കുറച്ച് കാലമായല്ലോടാ കണ്ടിട്ട്, മിസ്റ്റർ കഥയെഴുത്തേ?
എവിടെയായിരുന്നു?
ഒരു രണ്ടു മാസം മാറി നിന്നു.
വിശേഷം?
ഒരു വർക്ക് തുടങ്ങിവച്ചിട്ട് വർഷങ്ങളേറെയായി. ഓരോരോ എൻഗേജ്മെന്റ് കൊണ്ട് അത് പൂർത്തിയാക്കാൻ കഴിയാതെ പോയി. വീട്, നാട്, ജോലി, ഭാര്യ, മക്കൾ, പോക്ക്, വരവ് അങ്ങനെയങ്ങനെ ഓരോന്നോരോന്ന്. ഞാൻ തീരുമാനിച്ചു ഇതിന്റെയെല്ലാം ഇടയിൽ ഇത് സാധിക്കില്ല; ഒന്നൊഴിഞ്ഞിരുന്നേക്കാം. നീലഗിരിയിൽ ഒരു റൂമെടുത്തു. നാലു കരുതിയത് രണ്ടു മാസം കൊണ്ട് പൂർത്തിയായി.
അതെ അങ്ങനെയാണ്. നമ്മൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അനവധി നിരവധി ഡിസ്ട്രാക്ഷൻസ് ഉണ്ടായിരിക്കും. അങ്ങനെ വരുമ്പോൾ ആ പണി പൂർത്തിയാവാതെ വരും. ചില കാര്യങ്ങൾ നടക്കണമെങ്കിൽ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം നമ്മൾ തടഞ്ഞങ്ങു നിർത്തണം. അല്ലെങ്കിൽ എന്താണോ നമ്മുടെ ടാർഗറ്റ് അതിനെ നമ്മുടെ ചുറ്റുമുള്ള ഡിസ്ട്രാക്ഷൻ സിൽബന്തികൾ വന്ന് ആക്രമിച്ചു കൊണ്ടേയിരിക്കും, മലിനപ്പെടുത്തി കൊണ്ടിരിക്കും. ഒരു കിണർ പോലെ. അതിനു ചുറ്റും മതിൽ കെട്ടി ഭദ്രമാക്കി സംരക്ഷിച്ചില്ലെങ്കിൽ കണ്ട കാടും പടലും ചെളിയും ചേറും വന്നടിഞ്ഞ് കിണർ കുളമാകും.
നിസ്കാരത്തിലേക്ക് കടക്കുന്നവന്റെ മനസ്സ് പച്ചജീവിതത്തിൽ നിന്നും പറിച്ചെടുത്തതാണ്, തൽക്കാലത്തേക്ക്. സ്വതവേ അതിന് പല ദിക്കുകളിലേക്കും ഡിസ്ട്രാക്ടഡ് ആയി പോകാനുള്ള ദുർബലമായ വെമ്പൽ ഉള്ളതാണ്. ഖൽബ് എന്നുപറഞ്ഞാൽ തന്നെ മറിച്ചിൽ ആണല്ലോ. അതു കാറ്റത്തിട്ട ഉറുമാൽ പോലെയാണ്. ഒരു കാറ്റിന് അങ്ങോട്ട് മറ്റേ കാറ്റിന് ഇങ്ങോട്ട്. അതോടൊപ്പം എല്ലാ നല്ല കാര്യങ്ങൾക്കും അള്ളു വെക്കാനായി കാത്തിരിക്കുന്ന പിശാചു സേന സജ്ജരായി നിൽപ്പുണ്ട്. വൃത്തികേട് നടക്കുന്നിടത്ത് പിശാചിന്റെ ഒരു നിഴൽ മതി; കേവലം ഒരു വലതുപക്ഷ നിരീക്ഷകനായി. അതേസമയം നല്ല കാര്യങ്ങളിൽ നിന്നും ആളുകളെ കൗശലപൂർവ്വം തട്ടിമാറ്റി പ്രസ്തുത ഇവന്റുകളെ കത്തിച്ചു ചാരമാക്കാൻ തന്ത്രശാലികളായ പിശാചുക്കളുടെ ഫയർഫോഴ്സ് തന്നെ രംഗത്തുണ്ടാവും. (തീ കെടുത്താനല്ല; ആളിക്കത്തിക്കാൻ!)
സാമൂഹ്യ ജീവിതത്തിൽ നിന്നും തൽക്കാലം നുഴഞ്ഞിറങ്ങിയ ഒരു വ്യക്തി നിസ്കരിക്കാൻ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അതുവരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ / പുതിയ ചിന്തകൾ / നൂതനമായ പദ്ധതികൾ /അഴിയാത്ത കണക്കുകൾ / കുടുങ്ങിയ കുരുക്കുകൾ / പുതിയ ഉപായങ്ങൾ / തറയ്ക്കുന്ന തന്ത്രങ്ങൾ എല്ലാം മണിമണിയായി ഒഴുകി വരും. ആരുടെ മുമ്പിലാണോ അയാൾ നിൽക്കുന്നത് ആ കേന്ദ്രബിന്ദുവിൽ നിന്നും അയാളെ പല ഭാഗത്തേക്ക് തട്ടിത്തെറിപ്പിക്കാൻ ഇത്തരം പരോസര ബന്ധങ്ങൾ നിസ്കാര വേളയിൽ ലൈവ് ആയി നിൽക്കും.
ആയതിനാൽ നിസ്കരിക്കാൻ നിൽക്കുന്ന ആൾ തന്റെ മനശക്തി കൊണ്ടുതന്നെ ഇത്തരം എല്ലാ എൻഗേജ്മെന്റുകളുടേയും വാതിൽ കൊട്ടിയടക്കുകയും ആയതിനു വേണ്ടിയുള്ള ആത്മീയമായ കൈവഴികളെല്ലാം ഉപയോഗപ്പെടുത്തുകയും വേണം. അത് പ്രധാനമായും പിശാചിൽ നിന്ന് അല്ലാഹുവിനോടുള്ള കാവൽ തേട്ടമാണ്:- അഊദു. നിസ്കാരത്തിൽ മാത്രമല്ല ജീവിതത്തിൽ എല്ലാ നല്ല കാര്യം ചെയ്യുന്നതിനു മുമ്പും അഊദുവിന്റെ കൂറ്റൻ കോട്ടമതിൽ പണിയേണ്ടതുണ്ട്. നന്നായി അഊദു ചൊല്ലി നിസ്കരിക്കാൻ നിൽക്കുന്നവന്റെ മനസ്സ് ഭദ്രമായി ചുറ്റുമതിൽ കെട്ടിയ കിണർ പോലെ ശുദ്ധവും തെളിഞ്ഞുമിരിക്കും. അടിത്തട്ടിലെ ചരൽക്കല്ലുകൾ വ്യക്തമായി കാണുന്ന സ്പടിക പൊയ്ക പോലെ നമ്മുടെ ഹൃദയം തെളിഞ്ഞുവരുന്നതു ഒന്നാലോചിച്ചു നോക്കിയേ! അവിടെ പിന്നെ അല്ലാഹു അല്ലാഹു അല്ലാഹു എന്ന ഒറ്റച്ചിന്ത മാത്രമാണ് മന്ത്രിതമാവേണ്ടത്.
പിന്നീട് നമുക്ക് കാര്യമായി പറയാനുള്ളത് ബിസ്മിയാണ്. അത് അല്ലാഹുവിന്റെ നാമം കൊണ്ടു തുടങ്ങുന്നു എന്ന പറച്ചിലാണ്. അല്ലാഹു എന്ന നാമം ഗാംഭീര്യം സ്ഫുരിക്കുന്ന ജലാലത്തിന്റെ ഇസ്മാണ്. ശത്രുവിന്റെ കയ്യിൽ നിന്നും ഊരിപ്പിടിച്ച വാൾ കുഴഞ്ഞുവീണത് ആ പേര് കേട്ടിട്ടായിരുന്നു. എല്ലാ നന്മകളും നിറഞ്ഞ് കട്ടയായിരിക്കുന്നു ബിസ്മിയിൽ. അഊദുവിലൂടെ വേണ്ടാത്തതിനെയെല്ലാം അകറ്റിയ നമ്മൾ ബിസ്മിയിലൂടെ വേണ്ടതിനെയെല്ലാം വലിച്ചു കൊണ്ടുവരുന്നു. ചാഴികളെ അകറ്റിയതു കൊണ്ടുമാത്രം കൃഷി നന്നാവണമെന്നില്ല. വിത്തിനും വളത്തിനും വെള്ളത്തിനും എല്ലാം വേണം നല്ല പുഷ്ടി. ബിസ്മി എന്നത് നിസ്കാരക്കാരന്റെ മനസ്സിലേക്ക് നന്മകളുടെ പൂമരം പിടിച്ചു കുലുക്കലാണ്.
നിസ്കാരത്തിൽ മാത്രമല്ല ജീവിതത്തിന്റെ എല്ലാ നല്ല വേളകളിലും ബിസ്മി ആവശ്യമാണ്. ബിസ്മി കൊണ്ട് തുടങ്ങിയതിലെല്ലാം നല്ല വളർച്ചയും അഭിവൃദ്ധിയും ബറക്കത്തും ഉണ്ടാകും. കൃഷി ആയാലും കച്ചവടം ആയാലും വീട് നിർമ്മാണമായാലും തീറ്റ ആയാലും കുടി ആയാലും വേഴ്ച ആയാലും എന്നുവേണ്ട എല്ലാ നല്ല കാര്യങ്ങൾക്കും ബിസ്മി മുന്നിൽ വേണം. നിസ്കാരത്തിൽ ബിസ്മി ചൊല്ലുന്നതോടെ അയാൾ മറ്റെല്ലാം വിട്ട് അല്ലാഹുവിൽ ലയിക്കുകയാണ്. ബിസ്മിയിലൂടെ അവന്റെ ദൃഢപാശം മുറുകെ പിടിക്കുക വഴി നിസ്കാരക്കാരന്റെ മനസ്സിൽ തഖ് വ പടരുന്നു. ഏകാഗ്രത വേരാഴ്ത്തുന്നു. ആത്മാർത്ഥത പന്തലിക്കുന്നു.
ഈ പറഞ്ഞതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാകുന്ന കാര്യം നിസ്കാര വേളയിൽ നമ്മൾ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നുള്ളതിന്റെ അർത്ഥവും ആശയവും തത്വവും മനസ്സിലാക്കി വേണം നിസ്കരിക്കാൻ എന്ന് തന്നെയാണ്. എങ്കിലേ നിസ്കാരത്തിന് റൂഹ് ഉണ്ടാവുകയുള്ളൂ. ഒരു വിശ്വാസി ഇവിടെ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അവന്റെ റബ്ബ് ഖുർആനിലൂടെ അവനോട് സംസാരിക്കുന്നുണ്ട്. ഓരോ നിസ്കാരത്തിലും നടക്കുന്ന പരമപ്രധാനമായ ഒരു ഖണ്ഡം ആ ഖുർആൻ പാരായണം തന്നെയാണ്. ഖുർആനിനെ മൊത്തം കലക്കിയിളക്കി കാച്ചിക്കുറുക്കിയ അധ്യായമാണ് സൂറത്തുൽ ഫാത്തിഹ. അത് ഓതാത്ത ഒരു നിസ്കാരവും ഇല്ല.
ഒരു ഉഭയ സംവാദത്തിന്റെ മാന്യമര്യാദകൾ വ്യക്തമായി പാലിച്ചിരിക്കുന്ന വരികളാണ് സൂറത്തുൽ ഫാത്തിഹ. നമ്മൾ അങ്ങനെയാണല്ലോ ഒരു സഭയിലിരുന്ന് സംസാരിക്കുമ്പോൾ. കുറച്ച് നമ്മൾ പറയും പിന്നെ ശ്രോതാവിന് അവസരം കൊടുക്കും. ഫാത്തിഹയും അങ്ങനെയാണ്. പകുതിയോളം അല്ലാഹുവിനെ പറ്റി അവൻ പറയുന്നു പിന്നെ നമ്മൾ നമുക്ക് പറയാനുള്ളത് പറയുന്നു എന്ന ബയ്ലാറ്ററൽ രീതിയിലാണ് അതിന്റെ ഘടന.
അല്ലാഹു അവന്റെ വിശാലമായ നിലപാടുകളാണ് മുന്നോട്ടുവെക്കുന്നത്. അവൻ റഹ്മാനാണ്. കയ്യും കണക്കും ഇല്ലാതെ കടാക്ഷം പെയ്തിറക്കുന്നവൻ. അതിൽ പ്രത്യേകമായ സംവരണമോ നിക്ഷിപ്ത താല്പര്യങ്ങളോ വർഗീയമായ വേർതിരിവുകളോ ഒന്നുമില്ല. എല്ലാ മതക്കാരനും എല്ലാ ജാതിക്കാരനും ഒരു മതവും ഇല്ലാത്തവനും അവനെത്തന്നെ പാടെ നിഷേധിക്കുന്നവനും അവൻ നല്ലോണം കൊടുക്കും. ചിലപ്പോൾ അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിച്ച് ഭക്തിയിൽ കഴിയുന്ന ഒരാൾക്ക് പരീക്ഷണങ്ങളുടെ തീമഴകൾ തന്നെ വർഷിപ്പിച്ചേക്കാം. അതേസമയം അവനെ ധിക്കരിക്കുകയും അവന്റെ അടിമകളെ ആക്രമിക്കുകയും ചെയ്യുന്ന ഒരാൾക്ക് അല്ലാഹു അധികാരവും ആൾബലവും നൽകിയെന്ന് വരാം.
ആർക്കും കൊടുക്കുന്ന റഹ്മാൻ്റെ മുമ്പിൽ ആണ് സർവ്വം സമർപ്പിച്ച് നിൽക്കുന്നത് എന്ന ബോധം തന്റെ നാഥനെ കുറിച്ചുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ആർക്കും ഒന്നും കൊടുക്കാതെ ഇറുക്കിപ്പിടിക്കുന്ന അർക്കീസനല്ല എന്റെ റബ്ബ് എന്ന് തിരിച്ചറിയുന്നതോടെ ഒരാളുടെ മനസ്സ് വികസിക്കുന്നു. എനിക്ക് കിട്ടേണ്ടതെല്ലാം റബ്ബ് എനിക്ക് തരും എന്ന ശുഭാപ്തി വിശ്വാസം അവനിൽ തളിരിടുന്നു.
ഈ ലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും കൊടുക്കുന്നവനാണ് റഹ്മാൻ. എന്ന് വെച്ചാൽ ഭൗതിക ജീവിതം ഗൗരവമുള്ള ഒന്നായി അല്ലാഹു എടുത്തിരിക്കുന്നു എന്നു കൂടി അതിൽ സാരമുണ്ട്. ഒരു വിശ്വാസി എന്ന നിലക്ക് ഭൗതികലോകത്ത് അവന്റെതായ റോളുകൾ ചെയ്യാനുണ്ട്. ദുനിയാവിൽ ഒരുപാട് കാര്യങ്ങൾ ആസ്വദിക്കാനുണ്ട്. തൊട്ടുമുമ്പ് പറഞ്ഞ ബിസ്മി ചൊല്ലാൻ പറ്റിയ കാര്യങ്ങൾ എന്തെല്ലാമുണ്ടോ അതെല്ലാം വിശ്വാസിക്ക് ആസ്വദിക്കാം. വായന പോലും. ബിസ്മി ചൊല്ലി വായിക്കാൻ അല്ലേ ആദ്യത്തെ കല്പന ഉണ്ടായത്. പുസ്തകങ്ങളുടെ കൂട്ടത്തിൽ വായിക്കാൻ പറ്റിയവയും അല്ലാത്തവയും ഉണ്ട്. എല്ലാ കാര്യങ്ങളും അങ്ങനെയാണ്. താൻ നാളെ, മറ്റന്നാൾ മരിച്ചുപോകും തനിക്ക് ഖബ്റും ചോദ്യവും സ്വിറാത്തും മീസാനും (മരണാനന്തരം ശ്മശാനത്തിലെ ജീവിതവും ദൈവത്തിൻ്റെ ചോദ്യം ചെയ്യലും സ്വിറാത്ത് എന്ന പാലത്തിലൂടെയുള്ള യാത്രയും നന്മ തിന്മകൾ തൂക്കുന്ന മീസാനും) ഒക്കെ വരാനുണ്ട് എന്നുള്ളതിനാൽ തീറ്റയും കുടിയും വീടും ജോലിയും ഒന്നുമില്ലാതെ പേടിച്ചു കഴിയുന്ന ദുർബലനായിരിക്കണം വിശ്വാസി എന്നത് തെറ്റായ ധാരണയാണ്. പാരത്രിക ലോകത്തെ പവിത്ര ജീവിതത്തിന് വേണ്ടി ഭൗതിക ജീവിതത്തിൽ ഇണയും തുണയും ഇല്ലാതെ കുട്ടികളും ഉടയോറുമില്ലാതെ സ്വയം നഷ്ടപ്പെട്ട ജീവിതം നയിക്കണമെന്ന് ഇസ്ലാം പറയുന്നേയില്ല.
അല്ലാഹു ഇങ്ങനെ എല്ലാവർക്കും വാരിക്കോരി കൊടുത്ത് ശത്രുവിന് പോലും ശക്തി കൊടുക്കുന്നവനാണ് എന്ന് വരുമ്പോൾ അവൻ നോട്ടം കുറഞ്ഞവനാണ് എന്ന് വിചാരിക്കരുത്. ആ വിചാരത്തിനുള്ള മറുപടിയാണ് തൊട്ടടുത്തു വരുന്ന റഹീം. അവന്റെ ഓഡിറ്റ് സിസ്റ്റം കനത്തതാണ് എന്ന സൂചനയാണത്. അഥവാ ഈ ലോകത്ത് അവനെ വഴിപ്പെട്ട് ജീവിച്ചവർക്ക് പരലോകത്ത് ഗുണം ചെയ്യുന്നവൻ. അപ്പോൾ ഇവിടെ വഴിതെറ്റി ജീവിച്ചവനോ? അവനെ കൃത്യമായി പിടികൂടുകയും കളിച്ചതിനെല്ലാം കിട്ടുകയും ചെയ്യും എന്നു തന്നെ.
ഇവിടെ ഒരു വിശ്വാസിക്ക് റഹ്മാൻ, റഹീം എന്നീ രണ്ടു പദപ്രയോഗങ്ങൾ രണ്ട് പ്രപഞ്ചങ്ങളെയാണ് കാണിച്ചു കൊടുക്കുന്നത്. ഒന്ന് തന്റെ ഭൗതിക ജീവിതത്തിൽ തനിക്ക് ആത്മവിശ്വാസം ലഭിക്കുന്നു. എന്തെല്ലാമോ ഇല്ലാത്തതിന്റെ ആധിയിലും വ്യാധിയിലും ആയിരിക്കും അധിക മനുഷ്യരും. ഒന്നുമില്ലാത്ത ഒരു ദരിദ്രന് നിസ്കാരം കഴിഞ്ഞ് പോകുമ്പോഴേക്കും രണ്ടുരുള ചോറ് കിട്ടണം എന്നതാണ് ആവശ്യമെങ്കിൽ ഒരു മൾട്ടി മില്യനേറായ ഒരാൾക്ക് ഒരു പുതിയ രാജ്യത്ത് പുതുതായി തുടങ്ങാൻ പോകുന്ന ബ്രാഞ്ചിൻ്റെ നിയമ തടസ്സം നീങ്ങിക്കിട്ടലായിരിക്കും മുട്ടിപ്പ്.
എന്തുതന്നെ ആയാലും ആരുതന്നെ ആയാലും ബിസ്മി ചൊല്ലി ചോദിക്കാൻ പറ്റിയതാണോ അതിനെല്ലാം തുറന്ന വഴികൾ തന്റെ റബ്ബ് തനിക്ക് തരും എന്ന പ്രതീക്ഷ റഹ്മാൻ കൊടുക്കുമ്പോൾ തൊട്ടടുത്ത പദം മനസ്സിലൂടെ ഒരു കൊള്ളിയാൻ പായിക്കുന്നു. ഞാനീ ചെയ്യുന്ന ഏർപ്പാടുകളെല്ലാം ശരി തന്നെയല്ലേ എവിടെയെങ്കിലും വ്യാജം / പറ്റിക്കൽ / പിൻവാതിൽ / അഴിമതി തുടങ്ങിയവ വന്നു പെട്ടുപോയോ എന്ന ആത്മപരിശോധനയാണ്. അങ്ങനെ അഹിതമായ വല്ലതിലും ഒപ്പു ചാർത്താൻ കാത്തുനിൽക്കുന്ന ഒരാളാണ് നിസ്കരിക്കുന്നതെങ്കിൽ/ എന്നിട്ട് ആ നിസ്കാരം അയാളിൽ ഏശിയെങ്കിൽ അദ്ദേഹം തിരിച്ചുപോയ ഉടനെ ആദ്യം ആ പേപ്പർ വലിച്ചുകീറിയെറിയുകയാണ് ചെയ്യുക.
ബോസിനെ പറ്റിച്ച് ഡ്യൂട്ടിയിൽ നിന്നും മുങ്ങി ഷോപ്പിങ്ങിനു പോകാൻ ഇറങ്ങിയ ഒരാളാണ് നിസ്കരിക്കുന്നതെങ്കിൽ "റഹീം" മനസ്സിൽ തറക്കുന്നതോടെ അയാൾ നിസ്കാരശേഷം ഓഫീസിലേക്ക് തന്നെ തിരിച്ചുപോകുന്നു. നിസ്കരിക്കാൻ പോകുമ്പോൾ തന്നെ നോക്കി ദയനീയമായി യാചിച്ച ഒരാളെ നെവർ മൈൻഡ് ആക്കി ആണ് നടന്നുപോയതെങ്കിൽ നിസ്കാരത്തിലെ റഹീം അയാളുടെ ഹൃദയത്തിൽ കുത്തുന്നു. നിസ്കാരം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ആ യാചകനെ അന്വേഷിച്ചാണ് അയാൾ അലയുക. അതെ നിസ്കാരം, പുറത്തുനിന്നു നോക്കുന്നവന് തടി കൊണ്ടുള്ള ഒരു കുനിഞ്ഞുനിവരൽ ആണെങ്കിലും നിസ്കരിക്കുന്നവന് തന്റെയുള്ളിൽ എന്തൊക്കെയോ നടക്കുന്നതായി അനുഭവപ്പെടുന്നു. നിസ്സംശയം! നിസ്കാരം വേണ്ടാതീനങ്ങളിൽ നിന്നും വൃത്തികേടിൽ നിന്നും തടയുന്നു- ഖുർആൻ





