അയാൾ അതുവരേക്കും മറ്റൊരു മതസ്ഥനായിരുന്നു. എന്ന് മാത്രമല്ല ആ ബാലൻ ഉൾപ്പെടുന്ന മതത്തെക്കുറിച്ച് ഒരുപാട് ഭീതിതമായ ധാരണകൾ വെച്ച് പുലർത്തിയ ആളുമായിരുന്നു. 'അൽഹംദുലില്ലാഹ്' കേട്ട അയാൾ അന്വേഷിച്ചിറങ്ങി. ഇത്രയും ദരിദ്രനായ ഒരു ബാലന് ഇത്ര വലിയ പ്രതിസന്ധിഘട്ടത്തിലും അൽഹംദുലില്ലാഹ്, പറയാൻ എവിടുന്ന് കിട്ടി ഊർജം? അന്വേഷണം ഒരു തീർത്ഥ യാത്രയായിരുന്നു. യാത്രക്കൊടുവിൽ അദ്ദേഹം ആ പുണ്യ സ്ഥലത്തെത്തി. അതാണ് പരിശുദ്ധ ഇസ്ലാം. ഇടക്ക് പറയട്ടെ ചിലപ്പോൾ തോന്നും ഇതെല്ലാം ഓരോരോ കഥകൾ അടിച്ചു വിടുകയല്ലേ എന്ന്. അതിന് മറുത്തൊന്നും പറയുന്നില്ല. ഇദ് രീസ് തൗഫീഖ് എന്ന ബ്രിട്ടീഷുകാരൻ നേരിട്ട് നിങ്ങളോട് സംസാരിക്കുന്ന വീഡിയോയുടെ ലിങ്ക് മാത്രം താഴെ കൊടുക്കാം.
My Journey To Islam: Idris Tawfiq
ബാക്കി നിങ്ങൾക്ക് വിട്ടു. കാരണം നമുക്കിവിടെ അൽഹംദുലില്ലയെപ്പറ്റി ഏറെ സംസാരിക്കാനുണ്ട്. നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ ഫാത്തിഹയുടെ ആദ്യ ഭാഗങ്ങളിൽ അല്ലാഹു അവനെപ്പറ്റി സംസാരിക്കുകയാണെന്ന്. അവൻ റഹ്മാൻ ആണെന്നും റഹീം ആണെന്നും. മനുഷ്യൻ നടത്തുന്ന എല്ലാ വാഴ്ത്തു വചനങ്ങൾക്കും യഥാർത്ഥ ഉടമ അവനാണ് എന്നാണ് ഫാത്തിഹയിലൂടെ നമ്മൾ പ്രഖ്യാപിക്കുന്നത്.
ഒരാൾ വാഴ്ത്തപ്പെടുന്നു എന്നതിൻ്റെ അർത്ഥം ആ ആളിൽ കാര്യമായി എന്തൊക്കെയോ ഉണ്ട് എന്നാണ്. വാഴ്ത്തപ്പെടാൻ അർഹനായിരിക്കെ വാഴ്ത്താൻ നമ്മൾ കടപ്പെട്ടിരിക്കെ അത് ചെയ്യുമ്പോഴാണ് അറബിയിൽ നമ്മൾ പറയുന്ന ഹംദ് ആവുന്നത്. സ്തുതി പറയുക എന്നൊക്കെ വേണമെങ്കിൽ അർത്ഥം പറയാം. അതേസമയം മദ്ഹ് എന്നു പറയുന്ന ഒന്നുണ്ട്. അത് പുകഴ്ത്തലാണ്. കൊള്ളരുതാത്തവൻ പുകഴ്ത്തപ്പെടില്ല. പരീക്ഷയിലാകട്ടെ, മത്സരത്തിലാകട്ടെ പ്രകടനത്തിലാകട്ടെ തോറ്റമ്പിയായ ഒരാളെ ആരും വാഴ്ത്തുകയില്ല. വീട്ടിൽ നിന്ന് അച്ഛനമ്മമാരോട് അടികൂടി/ സ്കൂളിലും കോളേജിലും ക്ലാസുകൾ ബങ്കുചെയ്ത് / നാട്ടിൽ നടക്കുന്ന എല്ലാ, തോന്നിവാസങ്ങൾക്കും നേതൃത്വം കൊടുത്ത് മൊയന്തായി നടക്കുന്നവനെ ആരും പിടിച്ചങ്ങ് വാഴ്ത്തില്ല. കള്ളനോ കൊലയാളിക്കോ ക്രൂരനോ അക്രമിക്കോ ഉള്ളതല്ല വാഴ്ത്തലുകളും സ്തുതിക്കലുകളും. ഇത് എല്ലാവർക്കും അറിയുന്ന താഴെയുള്ള ഒരു പ്രതലമാണ്.
കൂട്ടത്തിൽ പറയട്ടെ, കാര്യലാഭത്തിന് വേണ്ടി ചിലർ ചിലരെ പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ / ഭരണാധികാരികളെ / നേതൃത്വത്തിൽ ഇരിക്കുന്നവരെ കപടമായി വാഴ്ത്താറുണ്ട്. സദസ്സിലിട്ട് വല്ലാതെ പുകഴ്ത്തപ്പെടുമ്പോൾ ആളുകളുടെ മനസ്സിൽ അഹങ്കാരവും താൻപോരിമയും ഏറിവരും. ആയതിനാൽ അങ്ങനെയുള്ള കക്ഷികളെ അത്തരത്തിൽ വാഴ്ത്തുന്നത് ഫലത്തിൽ കുറ്റകരമായി വരും. ചിലപ്പോൾ വാഴ്ത്തുന്നത് അയാളെക്കൊണ്ടുള്ള ഉപദ്രവം തടുക്കാനാവും. നാലാളുടെ മുമ്പിലിട്ട് ചൂടോടെ രണ്ട് പൊട്ടിച്ച് കൊടുത്താൽ നീലഭൃംഗാദി തേച്ചു കുളിച്ച സുഖം കിട്ടും, നാലാഴ്ച. ക്രൂരത പ്രതിരോധിക്കാനായി ദുഷ്ടന്മാർ ആദരിക്കപ്പെടുന്ന കാലം വന്നാൽ ആസുരകാലം പ്രതീക്ഷിച്ചോ എന്ന് നബി വചനത്തിൽ കാണാം.
എന്നാൽ കാര്യങ്ങളെല്ലാം ഒരു മിതമായ നിലയിൽ ഒപ്പിച്ചു പോകുന്ന ആളുകൾക്ക് പൊതുവെ, വാഴ്ത്തലുകൾ ലഭിക്കാറില്ല. ചോദിച്ചാൽ "ആ അങ്ങനെ തട്ടിമുട്ടി പോണൂ "എന്ന ന്യൂട്രൽ പ്രസ്താവനയല്ലാതെ കേമമായി ഒന്നും സ്നേഹത്തോടെ കയറ്റി പറയുകയില്ല, പറയാനില്ല, അതുകൊണ്ടുതന്നെ, എന്താ ചെയ്യാ!”
അതേസമയം വാഴ്ത്തപ്പെടുന്നവൻ ഉന്നതമായ ഒരു പ്രതലത്തിൽ എത്തിയിരിക്കുകയാണ്. തങ്ങൾ ഏർപ്പെട്ടിരിക്കുന്ന മേഖലയിൽ അവൻ അങ്ങേയറ്റം മികവ് തെളിയിച്ചിരിക്കുന്നു. അല്ലെങ്കിൽ ഇടപഴകലിലും സ്വഭാവത്തിലും അത്യുന്നതമായ മേന്മ കാണിക്കുന്നു. ആയതിനാൽ അവർ എല്ലാവരാലും പുകഴ്ത്തപ്പെടുന്നു. വാഴ്ത്തപ്പെടുന്നു. പുകഴ്ത്തപ്പെടാൻ ഒരാളിൽ നിന്നുള്ള ഗുണം, ഉപകാരം, സഹായം, അറിവ് തുടങ്ങിയവ മറ്റുള്ളവർക്ക് ലഭിച്ചുകൊള്ളണമെന്നൊന്നുമില്ല. കാണാൻ നല്ല സുമുഖനാണ്. നല്ല ആരോഗ്യവാനാണ്. കണ്ഠനാളിയിൽ പൂങ്കുയിലിനെ ഒളിപ്പിച്ച പാട്ടുകാരനാണ്. നല്ല മോഡൽ കാറാണ്. ഇതിനെയൊക്കെ ആളുകൾ പുകഴ്ത്തുകയാണു ചെയ്യുക (മദ്ഹ്). വാഴ്ത്തുകയല്ല (ഹംദ്).
ഇനി ഇതിനോട് അർത്ഥസാമ്യം നിൽക്കുന്ന ഒരു ആശയമാണ്-ശുക്ർ. എന്ന് പറഞ്ഞാൽ നന്ദി പ്രകടനം. ഒരാൾ മറ്റൊരാളോട് നന്ദി പറയണമെങ്കിൽ അയാൾക്ക് മറ്റേയാളിൽ നിന്ന് എന്തെങ്കിലും കിട്ടിയിരിക്കണം. ഒരു മിസ്കീൻ (ദരിദ്രൻ) വിശന്നു പൊരിഞ്ഞു നിൽക്കുകയാണ്, ഒരു ഹോട്ടലിന്റെ മുന്നിൽ. അപ്പോൾ കട്ടിമീശയും ക്ലീൻഷേവുമുള്ള ഒരു ഫയൽമാൻ വന്ന് ഹോട്ടലിൽ കയറി. കുംഭനിറയുമാറ് നന്നായി ചാമ്പി തിരിച്ചു പോകുമ്പോൾ ഈ മിസ്കീൻ അദ്ദേഹത്തെ വിളിച്ച് താങ്ക്യൂ എന്ന് പറയില്ല, പറയേണ്ട കാര്യമില്ല. എന്നപോലെ ആ ഫയൽമാൻ നടന്നു നീങ്ങുന്ന വഴിയിൽ ബുഗാട്ടിയുടെ ഒരു ഒട്ടിവളയൻ ഫ്രീക്കൻ കാർ വന്നു നിർത്തിയിരിക്കുന്നു. അയാൾ താങ്ക്യൂ ബുഗാട്ടി എന്ന് പറയില്ല. അതേസമയം ഹംദ് ആവുമ്പോൾ യഥാർത്ഥ അർഹനായ ആൾക്ക് അതിന് കടപ്പെട്ട ആൾ കൊടുക്കുന്ന സംഗതിയാണ്. അങ്ങനെ അർഹതയൊക്കെ വച്ച് സംസാരിക്കുകയാണെങ്കിൽ ഹംദിന് ഈ ഉലകിൽ ഉടമയായവൻ അല്ലാഹു മാത്രമാണെന്ന് വരും.
നിസ്കാരത്തിൽ നിന്നവനായ നിലയിൽ നമ്മൾ പറയുന്നത് എല്ലാ സ്തുതികളും അല്ലാഹുവിൽ മാത്രമാകുന്നു എന്നാണ്. അതിൻ്റെ കാരണമാണ് തൊട്ടുപിറകെ പറയുന്നത്. അവൻ സർവ്വലോക രക്ഷിതാവാണ്. ലോകങ്ങളായ ലോകങ്ങളെയെല്ലാം പടച്ച് പരിപാലിക്കുന്നവൻ അവനാണ്. ശരിക്ക് പറഞ്ഞാൽ ഈ മഹാപ്രപഞ്ചത്തിലെ ഒരു ബിന്ദുവായ ഞാൻ എൻ്റെ ആവശ്യങ്ങൾ എവിടെ കിടക്കുന്നു. ഒരു തിമിംഗലത്തിന് ഒരു നേരം എത്ര തിന്നാൻ വേണം. അങ്ങനെയുള്ള പർവ്വതാകാരങ്ങളായ എത്രയെല്ലാം തിമിംഗലങ്ങളെ ഈ അല്ലാഹു നേരാനേരം ആഹരിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്രാവുകളെത്ര. സാൽമണുകളെത്ര? സാർഡൈനുകൾ എത്ര കോടിക്കോടി? ഷ്രിമ്പുകൾക്കുണ്ടോ വല്ല കൈയും കണക്കും?
മൃഗശാല നടത്തുന്നവർക്കറിയാം സിംഹത്തിനും കരടിക്കും പുലിക്കും നരിക്കും കടുവയ്ക്കുമെല്ലാം എത്രയെല്ലാം ജീവികളെ കശാപ്പ് ചെയ്തു മാംസം കൂട്ടിൽ എത്തിക്കണമെന്ന്. സൂവിൽ ഉള്ളതിന്റെ എത്രയെങ്ങാനും മടങ്ങ് ഹിംസ്രജന്തുക്കൾ വനത്തിലൂടെ വിലസി നടക്കുന്നു വർഷങ്ങളായി / നൂറ്റാണ്ടുകളായി / യുഗങ്ങളായി. അവർക്കെല്ലാം നേരാനേരം ഫ്രഷുമ്മൽ ഫ്രഷായ ആഹാരം കൊടുക്കുന്നവനല്ലേ അല്ലാഹു. തീറ്റയുടെ കാര്യം പറയുമ്പോൾ ജന്തുക്കളെയാണ് നമുക്ക് പെട്ടെന്ന് ഓർമ വരിക. എന്നാൽ ലോകത്ത് എത്ര കോടി സസ്യലതാദികളുണ്ട്. എത്ര ലക്ഷം കോടി സൂക്ഷ്മജീവികളുണ്ട്. നാം ശ്രദ്ധിക്കാത്ത കൂറയും പാറ്റയും പൂമ്പാറ്റയും പഴുതാരയും പാമ്പും പെരുച്ചാഴിയും ഒക്കെ ഇല്ലേ ഇവിടെ. എല്ലാറ്റിനെയും കണ്ടറിഞ്ഞ് തീറ്റിപ്പോറ്റി പരിപാലിക്കുന്നവനായ ആ റബ്ബ് തന്നെയാണ് എൻ്റെ ഉടയവനും. അവനുണ്ടോ എൻ്റെ ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പണി. അൽഹംദുലില്ലാഹ് അർത്ഥമറിഞ്ഞു ചൊല്ലുന്നവന്റെ മനസ്സ് നിറയുന്നു. ഖൽബിലെ നീറ്റലുകളെല്ലാം ആവിയായി അലിയുന്നു. അവിടം അല്ലാഹുവിനെക്കുറിച്ചുള്ള നന്ദി കലർന്ന ബോധ്യം മഞ്ഞുമഴയായി പെയ്യുന്നു.
റബ്ബ് എന്ന് പറഞ്ഞാൽ ഒരു വസ്തുവിനെ അതിന്റെ ആരംഭം മുതൽ ശരിയായി വളർത്തി പൂർണ്ണതയിൽ എത്തിക്കുന്നവനാണ്. നമ്മെ ഏതെല്ലാം നിലക്ക് അല്ലാഹു വളർത്തണം. ജൈവികമായി നമ്മളെ വളർത്തണം. അത് സിമെട്രിക്കൽ ബാലൻസോടെ തന്നെ വേണം. കൈ കൈയുടെ ഇഷ്ടത്തിനും കാല് കാലിന് തോന്നിയ പോലെയും പല്ല് പല്ലിൻ്റെ രീതിക്കും മൂക്ക് മൂക്കിൻ്റെ മുഷ്ക്കിനും ഒത്തബാലൻസില്ലാതെ വളർന്നാൽ സർക്കസിന് പോലും പറ്റാത്ത പേട്കോമാളികളായി നമ്മൾ വികൃതപ്പെടുമായിരുന്നു. എല്ലാം ഒത്ത വലിപ്പത്തിൽ, നീളത്തിൽ വേണ്ടത് വേണ്ട സമയത്ത് തന്നെ നീട്ടിയും പൊടിപ്പിച്ചും തന്ന് നമ്മെ അതിസുന്ദരമായ കോലത്തിൽ(അഹ്സനി തഖ് വീം) വളർത്തുന്നു, നമ്മുടെ റബ്ബുൽ ആലമീനായ ഉടയ തമ്പുരാൻ.
ശരീരം വളരുന്നതു പോലെ തന്നെ പ്രധാനമാണ് മാനസികമായ വളർച്ചയും. ജീവിതത്തിൻ്റെ ഓരോ ദശകളിലും എന്തിലാണ് ശ്രദ്ധയും താല്പര്യവും വരേണ്ടത് ആ രൂപത്തിൽ ആയെങ്കിലേ ജീവിതം ബാലൻസ് ആയി വരികയുള്ളൂ. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളോട് കമ്പം വേണം. പക്ഷേ അടുത്തകൊല്ലം വിരമിക്കുന്ന ഒരു നരച്ച ഹെഡ്മാഷ് ഉത്സവത്തിന് പോയ സമയത്ത് പ്രായമുള്ള തൻ്റെ അമ്മയോട് "എനിക്ക് പീപ്പിം ബലൂണും വാങ്ങിത്താ" എന്ന് പറഞ്ഞ് കരയുന്നത് ഓർത്തു നോക്കിയാട്ടെ. പ്രായപൂർത്തിയായി കല്യാണം കഴിച്ചുവിട്ട ഒരു പെൺകുട്ടി നവവരനെ പറ്റി അമ്മയോട് വന്നു "ആള് ശരിയില്ല ; ഇഷ്ടന് ചില രാസൂക്കേടുകളൊക്കെയുണ്ട്. ഒന്നിച്ച് കിടക്കുമ്പോൾ കയ്യുങ്കാലുമടക്കി വെക്കുന്നില്ല ദുഷ്ടൻ!!" എന്ന് പരാതി പറയുന്ന ഗതികേടിനെപ്പറ്റി ഓർത്തുനോക്കിയേ! അതാ പറഞ്ഞത് ശരീരം മാത്രം വളർന്നാൽ പോരാ മാനസികമായും വൈകാരികമായും ബുദ്ധിപരമായും സമയ സന്ദർഭോചിതമായ വളർച്ചകളും വേണം. അല്ലാഹു റബ്ബാണ്. എല്ലാം ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ വളർത്തിത്തരുന്നവൻ.
ഇതുപോലെ നമ്മുടെ ചുറ്റുപാടുകളിലും വേണം വളർച്ച. നമ്മുടെ കരിയറും ബിസിനസും തുടങ്ങിയേടത്തു തന്നെ നിന്നാൽ പോരാ. സെയിൽസ് വർദ്ധിക്കണം. ഔട്ട്ലെറ്റുകൾ കൂടണം. ടേൺ ഓവർ പെരുകണം. എന്നപോലെ ഇൻക്രിമെന്റുകൾ വേണം. ട്രാൻസ്ഫറുകൾ വേണം. പ്രമോഷനുകൾ വേണം. പറമ്പിലും തൊടിയിലുമുള്ള ചേനയും ചേമ്പും മാങ്ങയും മുരിങ്ങയും എല്ലാം വളരണം. മക്കൾക്കും വേണം നല്ല വളർച്ച. ബാക്കിയെല്ലാം ഉണ്ടായിട്ട് മക്കൾ മുരടിച്ചു പോയാൽ എന്തുണ്ട് കാര്യം. അതെ ഒന്നും തുടങ്ങിയേടത്ത് കല്ലിച്ചു പോകരുത്. ആവശ്യാനുസരണം വളർന്നുകൊണ്ടേയിരിക്കണം. നമ്മളറിയാതെ നമുക്ക് വേണ്ടി അത് ചെയ്തു തരുന്നവനാണ് നമ്മുടെ റബ്ബ്. ഇതെല്ലാം മനസ്സിന്റെ ആഴങ്ങളിൽ അറിഞ്ഞുകൊണ്ട് നിസ്കാരത്തിൽ ആയിരിക്കെ / ബാക്കിയുള്ള എല്ലാ ശ്രദ്ധയും കെട്ടറുത്ത് പുറത്തിട്ട്/ അല്ലാഹുവിന്റെ മുമ്പിൽ സർവ്വം സമർപ്പിച്ച് / മധുരത്തോടെ / സംതൃപ്തിയോടെ ഒന്ന് പറഞ്ഞു നോക്കിയാട്ടെ, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!





