തിരുനബിയിൽ ﷺ വിശ്വസിച്ചവരെ തിരിച്ചുകൊണ്ടുവരാൻ ശത്രുക്കൾ പല വഴികളും പയറ്റിനോക്കി. എല്ലാം പരാജയപ്പെടുകയായിരുന്നു. അതിനനുസരിച്ച് പീഡനങ്ങളും മർദ്ദനങ്ങളുമവർ വർധിപ്പിച്ചു. ഒടുവിൽ പ്രവാചകർക്കു ﷺ നേരെയും ക്രൂരമായ നടപടികളുണ്ടായി. എല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കാൻ തിരുനബിയെ ﷺ വധിച്ചാൽ മതിയെന്ന് അവർ ചിന്തിച്ചു. ശ്രമങ്ങൾ ആരംഭിച്ചു.
മക്കയിൽ അന്ന് കുറഞ്ഞ സത്യവിശ്വാസികളേ ഉണ്ടായിരുന്നുള്ളൂ. അവരിൽ പലരും പ്രമുഖരുടെ സംരക്ഷണത്തിൽ കഴിയുന്നവരായിരുന്നു. കുറേയെങ്കിലും ആളുകൾ വിശ്വാസം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. എല്ലായിപ്പോഴും പ്രവാചകൻ ﷺ ധൈര്യമായി മുന്നോട്ടുനീങ്ങി. ആരാധനാകർമങ്ങൾ പരസ്യമായിത്തന്നെ നിർവഹിച്ചു. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ചു കൊള്ളൂ.. എന്ന അല്ലാഹുവിൻ്റെ ആജ്ഞയനുസരിച്ചു കൊണ്ടായിരുന്നു പ്രവാചകജീവിതം. വിശുദ്ധ ഖുർആനിലെ പതിനഞ്ചാം അധ്യായം തൊണ്ണൂറ്റിനാലാം സൂക്തമായിരുന്നു തിരുനബിക്ക് ﷺ പ്രചോദനം.
പ്രവാചകരെ പ്രത്യക്ഷമായിത്തന്നെ നേരിടാൻ ശത്രുക്കൾക്കു സാധിക്കുമായിരുന്നു. എന്നാൽ, അവരെ തടഞ്ഞുനിർത്തുന്ന ചില ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്: പ്രവാചകരുടെ ﷺ പ്രൗഢമായ വ്യക്തിത്വം. ആ മുഖകാന്തിയും സൽസ്വഭാവവും ഏതു ശത്രുവിനെയും പരാജയപ്പെടുത്തുന്നതായിരുന്നു. ഹാശിം കുടുംബത്തിലെ സുസമ്മതനും പ്രമുഖനുമായിരുന്ന അബൂത്വാലിബിന്റെ സംരക്ഷണത്തിലായിരുന്നു തിരുനബി. അതും ശത്രുക്കളുടെ മുന്നിൽ ഒരു തടസ്സമായി. പ്രവാചകരെ ﷺ കൈയേറുന്നപക്ഷം ഹാശിം കുടുംബം ഒന്നാകെ എതിർക്കുമല്ലോയെന്ന വിചാരവും നിലനിന്നു. ഇതൊക്കെ ഉണ്ടായിരിക്കുമ്പോഴും ശത്രുക്കൾ അവരുടെ ദുരുദ്ദേശ്യത്തിൽ നിന്നു പിൻമാറിയില്ല.
ഒരിക്കൽ അബൂലഹബിന്റെ മകൻ ഉതുബ തിരുനബിയെ ﷺ സമീപിച്ചു. അസ്തമിക്കുന്ന നക്ഷത്രം സാക്ഷി, ജിബ്രിൽ സമീപത്തുവന്നു, വീണ്ടും അടുത്തു.. എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്തുകൊണ്ട് പരിഹസിച്ചു. വിശുദ്ധ ഖുർആനിലെ അമ്പത്തിയൊന്നാം അധ്യായത്തിന്റെ പ്രാരംഭഭാഗങ്ങളായിരുന്നു അവ. തുടർന്ന് അയാൾ തിരുനബിയെ ﷺ അക്രമിക്കാൻ തുടങ്ങി. തിരുനബിയുടെ വസ്ത്രം വലിച്ചുകീറുകയും മുഖത്തിനു നേരെ തുപ്പുകയും ചെയ്തു. അയാളുടെ പ്രവൃത്തികൾ ദുസ്സഹമായ ഘട്ടത്തിൽ തിരുനബി ﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ.. “നിൻ്റെ അടിമകളിൽ ഒന്നിനെ ഇയാൾക്കെതിരെ നിയോഗിക്കേണമേ..”
പ്രവാചകരുടെ പ്രാർഥന ഫലിച്ചുവെന്നതിന് പിൽക്കാലം സാക്ഷി. ഉതുബ ഒരിക്കൽ ഒരു കച്ചവടസംഘത്തിൽ സിറിയയിലെ സർഖാ പ്രദേശത്ത് താമസിച്ചു. രാത്രിയിൽ ഒരു സിംഹം പ്രത്യക്ഷപ്പെട്ടു. കണ്ടമാത്രയിൽ തന്നെ ഉതുബ ഇങ്ങനെ വിളിച്ചുപറഞ്ഞു. “അല്ലയോ സഹോദരരേ.. നാശം.. മുഹമ്മദ് എനിക്കെതിരെ പ്രാർഥിച്ചതു പുലരാൻ പോകുന്നതുപോലെ.. മക്കയിൽ നിന്ന് വന്ന, ശാമിലുള്ള എന്നെ വധിച്ചുകളയുകയാണല്ലോ..”
യാത്രാസംഘത്തിലുള്ളവർ അവരുടെ എല്ലാവരുടെയും നടുവിലായി ഉതുബക്ക് ഉറങ്ങാൻ സൗകര്യം ചെയ്തു. പക്ഷേ സിംഹത്തിനു തെറ്റിയില്ല. രാത്രിയിൽ അവനെത്തന്നെ കടന്നുപിടിക്കുകയും കൊന്നുകളയുകയും ചെയ്തു.
തിരുനബിയെ ﷺ വധിക്കാൻ ഖുറൈശികൾ പിന്നെയും ശ്രമങ്ങൾ നടത്തി. അബ്ദുല്ലാഹിബ്നു അംറ് ബിൻ അൽ ആസ്വ് നിവേദനം ചെയ്യുന്നു: "ഒരു ദിവസം ഖുറൈശികൾ കഅ്ബയുടെ ഭാഗമായ ഹിജ്റ് ഇസ്മാഈലിൽ ഒരുമിച്ചുകൂടി. പ്രവാചകരെക്കുറിച്ച് സംഭാഷണങ്ങൾ തുടങ്ങി. കൂട്ടത്തിൽ അവർ ഇങ്ങനെ പറഞ്ഞു. ഈ മനുഷ്യൻ്റെ കാര്യത്തിൽ നമ്മൾ സഹിച്ചതു പോലെ മറ്റൊരു കാര്യത്തിലും നാം സഹിക്കേണ്ടി വന്നിട്ടില്ലല്ലോ! വളരെ ഗുരുതരമായൊരു ഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. ഇത്രയും പറഞ്ഞതും പ്രവാചകർ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിന് വേണ്ടി സമീപത്തെത്തുകയും കർമം ആരംഭിക്കുകയും ചെയ്തു. ഓരോ പ്രാവശ്യം വലയം വെക്കുമ്പോഴും ആക്ഷേപവാചകങ്ങൾ കൊണ്ട് അവർ പ്രവാചകരെ ﷺ നേരിട്ടു. രൂക്ഷമായപ്പോൾ തിരുനബിയുടെ ﷺ മുഖഭാവം മാറി. മൂന്നാം പ്രാവശ്യം അവർ ആക്ഷേപിച്ചപ്പോൾ തിരുനബി പറഞ്ഞു: “എൻ്റെ ആത്മാവിൻ്റെ അധിപനായ അല്ലാഹു സത്യം. ഖുറൈശികളേ, നിങ്ങൾ ഓരോരുത്തരും തുണ്ടം തുണ്ടമായി ഒരുനാൾ മുറിക്കപ്പെടും”. ഇതു കേട്ടതും അവർ സ്തബ്ധരായി. അവരിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ പോലും യാചിച്ചുകൊണ്ട് പ്രവാചകരോടു പറഞ്ഞു. “അവിടുന്ന് ഇനി പറയരുത്, താങ്കൾ ഒരിക്കലും വിഢിയാക്കപ്പെട്ടിട്ടില്ല”. എതിർപ്പും വിമർശനവും നിലനിൽക്കുമ്പോഴും തിരുനബിയുടെ വ്യക്തിത്വമറിയുന്ന അവർക്ക് ആ പ്രാർഥന പാഴാവില്ലെന്നറിയുമായിരുന്നു.
മേൽസംഭവത്തിന്റെ അടുത്തദിവസം അവർ കഅ്ബയുടെ അങ്കണത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. തിരുനബി ﷺ വന്നതോടെ അവരെല്ലാവരും ഒരുമിച്ച് ചാടിവീണു. ഒരാൾ വസ്ത്രമാകെ ചുറ്റിപ്പിടിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട അബൂബകർ നിലവിളിച്ചുകൊണ്ട് ഓടിയടുത്തു. “പരിപാലകൻ അല്ലാഹുവാണെന്നു പറഞ്ഞതിന് നിങ്ങൾ ഒരാളെ കൊന്നുകളയുകയാണോ?” അപ്പോഴേക്കും ശത്രുക്കൾ ഓടിയകന്നു. ഖുറൈശികൾ തിരുനബിക്കെതിരെ ﷺ നടത്തിയ ഏറ്റവും ശക്തമായ നീക്കമായിരുന്നു ഇതെന്ന് ഇബ്നു അംറ് പറയുന്നുണ്ട്.
പ്രവാചകർ സുജൂദിൽ കിടക്കേ ഖുറൈശി പ്രമുഖനായ ഉകുബ ബിൻ അബീ മുഐത് തിരുനബിയുടെ ﷺ പിരടിയിൽ ചവിട്ടിയ സംഭവവും ഇക്കാലത്ത് നടന്ന ഒരു വധശ്രമമായിരുന്നു. ഈ സംഭവത്തിൽ മർദ്ദനത്തിന്റെ ശക്തികൊണ്ട് തിരുനബിയുടെ ﷺ കണ്ണുതള്ളിപ്പോയിരുന്നുവെന്നു നിവേദനങ്ങൾ പരാമർശിക്കുന്നു.
ഖുറൈശികൾ പ്രവാചകരോടു കാണിച്ച ഏറ്റവും ക്രൂരമായ സമീപനം ഏതായിരുന്നുവെന്ന് ഉറുവതു സുബൈർ, ഇബ്നു അംറിനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു. “ഒരിക്കൽ അവിടുന്ന് ഹിജ്റിൽ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ, ഉകുബത് ബിൻ അബീ മുഐത് തിരുനബിയുടെ കഴുത്തിൽ മുണ്ടിട്ടുമുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച സംഭവമായിരുന്നു അത്. അപ്പോഴേക്കും അബൂബകർ ഓടിവന്നു. രക്ഷിതാവ് അല്ലാഹുവാണെന്നു പറഞ്ഞതിന് നിങ്ങൾ ഒരു മനുഷ്യനെ കൊന്നുകളയുകയാണോയെന്നു ചോദിച്ചുകൊണ്ട് ശത്രുവിനെ തട്ടിമാറ്റി”. ഇമാം ബുഖാരി തന്നെ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.





