ഇമാം ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്ന ഒരു ചരിത്രസംഭവം. ഒരു ദിവസം തിരുനബി ﷺ കഅ്ബ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സമുദായനേതാക്കളായ ചിലർ പ്രവാചകരെ ﷺ സമീപിച്ചു; വലീദ് ബിൻ മുഗീറ, ഉമയ്യത് ബിൻ ഖലഫ്, ആസ്വ് ബിൻ വാഇൽ. അവർ ഒരു മധ്യസ്ഥവർത്തമാനം പറഞ്ഞു. "മുഹമ്മദേ… നിങ്ങൾ ആരാധിക്കുന്നതിനെ ഞങ്ങളും ആരാധിക്കാം. ഞങ്ങൾ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുക. അങ്ങനെ നമുക്ക് ആരാധനയിൽ പങ്കുകാരാവാം. നിങ്ങളുടെ ദൈവത്തിനാണ് ശ്രേഷ്ഠതയെങ്കിൽ അത് ഞങ്ങൾക്കും ലഭിക്കും. ഞങ്ങളുടെ ദൈവത്തിനാണെങ്കിൽ നിങ്ങൾക്കും”
ഈ വർത്തമാനത്തോടുള്ള തിരുനബിയുടെ ﷺ പ്രതികരണം ഖുർആൻ അധ്യായമായി അവതരിച്ചു. നൂറ്റിയൊമ്പതാമത്തെ അധ്യായം അൽകാഫിറൂൻ. ആശയം ഇങ്ങനെ, "നബിയേ, പറയുക: സത്യനിഷേധികളേ.. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്ക് എന്റെ മതം”
വിശ്വാസകാര്യത്തിലാണല്ലോ ഏറ്റവും കണിശത പുലര്‍ത്തേണ്ടത്. തിരുനബിയുടെ ﷺ ദൃഢമായ നിലപാടിൽ അവർ നിസ്സഹായരായി. എങ്കിലും പിന്മാറുന്നതിനു പകരം ചില ഭേദഗതികളെങ്കിലുമുണ്ടായാൽ നന്നായിരുന്നുവെന്നവർ പറഞ്ഞുകൊണ്ടിരുന്നു. ഈ വിഷയത്തിൽ ഖുർആൻ പ്രതികരിച്ചു. വിശുദ്ധ ഖുർആനിലെ പത്താം അധ്യായം പതിനഞ്ചാം സൂക്തം.“നിങ്ങൾ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടുവരികയോ ഇതിൽ ഭേദഗതിവരുത്തുകയോ ചെയ്യുക, നബിയേ, പറയുക: എന്റെ സ്വന്തം വകയായി അതു ഭേദഗതി ചെയ്യാന്‍ എനിക്കനുവാദമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയാനകമായ ഒരുദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു”. വിശുദ്ധ ഖുർആൻ പതിനേഴാം അധ്യായം 73 മുതൽ 75 വരെയുള്ള സൂക്തങ്ങളുടെ ആശയം കൂടി ചേർത്തുവായിക്കാം. “തീര്‍ച്ചയായും നാം നബിക്കു ബോധനം നല്കിയിട്ടുള്ളതില് നിന്ന് തെറ്റിച്ചുകളയാന്‍ അവർ ഒരുങ്ങിയിരിക്കുന്നു. തങ്ങൾ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ അവര്‍ തങ്ങളെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും. തങ്ങളെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവരിലേക്ക് അല്പമൊക്കെ ചാഞ്ഞു പോയേക്കുമായിരുന്നു. എങ്കില്‍ ജീവിതത്തിലും, മരണത്തിലും ഇരട്ടി ശിക്ഷയായിരിക്കും നാം ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ തങ്ങൾക്കു സഹായം നല്കാന് യാതൊരാളെയും കണ്ടെത്തുകയില്ല”
ഉറച്ച നിലപാടുകളുടെ പാരായണമായിരുന്നു തിരുനബി ﷺ തിരിച്ചുനൽകിയത്. ആശയഭേദഗതിയിലൂടെയുള്ള അവരുടെ അനുരഞ്ജനത്തിന്റെ തന്ത്രവും പാഴായി. നിരാശരായ ഖുറൈശികൾ പുതിയ വഴികൾ അന്വേഷിച്ചിറങ്ങി.
ഖുറൈശികളിലെ ഒരു പൈശാചിക സാന്നിധ്യമായിരുന്നു നള്റ് ബിൻ അൽഹാരിസ്. തിരുനബിയെ ﷺ അയാൾ പലവിധേനെയും പ്രയാസപ്പെടുത്തി. ഒരിക്കൽ അയാൾ ജനങ്ങളെ വിളിച്ചു."ഖുറൈശികളേ.. നിങ്ങൾക്കു വന്നുഭവിച്ചിരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. അതിൽനിന്നു രക്ഷപ്പെടാൻ വഴികളുണ്ടെന്നു തോന്നുന്നില്ല. മുഹമ്മദ് നിങ്ങൾക്കിടയിൽ ഒരു നല്ല കുട്ടിയായി വളർന്നു. എല്ലാവർക്കും തൃപ്തിയും വിശ്വസ്തതയും സത്യസന്ധയുമുള്ള വ്യക്തിയായി മാറി. മധ്യവയസ്കനായപ്പോൾ ഒരു പുതിയ വൃത്താന്തവുമായി വന്നു. അപ്പോൾ നിങ്ങൾ മാരണമാണിതെന്നു പറഞ്ഞു. ഇത് മാരണമൊന്നുമല്ല. അതിന്റെ യാതൊരു ലക്ഷണവും ഈ പ്രവൃത്തികളിലില്ല. മാരണക്കാരുടെ ഊത്തും കെട്ടുമൊക്കെ നമുക്കറിയുന്നതല്ലേ? പിന്നെ ജോത്സ്യമാണെന്നു പറഞ്ഞു. ഇതു ജോത്സ്യവുമല്ല. അവരുടെ താളവും ശൈലിയുമൊക്കെ നമുക്കു പരിചയമുള്ളതല്ലേ? ശേഷം കവിതയാണെന്നു പറഞ്ഞു. പടച്ചവൻ സത്യം, ഇതു കവിതയുമല്ല. നമ്മളെത്ര കവിത ഉദ്ധരിച്ചവരാണ്. അതിന്റെ വൃത്തവും അലങ്കാരവും നമുക്കെത്ര സുപരിചിതമാണ്. തുടർന്ന്, ഇതു ഭ്രാന്താണെന്നായി. അല്ലാഹു സത്യം, ഇത് ഭ്രാന്തുമല്ല. എത്രയോ ഭ്രാന്തന്മാരെ നാം കണ്ടിരിക്കുന്നു. അവർക്കുളള വിഭ്രാന്തിയോ ഭാവമാറ്റമോ കൃത്യതയില്ലായ്മയോ ഒന്നും ഇവിടെ ഇല്ലേയില്ല. അപ്പോൾ ഈ വന്നുഭവിച്ചത് ഒരു വലിയ പ്രശ്നം തന്നെയാണ്. നിങ്ങൾ അതിനുള്ള പോംവഴികൾ നോക്കിക്കോളൂ. (നള്റ് പിൽക്കാലത്ത് ബദ്റ് യുദ്ധത്തിൽ വെച്ച് നബിയനുചരൻ അലിയെ നേരിടുകയും കൊല്ലപ്പെടുകയും ചെയ്തു)
തിരുനബി ﷺ മുൻഗാമികളുടെ ചരിത്രവും മറ്റും പറഞ്ഞെഴുന്നേൽക്കുന്ന സദസ്സിൽ നള്റ് വന്നിരിക്കും. ശേഷമവിടെ രാജാക്കന്മാരുടെ കഥകൾ പറയും. എന്നിട്ടയാൾ വിശദീകരിക്കും, "ഞാനീ പറയുന്ന പോലെയുള്ള കഥകളാണ് മുഹമ്മദ് പറഞ്ഞുകൊണ്ടിരിക്കുന്നത്." കാരണം നള്റ് ‘ഹിയറ’ എന്ന ദേശത്ത് പോയിട്ടുണ്ടായിരുന്നു. അവിടെ നിന്ന് പേർഷ്യൻ രാജാക്കന്മാരുടെ ചരിത്രങ്ങളും കഥകളുമൊക്കെ അയാൾക്ക് കേട്ടു പരിചയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനം ജനങ്ങളെ ആശയകുഴപ്പത്തിലാക്കി. 'അൽഖലം' അധ്യായത്തിലൂടെ ഖുർആൻ ആ നടപടിയെ കൈകാര്യം ചെയ്തു.
നള്റിന്റെ വിവരണങ്ങൾ കേട്ടപ്പോൾ ഖുറൈശികൾ അയാളെയും ഉഖ്ബത് ബിൻ അബീ മുഐതിനെയും മദീനയിലേക്കയച്ചു. അവിടെയുള്ള വേദപണ്ഡിതന്മാരെ സന്ദർശിക്കുക. മുഹമ്മദ് നബിയെക്കുറിച്ചു സംസാരിക്കുക. അവരുടെ പക്കലുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകരുടെ നിജസ്ഥിതി മനസ്സിലാക്കുക. ഇതാണ് ദൗത്യം. രണ്ടു പേരും മദീനയിലെത്തി. ജൂതപുരോഹിതന്മാരെ സമീപിച്ചു. വിവരങ്ങൾ പങ്കുവെച്ചു. അവർ വിവരങ്ങളെല്ലാം ശ്രദ്ധാപൂർവം കേട്ടു."മൂന്നുകാര്യങ്ങൾ നിങ്ങൾ മുഹമ്മദിനോടു ചോദിക്കുക. ശരിയായ ഉത്തരം പറഞ്ഞാൽ ആ വ്യക്തി പ്രവാചകനായിരിക്കും. അല്ലാത്തപക്ഷം വ്യാജമായ അവകാശവാദമായിരിക്കുമത്. ഒന്ന്: ആദ്യകാലത്ത് യാത്ര ചെയ്ത, അത്ഭുതയുവാക്കൾ ആരാണ്? രണ്ട്: ലോകം ചുറ്റി ഉദയാസ്തമയങ്ങൾ പ്രാപിച്ച വ്യക്തിയാരാണ്? അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ എന്താണ്? മൂന്ന്: ആത്മാവിനെക്കുറിച്ച് എന്തു പറയുന്നു?"
രണ്ടുപേരും മക്കയിലേക്കു മടങ്ങി. ഖുറൈശികളെ വിവരങ്ങൾ ധരിപ്പിച്ചു. അവർ തിരുനബിയെ ﷺ സമീപിച്ചു. മേൽപറയപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു. അവിടുന്ന് പറഞ്ഞു." നാളെ ഞാൻ പറഞ്ഞുതരാം. പക്ഷേ ‘ഇൻശാ അല്ലാഹ്’ (അല്ലാഹു നിശ്ചയിച്ചാൽ) എന്നുകൂടി പറയാൻ വിട്ടുപോയി. അങ്ങനെ പതിനഞ്ച് ദിവസം കഴിഞ്ഞു. അവിശ്വാസികൾ പറഞ്ഞു. "എന്തുപറ്റി? ചോദ്യങ്ങൾക്ക് ഉത്തരം പറയാമെന്നു പറഞ്ഞിട്ട് ദിവസങ്ങളായല്ലോ?". തിരുനബി ﷺ സ്വകാര്യമായി ആകുലപ്പെട്ടു. ഉടനെ ജിബിരീൽ ആഗതനായി. അല്ലാഹുവിൽ നിന്നുള്ള സന്ദേശം കൈമാറി. നാളെ ചെയ്യാമെന്ന് ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോൾ ‘ഇൻശാഅല്ലാഹ്’ എന്നുകൂടി ചേർത്തുപറയണമെന്ന് ഓർമപ്പെടുത്തി. ശേഷം മൂന്നു ചോദ്യങ്ങൾക്കുമുള്ള വിശദമായ ഉത്തരം, വിശുദ്ധ ഖുർആനിലെ പതിനെട്ടാമത്തെ അധ്യായം 'അൽ കഹ്ഫി'ലൂടെ വിശദീകരിച്ചു.
ഗുഹാവാസികളായ 'അസ്ഹാബുൽ കഹ്ഫ്' എന്നായിരുന്നു ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം.'ദുൽ ഖർനൈൻ' ചക്രവർത്തിയെക്കുറിച്ചുള്ള വിശകലനമായിരുന്നു രണ്ടാമത്തെത്. ആത്മാവിന്റെ യാഥാർഥ്യവും ഖുർആൻ വിശദമായിത്തന്നെ പറഞ്ഞു.
ഇസ്ലാം, സംവാദങ്ങളെ എങ്ങനെ നേരിട്ടുവെന്നതിന്റെ നേർചിത്രം കൂടിയാണിത്. ഇത്രമേൽ മനോഹരമായി ആശയസംവാദങ്ങളെ അഭിമുഖീകരിച്ച ഏതു പ്രത്യയ ശാസ്ത്രമാണ് വേറെയുള്ളത്? തിരുനബിയുടെ ﷺ പ്രബോധനത്തിലെ ആദ്യനാളുകൾ തന്നെ തുറന്ന സംവാദങ്ങളുടെതായിരുന്നു. ആശയത്തിൽ തോൽക്കുമ്പോൾ പിന്നെ അക്രമം എന്നത് അന്നേയുള്ള രീതിയാണ്. മക്കയിലെ ബഹുദൈവാരാധകർ അക്രമാസക്തരായി. കഅ്ബയുടെ പരിസരത്ത് നിസ്കരിക്കുന്ന വിശ്വാസികളെ പലവിധേനയും അക്രമിക്കാൻ തുടങ്ങി. ഖുർആൻ പഠിക്കുന്നവർക്കെതിരെ ക്രൂരമായി പെരുമാറി. തിരുനബി ﷺ നിസ്കാരത്തിൽ പാരായണം ചെയ്യുന്നതു കേട്ടാണ് അന്നത്തെ വിശ്വാസികൾ പലരും ഖുർആനിക സൂക്തങ്ങൾ പഠിച്ചത്. ഈ രീതി വിരോധികൾക്ക് അസഹനീയമായി. അടിമകളോടു കരുണയോടെ ഇടപഴകാൻ അല്ലാഹു തിരുനബിക്ക് ﷺ നിർദേശം നൽകി. “വലിയ ശബ്ദത്തിൽ നിസ്കാരം നിർവഹിക്കേണ്ടതില്ല. എന്നാൽ അധികം പതുക്കെയും ആകരുത്. ഒരു മധ്യനിലയിൽ നിർവഹിച്ചോളൂ”(ഇസ്റാഅ് 110). ശത്രുക്കളുടെ ശല്യം ഒഴിവാക്കാനും, എന്നാൽ വിശ്വാസികളുടെ പഠനം നഷ്ടപ്പെടാതിരിക്കാനുമാണ് മധ്യനില നിർദേശിക്കപ്പെട്ടത്.
വിശ്വാസികളിൽ ഖുർആൻ ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. അവർക്കത് കേൾക്കാതിരിക്കാനോ പാരായണം ചെയ്യാതിരിക്കാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ നബിയനുചരർ ഒത്തുകൂടി. അവർ ഒരാശയം പങ്കുവെച്ചു. വിമർശകൾ കേൾക്കെ കഅ്ബയുടെ പരിസരത്തുവെച്ച് ഖുർആൻ ഒന്നു പാരായണം ചെയ്താലോ? ശരി. ആരാണതിന് സന്നദ്ധനാവുക? അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് ദൗത്യം ഏറ്റെടുത്തു. കൂട്ടുകാർ പറഞ്ഞു; "അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങൾ അക്രമിക്കപ്പെട്ടേക്കുമെന്നു ഞങ്ങൾ ഭയക്കുന്നു. നമ്മുടെ കൂട്ടത്തിൽ വലിയ കുടുംബ സ്വാധീനമുള്ള ഒരാളത് നിർവഹിച്ചാൽ അക്രമികൾ അത്രവേഗം കൈയേറ്റത്തിനൊരുങ്ങില്ല." ഇബ്നു മസ്ഊദ് പറഞ്ഞു."ഞാൻ തന്നെ പോയി പാരായണം ചെയ്യാം. അല്ലാഹു എന്നെ സംരക്ഷിക്കും." പ്രഭാതസമയത്ത് അദ്ദേഹം കഅ്ബയുടെ അടുത്തെത്തി. മഖാമു ഇബ്റാഹീമിന്റെ ഭാഗത്തു നിന്നു. സൂറതുർറഹ്മാൻ എന്ന അധ്യായം പാരായണം ചെയ്യാൻ തുടങ്ങി. ക്ലബ്ബിൽ ഒത്തുകൂടിയിരുന്ന ഖുറൈശികൾ പരസ്പരം ചോദിച്ചു. ഉമ്മു അബ്ദിന്റെ മകൻ എന്താണാ ചൊല്ലുന്നത്? "മുഹമ്മദിന് അവതരിച്ച ഗ്രന്ഥത്തിന്റെ ഭാഗങ്ങൾ പാരായണം ചെയ്യുകയാണ്." അവർ എഴുന്നേറ്റു വന്ന് അദ്ദേഹത്തെ തല്ലാൻ തുടങ്ങി. ചിലർ മുഖത്ത് പരിക്കേൽപ്പിച്ചു. ഇബ്നു മസ്ഊദ് കുറേക്കൂടി പാരായണം ചെയ്തു. ശേഷം കൂട്ടുകാരുടെ അടുത്തേക്കു മടങ്ങിയെത്തി. നോക്കുമ്പോൾ മുഖത്ത് മുറിപ്പാടുകൾ. അവർ പറഞ്ഞു. "ഇതു തന്നെയാണ് ഞങ്ങൾ ഭയപ്പെട്ട കാര്യം." ഉടനെ മഹാൻ പ്രതികരിച്ചു. ആ സമയത്ത് എനിക്കവരുടെ അക്രമം അത്രമേൽ ലളിതമായി അനുഭവപ്പെട്ടു. തരംകിട്ടിയാൽ ഞാൻ നാളെയും പാരായണം ആവർത്തിക്കും. ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി ഖുർആൻ പരസ്യമായി പാരായണം ചെയ്തയാൾ എന്ന മഹത്വവും വിലാസവും അബ്ദുല്ലാഹിബ്നു മസ്ഊദിനു സ്വന്തമായി.
ഖുർആന്റെ വശ്യതയും സ്വാധീനശക്തിയും ഖുറൈശികൾക്കിടയിൽ വലിയ ചർച്ചയായി. ബദ്ധവിരോധികൾ പോലും ഇതൊന്നു ശ്രദ്ധിച്ചു കേട്ടുനോക്കിയാലോ എന്നായി. അപ്രകാരം മൂന്ന് ഖുറൈശീ നേതാക്കൾ പരസ്പരമറിയാതെ തിരുനബിയുടെ ﷺ ഖുർആൻ പാരായണം കേൾക്കാൻ തീരുമാനിച്ചു. അബൂജഹൽ, അബൂസുഫിയാൻ, അഖ്നസ് ബിൻ ശരീഖ്. തിരുനബി ﷺ രാത്രിയിൽ നിസ്കരിക്കുമ്പോൾ അവർ തിരുനബിയുടെ ﷺ ഖുർആൻ പാരായണം ശ്രദ്ധിച്ചു. മടങ്ങിപ്പോകുന്ന വഴിയിൽ മൂന്നു പേരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു. "ഇനിയിതാവർത്തിക്കരുത്. അനുയായികൾ കണ്ടാൽ നമ്മെ തെറ്റിദ്ധരിച്ചേക്കും."





