അതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല! നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? ഒരാൾ അയാളുടെ ആത്മസായൂജ്യത്തിനുവേണ്ടി ചെയ്യുന്ന തീർത്തും ആത്മനിഷ്ഠമായ ഒരു കർമം വലിയൊരു സാമൂഹ്യപ്രവർത്തനമായി അല്ലെങ്കിൽ ഒരു സാമൂഹ്യവിപ്ലവമായി പരിവർത്തനപ്പെടുക? ഒരു കാര്യം ചെയ്യാം നമുക്ക് ഒന്നിച്ച് അന്വേഷിച്ചിറങ്ങാം.
അഞ്ചുനേരത്തെ നിസ്കാരം ഓരോ ഇസ്ലാം മത വിശ്വാസിയും നിർബന്ധമായി നിർവഹിക്കേണ്ടതാണ്. ശരീരപരമായ ആരാധനാകർമങ്ങളിൽ അതിശ്രേഷ്ഠം ഈ നിസ്കാരം തന്നെ. തിരക്കുപിടിച്ച നിത്യജീവിതത്തിലെ പൂണ്ടു പോവലുകൾക്കിടയിൽ നാലഞ്ചു തവണ ദേഹം കൊണ്ട് കുത്തിമറിഞ്ഞിട്ട് എന്ത് സാമൂഹിക പരിവർത്തനം കിട്ടാനാണ് എന്നായിരിക്കും ചോദ്യം അല്ലേ. അപ്പോഴാണ് നാം നിസ്കാരത്തിന്റെ ആന്തരിക അറകളിലേക്ക് ഇറങ്ങിച്ചെല്ലുക.
ഒരാൾ ഒരു ദിവസം അഞ്ച് നിസ്കാരങ്ങൾ നിർവഹിക്കണം എന്ന് പറയുമ്പോൾ അതിന് വ്യത്യസ്തമായ സമയനിഷ്ഠകൾ കൂടിയുണ്ട് എന്നത് ശ്രദ്ധിക്കണം. ജോലി, കൃഷി, അധ്യാപനം, വ്യവസായം, ബിസിനസ്, മീൻപിടി, യാത്ര, ആശുപത്രി, ചന്ത, ഇറച്ചിവെട്ട്, സർവ്വകലാശാല, ഫാക്ടറി എന്നിങ്ങനെയുള്ള മനുഷ്യജീവിതം ഉരുകിയൊലിക്കുന്ന തിരക്കുകൾക്കിടയിൽ എന്തിനാണ് ഇങ്ങനെ വേറെ വേറെ സമയത്തൊക്കെ അവനെ പിടിച്ചു നിസ്കരിപ്പിക്കുന്നത്? വേണമെങ്കിൽ ഏതെങ്കിലും ഒരു ഒഴിഞ്ഞ സമയത്ത് എല്ലാം കൂടി ഭംഗിയിൽ നിർവഹിപ്പിച്ച് പിന്നെ ഫ്രീയാക്കി വിട്ടുകൂടേ എന്നൊരു ചോദ്യവും ഉണ്ട്. ആ ചോദ്യത്തിൽ നിന്നാണ് നാം ഉത്തരത്തിലേക്ക് എത്തുന്നത്.
അഥവാ ഓരോ നിസ്കാരവും കഠിനകഠോരമായ ശപഥമാണ്. പ്രതിജ്ഞയാണ്. ഉടമ്പടിയാണ്. ആരുമായാണ് ഉടമ്പടി നടത്തുന്നത്? ആരാണോ ഈ ഉലകത്തിന്റെ അധിപൻ അവനുമായി! നിസ്കരിക്കുന്ന മനുഷ്യൻ അവൻ്റെ ശരീരം കൊണ്ട് മണ്ണിലാണ് നിൽക്കുന്നതും ചലിക്കുന്നതുമെങ്കിൽ അവൻ്റെ മനസ്സ് ആകാശങ്ങളായ ആകാശങ്ങൾക്കെല്ലാം അപ്പുറത്താണ്.
താനാവശ്യപ്പെടാതെ തന്നെ സൃഷ്ടിക്കുകയും തനിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങളിൽ നിന്ന് അവൻ ഉദ്ദേശിച്ചതെല്ലാം ഒരുക്കിത്തരുകയും നിരന്തരം കരുണാകടാക്ഷങ്ങൾ വർഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന തന്റെ നാഥന്റെ മുമ്പിൽ നിന്നുകൊണ്ട് നടത്തുന്ന അനുഭൂതിദായകമായ ഉഭയസംവാദമാണ് നിസ്കാരം. അത് ഒറ്റനേരം വൈൻഡ് ചെയ്ത് മാരത്തോണായി കറക്കിവിട്ടാൽ പോരാ. ഇത് ജീവനില്ലാത്ത കളിപ്പാട്ടമല്ല. മനസ്സും മാംസവും മജ്ജയുമുള്ള മനുഷ്യനാണ്. തിരിഞ്ഞു മറിഞ്ഞു കൊണ്ടേയിരിക്കും. ആയതിനാലാണ് കൃത്യമായ ഇടവേള വിട്ടുകൊണ്ട് ഡോസനുസരിച്ചുള്ള പ്രതിജ്ഞാപുതുക്കങ്ങൾ. മരുന്നും ഗുളികയും സേവിക്കലും അങ്ങനെയല്ലേ. മൂന്നുനേരത്തെ ഗുളികയും മരുന്നും ഒന്നിച്ചടിച്ചു കോക്ടെയ്ലാക്കി മോന്താറുണ്ടോ നമ്മൾ?
ഒരു ഹദീസിൽ അഞ്ചുനേരത്തെ നിസ്കാരത്തെ അതിമനോഹരമായി വർണിക്കുന്നുണ്ട്. നിസ്കാരം വളരെ ഗംഭീരമായ ഒരു വ്യവഹാരമാണ് എന്ന് ഒറ്റവാക്കിൽ പറയുന്നതിന് പകരം ഒരു കഥാപരത പാറ്റി നനച്ചു കൊണ്ടാണ് അത് പ്രകാശിപ്പിക്കുന്നത്. അതായത് നമ്മുടെ വീട് നിൽക്കുന്ന പറമ്പിന്റെ താഴ്ഭാഗത്തുകൂടെ ഒരു പുഴ ഒഴുകുന്നു. അവിടെ ചെന്ന് നമ്മൾ എല്ലാ ദിവസവും കുളിക്കുന്നു. ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല അഞ്ചു തവണ. എങ്കിൽ നിങ്ങളുടെ ശരീരത്തിൽ വല്ല അഴുക്കും ബാക്കിയാവുമോ? വിഷ്വലൈസേഷനും ബ്രെയിൻ സ്റ്റോമിങും പരസ്പരം കലർത്തിയുള്ള ഒരു ചോദ്യമാണ്.
നിസ്കാരം മനസ്സിന്റെ ഒരു മൂലകൊണ്ട് / ശരീരത്തിന്റെ ഒരു കോണുകൊണ്ട് ചെയ്യുന്ന ഫ്ലയിങ് കിസ്സ് പോലുള്ള ഒരു ഏർപ്പാട് അല്ലേയല്ല. അത് ഗൗരവത്തിൽ ഒരുങ്ങിത്തയ്യാറായി തന്നെയുള്ള ഒരു ആത്മീയ വ്യവഹാരമാണ്. ആകാശഭൂമികളെ പടച്ചു പരിപാലിക്കുന്ന ലോകൈകനാഥനായ അല്ലാഹുവിൻ്റെ മുമ്പിൽ ഞാനിതാ എൻ്റെ സർവ്വവും സമർപ്പിച്ച് അഭിമുഖമായി നിന്നിരിക്കുന്നു എന്നു പറഞ്ഞു തുടങ്ങുന്നതിൻ്റെയും മുമ്പുതന്നെ ഒരിടത്ത് ഉറച്ചുനിന്ന് ഒരിടത്തേക്ക് തിരിഞ്ഞു നിന്ന് മനസ്സിനെ മറ്റെല്ലാ ചിന്തകളിൽ നിന്നും മോചിപ്പിച്ചെടുത്ത് ആ ഒന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു.
ഓർമവേണം കള്ളക്കളി കളിച്ചോ സാമർത്ഥ്യം പ്രകടിപ്പിച്ചോ കൈക്കൂലി കൊടുത്തോ കബളിപ്പിക്കാവുന്നവൻ്റെ മുന്നിലല്ല ഈ നിർത്തം. ആകാശഭൂമികളുടെയും അതിലുള്ള/ അതിനു പുറത്തുള്ള സകലതിന്റെയും ഉള്ളാലുള്ളുവരെ അറിയുന്ന അദൃശ്യജ്ഞാനങ്ങളുടെ ഉടമയായ ഉടയതമ്പുരാൻ്റെ മുമ്പിലാണ്. ഞാനും അവനും തമ്മിലുള്ള ബന്ധം പച്ചപ്പളുങ്കിനെക്കാൾ പരമസുതാര്യമാണ്. ഞാനിവിടെ നിന്റെ മുമ്പിൽ ഒന്ന് ശപഥം ചെയ്തു പറയുക; സലാം വീട്ടി പുറത്തുപോയ ഉടനെ അതിന് വിരുദ്ധമായി ചെയ്യുക - വിശ്വാസമുള്ളവന് ഇത് സാധ്യമല്ല. തെറ്റു ചെയ്തവനെ കൊണ്ട് സ്ഥാപനാധികൃതർ മാപ്പ് പറയിപ്പിക്കും. രേഖയായി എഴുതിപ്പിക്കും. രേഖയിൽ പറഞ്ഞ കാര്യം ലംഘിച്ചാൽ ചിലപ്പോൾ ഒരു അവസരം കൂടി കൊടുക്കും. വീണ്ടും ലംഘിച്ചാൽ ഫൈനലായി ഒന്നുകൂടിയൊക്കെ കൊടുത്തു എന്നു വരും.
അതേസമയം അല്ലാഹുവും അവന്റെ ദാസനും തമ്മിലുള്ള നിരന്തര പ്രതിജ്ഞാ പുതുക്കലുകൾ അവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും. മാന്യനായ വ്യക്തി ഉടമ്പടി ലംഘിക്കില്ല. സന്ദർഭങ്ങളുടെ സമ്മർദ്ദങ്ങളാൽ / മനുഷ്യനാണെന്ന ചാപല്യത്താൽ വന്നു പോകുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. പുലരുമ്പോൾ തന്നെ പടച്ചോന്റെ മുന്നിൽ കുനിഞ്ഞു കിടന്നു ഞാൻ നിനക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്, നീയാണ് എൻ്റെ എല്ലാമെല്ലാം, നിനക്ക് വേണ്ടിയാണ് എൻ്റെ എല്ലാമെല്ലാം എന്ന് മനസ്സുതൊട്ട് പറയുന്ന ഒരാൾ പ്രാതൽ കഴിഞ്ഞ് ഓഫീസിൽ പോയി കള്ളക്കണക്കൊഴുതാനോ/ വ്യാജ സീൽ പതിക്കാനോ / തൂക്കത്തിൽ തട്ടിപ്പ് നടത്താനോ / കൈക്കൂലി വാങ്ങാനോ / മായം ചേർക്കാനോ / ദോഷം പറയാനോ / അയൽവാസിക്ക് അള്ളുവെക്കാനോ / മേൽ ഉദ്യോഗസ്ഥന്റെ ഷൂ ഒളിപ്പിക്കാനോ / മാനേജരുടെ വണ്ടി പഞ്ചറാക്കാനോ / കെട്ട പഴങ്ങൾ കൂട്ടിക്കലർത്തി തൂക്കി വിൽക്കാനോ / ചീഞ്ഞമീൻ ഇതാ പിടപിടക്കുന്നേ എന്ന് പറഞ്ഞ് പറ്റിക്കാനോ / കാര്യമായി ഒന്നുമില്ലെന്നിരിക്കെ ഇപ്പം ചത്തുപോകും വേഗം പോയി എക്സ്-റേ ചെയ്യൂ സി ടി സ്കാൻ, എം ആർ ഐ. അൾട്രാ, ബയോപ്സി, ടി ക്യു സി, ജെ ഡബ്ലിയു എക്സ് ഒക്കെ ചെയ്ത് വേഗം വാ എന്ന് പറയാനോ, അന്യദേശക്കാർക്കെതിരെ വെറുപ്പ് പടർത്താനോ, അന്യമതക്കാരെ ഇളക്കി വിടാനോ, അന്യജാതിക്കാരെ പരിഹസിക്കാനോ, പൊതു ഖജനാവിൽ നിന്ന് ഇസ്ക്കാനോ, ഭർത്താവിനോട് കയർക്കാനോ, ഭാര്യയോട് ഗുസ്തി പിടിക്കാനോ, മക്കളെ തച്ചുചാറാക്കാനോ... ഒന്നും ഒരു യഥാർത്ഥ വിശ്വാസിക്കും ഒരു യഥാർത്ഥ നിസ്കാരക്കാരനും കഴിയില്ല.
പ്രത്യേകിച്ച് ഇപ്പോൾ ഒരു പ്രാർത്ഥന കഴിഞ്ഞ് പുറത്തു പോയി അനാവശ്യങ്ങളിൽ ഇടപെടുന്ന ഒരാൾ ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും വീണ്ടും വന്നു സർവ്വവും കുമ്പിട്ട് ഇതുതന്നെ പറയണം. പിന്നെയും മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കണം. മന:സാക്ഷിയുള്ള, സ്വന്തത്തോട് കൂറുള്ള, പടച്ചോനോട് വിധേയത്വമുള്ള ഒരാൾക്കും അത് ചെയ്യാൻ കഴിയുകയില്ല. ഓരോ കുളി കഴിയുമ്പോഴും അഴുക്ക് മാറിപ്പോകുന്നത് പോലെ ഓരോ നിസ്കാരം കഴിയുമ്പോഴും തന്റെ ഉള്ളിൽ അള്ളിപ്പിടിച്ച കച്ചറപ്പറ്റുകൾ ഓരോന്നോരോന്നായി കഴുകി പോവുകയാണ് ചെയ്യുക. ഖുർആൻ പറയുന്നുണ്ട് നിശ്ചയം നിസ്കാരം വൃത്തികേടുകളിൽ നിന്നും വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്നും നിന്നെ തടഞ്ഞു നിർത്തുന്നു എന്ന്.
ശരീരത്തിന്റെ ഒരു കോണുകൊണ്ട് ചെയ്യുന്ന ഫ്ലയിങ് കിസ്സ് പോലുള്ള ഒരു പണിയല്ല നിസ്കാരം. അത് ഗൗരവത്തിൽ ഒരുങ്ങിത്തയ്യാറായി തന്നെയുള്ള ഒരു ആത്മീയ വ്യവഹാരമാണ്. അഞ്ചു നേരത്തെ നിസ്കാരം ഒരാളെ ശുദ്ധനാക്കുമോ? തെറ്റുകളിൽ നിന്ന് അകറ്റി നിർത്തുമോ?





