അബൂത്വാലിബിന്റെ വിയോഗം തിരുനബിയെ ﷺ ഏറെ നൊമ്പരപ്പെടുത്തി. ആ വിരഹത്തിൻ്റെ മുറിവുണങ്ങും മുമ്പ് പ്രിയപത്നി ഖദീജ രോഗിയായി. വൈകാതെ നല്ലപാതിയും യാത്രാമൊഴി ചൊല്ലി. മൂന്നുദിവസത്തെ ഇടവേളക്കു ശേഷമായിരുന്നു മഹതിയുടെ വിയോഗമെന്ന് ഇമാം ഹാകിമിൻ്റെ നിവേദനം.
ബീവി ഖദീജ തിരുനബിക്ക് ﷺ ഒരു ഭാര്യ മാത്രമായിരുന്നില്ല. ചിലപ്പോൾ ഉമ്മ. മറ്റു ചിലപ്പോൾ പ്രിയകൂട്ടുകാരി. ഊർജവും ആശ്വാസവുമായിരുന്നു ആ സാന്നിധ്യം. മഹതിയുടെ പക്വതയും പ്രതാപവും തിരുദൂതർക്ക് താങ്ങും തണുപ്പുമേകി. സ്നേഹസ്പർശവും നയതന്ത്രനിരീക്ഷണവും ഒത്തുചേർന്ന അത്ഭുതകരമായ തണലായിരുന്നു ബീവി. മഹതിയുടെ അന്ത്യനിമിഷങ്ങളിൽ കണ്ണീർപൊഴിക്കുന്ന മൂന്ന് പെൺമക്കളെക്കൂടി ആശ്വസിപ്പിക്കേണ്ട ദൗത്യം തിരുനബിക്കുണ്ടായിരുന്നു. ജിബ്രീൽ മാലാഖ ഖദീജാബീവിക്ക് സ്വർഗാശംസകൾ നേർന്ന വിവരം ഉപ്പ മക്കളോടു പങ്കുവെച്ചു. അതവർക്കു വലിയ ആശ്വാസമായി.
മഹതിയുടെ ശരീരം, നിറകണ്ണുകളോടെ തിരുനബി ﷺ ഹജൂനിലെ ഖബ്ർസ്ഥാനിലേക്ക് (ജന്നതുൽ മുഅല്ല) ആനയിച്ചു. അബൂത്വാലിബിനെയും ഇവിടെയാണ് മറമാടിയത്. മരണാനന്തര നിസ്കാരം അന്ന് നിയമമായിരുന്നില്ല. അതിനാൽ വീട്ടിൽ നിന്ന് നേരെ ഖബ്റിടത്തിലേക്കാണ് കൊണ്ടുപോയത്. തിരുനബി ﷺ ഖബ്റിലിറങ്ങി. തപിക്കുന്ന ഹൃദയത്തോടെ, നിറമിഴികളോടെ പ്രിയതമയോടു വിടചൊല്ലി. തുടർന്നുള്ള പതിമൂന്ന് വർഷത്തെ പ്രബോധനജീവിതത്തിൽ എല്ലാ ധന്യനിമിഷങ്ങളിലും തിരുദൂതർ ﷺ മഹതിയെ ഓർത്തുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആ ധന്യസ്മൃതിയിൽ ബീവിയുടെ കൂട്ടുകാരികൾക്ക് ഉപഹാരങ്ങൾ നൽകി. ആടിനെയറുത്ത് ഭക്ഷണം വിതരണം ചെയ്തു. പരലോകത്തെ പറുദീസയിൽ കൊട്ടാരമൊരുക്കി യാത്രയായ ഏറ്റവും വലിയ ഭാഗ്യരത്നമായി ഖദീജ വാഴ്ത്തപ്പെട്ടു.
തിരുനബിക്ക് ﷺ അഭയവും ആശ്വാസവും നൽകിയ രണ്ടുപേരുടെ അടുത്തടുത്തുള്ള വിയോഗം, പ്രവാചകത്വ പ്രഖ്യാപനത്തിൻ്റെ പത്താം വർഷത്തെ ‘ആമുൽഹുസ്ൻ’ (ദുഃഖവർഷം) എന്നടയാളപ്പെടുത്തി. അബൂത്വാലിബിന്റെ അസാന്നിധ്യം ശത്രുക്കൾക്ക് ഊക്ക് വർധിപ്പിച്ചു. ചോദ്യം ചെയ്യാൻ അർഹതയും അധികാരവുമുള്ള ആൾ മൺമറഞ്ഞത് അവർ ചൂഷണം ചെയ്തു. ഒരു വിഷമഘട്ടത്തിൽ തിരുനബി ﷺ അത് തുറന്നുപറഞ്ഞത് ഇങ്ങനെയാണ്. ‘അല്ലയോ പിതൃവ്യാ.. ഏത്ര വേഗമാണ് അങ്ങയുടെ അസാന്നിധ്യം എന്നെ ബാധിച്ചത്.!’ ഖുറൈശികളുടെ കൂട്ടത്തിലെ ഒരാൾ തിരുനബിയുടെ ﷺ ശിരസിൽ മണ്ണുവാരിയിട്ടു. അവിടുന്ന് വീട്ടിലേക്ക് വേഗം നടന്നെത്തി. മകൾ പൊട്ടിക്കരഞ്ഞുകൊണ്ട് തിരുശിരസ് കഴുകിക്കൊടുത്തു. തിരുനബി ﷺ പറഞ്ഞു, “കരയാതെ മോളേ.. അല്ലാഹു ഉപ്പയെ കാത്തുകൊള്ളും. ഹാ, അബൂത്വാലിബ് മരണപ്പെടും വരെ ആരും ഇതിനൊന്നും തയ്യാറായിരുന്നില്ല”. തുടർന്നുള്ള കുറച്ചു ദിവസം തിരുനബി ﷺ അധികസമയവും വീട്ടിൽ കഴിച്ചുകൂട്ടി. ഗൃഹനാഥയില്ലാത്ത വീട്ടിലെ നല്ലഗൃഹനാഥനായി ഇടപെട്ടു. കർമത്തിന്റെ വഴിയിലെ വരും നാളുകളെക്കുറിച്ച് ആലോചനകളിലാണ്ടു.





