ചോദിക്കട്ടെ, പഠിക്കാൻ ഏറ്റവും നല്ല നേരമേത്?
രാവിലെ, കളിക്കാൻ?
വൈകുന്നേരം,
കുളിക്കാൻ?
കളി കഴിയുന്നേരം,
കഞ്ഞി കുടിക്കാൻ?
നട്ടുച്ച,
പണിയെടുക്കാൻ?
പകൽ,
കുടുംബസൊറക്ക്?
രാത്രി...
എന്നിങ്ങനെ വേറെ വേറെ സമയസന്ധികൾ അല്ലേ?
അതെന്തുകൊണ്ടായിരിക്കാം?
മനുഷ്യൻ മൂഡുമാറ്റങ്ങളുടെ ആശാനാണ്. സമയം, സ്ഥലം എന്നതൊക്കെ അവൻ്റെ മാനസികാവസ്ഥയെ കാര്യമായി സ്വാധീനിക്കും. നാമെപ്പോഴും നമ്മെ കൊണ്ടുപോകാൻ വരുന്ന ഒരാളെയും കാത്തുകാത്തിരിക്കുകയാണ്. നമ്മളെയും കൂട്ടി നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളിലേക്കാണ് അയാൾ പോവുക. ഇടക്ക് നമ്മൾ ഉറങ്ങിപ്പോവാനോ വഴിതെറ്റിപ്പോകാനോ പാടില്ല. നിത്യജീവിതത്തിന്റെ ആൾത്തിരക്കിൽപ്പെട്ട് നമുക്ക് നമ്മളെ കാണാതായിക്കൂടാ. ആയതിനാൽ ഇടയ്ക്കിടെ നമ്മൾ ഉണർന്നുകൊണ്ടിരിക്കണം. അത് ഉറക്കിൽ നിന്നുള്ള ഉണരലല്ല. മറിച്ച് ഉണർച്ചയിൽ നിന്ന് അത്യുണർച്ചയിലേക്കുള്ള ഉയർച്ചയാണ് - അതാണ് അഞ്ചഞ്ചുനേരങ്ങളിലെ നിസ്കാരങ്ങൾ!
ജീവിതം ഒന്നുകിൽ ലഹരി ആയിരിക്കും. അല്ലെങ്കിൽ സഹനമായിരിക്കും. അതുമല്ലെങ്കിൽ രണ്ടിന്റെയും സമ്മിശ്രാവസ്ഥയായിരിക്കും. എന്തായാലും ഇതിലൊന്നിലും മനുഷ്യർ സ്വയം നഷ്ടപ്പെട്ടുകൂടാ. പ്രഭാതം, മധ്യാഹ്നം, സായാഹ്നം, സന്ധ്യ, രാത്രി എന്നീ സമയങ്ങളിലായി നമ്മൾ നിസ്കാരങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഒരിക്കലും നമ്മുടെ ശ്രദ്ധ വികേന്ദ്രീകരിക്കപ്പെട്ട് ലക്ഷ്യം മറന്ന് പോവാതിരിക്കാനാണ് വ്യത്യസ്ത സമയ നിർണയങ്ങളിലായുള്ള ഈ നിസ്കാരപ്പലമ.
ഓരോ നിസ്കാരത്തിനു മുമ്പായും നമ്മളെ ഒരു വിളിച്ചുണർത്തലുണ്ട് - അതാണ് വാങ്കുവിളി. കൃഷിയിൽ, കച്ചവടത്തിൽ, നിർമ്മാണങ്ങളിൽ, സംഭാഷണത്തിൽ, സല്ലാപത്തിൽ, സഞ്ചാരത്തിൽ, കളിയിൽ, ഉറക്കിൽ, വരയിൽ, വായനയിൽ മുഴുകി സ്ഥലകാലബോധം കെട്ടുകൊണ്ടിരിക്കുന്നവനെ, നേരാനേരത്തിലുള്ള വാങ്കുവിളി കുലുക്കിവിളിക്കുന്നു. അതിനുപുറമേ, അത് ജീവിതത്തിന് ഒരു സമയനിയന്ത്രണം (Time Management) ഏർപ്പെടുത്താനും സഹായിക്കുന്നു.
ഉറങ്ങിയവനെ, ബോധം കെട്ടവനെ, ലക്കുവിട്ടവനെ മുഖത്ത് വെള്ളം കുടഞ്ഞാണ് നമ്മൾ ഉണർത്തിയെടുക്കുക. നാം മുഖത്ത് മാത്രമല്ല വായിലും മൂക്കിലും കൈയിലും കാലിലും തലയിലുമടക്കം ശരീരാഗ്രങ്ങളിലെല്ലാം നന്നായി വെള്ളം തെളിക്കുന്നു. സൂക്ഷ്മരന്ധ്രങ്ങൾ പോലും നനഞ്ഞുണരുമാറ് തേച്ചുരച്ചുകഴുകുന്നു. നാം ആസകലമുണർന്ന് ജാഗ്രത്താവുന്നു. ഇതിനെയാണ് അംഗശുദ്ധി എന്ന് പറയുന്നത് - വുളൂഅ്.
അങ്ങനെ നാം നമുക്ക് ഏറ്റവും പ്രിയപ്പെട്ടവനായ, നമുക്ക് ഏറ്റവും കടപ്പെട്ടവനായ ഉടയോൻ്റെ മുമ്പിൽ ഭവ്യ വിധേയനായി മനസ്സിടിച്ച്, മുഖംകുനിച്ച് നിൽക്കുന്നു. നാം ഇതുവരെ ഉന്മത്തരായി പൂണ്ടുകിടന്നിരുന്ന ഭൗതികതയുടെ മുടിഞ്ഞ തിരക്കുകളിൽ നിന്ന് വിടുതൽ നേടി, മനസ്സ് കേന്ദ്രീകരിച്ച്, തട്ടിപ്പിടച്ച് കൈകളുയർത്തി മുകളിലേക്ക് മുങ്ങുന്നു. നമ്മെ പലമയിലേക്ക് പിടിച്ചു ചിതറിക്കുന്ന ചിന്തകളെ കൈ പൊക്കി ആട്ടിപ്പായിക്കുന്നു.
ഒരു ആകാശ വാഹനം ടേക്ക് ഓഫിന് തയ്യാറാവുന്ന എല്ലാ സമാനതകളും നമ്മിൽ ഒരുമിക്കുന്നു. സൂക്ഷിച്ചുനോക്കിയാൽ പറക്കാൻ ഓങ്ങുന്ന ഒരു പറവയുടെ പിടയൽ പോലെ / ചിറകടി പോലെ തോന്നുമത്. ആരിലേക്കോ ഉള്ള സൂക്ഷ്മമായ ഒരു കുതറിപ്പറക്കൽ. മനുഷ്യൻ പക്ഷിയാവുകയാണെങ്കിൽ ഈ കൈകളാണല്ലോ ചിറകുകൾ ആവേണ്ടിയിരുന്നത് എന്നത് എന്താ നിങ്ങൾ ചിന്തിക്കാത്തത്?
പക്ഷികളുടെ ചിറകുകൾ എന്നു പറയുന്നത് ശരിക്ക് നോക്കിയാൽ അവരുടെ മുൻകൈകൾ തന്നെയല്ലേ. തക്ബീറോടെ നമ്മൾ ഭൂമി വിട്ട് അല്ലാഹുവിലേക്ക് പറന്നുയരുകയാണ്. കാല് തറയിലുണ്ടെന്നേയുള്ളൂ. മനം വാനലോകത്തേക്ക് 'ശൂ..' വായിക്കഴിഞ്ഞു. കൈകെട്ടുവേളയിൽ നമ്മൾ അല്ലാഹു അക്ബർ എന്നാണ് പറയുന്നത്. മറ്റൊരു പദവും അവിടെ ഫിറ്റ് ആവാത്തതിനാലാണ് അത്. അല്ലാഹു അഅ്ളം, അല്ലാഹു അഅ്ലം. അല്ലാഹു അർഹം, അല്ലാഹു അക് റം ഇതൊന്നും ഒരു നിലക്കും പറ്റുന്നേയില്ല. അല്ലാഹുവിന്റെ 'അക്ബരിയ്യത്ത്' (അതിവലിപ്പത്തരം) ഒരു പ്രത്യേക ഗ്രേഡ് വെച്ച് അളന്നു പറയാൻ പറ്റായ്കയാലാണ് ഉള്ളതിൽ വെച്ച് ഏറ്റവും വലിയവൻ എന്ന് പറഞ്ഞു നമ്മൾ സമാധാനിക്കുന്നത്. എന്ന് വെച്ചാൽ നമ്മൾ നിലവിട്ട് പോവുന്ന, സ്ഥലകാലബോധം നഷ്ടപ്പെട്ടുപോവുന്ന മാഹാത്മ്യമാണ് അല്ലാഹുവിനുള്ളത്. അവനിലേക്കാണ് നമ്മുടെ ആരോഹണാത്മകമായ കൂപ്പുകുത്തൽ.
യൂസുഫ് നബിയുടെ സൗന്ദര്യ മാസ്മരികതയിൽ കണ്ണു മിഴിച്ചുപോയ സൗന്ദര്യധാമങ്ങളുടെ കഥ പറയുന്നുണ്ട് ഖുർആനിൽ; അവരെല്ലാം യൂസഫ് നബിയെ കണ്ടമാത്രയിൽ കണ്ണഞ്ചിപ്പോയി 'അക്ബർനഹു' എന്നാണ് ഖുർആൻ അവിടെ ബോധപൂർവ്വം പ്രയോഗിക്കുന്നത്. ഈ അക്ബറാണ് ആ അക്ബർ, മനസ്സിലായി വരുന്നുണ്ടോ? മൂലയ്ക്കിരുന്ന് ആലോചിച്ചു നോക്ക്!. ഉൾക്കൊള്ളാനാവാത്തവിധം തൽക്ഷണം അവർ കരളിടറിപ്പോയി. അതിൻ്റെ കോൺസിക്വൻസാണ് തുടർന്ന് പറഞ്ഞ രണ്ട് കാര്യങ്ങൾ. ഹയ്യേ! ഇതൊരു മനുഷ്യനേ അല്ല എന്ന പച്ചനിഷേധം; കുലീനനായ മാലാഖയോ മറ്റ് അതിഭൗതിക ജന്മങ്ങളെന്തെങ്കിലും ആയിരിക്കും എന്ന മതിഭ്രമം - ആ നാരിമാരിൽ ദുര നുരഞ്ഞതായിരുന്നു. കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ടവർ പഴങ്ങൾക്ക് പകരം അവരുടെ വിരലുകൾ അരിഞ്ഞു; എന്നിട്ടും അവരറിഞ്ഞില്ല. അതാണ് 'അല്ലാഹു അക്ബറോ'ടു കൂടെയുള്ള ആകാശപ്പറക്കലിന്റെ പോരിശ.
ആകാശഭൂമികളെ എല്ലാം പടച്ചു പരിപാലിക്കുന്ന അല്ലാഹുവിലേക്കാണ് നമ്മൾ പറന്നു പോകുന്നത്; അവനോടാണ് നമ്മൾ ഹൃദയം തുറന്ന് സംസാരിക്കാനിരിക്കുന്നത്. നമ്മളവനെ കണ്ണാൽ കാണുന്നില്ലെന്നേയുള്ളൂ. നമുക്ക് കാണുമാറാണ് അവൻ. അവനാണെങ്കിൽ നമ്മളെ നല്ലോണം കാണുന്നുമുണ്ട്. ആ കാഴ്ചയുടെ ലഹരിയിൽ നമ്മൾ ഭൂവിശേഷങ്ങളിൽ നിന്നെല്ലാം മുക്തി നേടി "വജ്ജഹ്ത്തു" ആയി ട്രാക്ക് പിടിച്ചു; വൈകാതെ നമ്മൾ അവനിൽ ലാൻഡ് ചെയ്തു. ഓരോ വിശ്വാസിയും അഞ്ചുനേരം കൈ കെട്ടിയ ഉടനെ കടുക് കാച്ചിലിനെപ്പറ്റിയോ കൊതുക് മൂട്ടകളെപ്പറ്റിയോ ഒന്നുമല്ല സംസാരിക്കുന്നത്; മറിച്ച് ആകാശഭൂമികളെ ഇന്നൊവേറ്റീവായി പടച്ച അല്ലാഹുവിനെ വാഴ്ത്തുകയാണ്.
ഓരോ നിസ്കാരത്തുടക്കത്തിലും വിശ്വാസിയുടെ മനം ആകാശ ഭൂലോകത്തോളം വികസിക്കുന്നു. ആകാശഭൂമികൾ എത്ര വലുതാണ്. അവയെ പടച്ചവനെ ആർക്ക് ഉൾക്കൊള്ളാനാകും! തലകുനിഞ്ഞു പോകുന്നു. എന്നിട്ടും നാണക്കേട് മാറുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ തല നിവർത്തി നോക്കുന്നു. വിധേയത്വബോധത്താൽ മൊത്തം നിലയിടിച്ച് / ആസകലം തളർന്നുകുത്തി കുമ്പിട്ടൊരു പൊട്ടിവീഴ്ചയുണ്ട്. ശേഷം വാടിത്തളർന്നൊരു എണീറ്റിരുത്തവും. ഓരോ ദിവസവും ആനന്ദകരമായ ആ വീണെണീപ്പുകല പരിശീലിക്കുന്നു, വിനീതനായ വിശ്വാസി. സുജൂദിന്റെ (നെറ്റി നിലത്തിനോട് ചേർത്ത് സാഷ്ടാഗം ചെയ്യുക) സുഖം തന്നവനേ, നിനക്ക് സുജൂദ്!
നബിക്ക് ഏറ്റം ആനന്ദാതിരേകം (കൺകുളിർമ) ലഭിക്കാറുള്ളത് നിസ്കാരത്തിലായിരിക്കുമ്പോഴാണ്. മഹാൻമാരായ പലരും നിസ്കാര വേളയിൽ സ്വയം ലയിച്ച് അപ്രത്യക്ഷമായവരാണ്. തങ്ങൾക്ക് ആപത്ത് പറ്റിയതോ, കടന്നൽ കടിച്ചതോ, തീ പൊള്ളിയതോ, അമ്പേറ്റതോ, അമ്പ് പറിച്ചെടുത്തതോ ഒന്നുമറിയാതെ അവർ അല്ലാഹുവിൽ മുങ്ങി, മുഴുകി.
ഇതൊക്കെ ചില ഓവറാക്കൽ അല്ലേ എന്ന് ചിലർ ചിന്തിക്കാതെ പറയും. അല്ല! നമ്മുടെ നിത്യ ജീവിതത്തിൽ തന്നെ ഇതിന് തത്തുല്യമായ അനുഭവങ്ങൾ ഉണ്ടാകും. ഒരൊഴിവു ദിവസം നിങ്ങൾ പറമ്പിലേക്ക് ഇറങ്ങിയതാണ്. വളരെ കരുതി കുപ്പിച്ചില്ലുണ്ടോ, മുൾമരമുണ്ടോ, കമ്പുണ്ടോ കുറ്റിയുണ്ടോ എന്നൊക്കെ നോക്കിയാണ് നടക്കുന്നത്. അങ്ങേയറ്റത്ത് മതിലിനോട് അടുത്തെത്തിയപ്പോൾ പെട്ടെന്നൊരു സീൽക്കാരം. എന്തോ അപായ സൂചനയാൽ നിങ്ങൾക്ക് രോമങ്ങൾ എടുത്തു പിടിച്ചു. നോക്കുമ്പോഴുണ്ട് കറുത്തുതടിച്ച ഒരു വമ്പൻ രാജവെമ്പാല ഫണം വിരിച്ച് നിങ്ങൾക്ക് നേരെ കൊത്താൻ വരുന്നു!, നിങ്ങൾ എങ്ങനെയായിരിക്കും തിരിച്ചു നടക്കുക?! വളരെ സ്റ്റൈലായി കമ്പും മുള്ളും കുറ്റിയും കുപ്പിച്ചില്ലും ശ്രദ്ധിച്ചായിരിക്കുമോ? ഒരിക്കലുമല്ല. ജീവനും കൊണ്ട് ഒരോട്ടമായിരിക്കും. വീട്ടുപടിയിൽ വന്ന് തളർന്നിരുന്ന്, സംഭവിച്ചതെന്തെന്ന് വിസ്തരിച്ച് ഓർത്തെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് കാലിൽ അവിടവിടെയായി നീറ്റൽ.
തൊട്ടു തടവി നോക്കുമ്പോൾ ചോര, ചോര, ചോര. പാമ്പിനു പകരം, കാടിറങ്ങി വന്ന പുലിയാണ് നിങ്ങളുടെ പിന്നാലെ ഓടിയെതെങ്കിലോ? കാലു തന്നെ മുറിഞ്ഞു പോയെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല.
അതെ, അറിഞ്ഞു നിസ്കരിക്കുന്നവർക്ക് ഇതും ഇതിലപ്പുറവും സംഭവിക്കും. കാരണം, അവർ പേടിച്ചോടുകയല്ല; തൻ്റെ എല്ലാമെല്ലാമായ പടച്ചോനിൽ പൊതിരുകയാണ്. ഇല്ല കേട്ടോ, ശരിയായ നിസ്കാരത്തിന്റെ അനുഭൂതിക്കും ആനന്ദത്തിനും അതിരുകളില്ല. അല്ലാഹു നിന്നോട് സംസാരിക്കണം എന്ന് നിനക്ക് ആഗ്രഹമുണ്ടോ, ഖുർആൻ പാരായണം ചെയ്യൂ! 'നിനക്ക് അല്ലാഹുവിനോട് അങ്ങോട്ട് സംസാരിക്കണം എന്നുണ്ടോ നിസ്കരിക്കാൻ നിൽക്കൂ' - ഇമാം ശാഫിഈ. 'നിസ്കാരത്തിൽ ലഭിക്കുന്നതുപോലെയുള്ള മറ്റൊരാനന്ദവും ഈ ദുനിയാവിൽ എനിക്ക് ലഭിക്കുന്നില്ല' - അഹ്മദ് ബിൻ ഹമ്പൽ





