ദുഷ്പ്രചരണങ്ങളും ജനങ്ങൾ ഖുർആൻ കേൾക്കാതിരിക്കാനുള്ള നയങ്ങളും കാര്യമായ ഫലങ്ങളൊന്നും നൽകിയില്ല. ഏതാനും ആഴ്ചകളും മാസങ്ങളും അവർ പരിശ്രമം തുടർന്നു. ഒടുവിൽ മറ്റു മാർഗങ്ങൾ തേടിയേതീരൂ എന്ന വിചാരത്തിലേക്കെത്തി. അതിനുവേണ്ടി ചർച്ചകൾ ഒരുക്കി. മുസ്ലിംകളെ പീഡിപ്പിക്കാനും മർദ്ദിക്കാനുമുള്ള തീരുമാനങ്ങളോടെയായിരുന്നു ആ യോഗം പിരിഞ്ഞത്. ഓരോ ഗോത്രത്തിലെയും നേതാക്കൾ അവരുടെ ഗോത്രത്തിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവരെ ശാരീരികമായി കൈകാര്യം ചെയ്യുക, അതാണ് ഒരു തീരുമാനം. അടിമകളിൽ നിന്ന് ഇസ്ലാം പുൽകിയവരെ യജമാനർ കൈകാര്യം ചെയ്യാനുമുള്ള നിർദ്ദേശമുണ്ടായി. മുസ്ലിംകളോട് ശത്രുത പ്രകടമാക്കാനുള്ള ശക്തമായൊരു തുടക്കമായിരുന്നു അത്. പ്രത്യേകിച്ച് ദുർബലരും പാവപ്പെട്ടവരുമായ നിരവധി ആളുകളെ മാനുഷികമൂല്യങ്ങൾ മുഴുവനും ലംഘിച്ചുകൊണ്ട് അക്രമിക്കാൻ തുടങ്ങി. സമൂഹത്തിൽ എന്തെങ്കിലും സ്ഥാനപദവികളുള്ളവർ ഇസ്ലാം സ്വീകരിച്ചാൽ അവരുടെ മുഴുവൻ പദവികളും നഷ്ടപ്പെടുത്താൻ അബൂജഹൽ രംഗത്ത് വന്നു. സാമ്പത്തികമായ ആസ്തിയുള്ളവരാണെങ്കിൽ അവരുടെ ആസ്തികൾ മുഴുവനും അയാൾ പിടിച്ചെടുത്തു. പാവപ്പെട്ടവരോ ദുർബലരോ ആണെങ്കിൽ അവരെ ക്രൂരമായി ശിക്ഷിച്ചു.
പ്രവാചക അനുചരനായ ഉസ്മാൻ ബിൻ അഫാൻ ഇസ്ലാം സ്വീകരിച്ചുവെന്നറിഞ്ഞപ്പോൾ പിതൃസഹോദരൻ, അദ്ദേഹത്തെ ഈത്തപ്പനയോലയിൽ പൊതിഞ്ഞ് താഴെ പുകയിട്ടു. ജീവിത സൗകര്യങ്ങളിൽ സന്തോഷിച്ചു ജീവിച്ചിരുന്ന മിസ്അബ് ബിൻ ഉമൈറിനെ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മാതാവ് പട്ടിണിക്കിടുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു. വിശപ്പ് സഹിച്ച് ദാരിദ്ര്യത്തിൽ കഴിയവേ അദ്ദേഹത്തിന്റെ ശരീരം പലഭാഗത്തും വിണ്ടുകീറാൻ തുടങ്ങി. റോമക്കാരനായിരുന്ന സുഹൈബിന് മർദ്ദനങ്ങളുടെ ശക്തികൊണ്ട് ഗ്രാഹ്യശേഷിതന്നെ നഷ്ടപ്പെട്ടുപോയി. അബൂഫുകൈഹയെ മുതലാളിമാരായ അബ്ദുദാർ ഗോത്രക്കാർ കാലിൽ ചങ്ങലകൾ ബന്ധിച്ച് മധ്യാഹ്ന നേരത്ത് നഗ്നനാക്കി പാറപ്പുറത്തു കയറ്റി, മരുഭൂമിയിലൂടെ കെട്ടിവലിച്ചു. മരുഭൂമിയിലൂടെ കെട്ടിവലിക്കുമ്പോൾ അദ്ദേഹം മരിച്ചുപോയി എന്ന ധാരണയിൽ അവർ ഉപേക്ഷിച്ചുപോവുകയും അതുവഴി കടന്നുവന്ന അബൂബകർ സിദ്ദീഖ് അദ്ദേഹത്തെ വിലയ്ക്കു വാങ്ങി മോചിപ്പിക്കുകയും ചെയ്തു.
റോമൻ അടിമസ്ത്രീയായിരുന്ന സിന്നീറ ഇസ്ലാം സ്വീകരിച്ച കാരണം അവരെയും ഖുറൈശികൾ മർദിച്ചു. മർദ്ദനത്തിന്റെ കാഠിന്യത്താൽ അവരുടെ കാഴ്ച നഷ്ടപ്പെട്ടു. ലാത്തയുടെയും ഉസ്സയുടെയും ശാപം കൊണ്ടാണ് ഇങ്ങനെ ഉണ്ടായതെന്ന് അവർ ആക്ഷേപിച്ചു. വിശ്വാസം ഹൃദയത്തിൽ നിറഞ്ഞ അവർ വിളിച്ചുപറഞ്ഞു: “അല്ലാഹു സത്യം, ഒരിക്കലും അങ്ങനെയല്ല ഇത്. അല്ലാഹുവിൽ നിന്നുള്ള വിധിയാണ്. അവൻ ഉദ്ദേശിച്ചാൽ ഇതു ഭേദപ്പെട്ടു കിട്ടും”. പിറ്റേന്നു തന്നെ അവർക്ക് കാഴ്ച തിരിച്ചുലഭിച്ചു. എന്നാൽ അതും ഉൾക്കൊള്ളാൻ അവർ തയ്യാറായില്ല. മുഹമ്മദ് നബിയുടെ ﷺ മാന്ത്രിക വിദ്യയാലാണ് കാഴ്ച ലഭിച്ചത് എന്നവർ പ്രചരിപ്പിച്ചു.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ അസ് വദ് ബിൻ അബ്ദുയഗൂസ് അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്തിരുന്ന അടിമപ്പെൺകുട്ടിയായ ഉമ്മു ഉബൈസിനെ ക്രൂരമായി പീഡിപ്പിച്ചു. സഹ്റ ഗോത്രക്കാരുടെ നേതാവായിരുന്ന അസ് വദ് തിരുനബിയോട് കടുത്ത വിരോധം വെച്ചുപുലർത്തിയിരുന്ന ആളായിരുന്നു. അദിയ്യ ഗോത്രത്തിലെ അംർ ബിൻ മുഅമലിന്റെ അടിമപ്പെൺകുട്ടി ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ അന്ന് ബഹുദൈവ വിശ്വാസിയായിരുന്ന ഉമർ കഠിനമായി അവരെ മർദ്ദിച്ചു. മർദ്ദനമേറ്റ് ശരീരം മുഴുവനും നീരു പടർന്നപ്പോൾ തത്കാലം നിന്നെ ഒഴിവാക്കുന്നുവെന്നു പറഞ്ഞ് അവരെ വിട്ടുപോയി. ഈവിധം ക്രൂരമർദ്ദനങ്ങളാൽ പരീക്ഷണവിധേയരായവർ നിരവധി.
നഹ്ദിയ്യയും പുത്രിയും അബുദാർ ഗോത്രക്കാരുടെ കീഴിൽ ജീവിക്കുന്നവരായിരുന്നു. അവരും ആമിർ ബിൻ ഫുഹൈറയും ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മർദ്ദനങ്ങള് ഏറ്റുവാങ്ങി. അതുവഴി അദ്ദേഹത്തിന്റെ ഗ്രാഹ്യശേഷിപോലും നഷ്ടപ്പെട്ടുവെന്നാണു ചരിത്രം. പീഡനമുറകളേറ്റ് ഏറെ വേദനയനുഭവിച്ച ചിലരെ തുടർന്ന് വായിക്കാം. അതോടൊപ്പം ഈ അനിവാര്യഘട്ടത്തിൽ പ്രവാചക അനുചരൻ അബൂബകർ നിർവഹിച്ചിരുന്ന ചിലദൗത്യങ്ങളെയും.





