അതേതായാലും വേണ്ട! ഞാൻ തീർത്തു പറഞ്ഞു. അരമണിക്കൂറിൽ മേലെ ആയില്ലേ നമ്മൾ ഇവിടെ കാത്തിരുന്നിട്ട്. ഇപ്പോൾ ഇവനെ പെരടിക്ക് പിടിച്ച് നാല് പൊട്ടിച്ച് കൈമുട്ട് കൊണ്ട് നടുപ്പുറത്ത് ആഞ്ഞുകുത്തി നമ്മൾ ഇറങ്ങി ഓടിയാലോ എന്നാണ് സുഹൃത്ത് മുന്നോട്ടുവെച്ച നിർദ്ദേശം!
വിദേശത്തു ജോലി ചെയ്യവേ ആക്സിഡൻ്റ് ആയി മരിച്ചതാണ്. പറക്കമുറ്റാത്ത നാലു മക്കളാണ്. പറയാനായിട്ട് സ്വത്തൊന്നുമില്ല; ആറു സെൻ്റ് സ്ഥലം അല്ലാതെ. അങ്ങനെയാണ് സഹായക്കമ്മിറ്റി ഉണ്ടാക്കിയത്. അവൻ്റെ കെട്ടിയോൾക്കും ആ മക്കൾക്കും കയറിക്കൂടാൻ ഒരു കൊച്ചുകൂര.
വന്നു കേറിയപ്പോൾ തന്നെ പറഞ്ഞത് ബാത്റൂമിൽ ആണെന്നാണ്. ഒരു മനുഷ്യൻ ബാത്റൂമിൽ ഇരിക്കുമോ ഇത്രയും നേരം. എന്താ അത്രയ്ക്കും നല്ല പുണ്യസ്ഥലമാണോ അത്? ഏതായാലും എഴുന്നള്ളി. മുഖം തീരെ പ്രസന്നമല്ല. പുളിയിഞ്ചികടിച്ച ഈജിപ്ഷ്യൻ മമ്മിയുടേത് പോലുണ്ട് ചിരി. ഉപചാരത്തിന് വേണ്ടി പോലും വെള്ളം എടുക്കട്ടെ എന്ന് ചോദിച്ചില്ല. ആകെ മൊത്തം വെറുപ്പിക്കൽസായിരുന്നു.
ഇപ്പോൾ ഒരേ പിരിവ് തന്നെയാണെന്നും പല പിരിവുകാരും തട്ടിപ്പ് ആണെന്നും സ്ഥാപനങ്ങൾ ഒരുപാട് പെരുകുകയാണെന്നും പിരിക്കാൻ വേണ്ടി മാത്രമാണ് സ്ഥാപനങ്ങൾ പെരുകുന്നതെന്നും തുടങ്ങി മനുഷ്യനെ പച്ചക്കിട്ട് തൊലിയുരിയുന്ന കാര്യങ്ങളാണ് മുഖത്ത് നോക്കി പറയുന്നത്. പുറമേ അയാളുടെ കാനഡയിൽ പഠിക്കുന്ന മകളെ കുറിച്ചുള്ള കുറേ ഗോസിപ്പുകൾ. വണ്ടിച്ചെക്ക് കൊടുത്ത് ലക്ഷങ്ങൾ പറ്റിക്കപ്പെട്ടത് മുതൽ ഫിസ്റ്റുലയുടെ കഠിനവേദന അടക്കം അയാളുടെ കുറെ പങ്കപ്പാടുകളും.
എന്നിട്ടും അരിശം തീരാഞ്ഞ്, ഇപ്പോഴത്തെ കാലത്ത് പിരിവ് ഒരു ബിസിനസ് ആണെന്നും നല്ലൊരു ശതമാനം കമ്മീഷനായി പിടുങ്ങുന്നുവെന്നും കൂട്ടിച്ചേർത്തപ്പോഴാണ് സുഹൃത്തിന് പിരി കയറിയത്. ഇവനെ ലൈറ്റ് ഓഫാക്കി നാല് വീക്ക് വീക്കിയിട്ട് നമുക്ക് കടന്നു കളയാം എന്ന് നിർദ്ദേശിച്ചത്. ആരായാലും അടിച്ചു പോകൂലേ? അമ്മാതിരി വർത്തമാനം അല്ലേ ഈ പറയുന്നത്? ഞാൻ പിടിച്ചു നിർത്തിയത് കൊണ്ടല്ലേ? ആ കുട്ടികൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയല്ലേ ഇല്ലാത്ത സമയം ഉണ്ടാക്കി നമ്മൾ ഈ വന്നിരിക്കുന്നത്?
അത് അവിടെ നിൽക്കട്ടെ. എന്തൊക്കെയോ ചില ആവശ്യങ്ങളുമായി നാം ഇതുപോലെ കയറി ചെന്നത് റബ്ബുൽ ആലമീനായ തമ്പുരാൻ്റെ മുമ്പിലാണ് എന്ന് കരുതുക. നമ്മളിപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഖുർആനിലെ സൂറത്തുൽ ഫാത്തിഹയുടെ പശ്ചാത്തലത്തിൽ എങ്ങനെയായിരിക്കും അല്ലാഹു പ്രതികരിക്കുന്നത് എന്ന് ചിത്രീകരിച്ചു നോക്കുക. എത്ര നിറമനസ്സോടുകൂടിയാണ് അല്ലാഹു നമ്മെ സ്വീകരിക്കുക. എന്നോട് വല്ലതും ആവശ്യപ്പെട്ടു പോകുമോ ഞാൻ കൊടുക്കേണ്ടി വരുമോ എന്ന രൂപത്തിലുള്ള ഉൾവലിഞ്ഞ ഒരു പ്രകടനവുമില്ല. ഞാൻ കണ്ടമാനം കൊടുക്കുന്നവനാണ് എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. കൊടുക്കുമ്പോൾ പിന്നെ മതവും ജാതിയും ദേശവും കാലവും ആണും പെണ്ണും ചെറുതും വലുതും എന്ന നോട്ടം ഒന്നുമില്ല. വേണ്ടതുപോലെ വാരിക്കൊടുക്കും. കണ്ടമാനം കൊടുക്കും. അതിരും പരിധിയുമില്ലാതെ കൊടുക്കും. നമ്മുടെ നാട്ടിൽ മാത്രമല്ല മറ്റു നാടുകളിൽ നിന്നും ഇതര സ്റ്റേറ്റുകളിൽ നിന്നും എന്തിനധികം ലോകത്തെ സകല രാജ്യങ്ങളിൽ നിന്ന് പോലും പിരിവ് ചോദിച്ചു വരുന്നവർക്ക് ഞാൻ കണ്ടമാനം കൊടുക്കാറുണ്ട്. കൊടുത്താൽ ഒന്നും പൂതി മാറാത്ത പ്രകൃതമാണ്. നമ്മളൊക്കെ തന്നെയല്ലേ കൊടുക്കേണ്ടത്... എന്നൊക്കെയല്ലേ റഹ്മാൻ റഹീം റബ്ബുൽ ആലമീൻ എന്നൊക്കെ അള്ളാഹു അല്ലാഹുവിനെ പറ്റിതന്നെ നമ്മോട് പറയുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ഫീലിംഗ്. ശരിക്ക് പറഞ്ഞാൽ സൂറത്തുൽ ഫാത്തിഹ ഒരു ഗ്രന്ഥകാരനെ പരിചയപ്പെടുത്തുന്ന ഭാഗം പോലെയുണ്ട്. ഏതൊരു പുസ്തകത്തിന്റെയും തുടക്കത്തിൽ അങ്ങനെ ഉണ്ടാകുമല്ലോ.
നിങ്ങൾ തുടക്കത്തിൽ വായിച്ച അനുഭവത്തിന് വ്യത്യസ്തമായി ഒരു വീട്ടിൽ കയറിച്ചെന്നാൽ ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചു നോക്കിയേ! റഹ്മാനാണ് റഹീം ആണെന്ന് ആദ്യമേ പറഞ്ഞു ബിസ്മിയോടൊപ്പം. പിന്നെ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്ന വയറും മനസ്സും നിറക്കുന്ന വർത്തമാനം. എന്നിട്ടും മതി വരാഞ്ഞ് വീണ്ടും പറയുന്നത് റഹ്മാനി റഹീം:- തൻ്റെ അതിരുകളില്ലാത്ത ഉദാരശീലത്തെ പറ്റിയും സകലരോടുമുള്ള കരുതലിനെ പറ്റിയും. ഞാൻ നേരത്തെ അറിയാണ്ട് പറഞ്ഞു പോയതാണ്. മുമ്പൊക്കെ കൊടുത്തിരുന്നു ഇപ്പോൾ നല്ല ടൈറ്റ് ആണ് മൊത്തത്തിൽ ഡൾ ആണ്- അങ്ങനെയൊന്നുമല്ല. ബോധപൂർവ്വം തന്നെ തെളിച്ചു പറയുന്നു. കരുതിക്കൂട്ടി ആവർത്തിക്കുന്നു - എത്രയും കൊടുക്കാം. എന്തും തരാം. കാലങ്ങളായി കണക്കില്ലാതെ കൊടുത്തുകൊണ്ടിരിക്കുന്നവൻ തന്നെയാണ്.
പക്ഷേ പറഞ്ഞു വരുന്നത് അതൊന്നുമല്ല. ഗെറ്റ് റെഡി ഫോർ എ യൂ ടേൺ!! ഇങ്ങനെ കയ്യും കണക്കും ഇല്ലാതെ വാരിക്കോരി കൊടുക്കുന്നവൻ ഒരു കൃത്യതയും കാര്യബോധവും ഒന്നുമില്ലാതെയാണ് ചെയ്യുന്നത് എന്ന് നിങ്ങൾ കരുതിപോകണ്ട. എന്തെങ്കിലുമെല്ലാം കള്ളപ്പേരും വ്യാജ സീലും ഡ്യൂപ് ലെറ്റർ ഹെഡും കൊണ്ട് ചെന്ന് കോടികൾ പിടുങ്ങി സ്ഥലം വിട്ടേക്കാം എന്ന് ആരും കരുതണ്ട. ഏതെല്ലാം സ്ഥാപനത്തിലേക്ക് ഏതെല്ലാം ചാരിറ്റി ട്രസ്റ്റിന് ഏതെല്ലാം സഹായ കമ്മിറ്റിക്ക് ഏതെല്ലാം മാനവ സേവ സംരംഭങ്ങൾക്ക് ഏതെല്ലാം സാംസ്കാരിക സംഘടനകൾക്ക് ഏതെല്ലാം തീയതികളിൽ എത്രയെല്ലാം കൊടുത്തു എന്ന് കൃത്യമായ കണക്കുണ്ട്. അതെല്ലാം റസീറ്റ് കുറ്റി എണ്ണി തന്നെ തിട്ടപ്പെടുത്തുന്ന കാര്യബോധമുള്ളവൻ കൂടിയാണ് അല്ലാഹു. നിങ്ങളാ വിചാരിച്ച ഒരു ഉഡായിപ്പ് കളിയും നടക്കത്തില്ല. എല്ലാ കണക്കുകളും കൃത്യമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു നാൾ വരാനിരിക്കുന്നു. ആ ദിവസത്തിൻ്റെ അധിപൻ അവൻ മാത്രമാകുന്നു. അന്ന് ഫയലുവലി, വിളിച്ചുപറയൽ, കത്ത് കൊടുക്കൽ, കണക്കുമുക്കൽ, ട്രാൻസ്ഫർ പണിഷ്മെൻ്റ്, ഉന്നതങ്ങളിൽ പിടിപാട്, ഉപരി സമ്മർദ്ദം എന്നിത്യാദി ഒന്നും നടക്കുകയേയില്ല. അന്ന് നാടുവാഴിയായി/ ബ്രാഞ്ച് സെക്രട്ടറിയായി/ എംഎൽഎയായി/ എംപിയായി/ മന്ത്രിയായി/രാജാവായി/ ചക്രവർത്തിയായി എല്ലാമെല്ലാമായി ഒരാൾ മാത്രമേ ഉള്ളൂ:- അല്ലാഹ്! ഖുർആനിൽ ഒരിടത്ത് അല്ലാഹു ആ ദിവസത്തെ ഉദ്ധരിച്ചു ചോദിക്കുന്നുണ്ട് :- ഇന്ന് ആർക്കാണ് രാജാധികാരം? മറുപടി: സർവ്വരേയും അടക്കിവാഴുന്ന ഏകനായ അല്ലാഹുവിന് മാത്രം. അവൻ്റെ മുമ്പിലാണ് നിങ്ങൾ ഇപ്പോൾ കൈകൾ കെട്ടി തലതാഴ്ത്തി കണ്ണുകൾ കീഴ്പോട്ടാക്കി മനസ്സ് ഇടിച്ച് സർവ്വവും സമർപ്പിച്ച് സാധുവായി നിന്നിരിക്കുന്നത്.
അല്ലാഹുവിന് ജലാലിയ്യത്ത്, ജമാലിയ്യത്ത് എന്നിങ്ങനെ രണ്ട് ഭാവങ്ങളുണ്ട്. ഒന്ന് ലാവണ്യ സൗന്ദര്യത്തിൻ്റെതാണ്. മറ്റേത് ഗൗരവാത്മക ഗാംഭീര്യത്തിന്റെതാണ്. നബിയെ അള്ളാഹു അയച്ചതും ഇങ്ങനെയാണ്, ബശീർ ആയിട്ടും നദീർ ആയിട്ടും. സുവാർത്ത അറിയിക്കുന്നവൻ ആയിട്ടും വാണിംഗ് കൊടുക്കുന്നവൻ ആയിട്ടും. ഈയൊരു ബാലൻസിംഗ് ആവശ്യമാണ്. ഏതെങ്കിലും ഒന്നിൽ വല്ലാതെ പിടിച്ചു കേറുകയും മറ്റേതിനെ പാടേ അവഗണിക്കുകയും ചെയ്യുന്നതാണ് ആധുനിക ലോകത്തിൻ്റെ അലമ്പ്. ക്ലാസ് റൂമുകൾ ശിശുസൗഹൃദം ആകണം എന്ന് പറഞ്ഞ് സകല വിലയും നിലയും കളഞ്ഞ് കുട്ടികൾ താന്തോന്നികളായി മാറുന്ന കാലം വന്നതിന്റെ പിന്നിൽ ഈ ലക്കുവിട്ട കളിയാണ്. മൂല്യങ്ങൾക്കൊന്നും വിലകൽപ്പിക്കാത്ത ഗുരുക്കന്മാരോടൊന്നും ഒരു ബഹുമാനവും ഇല്ലാത്ത ഒരു തലമുറ രൂപപ്പെട്ടു വന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. വേണം സൗഹൃദവും കളിയും ചിരിയും എല്ലാം. പക്ഷേ എല്ലാം ഒരു കണക്കിനേ പറ്റൂ.
തിരിച്ചും പറയാം. ഒരു കാലം ഉണ്ടായിരുന്നു അധ്യാപകൻ പോലീസും പട്ടാളവുമായി ക്ലാസ്സിൽ വന്ന കാലം. കുട്ടികൾ ക്ലാസ് റൂമിൽ പേടിച്ചരണ്ട കാലം. കുട്ടികളെ ആനന്ദിപ്പിച്ച് അറിവ് പകർന്ന് മഹാനാക്കി മാറ്റുന്നതിന് പകരം തൻ്റെ ജ്ഞാനഭാരം കൊണ്ട് മർദ്ദിച്ച് അവശനാക്കി അടിമയാക്കി വെച്ചകാലം. കുട്ടികൾക്ക് അഭിമാനവും ഇല്ല, മനസ്സാക്ഷിയുമില്ല. എന്തും പറയാം എങ്ങനെയും ആവാം എന്ന നിലപാടിൽ അധ്യാപകർ കാട്ടാനകളായി ക്ലാസ് റൂമുകളിൽ വിളയാടിയിരുന്ന കാലം. ഒന്നും ഏറി പോകരുത്. എല്ലാത്തിനും വേണം മാന്യതയുടെയും മധ്യമനിലപാടിന്റെയും ഒരു പൂക്കടിഞ്ഞാൺ.
നിസ്കാരക്കാരൻ ഫാത്തിഹയിൽ മാലികി യൗമിദ്ദീൻ ഓതുന്നതോടു കൂടി ഭാവം മാറുകയാണ്. താനൊരു സംഭവമാണെന്ന് കരുതി നിൽക്കുന്നവൻ പെട്ടെന്ന് അന്ത്യത്തെക്കുറിച്ച് ഓർത്തു പോകുന്നു. താനും ഒരു ദിവസം നിശ്ചലനായി കിടന്ന് മറ്റുള്ളവരാൽ കുളിപ്പിക്കപ്പെട്ട് കഫൻ ചെയ്യപ്പെട്ട് മയ്യിത്ത് കട്ടിലിൽ കിടത്തിക്കൊണ്ടുപോയി വെറും മണ്ണിൻ്റെ മാളത്തിലേക്ക് തിരുകി വെക്കുമല്ലോ എന്ന പരുക്കൻ യാഥാർത്ഥ്യം / മുള്ളുള്ള സത്യം അയാളെ ആകമാനം പിടിച്ചു കുലുക്കുന്നു. ഒപ്പം ആ ദിനം എപ്പോഴും വന്നുചേരാലോ എന്ന ഓർമ്മയും അയാളിൽ മിന്നിമറിയുന്നു. അതോടെ ഔദ്ധത്യത്തിൻ്റെ എല്ലാ കറയും ചെളിയും അയാളിൽ നിന്ന് ഒഴുകിത്താഴുന്നു.
കണക്കെടുപ്പ് ഒരുനാൾ വരാനുണ്ട് എന്ന ബോധം മനുഷ്യനെ കൂടുതൽ കരുതലുള്ളവനാക്കുന്നു. തൻ്റെ ചെയ്തികളെക്കുറിച്ചും തൻ്റെ ഇടപാടുകളെ കുറിച്ചും എപ്പോഴും ഒരു സ്പിരിച്വൽ ഓഡിറ്റിംഗ് കാത്തുസൂക്ഷിക്കാൻ അവനെ പ്രാപ്തനാക്കുന്നു. അഴിമതി വീരന്മാർ എപ്പോഴാണ് തങ്ങളുടെ കള്ളി വെളിച്ചത്താവുക, ഏത് ഇഡി വന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ കള്ളക്കണക്ക് പുറത്താകുക, എപ്പോഴാണ് നമ്മൾ മുഖം മൂടിവച്ച് ചാനലുകൾക്ക് മുന്നിലൂടെ നടക്കേണ്ടി വരിക എന്നൊക്കെ ഓർത്ത് വിമ്മിട്ടപ്പെട്ടു കഴിയുന്നുണ്ട്. എന്നാൽ നിസ്കാരത്തിൽ വന്നു നിൽക്കുന്ന ഓരോ വിശ്വാസിയും - അവൻ പണക്കാരൻ ആണെങ്കിലും പണിക്കാരൻ ആണെങ്കിലും ധനികൻ ആണെങ്കിലും ദരിദ്രനാണെങ്കിലും ബോസ് ആണെങ്കിലും കീഴ് ഉദ്യോഗസ്ഥൻ ആണെങ്കിലും അവരെല്ലാവരും തന്നെ അവരവരുടെ കർമ്മ മേഖലയിൽ സത്യസന്ധത പാലിച്ചുവോ എന്നുള്ളതിനെ കുറിച്ചുള്ള ചോദ്യം വരും എന്ന ബോധത്താൽ സ്വയം കുളിപ്പിക്കപ്പെടുന്നു.
വലിയ പോലീസ് അകമ്പടിയോടുകൂടി /സുരക്ഷ സന്നാഹങ്ങളോടുകൂടി യാത്ര ചെയ്യുന്ന പട്ടാള മേധാവി /രാഷ്ട്രീയ നേതാവ് /പോലീസ് പരമാധികാരി/ മുഖ്യമന്ത്രി/ പ്രധാനമന്ത്രി/ രാജാവ് തുടങ്ങിയവരെല്ലാം നിസ്കരിക്കാൻ നിൽക്കുമ്പോൾ മാലികി യൗമിദ്ദീൻ എന്നാണ് പറയുന്നത്. അന്ത്യനാളിന്റെ ഉടമ എന്ന്. അവിടെ മലികി എന്നും ഓത്തുണ്ട്. രാജാവെന്നർത്ഥം. അപ്പോൾ താനല്ലാത്ത മറ്റൊരു രാജാവുണ്ട് എന്ന ബോധം ഉണ്ടാകുന്നു. പരമാധികാരിയായി വാഴുന്ന ഒരാൾക്ക് തന്റെ മേൽ മറ്റൊരാൾ ഉണ്ടാവുക എന്നുള്ളത് ചിന്തിക്കാൻ പോലും വയ്യ. അതുകൊണ്ടാണ് ഫറോവ തനിക്കു മീതെ വേറെ രാജാക്കളില്ല, ഞാനാണ് പരമാധികാരി ആയ പടച്ചവൻ എന്ന് പ്രഖ്യാപിച്ചത്. ഞാൻ ദൈവമാണെന്ന് സ്വയം തോന്നിപ്പോകുന്ന ഏകാധിപതികൾ നിസ്കരിക്കാൻ നിന്ന് അന്ത്യനാളിന്റെ രാജാവേ എന്ന് വിളിക്കുമ്പോൾ അയാളിലെ ഹുങ്ക് പൊടിഞ്ഞു പോവുകയും വിധേയത്വം വിരിഞ്ഞു വരികയും ചെയ്യുന്നു.
ഈ ലോകത്തിന് മൊത്തം ഒരു നാശം ഉണ്ടാകുമോ? ചിലർക്ക് ഇപ്പോഴും സംശയമാണ്. ആകാശത്തുകൂടെ അനവധി ഗോളങ്ങളും താരങ്ങളും ഓടിക്കറങ്ങി കൊണ്ടിരിക്കുകയാണ്. സൂര്യൻ കാലങ്ങളായി കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നു. ഒരുനാൾ ഇതിനെല്ലാം മാറ്റം വരും. സൂര്യൻ കെടും. അപ്പോൾ ചന്ദ്രനും. നക്ഷത്രങ്ങൾ കത്തിത്തീരും. എല്ലാം കൂട്ടിയിടിച്ച് തകരും. ഭൂമി ഗംഭീരമായി പ്രകമ്പനം കൊള്ളും. അതിനകത്തുള്ളതെല്ലാം പുറത്തേക്ക് എറിയും. മനുഷ്യർ വിഹ്വലരായി നാലുപാടും ഓടും. നാം ചെയ്ത നല്ല കർമ്മങ്ങൾക്ക് എല്ലാം പ്രതിഫലം കിട്ടും. നമ്മളുടെ തിന്മകളെല്ലാം വിചാരണ ചെയ്യപ്പെടും. ഒരുപാട് അക്രമണങ്ങൾ ചെയ്തു, ഒരുപാട് മർദ്ദനങ്ങൾ നടത്തി, കൊള്ളയും കൊലയും തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്തി ഒന്നുമറിയാത്ത പോലെ രക്ഷപ്പെട്ടു എന്ന് കരുതുന്ന രഹസ്യ കുറ്റവാളികൾ നാടുകളിൽ എമ്പാടുമുണ്ട്. അവർ വിചാരിക്കേണ്ട താൻ വിജയിച്ചു / എൻ്റെ സൂത്രം കൊണ്ട് സകലരേയും തോൽപ്പിച്ചു എന്ന്. വരുന്നുണ്ട് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്ന ഒരു ദിവസം. മനസ്സിലാവുന്നുണ്ടോ എങ്ങനെയാണ് ഫാത്തിഹ നിസ്കാരക്കാരനിൽ ഉള്ളുലച്ചിലിൻ്റെ ഉരുൾപൊട്ടൽ ഉണ്ടാക്കുന്നതെന്ന്. മനസ്സിലാവുന്നുണ്ടോ എങ്ങനെയാണ് നിസ്കാരം വേണ്ടാത്തരങ്ങളിൽ നിന്നും ക്രിയാവൈകൃതങ്ങളിൽ നിന്നും നമ്മെ തടഞ്ഞുനിർത്തുന്നതെന്ന്.





