ഇനി നമ്മൾ സജീവമാവുകയാണ്. നമ്മളോട് പറയാനുള്ളതെല്ലാം അല്ലാഹു പറഞ്ഞു. ഇനി നമുക്കുള്ള ഊഴമാണ്. വാ നമുക്ക് അല്ലാഹുവിനോട് അങ്ങോട്ട് സംസാരിക്കാം. ഓർത്തിരിക്കേണ്ട പ്രത്യേകകാര്യം, അല്ലാഹുവിനെ പറ്റി കേട്ടറിഞ്ഞപ്പോൾ നമുക്ക് വളരെ തൃപ്തിയായി എന്നുള്ളതാണ്. ഏതൊരാൾക്കും ഇഷ്ടപ്പെട്ടു പോകുന്ന സ്വഭാവ സവിശേഷതയുടെ ഉടമയാണ് പടച്ച റബ്ബ്.
അറ്റമില്ലാത്ത സ്നേഹത്തിൻ്റെ ഉടമ. നമ്മൾ തിരിച്ച് നന്ദി കാണിച്ചാലും ഇല്ലെങ്കിലും വാരിക്കോരി വേണ്ടതെല്ലാം തരുന്ന അത്യുദാരൻ. വേർതിരിക്കലോ മാറ്റിനിർത്തലോ ഇല്ലാതെ സകലർക്കും കണക്കു പറയാതെ കൊടുക്കുന്ന കാരുണ്യക്കടൽ. ഒറ്റപ്പെടുമ്പോഴും ഇരുട്ടത്താവുമ്പോഴും ആപത്തിലാവുമ്പോഴും ശത്രു വളയുമ്പോഴും വീഴാതെ കാത്തുകൊള്ളുന്ന കെയർ ടേക്കർ. ഒന്നുമില്ലായ്മയിൽ നിന്ന് നമ്മെ ഉണ്ടാക്കി വേണ്ടതെല്ലാം വേണ്ടപ്പോഴെല്ലാം തന്ന് നമ്മൾ പോലും അറിയാതെ നമ്മെ സൂക്ഷ്മമായി വളർത്തിക്കൊണ്ടേയിരിക്കുന്ന നമ്മുടെ പടച്ചവൻ, അല്ലാഹ്! ഇങ്ങനെയുള്ള ഒരാളോട് നമ്മൾ എന്താണ് തിരിച്ചുപറയുക. എന്താണെങ്കിലും കരുതിയേ പറയാവൂ! തിരിച്ചും മറിച്ചും ആഴത്തിൽ ആലോചിച്ചേ എന്തെങ്കിലും തിരിച്ചു കൊടുക്കാവൂ!
മന്ത്രിക്ക് ആണെങ്കിൽ മെമെന്റോ കൊടുക്കാമായിരുന്നു. മാഷിനാണെങ്കിൽ പുസ്തകം കൊടുക്കാമായിരുന്നു. കാമുകിക്കാണെങ്കിൽ പൂ കൊടുക്കാമായിരുന്നു. ബോസിനാണെങ്കിൽ ബൊക്കെ കൊടുക്കാമായിരുന്നു. ഇത് ആരാണ്? റബ്ബുൽ ആലമീനായ തമ്പുരാൻ! അതിൻ്റെ അപ്പുറത്തേക്ക് ഇനി ആരുമില്ല. അവനാണെങ്കിൽ നിങ്ങൾ കൊടുക്കുന്ന ഒന്നും ഒട്ടാവശ്യവുമില്ല. എന്നുമാത്രമല്ല അതെല്ലാം പടച്ചുണ്ടാക്കി ആറ്റുപോറ്റി വളർത്തുന്നവൻ അവനാണ് താനും. അങ്ങനെയുള്ളവന് പിന്നെ നമ്മൾ എന്ത് കൊടുക്കാനാണ്? നമ്മളെക്കാൾ നമ്മളെ അറിയുന്നവൻ. നമ്മളെക്കാൾ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ. നമ്മളെക്കാൾ നമ്മളെ കാത്തുകൊള്ളുന്നവൻ. നമ്മളെക്കാൾ നമ്മളെ പ്രിയം വെക്കുന്നവൻ. യാ ഇലാഹീ!!
ഒരു ഐഡിയ തോന്നുന്നു! ഒരു അഭിപ്രായമാണ്; നമ്മൾ ഈ ഉലകത്തിൽ മറ്റാർക്കും കൊടുക്കാത്ത ഒന്ന് നമ്മളങ്ങ് കൊടുത്താലോ? അതിൽ പങ്കുപറ്റാനായി ലോകത്ത് മറ്റൊരാളും മറ്റൊന്നും ഒരുകാലത്തും ഒരു നിലക്കും ഉണ്ടാവരുത്. നമ്മൾ നമ്മളെത്തന്നെ അപ്പാടെയങ്ങ് കൊടുത്താലോ? അല്ലാതെ നമ്മൾ എന്ത് കൊടുക്കാനാ! അത് ഞാൻ ഒറ്റക്കോ നീ ഒറ്റക്കോ മറ്റോൻ ഒറ്റക്കോ ആവുമ്പോൾ ഒരു കുറച്ചിലാ! ഞാനെന്താണെന്ന് എനിക്കറിയില്ലേ! നിനക്ക് നീയും! ഇനി ഞാൻ ഒരു തെറ്റും ചെയ്യാത്ത പരമ പരമ പരിശുദ്ധൻ ആണെങ്കിൽ പോലും ഒറ്റക്ക് റബ്ബുൽ ഇസ്സത്തിൻ്റെ സന്നിധിയിൽ എന്നെ സമർപ്പിക്കാൻ എനിക്കാവില്ല!
അതുകൊണ്ട് എല്ലാവരും വാ! നമുക്ക് സംഘമായി നമ്മളെ കഴുത്തൊടിച്ചങ്ങ് കൊടുത്തേക്കാം. തലകുത്തിവീണങ്ങ് സമർപ്പിച്ചേക്കാം. എല്ലാവരും ചേർന്ന് ഭവ്യതയോടെ വിധേയത്വത്തോടെ വിനയത്തോടെ താഴ്മയോടെ പറയൂ: ഇയ്യാക നഅ്ബുദു - ഞങ്ങൾ നിൻ്റെ അടിമയാവാം! അടിമ!? അതെ അടിമ തന്നെ!!
പൊതുവേ ആരും ഇഷ്ടപ്പെടാത്തതാണ് അടിമത്തം. എല്ലാ അടിമത്തങ്ങളിൽ നിന്നും ഓടിയകലാനാണ് നമ്മൾ ശ്രമിക്കുക. സ്വാതന്ത്ര്യമില്ലാതെ എന്തു ജീവിതം? സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്ക്കു, മൃതിയെക്കാള് ഭയാനകം എന്നല്ലേ കവിവാക്യം. തേനും വയമ്പും പൊന്നിന്റെ പാത്രത്തിൽ ചാലിച്ചു തന്നിട്ടെന്താ പിടിച്ചു കൂട്ടിലിടുകയാണെങ്കിൽ ബന്ധനം ബന്ധനം തന്നെ ആവുകില്ലേ പാരിൽ. ആർക്കുവേണം ബന്ധനം ചുരത്തുന്ന ആ കാച്ചിയപാലും തൂവെള്ളിക്കിണ്ണത്തിലെ തേൻകുഴമ്പും?
എന്നാൽ കേൾക്കണോ നിങ്ങൾക്ക്, ഈ സ്വാതന്ത്ര്യം ആർക്കുവേണമെന്നു ചോദിക്കുന്ന ഒരു ഘട്ടമുണ്ട്. നാം ജീവിതത്തിൽ ആരെയോ കൊതിച്ചു കാത്തു കഴിയുന്നു. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം അവളെ കണ്ടുമുട്ടാനുള്ള അസുലഭ സന്ദർഭം വന്നുചേരുന്നു. അതുവരെ ബന്ധനത്തിലായിരുന്ന നമ്മെ ആരോ പിടിച്ചു അന്നേരം സ്വതന്ത്രനാക്കുന്നു. ആ സ്വാതന്ത്ര്യം നമുക്ക് അവളെ കാണാതിരിക്കാനുള്ള ബന്ധനമായി പരിണമിക്കുന്നു. ബഷീർ ചോദിച്ചതുപോലെ അപ്പോൾ ആരും ചോദിച്ചു പോകും:- ആർക്കുവേണം ഈ സ്വാതന്ത്ര്യമെന്ന്!
ഇവിടെ നമ്മൾ ആവുന്നത് പ്രണയിനിയുടെയോ കാമുകിയുടെയോ അടിമയല്ല. വലിയ വായ കൊണ്ട് അനശ്വര പ്രണയം അനന്ത പ്രണയം എന്നൊക്കെ പറയുമെങ്കിലും പ്രണയിനിക്ക് / പ്രണേതാവിന് കിട്ടേണ്ടത് മുറപോലെ കിട്ടിയില്ലെങ്കിൽ വിവരമറിയും. പനിനീർ പൂവായ പ്രണയിനി കാലംപോകേ വാടിക്കരിഞ്ഞു തുടങ്ങുമ്പോൾ, ചന്ദനമേനിയിൽ ജരാനരകളുടെ കാർട്ടൂണുകൾ കണ്ടു തുടങ്ങുമ്പോൾ അറിയാം പ്രണയകാന്തത്തിന്റെ വികർഷണക്ഷമത. കാലം ഇതെല്ലാം എത്ര കണ്ടതാണ്. അതുകൊണ്ടാണല്ലോ പരാജയപ്പെട്ടവന്റെ കാര്യം പറയാന് ഖുർആൻ കാലത്തെപിടിച്ച് സത്യമിട്ടത്.
നമ്മൾ ആകാൻ പോകുന്നത് മുതലാളിയുടെ അടിമയും അല്ല. മുതലാളിക്ക് നമ്മളെക്കൊണ്ട് കാര്യമുണ്ട്. ഒന്നുകൂടി തെളിച്ച് പറഞ്ഞാൽ നമ്മിലേക്ക് ആശ്രയമുണ്ട്. നമ്മൾ ചത്തു പണിയെടുത്തെങ്കിലേ മുതലാളിക്ക് ഉൽപ്പന്നമുണ്ടാകൂ /വിളവ് ഉണ്ടാകൂ. അത് വിറ്റെങ്കിൽ മാത്രമേ അയാൾക്ക് ലാഭമുണ്ടാകൂ. അടിമകളാകുന്ന തൊഴിലാളികൾ കൂട്ടത്തോടെ സമരത്തിന് ഇറങ്ങിയാൽ മുതലാളി കുത്തുപാളയെടുക്കും.
എന്നാൽ, നമ്മൾ ആകാൻ പോകുന്നത് അല്ലാഹുവിൻ്റെ അടിമയാണ്. നമ്മുടേതെന്ന് പറയുന്നതെന്തുണ്ടോ അതെല്ലാം അവന്റേതാണ്. നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം അവനിൽ നിന്ന് കിട്ടിയതാണ്. അവനാണെങ്കിൽ നമ്മളെ കൊണ്ട് ഒരു കാര്യമില്ലതാനും. അവൻ ആരുടേയും ആശ്രയമില്ലാത്തവനാണ്. അവന് സ്ഥലമില്ല, കാലമില്ല, ദേശമില്ല, ഉപ്പയില്ല, ഉമ്മയില്ല, മക്കളില്ല, സഹായിയില്ല, കൂട്ടുകാരില്ല. അവന് ഉറക്കമില്ല, ക്ഷീണമില്ല, തളർച്ചയില്ല. അവൻ ഉണ്ടായവനല്ല. അവൻ ഇല്ലാതാവുന്നവനുമല്ല.
സംഗതി അറിഞ്ഞു നോക്കുമ്പോൾ റബ്ബുൽ ആലമീനായ തമ്പുരാൻ്റെ കരുണ കൊണ്ട് മാത്രമാണ് നമ്മുടെ ജന്മം മുതൽ ഇങ്ങോട്ട് എല്ലാ കാര്യങ്ങളും നടന്നുപോരുന്നത്. അവൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു കടാക്ഷം ഏതെങ്കിലും സമയത്ത് പിൻവലിച്ചാൽ നമ്മൾ തീർന്നു. വിരലിൽ ഒരു മുള്ള് തറച്ചാലറിയാം നമുക്കുള്ള നീറ്റൽ. വിരലുകളിൽ ഒന്നു മുറിഞ്ഞു പോവുകയോ കണ്ണുകളിൽ ഒന്ന് പൊട്ടി പോവുകയോ ഒടിഞ്ഞുകുത്തി വീണ് കാല് ചട്ടയാവുകയോ കേൾവി കുറയുകയോ നെഞ്ചിടിപ്പ് പരിധി വിട്ട് കൂടുകയോ കുറയുകയോ എന്ന് വേണ്ട നിലവിലുള്ള അവസ്ഥയിൽ നിന്ന് എന്ത് മാറ്റം വന്നാലും അപ്പോഴാണ് നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ വില അറിയുക. വയറിളകി അടിക്കടി നാലു തവണ തണ്ടാസിൽ പോവേണ്ടി വന്നാൽ വെളിവാകും നമ്മുടെ ദുർബലത.
നമ്മുടെ ഹൃദയം അന്ന് മുതൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വാഹനത്തിൻ്റെ എൻജിൻ കേടുവന്നാൽ വർക്ക് ഷോപ്പുകാരൻ വണ്ടി ഓഫ് ചെയ്തു കൊണ്ടാണ് പണിയെടുക്കുന്നത്. പക്ഷേ ശരീരത്തിൽ ഹൃദയം ഓഫാക്കി വെച്ചുകൊണ്ടുള്ള ഒരു സർജറിയും സാധ്യമല്ല. അത് ഇടതടവില്ലാതെ വർക്ക് ചെയ്തുകൊണ്ടേയിരിക്കുന്നു. അതുവഴി നമ്മുടെ ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്കും - കന്യാകുമാരിയിലേക്കും ജമ്മുകാശ്മീരിലേക്കും മധ്യപ്രദേശിലേക്കും ഗുജറാത്തിലേക്കും ആസാമിലേക്കും ഒട്ടിച്ചേർന്ന് കിടക്കുന്ന ശ്രിലങ്കയിലേക്കടക്കം രക്തം പമ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരല്പനേരം ഹൃദയം നിന്നാൽ മതി കഴിഞ്ഞു നമ്മുടെ കാര്യം.
ഹൃദയം ഉള്ളിൽ കിടന്ന് ഇങ്ങനെ പടപട പ്രവർത്തിച്ചാൽ മാത്രം പോരാ, അതിനുള്ളിലേക്ക് വലിച്ചെടുക്കാനുള്ള ശുദ്ധമായ വായുവും പുറത്തു ഉണ്ടായിരിക്കണം. ഹൃദയത്തിന് കുഴപ്പമൊന്നുമില്ല പക്ഷേ നാം ശ്വസിക്കുന്ന വായു പെട്ടെന്നങ്ങ് വലിഞ്ഞു പോയി അല്ലെങ്കിൽ കഠിനമായ പുക പരന്നു. കഴിഞ്ഞില്ലേ നമ്മൾ. നാം ശ്വാസോച്ഛ്വാസം നടത്തി കൊണ്ടിരിക്കുന്ന ഓരോ നിമിഷവും അല്ലാഹുവിലേക്ക് ആശ്രയിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ഓരോ അനുനിമിഷവും അല്ലാഹുവിലേക്ക് കയറിട്ട് കെട്ടപ്പെട്ടവർ ആയ നമ്മൾ വേറെ എന്ത് പറയാനാണ്; ഞങ്ങൾ നിൻ്റെ അടിമകളാണെന്നല്ലാതെ! അല്ലാഹുവിൻ്റെ അടിമകൾ ആണെന്ന് പരസ്യമായി പ്രഘോഷിക്കുന്നതിനേക്കാൾ വലിയ ആഘോഷം നമുക്ക് എന്തുണ്ട് വേറെ. വാ ഒരിക്കൽ കൂടി നമുക്ക് ഒന്നായി നിന്ന് വിളംബരം ചെയ്യാം- ഇയ്യാക നഅ്ബുദു… ഞങ്ങൾ നിൻറെ മാത്രം അടിമകളാണ്.....
ഇനി നമുക്ക് ഒരു പേരു കൂടി കിട്ടണം. അല്ലാഹുവിന് നമ്മൾ ചെയ്യുന്ന അരുമയായ അടിമപ്പണിയെ താലോലിച്ചു വിളിക്കാൻ. അത് അല്ലാഹുവിനു മാത്രമുള്ളതാകയാൽ മറ്റൊരിടത്തേക്കും ഫിറ്റാവരുത്. അതിൽ അവകാശം പറഞ്ഞു ഒരാൾക്കുമൊട്ട് വരാനുമാകരുത്. സ്നേഹം എന്നായാലോ? പറ്റില്ല അത് പലരുമായും ഇല്ലേ? വാത്സല്യം എന്നാക്കിയാലോ? അയ്യേ ഇതെന്താ കുട്ടിക്കളിയോ? കരുണ എന്നാക്കിയാലോ? പോര! അത് പലർക്കും ഉണ്ട്. ആദരവ് എന്നാക്കിയാലോ? പറ്റൂല! അതിൽ മാതാപിതാക്കളും ഗുരുക്കന്മാരും മുതിർന്നവരും മഹാന്മാരും എല്ലാം കൂട്ടുകൂടും. അപ്പോൾ പിന്നെ ആർക്കുമില്ലാത്ത മറ്റൊരാൾക്കും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത നാമം ആയിരിക്കണം. എന്നാൽ പിന്നെ അതുതന്നെ! അടിമപ്പണി എന്നു തന്നെ!- ഇബാദത്!!! മലയാളത്തിൽ പറയുമ്പോൾ ആരാധന!!! മനസ്സിലായോ?
ഇടക്ക് ചോദിക്കട്ടെ എന്താണ് ഈ ആരാധന എന്ന് പറഞ്ഞാൽ? തെളിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണത്. ഖുർആനിൽ ഒരിടത്ത് പറയുന്നുണ്ട് മനുഷ്യ, ജിന്ന് വർഗ്ഗങ്ങളെയല്ലാം സൃഷ്ടിച്ചത് മറ്റൊന്നിനും വേണ്ടിയല്ല; ആരാധന നിർവഹിക്കാൻ വേണ്ടി മാത്രമാണെന്ന്. എന്നുവച്ചാൽ എന്താണ് അതിന്റെ അർത്ഥം വരുന്നത്. ആരാധനയല്ലാത്ത മറ്റു ഒരു സംഗതിയും മനുഷ്യൻ ചെയ്യാൻ പാടില്ല എന്നല്ലേ. അപ്പോൾ നാം നടക്കുന്നതും കിടക്കുന്നതും കളിക്കുന്നതും കുളിക്കുന്നതും കൃഷി ചെയ്യുന്നതും കച്ചവടം ചെയ്യുന്നതും ഉറങ്ങുന്നതും പഠിക്കുന്നതും പരീക്ഷ എഴുതുന്നതും ഒക്കെ ആരാധനയാണോ. ശരിക്കു പറഞ്ഞാൽ ആണ്.
ആരാധന കൊണ്ട് അതിൻ്റെ വിശാലാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ചില പ്രത്യേക സമയങ്ങളിൽ ചെയ്യുന്ന ആചാരപരമായ നിഷ്ഠകൾ മാത്രമല്ല, കർമ്മങ്ങൾ ചെയ്യുമ്പോൾ ചെയ്യുന്ന ആളിന്റെ മനസ്സിലെ കരുത്ത് എന്ത് എന്നതുകൂടി ചേർത്താണ് ആരാധന തീരുമാനിക്കപ്പെടുന്നത്. അല്ലാഹുവാകുന്ന ഏകനായ പരമോന്നത ശക്തിക്ക് മുമ്പിൽ ഞാനിതാ എൻ്റെ അങ്ങേയറ്റത്തെ വണക്കവും വിനയവും പ്രകടിപ്പിക്കുന്നു എന്ന കരുത്തോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം ആരാധന തന്നെ. എന്നു വരുമ്പോൾ നിത്യ ജീവിതത്തിലെ നമ്മൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളും ഐച്ഛികമായി പിന്തുടരുന്ന കാര്യങ്ങളും എല്ലാം ഇബാദത്തിന്റെ (ആരാധന) പരിധിയിൽ വരും. അല്ലാതെ അപൂർവ്വം ചിലർ തെറ്റിദ്ധരിച്ചത് പോലെ ജീവിതത്തിൻ്റെ മുഖ്യധാരയിൽ നിന്ന് ഒളിച്ചോടുകയും കടമകളും കർത്തവ്യങ്ങളും ഒന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ചില ആചാരകർമാദികളിൽ മുങ്ങുന്നതല്ല ആരാധന.
ഒരു ഉദാഹരണം പറഞ്ഞാൽ ഒരു വ്യക്തിയുടെ മാതാവ് രോഗം വന്ന് പനിച്ച് പതയ്ക്കുന്നു. മക്കൾ വിശന്നു കരയുന്നു. ഇതിനിടയിൽ സ്വന്തം ഭാര്യ മനസാ വേദനിച്ച് തേങ്ങുന്നു. അയൽവാസി പെട്ടെന്ന് മരണപ്പെട്ട് അയാളുടെ വിധവയായ ഭാര്യയും അനാഥകളായ മക്കളും പെരുവഴിയിൽ ആയിരിക്കുന്നു. ഈ കാണായ കഷ്ടപ്പാടുകളിലേക്കും കരൾ നുറുക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കൊന്നും കണ്ണും കാതും കൊടുക്കാതെ ഒരാൾ പോയി ഏതോ മലഞ്ചെരുവിൽ ഇരുന്ന് എന്തോ ജപിക്കുകയോ ദൈവ സ്തോത്രങ്ങൾ വാഴ്ത്തുകയോ ചെയ്യുന്നതാണോ ആരാധന? അല്ല! എൻ്റെ നിസ്കാരവും കർമ്മങ്ങളും ജീവിതവും മരണവും നിനക്കുള്ളതാണ് റബ്ബേ എന്നതാണ് ഒരു വിശ്വാസിയുടെ കാഴ്ചപ്പാട്. അതായത് ജീവിതത്തിലെ ഓരോ സൂക്ഷ്മ ചലനങ്ങളും ഇബാദത്ത് തന്നെ. പക്ഷേ കരുത്ത് വേണം. അപ്പോൾ രണ്ടു കാര്യമുണ്ടായി. ഒരാൾ പരമമായ സമർപ്പണബോധമില്ലാതെ / പാതി മറ്റാരുമായോ പങ്കിട്ട് പാതിരാ നേരത്ത് നിസ്കരിക്കുന്നു. അത് ആരാധനയാവില്ല. വേറൊരാൾ പരമമായ വിധേയബോധത്തോടെ കൂടി പാതിരാനേരത്ത് വീട്ടിൽ കിടന്നുറങ്ങുന്നു. അത് ഇബാദത്ത് ആവുകയും ചെയ്യും. ഇബാദത്ത് ചെയ്യുന്നവനാണ് അബ്ദ്. അബ്ദാണ് അടിമ!
സൃഷ്ടികളിൽ ശ്രേഷ്ഠരാണ് മുഹമ്മദ് നബി. നബിയെക്കാൾ പവിത്രതയുള്ള / മഹാത്മ്യമുള്ള ഒരു സൃഷ്ടിയും ഈ ഉലകത്തിലില്ല. ആ നബിയോർക്ക് അല്ലാഹു ചാർത്തിയിരിക്കുന്ന ഏറ്റവും മഹോന്നതമായ അധികാരപട്ടം അടിമ എന്നുള്ളതാണ്. തുറന്നുപിടിച്ച ആ അത്യുത്കൃഷ്ഠമായ അടിമക്കുടക്കുള്ളിലേക്കാണ് പാവത്താങ്ങളായ നമ്മളും വലിഞ്ഞു കയറി അല്ലാഹുവിൻ്റെ തണലു കൊള്ളാൻ തിരക്ക് കൂട്ടുന്നത്. അല്ലാഹുവേ, ഈ അടിയങ്ങളെ, അനുസരണ ശീലമുള്ള ഒന്നാം നമ്പർ അടിമകളായി നീ സ്വീകരിക്കണേ...





