉടമ്പടി. കരാർ കഅ്ബയുടെ അകത്തളത്തിൽ സൂക്ഷിച്ചു. ഉടമ്പടി എഴുതിയുണ്ടാക്കിയത് ആരാണെന്നതിൽ വിവിധ അഭിപ്രായങ്ങളുണ്ട്. മൻസൂർ ബിൻ ഇക്രിമ, നള്ർ ബിൻ ഹാരിസ്, ബുഗൈള് ബിൻ ആമിർ, ഹിശാം ബിൻ അംറ് എന്നിവരുടെ പേരുകളാണ് വ്യത്യസ്ത ചരിത്രകാരന്മാർ ഉദ്ധരിച്ചത്.
ബനൂഹാശിം, ബനുൽമുത്വലിബ് കുടുംബക്കാർ ഒന്നാകെ ശിഅബ് അബീത്വാലിബിൽ (അബൂത്വാലിബിന്റെ താഴ്വര) ഒറ്റപ്പെട്ടു. വിശ്വാസികളും കുടുംബക്കാരായ അവിശ്വാസികളും ഏറെ ദുരിതത്തിലായി. ശത്രുക്കളുടെ കണ്ണ് വെട്ടിച്ചെത്തുന്ന അൽപം ഭക്ഷണത്തിൽ തൃപ്തിപ്പെടേണ്ടി വന്നു. അതും എത്താതെയായ ദിവസം മുഴുപ്പട്ടിണിയിലായി. തഴ്വരയിലെ ഇലയും കായയും കഴിച്ച് വായ മുറിഞ്ഞു. ആടുകളുടെതിന് സമാനമായി വിസർജ്യം.
ഉപരോധം ശക്തമായിത്തന്നെ നിലനിർത്താൻ ഖുറൈശികൾ സദാ ശ്രദ്ധിച്ചു. ഏതെങ്കിലും വഴിയിൽ ഭക്ഷണമോ വിഭവങ്ങളോ താഴ്വരയിലെത്താതിരിക്കാൻ അവർ പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഹകീം ബിൻ ഹിസാം അമ്മായി ഖദീജക്കു വേണ്ടി കൊണ്ടുപോയ ധാന്യം വഴിയിൽ വെച്ച് അബൂജഹൽ തടഞ്ഞു. ഭക്ഷണം എത്തിച്ചുകൊടുക്കുന്ന പക്ഷം പരസ്യമായി മാനം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി. അതു ശ്രദ്ധയിൽപെട്ട അബുൽബക്തരി പറഞ്ഞു."അയാളെ അയാളുടെ വഴിക്ക് വിടൂ. അയാളുടെ അമ്മായിക്ക് ഭക്ഷണവുമായി പോവുകയല്ലേ?" പക്ഷേ അബൂജഹൽ കൂട്ടാക്കിയില്ല. അവർ തമ്മിൽ വാക്കേറ്റമായി. അവസാനം ബക്തരി ഒട്ടകത്തിന്റെ താടിയെല്ലെടുത്ത് അബൂജഹലിനെ അടിച്ചു മുറിവേൽപ്പിച്ചു. ചവിട്ടി മർദിച്ചു. ഈ വിവരം തിരുനബി ﷺ അറിയുന്നത് ഖുറൈശികൾക്ക് വലിയ മാനക്കേടായിരുന്നു. എന്നാൽ രംഗത്തിന് ഹംസ (മുഹമ്മദ് നബിയുടെ പിതൃവ്യപുത്രൻ) സാക്ഷിയായി.
ബനൂഹാശിം കുടുംബക്കാരനായ അബൂലഹബും (മുഹമ്മദ് നബിയുടെ പിതൃവ്യൻ) ആദ്യഘട്ടത്തിൽ താഴ്വരയിലുണ്ടായിരുന്നു. എന്നാൽ വൈകാതെ അയാൾ ശത്രുക്കളോടൊപ്പം ചേർന്നു. പരസ്യമായി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിംകൾക്കെതിരെ തിരിഞ്ഞു. അങ്ങനെയിരിക്കെ ഉത്ബയുടെ മകൾ ഹിന്ദിനെ കണ്ടുമുട്ടി. അവളോടു പറഞ്ഞു. ലാത്തയെയും ഉസ്സയെയും (അവർ ആരാധിക്കുന്ന വിഗ്രഹങ്ങൾ) നാം സഹായിക്കണ്ടേ? അതുകൊണ്ട് അവരെ ഒഴിവാക്കിയവരെ നമ്മളും ഒഴിവാക്കി. മൂന്നുവർഷം ഈ ഉപരോധം തുടർന്നു. ഈ സമയമെല്ലാം അബൂത്വാലിബ് തിരുനബിക്ക് ﷺ ഒരു രക്ഷാകവചമായി നിലകൊണ്ടു. എല്ലാ രാത്രിയിലും തിരുനബി ﷺ ഉറങ്ങാൻ കിടക്കുന്ന സ്ഥലത്ത് ചെല്ലും. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളെ അവിടെക്കിടത്തും. തിരുനബിയെ ﷺ സ്ഥലങ്ങൾ മാറ്റി മാറ്റിക്കിടത്തും. ഇങ്ങനെ എല്ലാവിധത്തിലും പ്രവാചകരെ ശത്രുക്കൾക്കു വിട്ടുകൊടുക്കാതെ കാത്തു.
താഴ്വരയിലെ ജീവിതം ദുസ്സഹമായി. പക്ഷേ ഒരു വിശ്വാസിയും മാറിച്ചിന്തിച്ചില്ല. സഹിഷ്ണുതയോടെ അതിജീവിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം തിരുനബി ﷺ അബൂത്വാലിബിനെ വിളിച്ചു."പിതൃസഹോദരാ.. ഖുറൈശികൾ നമുക്കെതിരെ തയ്യാറാക്കി കഅ്ബയുടെ ഉള്ളിൽ സൂക്ഷിക്കുന്ന കരാർപത്രം ചിതലരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഒഴികെയുള്ള ഭാഗങ്ങൾ മുഴുവൻ നശിച്ചിരിക്കുന്നു". അബൂത്വാലിബ് ചോദിച്ചു. അല്ലാഹുവാണോ മോനെ ഇതറിയിച്ചത്? അതെ."ശരി, മോനെ ആരും മറികടക്കുകയില്ല"
അബൂത്വാലിബ് ഒരു സംഘത്തോടൊപ്പം ഖുറൈശികളെ സമീപിച്ചു. ഉപരോധത്തിൽ നിസ്സഹായരായ ജനങ്ങൾ തിരുനബിയെ ﷺ ഖുറൈശികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിച്ചു വരികയാണെന്നവർ കരുതി. അബൂത്വാലിബ് പറഞ്ഞുതുടങ്ങി."നമുക്കിടയിൽ സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനിയതു വിശദീകരിക്കുന്നില്ല. ഞങ്ങൾക്കെതിരെ എഴുതിയ കരാർ ഒന്നെടുക്കൂ. നമുക്കിടയിലുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താം". ചിതലരിച്ച കാര്യം മുൻകൂട്ടിപ്പറഞ്ഞാൽ അവർ എന്തെങ്കിലും കൃത്രിമം ചെയ്തേക്കുമോയെന്ന് ഭയന്നുകൊണ്ടാണ് അബൂത്വാലിബ് ഇങ്ങനെ പറഞ്ഞത്. ഖുറൈശികൾ കഅ്ബയുടെ ഉള്ളിൽ നിന്ന് കരാർ അടക്കം ചെയ്ത പേടകം സദസ്സിൽ ഹാജരാക്കി. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. "നിങ്ങൾ പുതുതായി സ്വീകരിച്ച ആശയത്തിൽ നിന്ന് മടങ്ങാനുള്ള സമയമാണിത്". അബൂത്വാലിബ് ഇടപെട്ടു. "ഞാൻ നമുക്കിടയിൽ മധ്യസ്ഥതക്കുള്ള ഒരു അഭിപ്രായവുമായിട്ടാണ് വന്നിട്ടുള്ളത്. എന്റെ സഹോദരപുത്രൻ പറയുന്നു, അദ്ദേഹം കളവൊന്നും പറയാറില്ലല്ലോ? നിങ്ങൾ അക്രമപരമായി എഴുതിയുണ്ടാക്കിയ കരാർപത്രത്തിലേക്ക് അല്ലാഹു ചിതലുകളെ അയച്ചിരിക്കുന്നു. പത്രത്തിലെ 'അല്ലാഹു' എന്ന പദമൊഴികെ എല്ലാം ചിതലുകൾ ഭക്ഷിച്ചിരിക്കുന്നു. പ്രവാചകർ ﷺ പറഞ്ഞ ഇക്കാര്യം സത്യമാണെങ്കിൽ ഒരിക്കലും മുഹമ്മദിനെ നിങ്ങൾക്ക് വിട്ടുതരില്ല. സത്യമല്ലെങ്കിൽ വിട്ടുതരാം. നമുക്കിടയിലൊരു തീരുമാനമാകാം". അവർ സമ്മതിച്ചു. കാരണം മൂന്ന് വർഷങ്ങൾക്ക് മുമ്പ് എഴുതിത്തയ്യാറാക്കി കഅ്ബയിൽ സൂക്ഷിച്ച കരാർപത്രം യാതൊരുവിധേനയും തിരുനബിക്ക് ﷺ കാണാനോ അതിനെ സംബന്ധിച്ചറിയാനോ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആവേശപൂർവം അവർ പേടകം തുറന്നു. എന്തൊരത്ഭുതം! തിരുനബി ﷺ പറഞ്ഞതുപോലെ, അബൂത്വാലിബ് അറിയിച്ച കാര്യം സത്യമായി പുലർന്നിരിക്കുന്നു!
യഥാർഥത്തിൽ കാര്യബോധമുള്ളവർ അതുൾകൊള്ളേണ്ടതാണ്. പക്ഷേ ഇരുട്ടിന്റെ കൂട്ടുകാർക്ക് അവരുടെ പക ഒടുങ്ങിയില്ല. അവർ പുതിയ ആരോപണം പുറത്തെടുത്തു,"ഇത് നിങ്ങളുടെ സഹോദരപുത്രന്റെ മാരണമാണ്.” ഉടനെ അബൂത്വാലിബ് ചോദിച്ചു:"സത്യവും അസത്യവും വേർതിരിഞ്ഞതിൽ പിന്നെ നിങ്ങൾ എന്ത് ന്യായത്തിലാണ് ഞങ്ങളെ ഉപരോധിക്കുക? നിങ്ങളല്ലേ യഥാർഥത്തിൽ അക്രമവും അനീതിയും ചെയ്യുന്നത്?" അബൂത്വാലിബും ഒപ്പമുള്ളവരും കഅ്ബയുടെ ഉള്ളിലേക്കു കടന്നുനിന്നു. ശേഷം പ്രാർഥിച്ചു."അല്ലാഹുവേ! ഞങ്ങളെ ഉപരോധിക്കുകയും അക്രമിക്കുകയും ബന്ധം മുറിക്കുകയും ചെയ്തവർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!” അവർ താഴ്വരയിലേക്കു മടങ്ങി. തീക്ഷ്ണമായ ഉപരോധത്തിന്റെ നാളുകൾ അങ്ങനെ അവസാനിച്ചു. പക്ഷേ പരീക്ഷണങ്ങൾ വളർന്നു പടർന്നുകൊണ്ടിരുന്നു.





