പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പത്താം വർഷം. തിരുനബിയുടെ ﷺ പിതൃസഹോദരൻ അബൂത്വാലിബ് രോഗശയ്യയിലായി. പിതാമഹന്റെ വിയോഗശേഷം എട്ടാം വയസ്സു മുതൽ തിരുനബിക്ക് ﷺ എല്ലാമെല്ലാമായി നിന്നത് ആ ദയാഹൃദയമാണ്. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ തിരുനബി ﷺ ഏറെ വേദനയിലായി. പരീക്ഷണങ്ങളുടെ തീച്ചൂളയിലെ ആശ്വാസത്തിന്റെ തണുപ്പായവർ ശയ്യാവസ്ഥയിലാണ്. തിരുനബി ﷺ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ടിരുന്നു. അനുചരൻ സഈദ് ബിൻ അൽ മുസയ്യബ് നിവേദനം ചെയ്യുന്നു."ഒടുവിൽ അബൂത്വാലിബിന് മരണമാസന്നമായി. തിരുനബി ﷺ സമീപത്ത് ചെന്നിരുന്നു. അപ്പോൾ ഖുറൈശി പ്രമുഖരായ അബൂജഹൽ, അബ്ദുല്ല ഇബ്നു മുഗീറ എന്നിവർ അടുത്തുണ്ടായിരുന്നു. തിരുനബി ﷺ അബൂത്വാലിബിനോട് പറഞ്ഞു. "പിതൃസഹോദരാ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വചനം പറയൂ. ഞാൻ അല്ലാഹുവിങ്കൽ നിങ്ങൾക്കു വേണ്ടി സാക്ഷി നിൽക്കാം". ഉടനെ അബൂജഹലും അബ്ദുല്ലയും പറഞ്ഞു. ഓ അബൂത്വാലിബ്, നിങ്ങൾ അബ്ദുൽമുത്വലിബിന്റെ മാർഗത്തോട് വിസമ്മതം പറയുകയാണോ? തിരുനബി ﷺ 'ലാഇലാഹ ഇല്ലല്ലാഹ്' ചൊല്ലാൻ പറഞ്ഞപ്പോഴൊക്കെ അവർ അബൂത്വാലിബിനോട് ഇതാവർത്തിച്ചു. അവസാനം അദ്ദേഹം പറഞ്ഞു. ഞാൻ അബ്ദുൽ മുത്വലിബിന്റെ മാർഗത്തിലാണ്. 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് അദ്ദേഹം മൊഴിഞ്ഞില്ല. അപ്പോൾ തിരുനബി ﷺ പറഞ്ഞു. ‘വിലക്കപ്പെടുന്നതു വരെ നിങ്ങൾക്കു വേണ്ടി ഞാൻ പാപമോചനം തേടിക്കൊണ്ടിരിക്കും’.
ഖുർആനിലെ തൗബ അധ്യായത്തിലെ നൂറ്റിപതിമൂന്നാം സൂക്തം അവതരിച്ചു. "പ്രവാചകരോ വിശ്വാസികളോ ബഹുദൈവാരാധകർക്കു വേണ്ടി പാപമോചനം തേടാവുന്നതല്ല. അവർ ഉറ്റബന്ധുക്കളാണെങ്കിലും ശരി”(അവർ നരകാവകാശികളാണെന്നു വ്യക്തമായതിൽ പിന്നെ). 'അൽഖസ്വസ്' അധ്യായത്തിലെ അമ്പത്തിയാറാമത്തെ സൂക്തവും ഇവ്വിഷയകമായി ഇറങ്ങിയതാണ്. "പ്രവാചകരേ, അവിടുന്ന് താത്പര്യപ്പെടുന്നവരെ സന്മാർഗത്തിലാക്കാൻ അവിടുത്തേക്ക് സമ്മതമില്ല. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കും. നേരംഗരീകരിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ അവനാണ്”
മേൽ ഉദ്ധരണികളുടെ പ്രാഥമിക സാരങ്ങളിലൂടെ സഞ്ചരിച്ചവർ അബൂത്വാലിബ് അവിശ്വാസിയായി മരണപ്പെട്ടുവെന്ന അഭിപ്രായക്കാരാണ്. എന്നാൽ, അബൂത്വാലിബിന്റെ ജീവിതത്തിലെ നിലപാടുകൾക്കും സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി അവലോകനം നടത്തിയവർ അദ്ദേഹം ആന്തരികമായി സത്യവിശ്വാസിയായി വിയോഗം തേടിയെന്ന വീക്ഷണമാണ് രേഖപ്പെടുത്തിയത്. ഈ നിരീക്ഷണം അവതരിപ്പിച്ചവർക്ക് ഒന്നാം വാദക്കാർ അവലംബിച്ച സൂക്തങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് മേലുദ്ധരിച്ച സൂക്തങ്ങളുടെ അവതരണകാരണം അബൂത്വാലിബല്ല എന്നതാണ്. ഈ വിഷയത്തിൽ രണ്ടു വാദക്കാരും ഒരുപോലെ സമ്മതിക്കുന്ന വസ്തുതകളെ നമുക്കിപ്രകാരം സംഗ്രഹിക്കാം:
1. ഏതു ഘട്ടത്തിലും അബൂത്വാലിബ് തിരുനബിക്ക് ﷺ സംരക്ഷണം നൽകിയ ആളായിരുന്നു.
2. നിരവധി കവിതകളിലും പ്രസ്താവനകളിലും അദ്ദേഹം തിരുനബി മുന്നോട്ടുവെച്ച ആശയം സത്യമാണെന്നും ശരിയാണെന്നും സമ്മതിച്ചിട്ടുണ്ട്.
3. ഉപരോധമടക്കമുളള തീക്ഷ്ണമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും പ്രവാചകരെയോ ഇസ്ലാമിനെയോ നിരാകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
4. സ്വന്തം മക്കളായ അലിയ്യും ജഅ്ഫറും മറ്റും പ്രവാചകരെ അനുഗമിച്ചപ്പോൾ അവരെച്ചൊല്ലി അപലപിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. എന്നല്ല, പ്രോത്സാഹിപ്പിക്കുകയായിരുന്നു.
5. ആസന്നഘട്ടത്തിൽ തിരുനബി ﷺ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ ഏറ്റുചൊല്ലിയില്ല. പകരം ഖുറൈശി നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി അബ്ദുൽ മുത്വലിബിന്റെ ആശയത്തിലാണ് താനുള്ളതെന്നു പറഞ്ഞു.
6. എന്നാൽ അപ്പോഴും ബഹുദൈവങ്ങളെ വിളിക്കുകയോ മറ്റാരാധ്യ വസ്തുക്കളെ ഉദ്ധരിക്കുകയോ ഏകദൈവ വിശ്വാസം നിരാകരിക്കുകയോ ചെയ്തില്ല.
ഇവിടെ രണ്ടുവാദക്കാരും തമ്മിൽ വിയോജിക്കുന്ന പ്രധാനപ്പെട്ട കാര്യം, സത്യവാചകം പരസ്യമായി പ്രഖ്യാപിക്കാത്ത വ്യക്തിയെ വിശ്വാസിയാണെന്നു പറയണോ വേണ്ടയോ എന്നതാണ്. സത്യവാചകം പ്രഖ്യാപിക്കാനാവശ്യപ്പെട്ടപ്പോൾ ഉച്ചരിക്കാത്ത കാരണത്താൽ വിശ്വാസിയായി ഗണിക്കാൻ തരമില്ലെന്നാണ് ഒരു പക്ഷം. അവർക്കു പ്രമാണമായി ഉദ്ധരിക്കാവുന്ന ഹദീസുകളും മറ്റു നിവേദനങ്ങളും ഉണ്ട്. നബിയനുചരർ അബ്ബാസിന്റെയും അലിയുടെയും നിവേദനങ്ങൾ അതിൽപെട്ടതാണ്.
അദ്ദേഹത്തെ വിശ്വാസിയായിത്തന്നെ പരിഗണിക്കണമെന്ന വാദക്കാർക്ക് വിശുദ്ധ ഖുർആനിലെ 'അഅ്റാഫ്' അധ്യായത്തിലെ നൂറ്റിഅമ്പത്തിയേഴാം സൂക്തം പിന്തുണ നൽകുന്നു. "അപ്പോള്‍ തിരുനബിയെ ﷺ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അവിടുത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍”
ഈ സൂക്തത്തിൽ പറഞ്ഞ എല്ലാ വിശേഷണങ്ങളും അബൂത്വാലിബിൽ സമ്മേളിച്ചിട്ടുണ്ട്. അതിനാൽ സത്യവിശ്വാസിയായിത്തന്നെ പരിഗണിക്കണമെന്നതാണ് വാദം. അബൂത്വാലിബ് തത്വത്തിൽ വിശ്വാസിയും വിജയിയുമാണെന്ന പ്രമേയത്തിൽ മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം ബർസൻജിയുടെ 'ബിഗ്യതു ത്വാലിബ് ലി ഈമാനി അബീത്വാലിബ് വ ഹുസ്നി ഖാതിമതിഹി', മുഹമ്മദ് മുഈൻ അൽഹിന്ദിയുടെ 'ഇസ്ബാതു ഇസ്ലാമി അബീത്വാലിബ്', മുഹമ്മദ് അഫൻദിയുടെ 'അസ്സഹ് മുസ്സ്വാഇബ് ഇലാ കബിദി മൻ ആദാ അബാത്വാലിബ്', അസ്സയ്യിദ് അലി കബീറിന്റെ 'ഗായതുൽ മത്വാലിബ് ഫീ ബഹ്സി ഈമാനി അബീത്വാലിബ്', അഹ്മദ് ഫൈളിയുടെ 'ഫൈളുൽ വാഹിബ് ഫീ നജാതി അബീത്വാലിബ്', മക്കയിലെ ഹദീസ് പണ്ഡിതനും മുഫ്തിയുമായിരുന്ന ഇമാം സൈനി ദഹ്ലാന്റെ 'അസ്നൽ മത്വാലിബ്' എന്നിവ ഉദാഹരണങ്ങളാണ്.





