പ്രോഗ്രാം തീരാറായി. നന്ദിപ്രകാശനം നടന്നുകൊണ്ടിരിക്കെ തൊട്ടടുത്തിരിക്കുന്ന സുഹൃത്തിൻ്റെ അപേക്ഷ: 'മൊത്തം പറഞ്ഞ കാര്യങ്ങൾ വളരെ ചുരുക്കി ഒന്ന് പറഞ്ഞു തരുമോ?' ഞാൻ പറഞ്ഞു: 'പറ്റില്ല! തനിക്ക് എന്തായിരുന്നു ഇത്രനേരം പണി?' എനിക്ക് ചൂടായി!. കേട്ടു ഗ്രഹിച്ച കാര്യങ്ങൾ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനുള്ള മടികൊണ്ടായിരുന്നില്ല. മറിച്ച് അതൊരു കൗശലം നിറഞ്ഞ ഡിഫെൻസ് മെക്കാനിസമായിരുന്നു.
സംഗതി പറഞ്ഞാൽ വളരെ ഗഹനമായ അവതരണമായിരുന്നു. പേരുകേട്ട പ്രഭാഷകനാണ്. ഗവേഷണ സ്വഭാവത്തിലാണ് വിഷയങ്ങളെല്ലാം അവതരിപ്പിച്ചത്. നല്ല വില കൊടുത്ത് അതിലേറെ സാഹസപ്പെട്ടാണ് സംഘാടകർ അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തെങ്കിലേ ആളെ കിട്ടത്തുള്ളൂ.
പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ വൈകുന്നേരം സമർപ്പിക്കേണ്ട ഒരു പ്രൊപോസലിൻ്റെ മിനുക്കു പണിയിലായിരുന്നതിനാൽ അവിടവിടെ കണ്ടം മുണ്ടം കേട്ടു എന്നതല്ലാതെ എനിക്കതിലേക്ക് സീരിയസായി ചെവി കൊടുക്കാനേ പറ്റിയില്ല. ഹാളിൽ വിതരണം ചെയ്ത ചായപോലും ശ്രദ്ധവിട്ട് ഒടുവിൽ കുടിക്കാൻ പറ്റാണ്ടായിപ്പോയി. അതിനിടെ അർജൻ്റായി റെസ്പോൺഡ് ചെയ്യേണ്ടുന്ന അഞ്ചാറ് വാട്ട്സാപ്പ് മെസ്സേജുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. ആയതിനാൽ, ശരിക്കു പറഞ്ഞാൽ ഞാനൊന്നും കേട്ടിട്ടില്ല. എനിക്കൊന്നും മനസ്സിലായിട്ടില്ല എന്ന് പറയാൻ പൊതുവെ നമുക്ക് മടി ആണല്ലോ. അപ്പോൾ പിന്നെ ചൂടാവലാണ് ഏറ്റവും നല്ല കുളിര്.
ഇനി അടുത്ത കാര്യം പറയാം. കാര്യങ്ങളൊക്കെ വൃത്തിയിൽ നടക്കുന്നുണ്ട് എന്ന പ്രതീക്ഷ ഉള്ളതിനാലാണ് ശ്രദ്ധിക്കാതിരുന്നത്. ഒരു ദിവസം ഒഴിവ് കിട്ടിയപ്പോൾ ചെന്ന് കാര്യങ്ങൾ പരിശോധിച്ചു. നോക്കിയപ്പോൾ ആകെ വല്ലാണ്ടായിപ്പോയി. കുട്ടികൾ രാവിലെ വരുന്നു, പോകുന്നു എന്നല്ലാതെ ഒരക്ഷരം പഠിക്കുന്നില്ല. വെറുതെ ക്ലാസ് മറിഞ്ഞു മറിഞ്ഞ് മേലേക്ക് കയറുന്നു എന്നല്ലാതെ പഠിപ്പേ ഇല്ല. കുട്ടികളോട് സംസാരിച്ചപ്പോൾ പലർക്കും അടിസ്ഥാന വിവരങ്ങൾ പോലുമില്ലെന്ന് മനസ്സിലായി. വലിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ വളർന്നു പോത്തുപോലെ ആയിട്ടും അക്ഷരമാല പോലും അറിയാത്തവരുണ്ട്.
അധ്യാപകരുടെ കാര്യം പറയാനുമില്ല. പലരും പഠിപ്പിക്കുന്നത് തന്നെ തെറ്റാണ്. Genuwari എന്ന് വൃത്തിയിൽ ബോർഡിൽ എഴുതി കുട്ടികളെ കൊണ്ട് എഴുതിപ്പിച്ച് ഓരോ അക്ഷരവും ഉച്ചത്തിൽ വായിപ്പിച്ചിട്ടാണ് ഒരു ടീച്ചർ ജനുവരി പഠിപ്പിക്കുന്നത്. സ്ഫുടമായ ഭാഷയിൽ ഒരാശയം പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ളവർ വളരെ കുറവ്. വരവും പോക്കും ഒക്കെ അലമ്പ്. സ്റ്റാഫ് മീറ്റിങിന്റെയും പിടിഎയുടെയും കാര്യം പറയാനില്ല. കണക്കുകൾക്കും റെക്കോർഡുകൾക്കും ഒരു വ്യവസ്ഥയുമില്ല. മുതിർന്ന കുട്ടികളിൽ നല്ലൊരുപറ്റം ഇവിടെ വരുന്നത് തന്നെ ലഹരി അടിക്കാനും മറ്റ് വൃത്തികേടുകൾ പാലിക്കാനുമാണ്.
എന്തിനാണ് ഒരു നാട്ടിൽ സ്കൂൾ നടത്തുന്നത്? ഒരു തലമുറയെ സാംസ്കാരികമായി വളർത്തിയെടുക്കാൻ. വിദ്യാഭ്യാസത്തിലൂടെ ഒരു ജനതയെ ഉന്നതങ്ങളിൽ എത്തിക്കാൻ. എന്നിട്ടെന്തേ ഈ സ്കൂൾ അധഃപതനത്തിന്റെയും ജീർണതയുടെയും കേന്ദ്രമായി പോയി? മറ്റൊന്നുമല്ല, നടത്തേണ്ട മുറയ്ക്ക് നടത്താഞ്ഞിട്ടു തന്നെ. അതിപ്പോൾ ഒരു സ്കൂൾ മാത്രമല്ല ഒരു ബിസിനസ് സ്ഥാപനത്തിൻ്റെ കാര്യം എടുക്കാം. കച്ചവടം നടത്തുന്നത് എന്തിനാണ്? ലാഭമുണ്ടാക്കാൻ! പക്ഷേ കച്ചവടം നടത്തിയിട്ട് എന്താണ് കിട്ടുന്നത്? നഷ്ടം!! ആവശ്യമായ കരുതലോടെ നടത്തിയില്ലെങ്കിൽ വൈകാതെ തന്നെ അത് പൊട്ടിപ്പാളീസാവും.
ഇനി നമ്മൾ കഴിഞ്ഞ ദിവസം അവസാനമായി ഉന്നയിച്ച ചോദ്യത്തിലേക്ക് വരാം. നിസ്കാരത്തെപ്പറ്റി ഖുർആനിൽ നമുക്ക് മനസ്സിലാവാത്ത ഒരു പ്രസ്താവനയുണ്ട്. നിസ്കാരം വെടക്കുകളെയും വൃത്തികേടുകളെയും തടഞ്ഞു നിർത്തുന്നു. അതെങ്ങനെയാണാവോ? നമ്മൾ നിസ്കരിക്കുന്നു എന്ന് കരുതി ഇവറ്റകളെ അകറ്റുന്നതുമായി എന്താ ബന്ധം? ഉത്തരം വ്യക്തമല്ലേ. നിസ്കരിക്കേണ്ടത് പോലെ നിസ്കരിച്ചാൽ. ഏതൊരു സംഗതിയും അതിൻ്റെ സംവിധാനം മെച്ചപ്പെട്ടതു കൊണ്ടുമാത്രം വിജയത്തിൽ എത്തിക്കൊള്ളണമെന്നില്ല. മറിച്ച് അതിൻ്റെ എക്സിക്യൂഷൻ കൂടി ഭംഗിയിൽ ആയിരിക്കണം. ഇപ്പോൾ കണ്ടില്ലേ സാംസ്കാരിക സമ്പന്നരായ മനുഷ്യരെ ഉത്പാദിപ്പിക്കേണ്ട സ്കൂളുകൾ അധഃപതനത്തിന്റെയും വൃത്തികേടിൻ്റെയും കേന്ദ്രമായി കൂപ്പുകുത്തുന്നത്. അതിനർത്ഥം സ്കൂളുകളൊക്കെ അങ്ങനെയാണെന്നാണോ? കണ്ടില്ലേ, ഒരു ബിസിനസ് സ്ഥാപനം പൊട്ടിത്താഴുന്നത്. അതിനർത്ഥം കച്ചവടങ്ങൾ, നഷ്ടം വരുത്താനുള്ള വകയാണ് എന്നാണോ? ഒരിക്കലുമല്ല. അധികം പറയണ്ട, ഒരു പ്രഭാഷണം കേൾക്കുന്നത് പോലും മനസ്സാന്നിധ്യത്തോടെ അല്ലെങ്കിൽ വെറും ടൈം പാസ്സ് ആയി മാറും. ചോറ് തിന്നുമ്പോൾ പോലും വേണം അതിനോട് യോജിച്ച ഒരു കൂറ്.
അപ്പോൾ എങ്ങനെയാണ് നിസ്കരിക്കേണ്ടത് എന്നറിയണമെങ്കിൽ എന്തിനാണ് നിസ്കരിക്കുന്നത് എന്നറിയണം. ത്വാഹാ സൂറത്തിലൂടെ അല്ലാഹു പറയുന്നത് നിങ്ങൾ നിസ്കരിക്കുക, എന്നെ ഓർത്തിരിക്കാൻ വേണ്ടി എന്നാണ്. അപ്പോൾ പടച്ച തമ്പുരാനായ അല്ലാഹുവിനെ ഓർമിച്ചുകൊണ്ടിരിക്കുവാനുള്ള ഏർപ്പാടാണ് നിസ്കാരം. ഖുർആനിൽ നിസ്കരിക്കൂ നിസ്കരിക്കൂ എന്നല്ല ഉള്ളത്, മറിച്ച് നിസ്കാരം നിത്യമാക്കൂ, നിസ്കാരം നിലനിർത്തൂ എന്നൊക്കെയാണ്. അതായത് അല്ലാഹുവിൻ്റെ ഓർമ നിസ്കാരത്തിലൂടെ നാം പച്ചച്ചു നിർത്തണം.
നിസ്കാരത്തിലുടനീളം തികഞ്ഞ മനസ്സാന്നിധ്യം കിട്ടുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. നാം കെയർലെസായി കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സാന്നിധ്യം / അവധാനത എന്നതൊക്കെ ഉണങ്ങിയ ഇല പാറിവീഴും പോലെ നമ്മളിലേക്ക് വന്നു വീഴുമെന്ന് വിചാരിക്കല്ലേ. നമ്മളായി അത് കഷ്ടപ്പെട്ട് പരിശീലനം നേടി ആർജിക്കേണ്ടതുണ്ട്.
അത്ലറ്റുകൾക്ക് മെയ് വഴക്കം വരുന്നത് വെറുതെയല്ല; കഠിനമായി കഷ്ടപ്പെട്ടിട്ടാണ്. സ്പോർട്സ് താരങ്ങൾക്ക് ശരീരവേഗം കൊണ്ട് അത്ഭുതം ഉണ്ടാക്കാൻ കഴിയുന്നത് നിരന്തരമായ പരിശീലനത്തിന്റെയും അതിനായുള്ള മനസ്സ് കൊടുപ്പിൻ്റെയും ഫലമായാണ്. സർക്കസുകാർക്ക് അപകടകരമായ അഭ്യാസങ്ങൾ കാണിച്ച് കാണികളെ അമ്പരപ്പിക്കാൻ പറ്റുന്നത് കഠോരമായ പരിശീലനത്തിന്റെ ഫലമായാണ്. ഇതെല്ലാം ഇങ്ങനെയാണെങ്കിൽ നാം ചെയ്യുന്ന നിസ്കാരം എന്ന അതിശ്രേഷ്ഠമായ പ്രവൃത്തിയിൽ ആദ്യന്തം പരിപൂർണ്ണമായ മനസ്സാന്നിധ്യം ഉണ്ടാകണം എന്നുണ്ടെങ്കിൽ അത് വെറുതെ അങ്ങ് കിട്ടിക്കോളണം എന്ന് വ്യാമോഹിക്കുന്നത് വെറും വ്യാമോഹം മാത്രമാണ്. ആയതിനാൽ കൽപ്പിച്ചു നിന്ന് മനസ്സുകൊടുത്ത് പണിയെടുത്തേ പറ്റൂ!
നിസ്കാരത്തിൻ്റെ എൻജിൻ നിയ്യത്താണ് - നിയ്യത്തെന്ന് പറഞ്ഞാൽ കരുതലാണ്. ആ കരുതലിന് എത്രത്തോളം കരുത്തുണ്ടോ അതനുസരിച്ചായിരിക്കും നിസ്കാരത്തിൻ്റെ ഫലഭൂയിഷ്ഠത, ഫലപ്രദാത്മകത. പാഞ്ഞുവന്നത്, കൈകെട്ടി ചറപറ കുമ്പിട്ട് നിവർന്ന് തിരിഞ്ഞോടി പോയാൽ നിസ്കാരത്തിന്റെ രൂപം നടന്നു എന്നേ പറയാൻ പറ്റൂ. മറ്റെല്ലാറ്റിനെയും അകറ്റിമാറ്റി അല്ലാഹുവിനെ മാത്രം അഭിമുഖീകരിച്ച് മനസാകുന്ന യാനപത്രത്തെ അല്ലാഹുവിൽ നങ്കൂരമടിച്ച് വേണം നിസ്കരിക്കാൻ നിൽക്കാൻ. വാസ്തവത്തിൽ ഒരുപാട് നേരം നീണ്ടുനിൽക്കുന്ന ഏർപ്പാട് അല്ലല്ലോ നിസ്കാരം. വേണമെന്ന് വെച്ചാൽ ശക്തമായ പരിശ്രമം കൊണ്ട് ആ ഇച്ചിരിപൊടി നേരം പിടിച്ചു നിർത്താവുന്നതേയുള്ളൂ മനസ്സിനെ.
നിസ്കാരത്തിൽ എന്നു മാത്രമല്ല നിസ്കാരത്തിന് വെളിയിൽ ആകമാനവും അല്ലാഹുവിനെ മാത്രം മനസ്സിൽ കരുതി ജീവിച്ച മഹാന്മാരൊക്കെ ഉണ്ടല്ലോ. എന്ന് മാത്രമല്ല ഏതെങ്കിലും ഒരു സെക്കൻഡ് അല്ലാഹുവല്ലാത്ത ഓർമ മനസ്സിലേക്ക് നുഴഞ്ഞെത്തി പോയെങ്കിൽ താൻ മതം തന്നെ കൈവിട്ടവനായി പോകുമോ എന്നുപോലും പേടിച്ച മഹാരഥന്മാർ ഉണ്ട്. ഇബ്നുൽ ഫാരിള് എന്ന മഹാൻ ഉദാഹരണം. അതിനെയാണ് 'മർതബതുൽ അഖ്യാർ' എന്നു പറയുന്നത്.
അതങ്ങനെയാണ്. മനുഷ്യനാകുമ്പോൾ വൈവിധ്യങ്ങൾ കാണും. എല്ലാവർക്കും എല്ലാം ആയിക്കൊള്ളണമെന്നില്ല. ഫ്ലൈറ്റിൽ എല്ലാവരും ബിസിനസ് ക്ലാസിലല്ല യാത്ര ചെയ്യുക. ട്രെയിനിൽ കൂപ്പിലും. പരീക്ഷാഫലം വരുമ്പോൾ എല്ലാവർക്കും റാങ്ക് ഉണ്ടാവുകയില്ല. പക്ഷേ എല്ലാവർക്കും സാധ്യമാകുന്ന മിനിമം പാസ് / ജനറൽ കമ്പാർട്ട്മെന്റ് / എക്കോണമി സ്റ്റാറ്റസ് ഉണ്ടല്ലോ. അത് സാധ്യമാകുമല്ലോ. നമ്മൾ ആദ്യം അതിനു വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. പിന്നീട് പടിപടിയായി ഉയർന്ന്, ഓരോ നിസ്കാരവും അല്ലാഹുവിലേക്കുള്ള ഓരോ മിഅ്റാജായി (അല്ലാഹുവിൻ്റെ സവിധത്തിലേക്കുള്ള യാത്ര) ആരോഹണപ്പെടും. നമ്മുടെയൊക്കെയും അങ്ങനെയാവട്ടെ അല്ലേ.. ആമീൻ!





