മനുഷ്യർക്കിടയിൽ പലനിലക്കുള്ള സാമൂഹിക വർഗീകരണങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വ്യക്തിയുടെ സാമൂഹ്യപദവി, സാമ്പത്തിക സ്ഥിതി, അധികാരനില, കുടുംബമഹിമ എന്നിത്യാദികൾ പരിഗണിച്ചാണ് അത്തരം വർഗീകരണങ്ങൾ രൂപപ്പെടുന്നത്. പലപ്പോഴും അത്തരം വിഭജനങ്ങൾ മനുഷ്യരെ തട്ടുകളായി തരംതിരിക്കുന്നതിലും ഒരു മോക്ജാതീയത രൂപപ്പെടുന്നതിലുമാണ് കലാശിച്ചു കാണുന്നത്.
നിയമങ്ങളുടെ വലകൾ പരൽ മീനുകളെയാണ് ഊറ്റിക്കോരുക; വമ്പൻ സ്രാവുകൾ വല പൊട്ടിച്ച് പുറത്തേക്ക് പുളഞ്ഞു ചാടും എന്ന് പൊതുവെ പറയപ്പെടാറുണ്ടെന്ന് മാത്രമല്ല സമകാലിക ലോകത്ത് നമ്മളതിൻ്റെ വ്യത്യസ്ത സാക്ഷ്യങ്ങൾ കണ്ടനുഭവിക്കുന്നുണ്ട്. തങ്ങൾ ചെയ്യേണ്ടുന്ന പല കർത്തവ്യങ്ങളും പദവി ഉപയോഗിച്ച് സ്കിപ്പ് ചെയ്യുകയോ പണം കൊടുത്ത് തോളൊഴിയുകയോ ചെയ്യുന്നതായി കാണാൻ കഴിയും. പറഞ്ഞുവരുന്നത് ഇസ്ലാമിലെ ആരാധനാ കർമങ്ങളിൽ ഇങ്ങനെയുള്ള പണാധിഷ്ഠിത വകതിരിവുകൾ എത്രത്തോളമുണ്ട് എന്ന് അന്വേഷിക്കുകയാണ് എന്നാണ്.
പരിശോധിക്കാൻ പോകുന്ന ആശയത്തിന്റെ പരപ്പ് പിടികിട്ടണമെങ്കിൽ, ചില സാമൂഹിക സന്ദർഭങ്ങളിൽ നമ്മൾ നടത്താറുള്ള ചില നീക്കുപോക്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഉദാഹരണത്തിന് ഒരു സംഗമം നടക്കുകയാണ്. അതിലേക്ക് നമ്മൾ വ്യത്യസ്ത കോണിലുള്ള ആളുകളെ ക്ഷണിക്കുകയാണ്.
പാവത്താന്മാരോടൊക്കെ നമ്മൾ പറയുന്നത് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും പരിപാടി കഴിഞ്ഞ് കസേര പെറുക്കി വെച്ചേ തിരിച്ചു പോകാവൂ എന്നുമാണ്. എന്നാൽ ചിലർ പൈസക്കാരും തിരക്കുകാരുമാണ്. അവരോട് നമ്മൾ പറയുന്നത് നിങ്ങൾ വന്ന് കുറച്ച് നേരം ഇരിക്കുമ്പോലെയാക്കി വേഗം വിട്ടോ എന്നാണ്. ചിലരോട് പറയുന്നത് നിങ്ങൾ ഒന്ന് വന്ന് ജസ്റ്റ് മുഖം കാണിച്ചു പോയാൽ മതി എന്നാണ്. വേറെ ചിലരോട് പറയുന്നത് നിങ്ങൾ ഉദ്ഘാടന സെഷൻ കഴിഞ്ഞ ഉടനെ മുങ്ങിക്കോ എന്നാണ്. ചിലരോട്, ആദ്യ സെഷൻ തീരുവോളം ഇരുന്നാൽ മതിയെന്നാണ്. ഇനിയും ചിലരോട് പറയുന്നത് നിങ്ങൾ സദസ്സിൽ ഇരിക്കുകയൊന്നും വേണ്ട; ലഞ്ചിന് അവിടെ എത്തി, ഭക്ഷണം കഴിച്ചു വേഗം പൊയ്ക്കോ എന്നാണ്.
എന്നാൽ ഇസ്ലാമിലെ ആരാധനാ കർമങ്ങളിൽ പണം, പത്രാസ്, പദവി ആദിയായവ പരിഗണിച്ചുള്ള ഈ തഴുകിത്തലോടൽ സാധ്യമാണോ? മുഹമ്മദ് നബി മതപ്രബോധനം തുടങ്ങിയ കാലത്ത് തന്നെ നന്നേ പട്ടിണിപ്പാവങ്ങളും വമ്പൻ കോടീശ്വരന്മാരും ദീനിലേക്ക് വന്നിരുന്നു. അപ്പോൾ പാവങ്ങൾക്ക് ഒരു നിയമവും അല്ലാത്തവർക്ക് മറ്റൊരു നിയമവും എന്ന രീതി ഉണ്ടായിരുന്നോ? പാവങ്ങൾ ഏതായാലും കാര്യമായി ഒന്നും തിന്നാൻ ഇല്ലാത്തവരല്ലേ! ആകയാൽ അവർ സുബഹി മുതൽ മഗരിബ് വരെ കുടലുകാലിയാക്കി നോമ്പു പിടിക്കട്ടെ. പാവങ്ങൾക്ക് പട്ടിണി കിടക്കുക എന്നതൊരു പ്രശ്നമല്ലല്ലോ.
പക്ഷേ, നമ്മെ ഒരു അപകർഷത തീണ്ടുകയാണ്. പത്തായത്തിൽ നെല്ലും നെയ്യും കുമിഞ്ഞ മില്യണേമാന്മാരോട് എങ്ങനെയാണ് പാവങ്ങളോട് പറയുന്ന അതേ ഭാഷയിൽ പകൽ മുഴുക്കെ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ നോമ്പ് പിടിക്കണം എന്ന് പറയുക, ഹേ! അവരെന്ത് കരുതും? അവർ അതിനെ എങ്ങനെ സമീപിക്കും? ധനാഢ്യരും അതിസമ്പന്നരും ഇന്ന് മാത്രമല്ല; ആറാം നൂറ്റാണ്ടിലെ അറേബ്യയിലുമുണ്ടായിരുന്നു. ഇസ്ലാമിനെ പാലിക്കുന്നവരിൽ / ഇസ്ലാമിലേക്ക് കടന്നു വരുന്നവരിൽ മില്യനെയറും ബില്യനെയറും ഇന്നുമുണ്ട്; അവരോടെങ്ങനെ ഇത് പറയും. പത്തുനൂറ് പണിക്കാരും പേരുകേട്ട പാചകക്കാരും ലോകത്തെ ഏറ്റവും മുന്തിയ ആഹാരം നേരാനേരം മുന്നിലണിനിരത്തി ശീലമുള്ളവരുമായ രാജാക്കന്മാരോട് എങ്ങനെ പറയും; പെരും പട്ടിണി കിടക്കാൻ?
ഈ ഇഷ്യൂ പരിഹരിക്കാനാണ് മനുഷ്യരെ സാമ്പത്തികമായി വർഗീകരിക്കാൻ ആലോചിച്ചത്. തനിപാവങ്ങൾ രാവിലെ മുതൽ സന്ധ്യവരെ തന്നെ നോമ്പു പിടിക്കട്ടെ, പുല്ല്! എന്നാൽ അത്യാവശ്യം ആഹാരം കഴിക്കാൻ വകയുള്ളവർ സന്ധ്യ വരെ വേണ്ട ഒരു നാലുമണി വരെ നോമ്പാക്കട്ടെ. ലക്ഷപ്രഭുക്കളൊക്കെ ഉച്ചവരെ മതി. മില്യനെയർമാർ പത്തുമണി. ബില്യനെയർമാർ ഒരേഴുമണിവരെ. മൾട്ടി ബില്യനെയർ രാവിലെ ഒരരമണിക്കൂർ നോമ്പാക്കും പോലെ കളിച്ചാൽ മതി! രാജാക്കന്മാർ രാഷ്ട്രപതിമാർ പ്രധാനമന്ത്രിമാർ പട്ടാളമേധാവികൾ സുപ്രിം കോർട്ട് ജഡ്ജിമാർ തുടങ്ങിയവർ പിന്നെ " ആ നോമ്പൊക്കെ ആണല്ലോല്ലേല്ലോ" എന്നൊരു വാക്കു പറഞ്ഞു ശാാാാശൂ. ..ന്ന് ആക്കിയാൽ മതി, ഹമ്പട!
അതുപോലെതന്നെ നിസ്കാരത്തിൻ്റെ കാര്യവും. നല്ല ടിപ് ടോപ്പിൽ മുന്തിയ ഖദറിൽ ഉടുത്തൊരുങ്ങി വടിവൊത്ത് നടക്കുന്ന നേതാക്കളോടും സമ്പന്നരോടും എങ്ങനെയാണ് കൈകെട്ടി നിന്ന്, കുനിഞ്ഞു നിവർന്ന്, പിന്നെ തലനിലത്തു കുത്തി കിടക്കണമെന്നൊക്കെ പറയുക. അവരൊക്കെ എന്നും കീഴുദ്യോഗസ്ഥരുടെ തലകുനിച്ചുള്ള സല്യൂട്ട് വാങ്ങി ശീലമുള്ളവരല്ലേ. എപ്പോഴും നെഞ്ച് വിരിച്ച് നിന്ന് മാത്രം ചേലായിപ്പോയവരല്ലേ? ആകയാൽ ആളുകളുടെ വിലയും നിലയും അനുസരിച്ച് കുനിച്ചിലിന്റെ ഡിഗ്രിയിൽ മയം വരുത്തേണ്ടതായി വരുന്നു.
ഒന്നുമില്ലാത്ത ദരിദ്ര മാപ്പിളമാർ നെറ്റിയും കൈയും കാലുമെല്ലാം നിലത്തു കുത്തി സുജൂദ് ചെയ്യട്ടെ. നല്ല പൂത്തപൈസക്കാർ തല ഒന്നിങ്ങനെ ചായ്ക്കുമ്പോലെ കാണിച്ചാൽ മതി. ഇടത്തരം സമ്പന്നർ ഒന്നുകൂടി തലകുനിച്ചാൽ മതി. എന്നാൽ അതിസമ്പന്നൻമാരായ ഏതാനും പേർ തലകുനിക്കണമെന്നുമില്ല. കൈ കണ്ടോ വിരൽ കൊണ്ടോ ഒരു അർദ്ധ ഫ്ലെയിംഗ് കിസ്സ് പോലെ കാട്ടിയാൽ മതി. അല്ലാതെ, പണവും പ്രതാപവും തുളുമ്പിയ മേലാള വീരന്മാരോട് എങ്ങനെയാ ദിവസവും അഞ്ചുനേരം തല തറയിൽ കുത്തിവച്ച് ആകെക്കൂടി ഒടിഞ്ഞ് കുത്തിക്കിടക്കാൻ പറയുന്നത്, രസിച്ചില്ലെങ്കിലോ?
സക്കാത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ആശങ്കയേറുകയാണ്. പൊതുവേ പണക്കാരുടെ സ്വഭാവംതന്നെ ലോഗ്യവും വാർത്താനവും ഒക്കെ ആവാം. ചില്ലറ സംഭാവനയും ദാനവും ഒക്കെ തരാം. എന്നല്ലാതെ അവരുടെ സമ്പാദ്യത്തിലേക്കോ ധനകാര്യത്തിലേക്കോ കണ്ണു നടുക എന്നത് അവർ തീരെ ഇഷ്ടപ്പെടില്ല. ഇങ്ങനെ തട്ടാതെ, മുട്ടാതെ കൊണ്ടുനടക്കണം ഇക്കാശുമനുഷ്യരെ. എന്നിരിക്കെ, നമ്മളെങ്ങനെയാണ് കൈയ്യിലിരിപ്പിന്റെ 2.5 % വർഷാവർഷം എട്ടു വീതം ആളിലേക്ക് വീതം വെച്ച് കൊടുക്കണമെന്നൊക്കെ ഉത്തരവിടുക, ഹോ! മാത്രവുമല്ല, മധ്യവർഗക്കാരന്റെ 2.5% എന്ന് പറയുന്നത് ഏതാണ്ട് അത്രയൊക്കെ വരുന്നുള്ളൂ, ഒരു വിധം അഫോർഡബ്ൾ ആയിരിക്കും. എന്നാൽ മൾട്ടി ബില്യനെയർമാരുടെ 2.5% വരും കോടുനുകോടി? ആർക്ക് നാക്ക് പൊന്തും അവരോട് പറയാൻ? അവരോട് അല്പം കുറച്ച് 2% എന്ന് പറഞ്ഞാലോ? അതോ ഒന്നര ശതമാനം ആക്കണോ? അല്ലെങ്കിൽ, “കണക്ക് പ്രകാരം രണ്ടര ശതമാനം കൊടുക്കണം എന്നാണ്; പശ്ശേങ്കില്, തിരുവങ്ങോർക്ക് ബോധിച്ചത് എന്താന്ന് വെച്ചാ കൊടുത്താമതി” എന്ന് പറയണോ?
ഹജ്ജിന്റെ കാര്യം എടുക്കുമ്പോഴേക്ക് നെഞ്ചിടിക്കുന്നു. നാട്ടിൽ സ്യൂട്ടും കോട്ടും സെക്യൂരിറ്റിയും പ്രോട്ടോക്കോളും കിരീടവും നക്ഷത്രങ്ങളുമായി ഒഴുകി വാഴുന്നവരോട് എങ്ങനെയാണ് നിന്നു തിരിയാൻ ഇടമില്ലാത്ത ഹജ്ജിന്റെ മനുഷ്യച്ചാകരയിലേക്ക് ചെന്നലിഞ്ഞ് മിളുന്തണമെന്ന് കൽപ്പിക്കുക. അതും ആ ഷർട്ടും ബെൽറ്റും സ്യൂട്ടും കോട്ടും ഒക്കെ വലിച്ചൂരിക്കളഞ്ഞ് ഒന്നാന്തരം ഫഖീറായി വേണം പോവണമെന്ന്. ചുറ്റിത്തുന്നാത്ത രണ്ട് വെള്ള മേൽമുണ്ടുകൾ മാത്രം പുതച്ച് ചലിക്കുന്ന മയ്യിത്തിനെ പോലെ കഅ്ബ ചുറ്റാനും സഫാ മർവയിൽ ഓടാനും മിനായിൽ രാപ്പാർക്കാനും സാത്താനെ കല്ലെറിയാനുമൊക്കെ പറയുക. അവരിതൊക്കെ നിരസിച്ചാലോ! മേലാളന്മാരായ മുതലാളിമാർ സഭചേർന്ന് ചർച്ച ചെയ്യുകയും അവരുടെ ഡിഗ്നിറ്റിയെ അംഗീകരിക്കാത്ത കർമങ്ങൾ അനുശാസിച്ചു എന്ന് പ്രതിഷേധിച്ച് കൂട്ടത്തോടെ പിരിഞ്ഞു പോവുകയും ചെയ്താൽ ഇസ്ലാം ഓട്ടയാവില്ലേ ? ആയതിനാൽ ആളുകൾക്കനുസരിച്ച്, പണത്തിനനുസരിച്ച്, പദവിക്കനുസരിച്ച് എല്ലാത്തിലും ഒരു തൽസമയ അഡ്ജസ്റ്റ്മെൻറ് ആയിക്കൂടെ?
അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി! പണക്കാരന് ഒരു നിയമവും പാവപ്പെട്ടവന് മറ്റൊരു നിയമവുമോ, പ്ഫൂ!! ഇസ്ലാം മനുഷ്യന്റെ പശര്മയുള്ള മതമാണ്. പാവപ്പെട്ടവനെ പീഡിപ്പിക്കുകയും പണക്കാരനെ സുഖിപ്പിക്കുകയും ചെയ്യുക എന്ന നിലപാടൊന്നും ഇസ്ലാമിന്റെ നിയമകാണ്ഡത്തിലില്ലേയില്ല.
നിങ്ങൾ ഇസ്ലാമാണോ, നെറ്റി മണ്ണിൽ പതിക്കുമാറ് അരക്കെട്ട് ഒടിഞ്ഞുവളയുമാറ് സാഷ്ടാഗം ചെയ്തേ പറ്റൂ. ഒരു പക്ഷേ നിങ്ങൾ സഊദി അറേബ്യയുടെയുടെ രാജകുമാരനാകാം. കുവൈറ്റിൻ്റെ രാജാവാകാം. ബ്രൂണെയുടെ സുൽത്താനാകാം. നിങ്ങളുടെ തൊട്ടുമുന്നിൽ സുജൂദിൽ കിടക്കുന്നത് നിങ്ങളുടെ കൊട്ടാരത്തിലെ തൂപ്പുകാരനാവാം, നിങ്ങളുടെ തലവരുന്നത് അയാളുടെ കാൽചുവട്ടിലാവാം
ഇടക്ക് പറയട്ടെ, മുമ്പൊരിക്കൽ, ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുൽ കലാം പള്ളിയിൽ നിസ്കരിക്കാൻ കയറുന്നു. തൊട്ടുമുമ്പിലെ നിരയിൽ നിൽക്കുന്നത് തൻ്റെ ഡ്രൈവർ. സുജൂദിൽ പോകുമ്പോൾ രാഷ്ട്രപതിയുടെ തറയിൽ പതിഞ്ഞ തല വരുന്നത് ഡ്രൈവറുടെ പാദങ്ങളുടെ പിന്നിൽ! അതാണ് ഇസ്ലാം. എല്ലാവർക്കും ഒരേ നിയമം!
പറയുമ്പോൾ പറയട്ടെ; ഇസ്ലാമിൽ പണക്കാർക്ക് പഴുതുകളും പാവപ്പെട്ടവർക്ക് കെണികളും എന്നതിനേക്കാൾ, മറിച്ച് പറയാനാണ് പിന്നെയും ഇട. കാരണം പാവപ്പെട്ടവനില്ലാത്ത സാമ്പത്തിക ബാധ്യത പണക്കാരന്റെ മേൽ മതം കെട്ടിവെക്കുന്നുണ്ട്. കേവലം 2.5% സക്കാത്തിന്റെ കാര്യം മാത്രമല്ല. തനിക്ക് സമ്പത്ത് ഉണ്ടായിരിക്കെ തൻ്റെ ചുറ്റുമുള്ള ആരെങ്കിലും ആഹാരമില്ലാതെ, ആവാസമില്ലാതെ, ആരോഗ്യമില്ലാതെ കഴിയേണ്ടി വന്നാൽ അതിൻ്റെ സാമൂഹ്യ ഉത്തരവാദിത്വം ആ പണക്കാരുടെ പിരടിയിലാണ് ഇസ്ലാം കെട്ടിവച്ചിരിക്കുന്നത്.
തൻ്റെ അയൽപക്കം എന്ന് പറഞ്ഞാൽ ഇടം വലം കിടക്കുന്ന ഈരണ്ടു വീടുകളാണെന്ന് വിചാരിക്കേണ്ട. നാൽപത് വീടുകൾ മുന്നോട്ട് , നാൽപത് പിന്നോട്ട്, നാൽപത് ഇടതുഭാഗം , നാൽപത് വലതുഭാഗം. മൊത്തം നൂറ്റിയറുപത് വീടുകൾ. സമ്പന്നനായ നിങ്ങൾ വീട്ടിൽ മട്ടനും മന്തിയും സൂപ്പും ജ്യൂസും വെച്ച് വിളമ്പുന്നു. നിങ്ങളുടെ അകന്ന ഒരയൽപക്കത്ത് ചോറ്റിന് തൊട്ടുകൂട്ടാനുള്ള ചാറ് കാച്ചാൻ ഉണക്ക മീനിന്റെ കണ്ണ് പോലും കിട്ടാതെ ഒരമ്മ വ്യസനപ്പെടുന്നു. മതം നിങ്ങളെ നോട്ട് ചെയ്തു വെക്കുന്നുണ്ട്. ഇതൊന്നും തന്നെ ഉട്ടോപ്യൻ നിരീക്ഷണങ്ങളല്ല. അന്യരെക്കുറിച്ചും അയൽവാസികളെക്കുറിച്ചുമോർത്ത് സങ്കടപ്പെട്ട സ്വഹാബികളുടെ കഥകൾ ധാരാളമുണ്ട്. തനിക്കുള്ള വർധിതമായ സമ്പത്ത് തനിക്കൊരു പരീക്ഷണമായിപ്പോകുമോ എന്നോർത്ത് കരഞ്ഞ തിരുസഹചരുണ്ട്. അടുത്ത അധ്യായത്തിൽ അത്തരത്തിലുള്ള ഒരു വായനയാവാം.





