ഈയടുത്ത് ഒരു കമ്പനി അവരുടെ 65 ശതമാനം തൊഴിലാളികളെയും പെട്ടെന്ന് പിരിച്ചുവിടുകയുണ്ടായി. കാരണമെന്തന്നല്ലേ. അവർ ചെയ്യുന്ന സേവനം അവരുടെ സാന്നിധ്യമോ സഹായമോ കൂടാതെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെച്ച് വൃത്തിയിൽ നടപ്പിലാവുന്നു. അതോടൊപ്പം, പിടിച്ചുനിർത്തിയ 35% ആളുകൾക്ക് 35% ശമ്പളം വെട്ടി കുറക്കുകയും ചെയ്തു. അടുത്ത ഭാവിയിൽ നിങ്ങളും ആവശ്യം വരില്ല പിരിച്ചുവിട്ടേക്കാം എന്ന സൂചന ആയിരുന്നു അത്.
അപ്പോൾ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കട്ടെ. ഇതുവരെ എന്തിനായിരുന്നു കമ്പനി അത്രയും ആളുകളെ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റിയത് - ഉത്തരം ലളിതം - അവരുടെ സേവനം കമ്പനിക്ക് കൃത്യമായി ലഭിച്ചിരുന്നു. അതിന് പകരമായാണ് അവർ വേതനവും മറ്റാനുകൂല്യങ്ങളും നൽകിയത്. അപ്പോൾ എല്ലാം പകരത്തിനു പകരം, അല്ലേ?
എന്നാൽ മറ്റൊരു ചോദ്യം ചോദിക്കട്ടെ. നാം ചെയ്യുന്ന ആരാധനാകർമങ്ങളെ കൊണ്ട് അല്ലാഹുവിന് എന്താണ് കാര്യം കിട്ടുന്നത്? നമ്മളെല്ലാവരും ആരാധന നിർത്തിവച്ചു എന്നുള്ളതുകൊണ്ട് അവന് എന്ത് കോട്ടമാണ് വരാൻ പോകുന്നത്. ഒന്നുകൂടി കയറി ചോദിച്ചാൽ നാം ചെയ്യുന്ന ആരാധനാകർമങ്ങളുടെ പൊരുളുകളെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ? പകരത്തിന് പകരം എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ ആരാധനയെ വ്യാഖ്യാനിക്കാനാകുമോ?
ഏറ്റവും പ്രധാനപ്പെട്ട ശാരീരിക ആരാധനാ കർമമാണല്ലോ നിസ്കാരം. നമ്മൾ അഞ്ചുനേരം ശരീരഭാഗങ്ങൾ നനച്ചു വൃത്തിയാക്കി മനസ്സിനെ ഏകാഗ്രമാക്കി തലകുനിച്ച് കുമ്പിട്ട് വീണ് നിവർന്നെഴുന്നേറ്റ് പ്രാർത്ഥിച്ചത് കൊണ്ട് ഉടമയായ റബ്ബിന് എന്ത് കിട്ടുന്നു എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അല്ലാഹുവിനെപ്പറ്റി ശരിക്ക് പഠിച്ചു മനസ്സിലാക്കിയവർ തീർത്തു പറയും ഒന്നും കിട്ടാനില്ല! കാരണം അവൻ ഒന്നിലേക്കും ആശ്രയം ഉള്ളവനല്ലല്ലോ. എന്നാൽ എല്ലാം അവനിലേക്ക് ആശ്രയം ഉള്ളവനുമാണ്.
ഏറ്റവും പ്രധാനമായി നമ്മുടെ ഉൺമയിൽ തന്നെ. ഒരു രക്ഷിതാവ് കുട്ടിക്ക് വേണ്ടി വസ്ത്രം, ആഹാരം, പഠനം എന്നിതുകളിലായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. അതിന് ആദ്യം കുട്ടി ഉണ്ടാവണ്ടേ. ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങിയിട്ട് തലയിൽ നരകയറി വെളുത്തിട്ട് ഇനി കുഞ്ഞുണ്ടാവില്ലെന്ന് ഉറപ്പു കിട്ടിയിട്ട് പിന്നെ മകനെ സ്കൂളിൽ ചേർക്കുന്നതും യൂണിഫോം വാങ്ങുന്നതും ടൂറിന് ഫീസ് കൊടുക്കുന്നതും ബി.ടെക്കിന് സീറ്റ് വാങ്ങുന്നതും ഒക്കെ ആലോചിച്ചിട്ട് എന്ത് കാര്യം. അതെല്ലാം പിന്നെയാണ്. അതെല്ലാം വേണ്ട കുട്ടിയെവിടെ?
അത് കുട്ടിയുടെ കാര്യം. നമ്മുടെ ഉൺമയോ. അത് നമ്മൾ ഉണ്ടാക്കിയതല്ലല്ലോ. നമ്മൾ ആവശ്യപ്പെട്ട ഡിസൈനിൽ നമ്മൾ ഓർഡർ കൊടുത്ത ആകാരവലിപ്പത്തിൽ നമ്മൾ പറഞ്ഞ സമയത്ത് നമ്മൾ ആവശ്യപ്പെട്ട സ്ഥലത്ത് നമ്മൾ താൽപര്യപ്പെട്ട മാതാപിതാക്കൾക്ക് ഒന്നുമല്ലല്ലോ നമ്മൾ ഉണ്ടായത്. നമ്മൾ ഉണ്ടായത് തന്നെ നമ്മൾ അറിഞ്ഞിട്ടില്ല. നമ്മൾ അങ്ങ് വലുതായി ചിന്തയും ബുദ്ധിയും വന്നപ്പോഴാണ് നമ്മൾ നമ്മളെ കാണുന്നത്. നമ്മൾ നമ്മളെ പരിചയപ്പെടുന്നത്.
എന്നുവച്ചാൽ ഏറ്റവും പരമമായ നമ്മുടെ ഉൺമ മുതൽ ഇങ്ങോട്ട് എല്ലാ കാര്യത്തിലും നാം അല്ലാഹുവിനെ ആശ്രയിക്കുന്നു - അവനാണെങ്കിൽ ഒന്നിനും ഒരു കാര്യത്തിലും ആരെയും ആശ്രയിക്കുന്നില്ല താനും. അപ്പോൾ അങ്ങനെയുള്ള നമ്മൾ നേരാനേരം നിസ്കരിച്ചതുകൊണ്ട് ഒരു മാസക്കാലം പട്ടിണി കിടന്നുകൊണ്ട് മക്കത്ത് പോയി ചുറ്റിക്കറങ്ങി ഓടിനടന്നു കല്ലെറിഞ്ഞ് മുടിമുറിച്ച് തിരിച്ചു വന്നതുകൊണ്ട് എന്തുണ്ട് കാര്യം. ആർക്കാണ് മെച്ചം?
ഒരു കാര്യം ഉറപ്പാണ്. അല്ലാഹുവിന് ഒരു മെച്ചവുമില്ല. പിന്നെ ആർക്കെങ്കിലും എന്തെങ്കിലും മെച്ചം ഉണ്ടെങ്കിൽ അത് ചെയ്യുന്ന നമ്മൾക്ക് തന്നെയാണ്. ബാഹ്യമായും ആന്തരികമായും മെച്ചങ്ങളുണ്ട്. നിസ്കരിക്കുമ്പോൾ ശരീരം അഴുക്കുകളിൽ നിന്ന് ശുദ്ധിയാവുക, സന്ധിബന്ധങ്ങൾ ആവശ്യമായ അളവിൽ വലിഞ്ഞും മുറുക്കിയും ചലിച്ചുകൊണ്ടിരിക്കുക. നോമ്പുകൊണ്ട് ശരീരത്തിൻ്റെ ദഹനപ്രക്രിയക്ക് ബ്രേക്ക് കൊടുക്കുക. കെട്ടിക്കിടക്കുന്ന ദുർമേദസുകളെ ഉരുക്കിയൊഴുക്കി ശരീരത്തെ മൃദുലമാക്കുക എന്നിങ്ങനെയെല്ലാമുള്ള അനവധി ബാഹ്യമായ മെച്ചങ്ങൾ.
അതിനേക്കാൾ പ്രധാനം ആന്തരികമായ ശുദ്ധിയാണ്. ഇബാദത്തിലൂടെ (ആരാധന) നാം കൂടുതൽ കൂടുതൽ അല്ലാഹുവിലേക്ക് അടുക്കുന്നു. ഏറ്റവും പ്രധാനമായി അല്ലാഹു പറഞ്ഞത് അപ്പടി അംഗീകരിക്കുന്നു എന്നുള്ളത് തന്നെ. പറയുന്നത് ഉടമയായ അല്ലാഹു ആയതിനാലും കേൾക്കുന്നത് അടിമയായ നമ്മൾ ആയതിനാലും പിന്നെ കൂടുതൽ വർത്തമാനങ്ങൾക്ക് ഒന്നും അവസരമില്ല. അംഗീകരിക്കുക തന്നെ. അനുസരിക്കുക തന്നെ. അതുതന്നെ പ്രധാനം!
നമ്മൾ അറിവ് കുറഞ്ഞവരാണെന്നും ഗുപ്തമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്നുമുള്ള ബോധം വന്നു കഴിഞ്ഞാൽ കൽപ്പിക്കുന്നതെന്തും അംഗീകരിക്കുന്നതിന് പ്രശ്നം വരില്ല. ആ തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്. അതില്ലാതെ കാര്യകാരണ ബന്ധങ്ങളുടെ യുക്തിയിലേക്ക് പോകുകയും അതുവച്ച് ഉടമയായ റബ്ബ് പറഞ്ഞ കാര്യത്തെ ചോദ്യം ചെയ്യുക എന്നുള്ളത് വിവരമല്ല വിവരക്കേടാണ്. അനുസരണക്കേടാണ്. അതാണ് ഇബിലീസിന് ഉണ്ടായത്.
മനുഷ്യനെ സൃഷ്ടിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അനുഭവത്തിന്റെ യുക്തിശാസ്ത്രം വച്ചുകൊണ്ട് മലക്കുകൾ പറഞ്ഞത് വേണ്ട എന്നായിരുന്നു. അതായത്, യുക്തിയുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ നമ്മൾ സൃഷ്ടിക്കപ്പെടാൻ തന്നെ പാടില്ലായിരുന്നു. കാരണം പരസ്പരം രക്തം ചിന്തുന്ന, നാട്ടിലാകെ കുഴപ്പങ്ങളുണ്ടാക്കുന്ന, ഒരുമാതിരി പ്രശ്നക്കാരാണല്ലോ നമ്മൾ. എന്നിട്ടും നമ്മളെ ഉണ്ടാക്കിയത് എന്തുകൊണ്ടാണ്? അത് യുക്തിബാഹ്യമായ ദൈവിക യുക്തിയുടെ അടിസ്ഥാനത്തിലാണ്. അല്ലാഹു മലക്കുകളോട് പറഞ്ഞല്ലോ; നിങ്ങൾക്കറിയാത്തത് എനിക്കറിയാമെന്ന്. ആ അറിവിൻ്റെ അലിവിൻ പുറത്താണ് നമ്മൾ ഉണ്ടായത്. അങ്ങനെയുണ്ടായ നമ്മൾ നമുക്ക് ബോധ്യപ്പെട്ട യുക്തിയുടെ അടിസ്ഥാനത്തിൽ ഉടമയായ റബ്ബിനെ ചോദ്യം ചെയ്യുക എന്ന് പറയുന്നത് എവിടെ എത്തിപ്പോയി?
അല്ലാഹു മനുഷ്യരെ ഒടുവിൽ പടക്കാൻ തന്നെ തീരുമാനിച്ചപ്പോൾ മലക്കുകൾ പിന്നെ മൗനികളായി. എന്നിട്ട് തങ്ങൾ പടയ്ക്കേണ്ടെന്ന് പറഞ്ഞ ആദമിനെ മണ്ണിൽ നിന്ന് പടക്കുകയും അതേ ആദമിന് സുജൂദ് ചെയ്യാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. അപ്പോൾ എല്ലാവരും അങ്ങനെ ചെയ്തു. ഇബിലീസ് ഒഴികെ. അവൻ അഹങ്കാരിയായി. അവൻ കാര്യകാരണ ബന്ധങ്ങളുടെ യുക്തിബോധത്തിൽ വസ്തുതകൾ വിശകലനം ചെയ്തു. ആർക്കാണ് സുജൂദ് ചെയ്യേണ്ടത്/ ചെയ്തുകൂടാത്തത് എന്നതിനെക്കുറിച്ചുള്ള ഫിലോസഫിക്കൽ അപഗ്രഥനം നടത്തി അല്ലാഹുവിന് അങ്ങോട്ട് നല്ലൊരു ക്ലാസ്സ് കൊടുത്തു. ഏഭ്യൻ!! അവൻ എന്നന്നേക്കും ഔട്ടായി. ഔദ്ധത്യത്തിന്റെ മൂർത്തിയും തിന്മകളുടെ കൂട്ടിക്കൊടുപ്പുകാരനായി അവൻ തരംതാണു.
ഖുർആൻ പലതവണ ആവർത്തിച്ചു പറയുന്ന ഈ കഥയിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാവുന്നത്. ആരാധനാകർമങ്ങളുടെ അടിസ്ഥാനയുക്തി എന്നു പറയുന്നത് അല്ലാഹു പറഞ്ഞത് പറഞ്ഞ മുറപ്രകാരം അനുസരിക്കുക എന്നു തന്നെയാണ്. അല്ലാതെ ഒരിക്കലും കൃത്യമായ യുക്തി ബോധത്തിന്റെ തെളിവുകൾ നിരത്തി അവയ്ക്ക് ന്യായം കണ്ടെത്താൻ കഴിയില്ല. അങ്ങനെ ന്യായം പറഞ്ഞു തുടങ്ങിയാൽ തുരുതുരെ വരുന്ന മറു ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരും. ഒരുപക്ഷേ നമുക്ക് അവയുടെ പൊരുളുകൾ പറയാൻ പറ്റിയേക്കും. അല്ലാതെ ഈ സ്വിച്ച് ഇട്ടപ്പോൾ എന്താ ആ ലൈറ്റ് കത്തിയത് മറ്റേ സ്വിച്ച് ഇട്ടപ്പോൾ എന്താ ഈ ഫാൻ വർക്ക് ചെയ്തത് ആ മൂന്നാമത്തെ സ്വിച്ച് ഓണാക്കിയപ്പോഴെന്താ എസി മൂളിയത് എന്നിങ്ങനെ പറയും പോലെയുള്ള പരസ്പരബന്ധം പറഞ്ഞു തെളിയിക്കാൻ കഴിയില്ല.
നിസ്കാരത്തിൻ്റെ കാര്യം തന്നെ നോക്കൂ. പലതും പല ടൈപ്പ് ആണ്. മയ്യിത്ത് നിസ്കാരത്തിൽ (മരണപ്പെട്ടവർക്കു വേണ്ടിയുള്ള നിസ്കാരം) കുനിയലും കുമ്പിടലും ഇല്ല. പെരുന്നാൾ നിസ്കാരത്തിന് മറ്റു നിസ്കാരങ്ങൾക്ക് ഇല്ലാത്ത അധികമായ തക്ബീറുകൾ ഉണ്ട്. തറാവീഹ് നിസ്കാരം (റമസാനിലെ പ്രത്യേക നിസ്കാരം) ദീർഘമായ 20 റക്അത്തുകളുണ്ട്. ഗ്രഹണ നിസ്കാരത്തിന് രണ്ട് റുകൂഉകളുണ്ട്. രണ്ട് ഇട നിർത്തങ്ങളും. ളുഹറ് (ഉച്ച നേരത്തെ നിസ്കാരം) നാല് റക്അത് ആണ്. എന്നാൽ സുബ്ഹി (പ്രഭാത നിസ്കാരം) രണ്ടേ ഉള്ളൂ. മഗ് രിബ് മൂന്നാണ് താനും.
ഉറങ്ങി എഴുന്നേറ്റ ഉടനെ ആകയാൽ ഫ്രഷ് ആയതു കൊണ്ട് സുബഹി നാല് റക്അതും ഉച്ചക്ക് ഡ്യൂട്ടിക്കിടയിൽ ലഞ്ച് ബ്രേക്കിൽ ബിസിയായിരിക്കുന്നത് കൊണ്ട് രണ്ടുമാക്കി പരസ്പരം മാറ്റിക്കൂടേ എന്ന് ചോദിച്ചാൽ പറ്റില്ല! ഇപ്പോൾ ഒരു വണ്ടി ഉണ്ട്. ളുഹ്ർ ബാങ്ക് കൊടുക്കാൻ അഞ്ചെട്ട് മിനിട്ടേ ബാക്കിയുള്ളൂ. കത്തുന്ന നട്ടുച്ചയായിട്ടുണ്ട്. കാഴ്ചക്ക് ളുഹ്ർ ആയി എന്നുതന്നെ തോന്നും. ഞാൻ നിസ്കരിച്ചോട്ടെ. പറ്റില്ല. എപ്പോഴാണ് സൂര്യൻ തലക്ക് മുകളിൽ കൃത്യം എത്തുന്നത് അപ്പോഴേ ളുഹ്റിന് സമയം ആവുകയുള്ളൂ.
യാത്രക്കാർക്കും മറ്റുമുള്ള അനുകൂല്യങ്ങൾ വേറെയുണ്ട്; അതല്ല ഇവിടെ പരാമർശിക്കുന്നത്. അതിനുമുണ്ട് പരിധിയും പാരാമീറ്ററുകളും. നാലിന്റെ പകുതിയാണ് രണ്ട്. മൂന്നിന്റെ പകുതി ഒന്നരയും. ഖസ്വറാക്കി ( യാത്രക്കാർക്ക് ചുരുക്കി നിസ്കരിക്കാനുള്ള ആനുകൂല്യം) നിസ്കരിക്കുമ്പോൾ നാല് റക്അത്ത് ഉള്ളത് രണ്ടാക്കി ചുരുക്കാം. പക്ഷേ മൂന്ന് ഉള്ളത് ഒന്നരയാക്കി കൂടാ. ഇതെന്തു കണക്കാ? ളുഹറ് നിസ്കാരവും അസറും ഒന്നിച്ച് ചേർത്ത് ജംആക്കി നിസ്കരിക്കാം. മഗ്രിബും ഇശാഉം അതുപോലെ തന്നെ ചെയ്യാം. പക്ഷേ ഒരു കാരണവശാലും അസ്വറും മഗ് രിബും തമ്മിൽ കൂട്ടി യോജിപ്പിച്ച് ജംആക്കിക്കൂടാ (ഒരുമിച്ചു നിസ്ക്കരിക്കുക). എന്തുകൊണ്ടാണത്?
ഒരാൾക്ക് നിസ്കാരത്തിൽ അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ മോഹം. ഒരു റക്അത്തിൽ രണ്ട് സുജൂദ് പോരാത്ത പോലെ. ഒരു മൂന്നു നാലെണ്ണം പാസാക്കിയാലോ? സുബ്ഹി നേരത്ത് നിസ്ക്കാരം രണ്ട് മതിയാവുന്നില്ല. വളരെ ശാന്തമനോഹരമായ സമയമല്ലേ? അല്ലാഹുവിന് വേണ്ടിയല്ലേ? കിടക്കട്ടെ നാലോ അഞ്ചോ ഒക്കെ. ഇതൊന്നും പാടുള്ള കാര്യങ്ങളല്ല! അതാണ് തുടക്കത്തിലേ പറഞ്ഞത്; ആരാധനയുടെ അടിസ്ഥാനം അനുസരണയാണ്.
നോമ്പിന്റെ കാര്യത്തിൽ വരുമ്പോഴുമുണ്ട് ഇത്തരം രസസംസാരങ്ങൾ. മൊത്തത്തിൽ ഇത്ര മണിക്കൂർ നിങ്ങൾ പട്ടിണി കിടക്കുക എന്നുള്ളതല്ല കാര്യം. അങ്ങനെയാണെങ്കിൽ ഒരാൾക്ക് സുബഹി മുതൽ മഗരിബ് വരെ എന്നുള്ളത് മാറ്റിയിട്ട് ളുഹ്ർ മുതൽ പാതിരാ പന്ത്രണ്ടുവരെ എന്നാക്കാൻ പറ്റുമോ? ചിലപ്പോൾ ആദ്യത്തേതിനെക്കാളും സമയം കൂടുതൽ കിട്ടും. ഓഫീസ് ജോലി വൃത്തിയിൽ എടുക്കുകയും ഇന്റർവൽ ചായ കുടിക്കുകയും ഉച്ചക്ക് നന്നായി ചോറ് ചാമ്പുകയും ചെയ്യാം. എന്നിട്ട് ളുഹ്ർ വാങ്കോടുകൂടി നോമ്പ് തുടങ്ങുന്നു.
അല്ലെങ്കിൽ നിലവിലെ നോമ്പുകൊണ്ട് തൃപ്തി പോരാ. അല്ലാഹുവിനോട് കൂടുതൽ അടുക്കണം അയാൾ മഗ്രിബിന് നോമ്പ് തുറക്കുന്നില്ല; ഇശാ വരെ നീട്ടുന്നു, ചിലർ ഇശാ കഴിഞ്ഞിട്ടും ദീർഘിപ്പിക്കുന്നു. സക്കാത്തിന്റെ കാര്യത്തിലും വരും ചോദ്യങ്ങൾ. നിസ്വാബ് (മിനിമം മാനദന്ധം) തികയേണ്ടതുണ്ടോ? വർഷം പൂർത്തിയാക്കേണ്ടതുണ്ടോ? രണ്ടര ശതമാനം തന്നെ വേണമെന്നുണ്ടോ? ഒന്നേമുക്കാൽ പോര? മൂന്നേകാൽ ആയാൽ എന്താ കുഴപ്പം? പ്രശ്നമൊന്നുമില്ല! സകാത്ത് ആവുകയില്ല.
ഹജ്ജിനെപ്പറ്റി ഒരാൾക്ക് ചോദിക്കാം - ലക്ഷങ്ങൾ ചെലവഴിച്ച് മക്കയിൽ പോയി ചുറ്റിക്കറങ്ങി ഓടിക്കയറി മുടിമുറിച്ച് തിരിച്ചുവരുന്നതിന് പകരം ആ തുക കൊണ്ട് പാവപ്പെട്ട ഒരാൾക്ക് വീടെടുത്തു കൊടുത്താൽ സമർത്ഥനായ ഒരു ദരിദ്ര വിദ്യാർത്ഥിക്ക് എംബിബിഎസിന് സീറ്റ് വാങ്ങിച്ചു കൊടുത്താൽ? പറ്റുകയില്ല! അത് ഹജ്ജ് ആവുകയില്ല. (പാവങ്ങളെ സഹായിച്ചതിൻ്റെ പ്രതിഫലം ലഭിക്കും) ഹജ്ജിന് പകരം ആവുകയുമില്ല. യജമാനനായ അല്ലാഹുവിൻ്റെ ഉത്തരവുകൾ അനുസരിക്കുക എന്നുള്ളതാണ് ആരാധനയുടെ തത്വം. ഉള്ളാലുള്ള് അറിയാതെ തന്നെ ഉൾക്കൊള്ളുന്നവരാണ് യഥാർത്ഥ വിശ്വാസികൾ എന്ന് സൂറത്തുൽ ബഖറ തുടക്ക വരികളിൽ തന്നെ പറയുന്നുണ്ട്. മറഞ്ഞകാര്യങ്ങൾ,രഹസ്യങ്ങൾ കൊണ്ട് വിശ്വസിക്കുന്നവർ.





