ഒരു സംഗതി പറയാം. രണ്ടു കടുപ്പപ്പെട്ട കാര്യത്തിൽ ഒരു തീരുമാനം കിട്ടാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയായതുകൊണ്ടാണ്. ഇതിൽ സജീവമായി ഇടപെടുകയും വളരെ പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യാൻ നിങ്ങൾ ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു.
ഒരു സ്ഥാപനം ഇങ്ങനെ നടന്നു പോകുന്നുണ്ട്. പക്ഷെ, തീരേപോര! കാര്യങ്ങളൊന്നും അത്ര തൃപ്തികരം എന്ന് പറഞ്ഞു കൂടാ. പലയിടത്തും പലനിലക്കുള്ള ഇടിവുകളും ചതവുകളുമുണ്ട്. പൊതുജനങ്ങളുമായി തീരേ ബന്ധമില്ലാത്തതുകൊണ്ടും പരിപാടികളൊന്നും ജനകീയമാക്കാത്തതുകൊണ്ടും ഒറ്റപ്പെട്ടതുപോലെയാണ് നിലവിലെ അവസ്ഥ. അപ്പോൾ ഒന്നാമതായി വേണ്ടത് ജനങ്ങളെ ആകർഷിക്കുന്ന ഏതാനും ഇവന്റുകൾ സംഘടിപ്പിക്കുക എന്നതാണ്. അതോടെ പൊതുജനം കുത്തിയൊഴുകി വരണം. പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. ചിലർ പറയുന്നു ഗാനമേള സംഘടിപ്പിക്കാം. മറ്റു ചിലർ കഥാപ്രസംഗം. വേറെ ചിലർ സർക്കസ് ആയിക്കോട്ടെന്ന്. ചുരുക്കം ചിലർ പറയുന്നത് ഒരു എക്സിബിഷൻ ആവാം, പാമ്പുകൾ എന്തായാലും വേണം, ആളുകൂടും. ചിലർ പറഞ്ഞത് പ്രഭാഷണം ആവാമെന്നാണ്. അപ്പോൾ തന്നെ മറ്റൊരു കൂട്ടർ അതിനെ ഇളിച്ചു തള്ളിക്കളഞ്ഞു. മണിക്കൂറുകൾ നീളുന്ന പുളുപ്രസംഗം കേൾക്കാനൊന്നും ആരും ഇരിക്കില്ല ഇക്കാലത്ത് എന്ന്. ഒരു ഡാൻസ് നൈറ്റ് ആക്കാം എന്ന് ഏതാനും പൂവാലന്മാർ പറയുന്നുണ്ട്. ഫുഡ് ഫെസ്റ്റ് ആണെങ്കിൽ എന്തായാലും ആൾ വരും എന്നാണ് ഒരുകൂട്ടം മഹതിമാരുടെ അഭിപ്രായം. ഇനിയും നാലഞ്ച് അഭിപ്രായങ്ങൾ കൂടി പറയുന്നുണ്ട്. ചില സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇവിടെ വെളിപ്പെടുത്തുന്നില്ല. ഏതായിരിക്കും ആളു കൂടാനും സംഗതി ജനകീയമാക്കാനുമുള്ള ഏറ്റവും നല്ല പരിപാടി എന്ന് നല്ലവണ്ണം ആലോചിച്ചു പറയൂ.
രണ്ടാമത്തെ പ്രശ്നം, സ്ഥാപനം ഇത്രക്ക് നിർജീവമാവാൻ പ്രധാനപ്പെട്ട കാരണം കൂടിയാലോചനകളും പരിശോധനകളും ഇല്ല എന്നുള്ളതാണ്. നടത്തിപ്പുമായി ബന്ധപ്പെട്ട അധികാരികളെല്ലാം പലനിലക്കാണ്. പലവഴിക്കാണ്. ഇതിനൊരു മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട് - ഇല്ല ഇത് ഇങ്ങനെ വിട്ടുകൂടാ. അതിൽ ഏറ്റവും പ്രധാനമായി വേണ്ടത് മാനേജ്മെന്റിന്റെ ഇടയ്ക്കിടെയുള്ള കൂടിയിരുത്തവും ആഴത്തിലുള്ള കൂടിയാലോചനകളുമാണ്. അപ്പോൾ അത് എപ്പോഴെല്ലാം വിളിച്ചു ചേർക്കണം എന്നുള്ളതാണ് ചർച്ച നടക്കുന്നത്.
ഒരാൾ പറയുന്നു, മാസത്തിൽ ഒരിക്കലെങ്കിലും വേണമെന്ന്. മറ്റൊരാൾ പറയുന്നു പോരാ മാസത്തിൽ രണ്ടുതവണ വേണമെന്ന്. ഇനിയൊരാൾ പറയുന്നു ആഴ്ചയിൽ ഒന്നെങ്കിലും വേണമെന്ന്. മറ്റൊരാൾ പറയുന്നത് അതും പോരാ, ആഴ്ചയിൽ രണ്ടെങ്കിലും വേണമെന്ന്. ഒരാൾ പറയുന്നു ഒന്നിടവിട്ട ദിവസങ്ങളിൽ മീറ്റിംഗ് കൂടിയേ തീരൂ എന്ന്. അപ്പോൾ ഒരുത്തൻ പറയുകയാണ് പോരാ ദിവസവും വേണമെന്ന്! അതുകേട്ട് കണ്ണുതള്ളിയിരിക്കുമ്പോൾ ഒരുത്തൻ എഴുന്നേറ്റ് നിന്ന് പറയുന്നു പോരാ ദിവസം രണ്ട് മീറ്റിംഗ് വേണമെന്ന്. മൂക്കുപൊത്തി ചിരിക്കാൻ നോക്കുമ്പോൾ വേറൊരാൾ പറയുന്നു പോരാ ഒരു ദിവസം അഞ്ച് പ്രാവശ്യം എങ്കിലും കൂടിച്ചേരണമെന്ന്!!
എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ നിഷ്പക്ഷമായ നിലപാട്. ഒരു കാര്യത്തിന് വേണ്ടി ഒരു ദിവസം അഞ്ചു തവണയൊക്കെ ഒത്തുചേരുക എന്ന് പറയുന്നത് പ്രായോഗികമാണോ പൂജ്യം ശതമാനം എങ്കിലും? പോട്ടെ മൈനസ് ശതമാനം എങ്കിലും?
ഇനി നിങ്ങൾ 1400 വർഷം പുറകോട്ട് സഞ്ചരിക്കണം. അതിവേഗം. മുഹമ്മദ് നബി ഇസ്ലാമികമായ ആശയങ്ങളുമായി രംഗത്തുവരികയാണ്. ഇസ്ലാം എന്നത് ആറാം നൂറ്റാണ്ടിൽ മുഹമ്മദ് നബി സ്വന്തമായി ആവിഷ്കരിച്ച മതമല്ലെന്നും മനുഷ്യാരംഭം കുറിച്ച ആദം നബി മുതൽ അതുണ്ടായിരുന്നുവെന്നും അതിൻ്റെ പുതിയ വേർഷൻ മാത്രമാണ് മുഹമ്മദ് നബിക്ക് ദിവ്യ ബോധനമായി ലഭിച്ചതെന്നും അറിയാത്തവരെ ഇത്തരുണത്തിൽ അറിയിക്കുകയാണ്.
നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭൗതിക ജീവിതത്തിന്റെ തുറസ്സുകളിൽ വേണ്ടാത്തരങ്ങളെല്ലാം വേണ്ടതിനേക്കാൾ അധികം ശീലിച്ച ഒരു സമൂഹത്തിലേക്ക് പരിവർത്തനവുമായി ഒരാൾ കടന്നുവരികയാണ്. ആൾ ക്രൗഡ് പുള്ളർ ആയിരിക്കണം. അയാൾക്ക് ചുറ്റും ആള് കൂടണം. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്ന് ആളുകൾക്ക് തോന്നണം. അത് ഞങ്ങൾക്ക് ഏറ്റെടുക്കാനും നടപ്പിലാക്കാനും പറ്റുന്നതാണെന്ന് അവർക്ക് ബോധ്യം വരണം.
ഇതൊന്നുമില്ലെങ്കിൽ കേട്ട മാത്രയിൽ ആളുകൾ തള്ളി അകറ്റും, അവർ പിന്തിരിഞ്ഞോടും. പുതിയ സംവിധാനത്തിന്റെ ആപ്പീസ് പൂട്ടും. ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ആളെ പിന്നീട് കാണുമ്പോൾ ആൾക്കാർ പറയും കുറച്ചൊക്കെ ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്നത് വേണ്ടേ പറയാൻ? ഉറ്റ ചങ്ക് പോലും പറയും 'എനിക്ക് അപ്പൊഴേ തോന്നിയതാ ഒറ്റയടിക്ക് ഇത്രയൊന്നും വേണ്ടായിരുന്നു' എന്ന്. മാത്രമല്ല ജനങ്ങളെ കിട്ടണമെങ്കിൽ അവർക്ക് രസം തോന്നുന്ന, എന്തെങ്കിലുമൊക്കെ ആനന്ദപ്രധാനമായ പരിപാടികളായിരുന്നു വേണ്ടിയിരുന്നത് എന്നും.
പറഞ്ഞുവരുന്നത് ഇസ്ലാമിക ആരാധനാകർമങ്ങളുടെ ഫിസിക്സും കെമിസ്ട്രിയും തന്നെയാണ്. ആലോചിച്ചു നോക്കിയേ, ഇസ്ലാം മുന്നോട്ടുവെക്കുന്ന ആരാധനാകർമങ്ങളുടെ കിടപ്പും ഘടനയും. പ്രത്യേകിച്ച് അത് അവതരിപ്പിക്കപ്പെടുന്ന അന്നത്തെ അവസ്ഥ. ആറാം നൂറ്റാണ്ടിന്റെ കെട്ടകാലത്ത് സംസ്കരണ ദൗത്യവുമായി കടന്നുവന്ന തിരുനബി ജനങ്ങളെ ആകർഷിക്കുവാൻ ചെപ്പടിവിദ്യകൾ ഒന്നും സ്വീകരിച്ചില്ല. കള്ളും പെണ്ണും കുടിയും പിടിയും അടിയും കൊലയും ഒക്കെയായി കഴിഞ്ഞു കൂടിയ ഒരു സമൂഹത്തെ സ്വാധീനിക്കണമെന്ന് കരുതി ഇസ്ലാമിന്റെ ആദ്യമായി വന്ന കർമപരിപാടികൾ ഗാനമേളയോ നാടകശാലയോ പാട്ടുകച്ചേരിയോ നൃത്തനിശീഥിനിയോ അത്തരത്തിലുള്ള ആസ്വാദനപ്രോക്തമോ ആനന്ദപ്രധാനമോ ആയ സംഗതികളോ അല്ല.
നിങ്ങൾക്ക് ഏറെ ഇരുന്നു ചിന്തിക്കാൻ ഉണ്ടതിൽ. നമ്മളായിരുന്നു ആ സ്ഥാനത്ത് എന്ന് കരുതി വേണം ആലോചിക്കാൻ. ഈ ചങ്ങാതിമാരെ വരുതിയിൽ കിട്ടാൻ ഇത്തരത്തിലുള്ള എന്തെങ്കിലും എമ്യൂസ്മെന്റ് എന്റർടൈൻമെന്റ് പരിപാടികൾ സംഘടിപ്പിക്കൽ ആയിരിക്കും നല്ലത് എന്നൊക്കെ അല്ലേ നമ്മൾ ചിന്തിക്കുക. അതേസമയം ഇസ്ലാമിന്റെ നിഷ്ഠാരീതികളായി അവതരിപ്പിക്കപ്പെട്ട കാര്യങ്ങൾ ഓരോന്നോരോന്ന് സസൂക്ഷ്മം നോക്കുക. നിസ്കരിക്കണം, പടച്ച റബ്ബുമായി ഏകാഗ്രമായ മനസ്സോടെ സംവദിക്കണം. അത് തുടക്കത്തിൽ മാസത്തിൽ ഒന്നായിരുന്നു. പിന്നെ രണ്ടാഴ്ചക്കൊന്ന് പിന്നെ ആഴ്ചയിൽ ഒന്നും തുടർന്ന് ദിവസത്തിൽ ഓരോന്നും ആക്കി ക്രമപ്രവൃദ്ധമായി മുറുക്കി എടുത്തതല്ല. ഒരു ദിവസം അഞ്ചുനേരം നിസ്കരിക്കണം, തുടക്കത്തിലേ അങ്ങനെയാണ്. പറഞ്ഞു വരുമ്പോൾ മറിച്ചാണ് പറയാനുണ്ടാവുക. കിട്ടിയത് അമ്പതായിരുന്നു. മൂസാ നബിയുടെ ഇടപെടൽ കൊണ്ടാണ് അത് അഞ്ചാക്കി ചുരുക്കിക്കിട്ടിയത്.
അലസശിരോമണികളായി കഴിഞ്ഞിരുന്ന ഒരു നിസ്സംഗ സമൂഹത്തോട് എങ്ങനെയാണ് ഇത് പറയുക എന്ന ആധിയൊന്നും തിരുനബിക്കില്ല. കാരണം അത് നബി സ്വന്തം ഉണ്ടാക്കി പറയുന്നതല്ല. നമ്മളായിരുന്നു അത്തരമൊരു നിർദ്ദേശം വെക്കുന്നതെങ്കിൽ ആ സദസ്സിൽ നിന്ന് തന്നെ നമുക്ക് ചെകിടത്തടി കിട്ടുമായിരുന്നു. തുടക്കത്തിൽ തന്നെ അഞ്ച് നേര നിസ്കാരവും പറഞ്ഞങ്ങ് ചെന്ന് നോക്കീ, കാണാം... വാസ്തവത്തിൽ നിസ്കാരത്തിൽ കിട്ടുന്നത് ആത്മീയമായ ആനന്ദമാണ്. അത് ശരിക്കും ആസ്വദിക്കണമെങ്കിൽ ഒരുപാട് തലങ്ങൾ പിന്നിട്ട് മുന്നേറാനുണ്ട്. ഏത് കോമൺ ഫോക്കിനും ആസ്വദിക്കാൻ പറ്റുന്ന ഗാനമേള, പാട്ട്കച്ചേരി, നൃത്തനിശ, നീലസിനിമ പോലെ അല്ലല്ലോ നിസ്കാരം. ഇത് പ്രായോഗികമാകുമോ ആളുകൾ സ്വീകരിക്കുമോ എന്ന ആധിയൊന്നും നബിക്കില്ല.
ഈ ചർച്ചയിൽ ഇതിങ്ങനെ തെളിച്ചു പറയാൻ കാരണം ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നവരിലും ഇസ്ലാമിലേക്ക് പുതുതായി കടന്നുവരുന്ന ചിലരിലും ഒരു ദിവസം അഞ്ച് നേരം നിസ്കരിക്കുക എന്നതൊക്കെ പ്രായോഗികമാണോ എന്ന് ചിന്തിക്കുന്നവർ ഉണ്ടായേക്കാം. ഒരു സ്ഥാപനത്തിൻ്റെ കമ്മിറ്റി മീറ്റിംഗ് മാസത്തിൽ ഒന്നോ രണ്ടോ അല്ലാതെ ദിവസത്തിൽ അഞ്ചു തവണ എന്നതൊക്കെ ചിന്തിക്കാൻ പറ്റാത്തതാണ്. പക്ഷേ ഒരു വ്യക്തി ഒരു ദിവസം തന്റെ പടച്ചവനുമായി അഞ്ചു തവണ കൂടിക്കാഴ്ച നടത്തുക എന്നുള്ളത് കഴിഞ്ഞ 1400 വർഷങ്ങളായി ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നടന്നുവരുന്ന പ്രായോഗികം എന്ന് തെളിയിക്കപ്പെട്ട ആദ്ധ്യാത്മിക നിഷ്ഠയാണ്. പരലക്ഷം പള്ളികളിലായി ഓരോ നേരത്തും ലക്ഷോപലക്ഷം ആളുകൾ ചേർന്ന് ജമാഅത് നിസ്കാരങ്ങൾ (സംഘം ചേർന്നുള്ള നിസ്കാരം) കാലങ്ങളായി മുറ തെറ്റാതെ നടന്നുവരുന്നു.
ലോകത്ത് ഏറ്റവും വലിയ പള്ളികളായ മസ്ജിദുൽ ഹറാമിന്റെയും (മക്കയിലെ പള്ളി) മസ്ജിദ് നബവിയുടെയും(മദീനയിലെ പള്ളി) ഏതെങ്കിലും ഒരു കോണിൽ പോയി നിന്ന് ശാന്തമായി നിരീക്ഷിച്ചാലറിയാം ഓരോ ബാങ്ക് വിളിക്കുന്നതിന്റെയും മണിക്കൂറുകൾക്ക് മുമ്പേ പല കോണുകളിൽ നിന്നായി ആളുകൾ നിസ്കാരത്തിനായി ഒഴുകിവരുന്നത്. നാടിൻ്റെ നാനാദിക്കിലും ഗ്രാമങ്ങളിലും അങ്ങാടികളിലും പട്ടണങ്ങളിലും തിരക്ക് നുരയുന്ന നഗരങ്ങളിലും എല്ലാം പഞ്ചനേരങ്ങളിൽ വാങ്ക് വിളിക്കുകയും വിശ്വാസിലക്ഷങ്ങൾ നിസ്കരിക്കാൻ വരുകയും ചെയ്യുന്നു. ഓരോ ദിവസവും പുതിയ പള്ളികൾ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പുതിയ പള്ളികൾക്കായി തറക്കല്ലിടുന്നു. ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ദീനിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. നിസ്കാരത്തിലേക്ക് അണിചേർന്നു കൊണ്ടേയിരിക്കുന്നു.
ഓർക്കുക! നൈമിഷികമായ വൈകാരിക ആസ്വാദനമല്ല നിസ്കാരം തരുന്നത്. തൊലിപ്പുറസുഖം ലഭിക്കുന്നത് കൊണ്ടല്ല ആളുകൾ നിസ്കാരത്തിൻ്റെ പ്രയോക്താക്കളായി മനസ്സുമാറി വരുന്നത്. ശരിക്കു പറഞ്ഞാൽ നിസ്കാരം ശ്രമകരമായ ഏർപ്പാട് തന്നെയാണ്. മനസ്സിനെ മറ്റെല്ലാ ചിന്തകളിൽ നിന്നും പറിച്ചെടുത്ത് അല്ലാഹു എന്ന ഒറ്റ ബിന്ദുവിൽ തറപ്പിച്ചു വെച്ച് ഏതാനും നിമിഷങ്ങൾ ഏകാഗ്രമായി പ്രാർത്ഥിക്കുക എന്നുള്ളത് പണിപ്പെട്ട് ചെയ്യേണ്ട കാര്യം തന്നെയാണ്. അതു തന്നെയാണ് ജനങ്ങളോട് അന്നുമുതലേ മുഹമ്മദ് നബി ചെയ്യാൻ കൽപ്പിച്ചത്. അല്ലാതെ പാട്ടു കേൾക്കാനും ഡാൻസ് കണ്ടു തുണിയഴിച്ചാടാനും ഫുഡ് ഫെസ്റ്റിൽ വന്നു കുടലു നിറക്കാനും അത്തരത്തിലുള്ള യാതൊരുവിധ പെരിഫറൽ ആസ്വാദനങ്ങളും ഇസ്ലാം മുന്നോട്ട് വച്ചിട്ടില്ല. മനുഷ്യ ജീവിതത്തെ ഗൗരവത്തോടുകൂടി കാണുന്ന മതം ജീവിതത്തിൻ്റെ ഓരോ നിമിഷത്തെയും മൂല്യവത്തായി പരിഗണിക്കുന്നു എന്നുള്ളതിന്റെ നിദർശനം കൂടിയാണിത്.
ഇനി നോക്കൂ, ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കർമമാണ് നോമ്പ്. നോമ്പ് അനുഷ്ഠിക്കലിനെപ്പറ്റി ആലോചിച്ചു നോക്കിയേ! ഫുഡ് ഫെസ്റ്റിന് പോകുന്ന സുഖമുണ്ടോ നോമ്പനുഷ്ഠിക്കാൻ. പാട്ടു കച്ചേരി കേട്ടിരിക്കലാണോ പട്ടിണി കിടക്കൽ. ലക്കും ലഗാനുമില്ലാതെ കണ്ടമാനം തിന്ന് കുംഭ വീർപ്പിച്ച് നടന്നിരുന്ന അന്നത്തെ അറബികളെ വിളിച്ചാണ് ഇസ്ലാം പറയുന്നത് ഉള്ളവനാവട്ടെ, ഇല്ലാത്തവനാവട്ടെ എല്ലാവരും രാവിലെ മുതൽ രാവാവുന്നത് വരെ തീനും കുടിയും ഒഴിവാക്കി പട്ടിണി കിടന്നു കൊള്ളുക. പോരാ ഭോഗമടക്കം കാഴ്ച കേൾവി സംബന്ധമായ സകലമാന ആസ്വാദനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ആ അറബികളോട് ഇതു പറയാൻ നബി കാണിച്ച ധൈര്യം നിങ്ങൾ ഒന്നോർത്തു നോക്കൂ. അതും കൂടിയിരുന്നാലോചിച്ച് തീരുമാനിച്ചതാണെങ്കിൽ ആ സഭ പിരിയുന്നതിന് മുമ്പ് ഭൂരിഭാഗം ആളുകളും പറയുമായിരുന്നു ഇതൊന്നും നടക്കില്ല കേട്ടോ ജനങ്ങൾ ഏറ്റെടുക്കില്ല, എന്ന്. പകരം ശാപ്പാട് കിട്ടുന്ന വല്ല പരിപാടിയും പറ, ആളു കൂടുമെന്ന്! അങ്ങനെ എങ്ങനെയെങ്കിലും ആളെക്കൂട്ടി അംഗബലവും സംഘബലവും പ്രദർശിപ്പിക്കേണ്ട പ്രത്യയശാസ്ത്രമല്ല ഇസ്ലാം. എന്തെന്ന് ഉള്ളറിഞ്ഞ് ഉള്ളാലംഗീകരിക്കുന്നവർക്ക് മാത്രമേ ഇസ്ലാം അംഗത്വം കൊടുക്കുന്നുള്ളൂ.
മുഹമ്മദ് നബി സ്വന്തമായി ആവിഷ്കരിക്കുന്ന കാര്യങ്ങളല്ല മതത്തിനകത്തുള്ള ആരാധനാനിഷ്ഠകൾ. ആകാശത്തുനിന്ന് വരുന്ന ഇലാഹിയായ നിർദ്ദേശങ്ങൾ ആണ്. 1400 വർഷത്തിലേറെയായി വ്രതം പ്രായോഗികമായ ഒരു അനുഷ്ഠാനം തന്നെയാണ് എന്ന് ലോകം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഉറപ്പാണ് നമ്മളായിരുന്നു നമുക്ക് വേണ്ട മതനിഷ്ഠകൾ അഭിപ്രായ സ്വരൂപണത്തിലൂടെ നെയ്തെടുക്കുന്നതെങ്കിൽ ഒരിക്കലും സ്വയം കഷ്ടപ്പെടുത്തുന്ന നോമ്പുപോലുള്ള സംഗതികൾ നമ്മൾ പരിചയപ്പെടുത്തില്ലായിരുന്നു. ഇനി ആരെങ്കിലും അങ്ങനെ ഒരു അഭിപ്രായം സഭയിൽ പറഞ്ഞാൽ അവനെ നമ്മൾ എല്ലാവരും ചേർന്ന് പറഞ്ഞു തോൽപ്പിക്കുമായിരുന്നു. വീറ്റോ ചെയ്ത് പുറത്താക്കുമായിരുന്നു.
ഇനി അടുത്തത് സക്കാത്ത് ആണ്. എന്നുവെച്ചാൽ നോട്ടിരട്ടിപ്പ് അല്ല. പലിശക്ക് കൊടുത്ത് പോക്കറ്റ് വീർപ്പിക്കലുമല്ല. ഊഹക്കച്ചവടമല്ല. പൂഴ്ത്തിവെക്കൽ അല്ല. കൊള്ളലാഭമല്ല. അറിയാതെ നാണ്യം കിനിയുന്ന ചെയിൻ കച്ചവടമല്ല. മറിച്ച് ഉള്ളതങ്ങോട്ട് കൊടുക്കലാണ്. നാട്ടിൽ പുതിയൊരു പ്രസ്ഥാനം വരുകയും അത് നമ്മുടെ പോക്കറ്റിലേക്ക് കയറി ഇടപെടുകയും പാവപ്പെട്ടവന് കൊടുത്തുകൊള്ളണമെന്ന് ശാസിക്കുകയും ചെയ്യുന്നു. എന്നിട്ടും അതിലേക്ക് ആളുകൾ കൂട്ടംകൂട്ടമായി വരുന്നു. ആലോചിച്ചാൽ അതിശയിക്കാൻ ഇല്ലേ, ഏറെ? കൊള്ളലാഭം കിട്ടുന്ന ഒരു സംരംഭത്തിന് പിന്നാലെ ആളുകൾ പൊതിയുന്നതിന് പിന്നിലെ യുക്തി മനസ്സിലാക്കാം; പക്ഷേ ഉള്ളതിൽ നിന്ന് വാരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്നിൽ ആള് പൊതിയുന്നതിന്റെ പൊരുളെന്താണ്?
ഇനി അടുത്തത് നോക്കാം ഹജ്ജാണ്. കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും അത് നല്ല കോളായി, വിനോദയാത്ര പോവലല്ലേ, ആരും വന്നു ചേരുമല്ലോ എന്ന്. പല സംഘടനകളും കൂട്ടായ്മകളും ആളെ പിടിക്കുന്നത് ഗ്രൂപ്പ് യാത്ര സംഘടിപ്പിച്ചു കൊണ്ടല്ലേ എന്ന് തോന്നാം. അതവിടെ മനസ്സിൽ വെച്ചാൽ മതി! ഹജ്ജ് നടക്കുന്നത് ഹവായ് ദ്വീപിൽ അല്ലെന്നോർമ വേണം. റൊമാന്റിക്ക് കൊട്ടാരമായ താജ് മഹലിന്റെ തിരുമറ്റത്തല്ല എന്നോർമ വേണം. അറഫാ മൈതാനം എന്ന് പറയുന്നത് ഗോവ ബീച്ച് അല്ല എന്നോർമ വേണം. മഞ്ഞുപെയ്യുന്ന കാശ്മീർ താഴ് വര അല്ല മിനാ എന്നോർമ വേണം.
അതങ്ങ് മക്കയിലാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്. കരിമ്പാറകൾ തൂങ്ങുന്ന മലമ്പ്രദേശമാണ്. ഒരു കടൽക്കാറ്റും നിങ്ങൾ അവിടെ പ്രതീക്ഷിക്കേണ്ട. ഒരു മഞ്ഞുനേരവും നിങ്ങളെ തലോടുകയില്ല. ശാന്തമായിരുന്ന് ആസ്വദിച്ചു വരാം എന്ന് കരുതുകയേ വേണ്ട. ലക്ഷോപലക്ഷം ആളുകളുടെ തിക്കിലും തിരക്കിലും നിർവഹിക്കേണ്ട ബ്രിസ്ക് ചടങ്ങുകൾ ആണ് ഹജ്ജിനുള്ളത്.
ഇഷ്ടപ്പെട്ട വേഷം കൊണ്ടുപോയി കോമാളികെട്ടി ഫോട്ടോ എടുക്കാം എന്ന് ഹജ്ജിനെക്കുറിച്ച് നിങ്ങൾ കരുതരുത്. നിങ്ങൾ എത്ര വലിയ ധനാഢ്യൻ ആണെങ്കിലും, നിങ്ങൾ ലോകോത്തര കുപ്പായ കമ്പനിയുടെ അധിപൻ ആണെങ്കിലും കൂട്ടിത്തുന്നാത്ത രണ്ടു തുണികൾ മാത്രമാണ് നിങ്ങൾക്ക് ധരിക്കാൻ പറ്റുക. സ്വന്തം നാട്ടിൽ പറപറക്കുന്ന നിങ്ങൾ ഹജ്ജിന് എത്തിയാൽ അർദ്ധനഗ്നനായ ഫഖീറ് തന്നെ!
കാമുകിയെ കൂട്ടി പോകേണ്ട ഇടമല്ല ഹജ്ജ്. ഹണിമൂൺ ആഘോഷിക്കാൻ തൻ്റെ പുതുഭാര്യയെ കൂട്ടി പോകേണ്ടതല്ല ഹജ്ജ്. ഒരിക്കലും ഹജ്ജ് ഒരു സുഖവാസ യാത്രയാണെന്ന് ഒരാളും പറയില്ല. ഹജ്ജിൽ നിഴലിക്കുന്നത് പൂർവപിതാവ് ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ആഗ്നേയസ്മൃതികളാണ്. മണ്ണും വിണ്ണും കണ്ണുതുടച്ച ത്യാഗത്തിന്റെ കനൽപാഠങ്ങളാണ്. തന്നെ പടച്ച തമ്പുരാന് വേണ്ടി തനിക്കേറ്റം പ്രിയപ്പെട്ടതെല്ലാം ബലികഴിക്കാൻ ഒരുക്കമാണെന്ന ഹൃദയദാർഢ്യത്തിന്റെ വജ്രദൃഢത പ്രകാശിപ്പിക്കലാണ്. അവിടെ എന്ത് കടൽക്കാറ്റ്! എന്ത് മൃദുലമേനി! എന്ത് പ്രകൃതി ഭംഗി! എന്ത് ജോളിയടി! എല്ലാം പറഞ്ഞു പൊരുത്തപ്പെടീച്ച്, ഇടപാടുകളെല്ലാം കൃത്യമായി കണക്കുതീർത്ത്, ബാധ്യതകളെല്ലാം മുറപോലെ നിറവേറ്റി കഫൻപുട മേലാകെ ചുറ്റി, ജീവിക്കുന്ന മയ്യിത്തായി അല്ലാഹുവിൻ്റെ വഴിയിലേക്ക് ഇബ്രാഹിം നബിയുടെ വിളികേട്ട് ഇറങ്ങിപ്പുറപ്പെട്ടവന് എന്ത് വിനോദയാത്ര!
അപ്പോൾ മൊത്തത്തിൽ ഒന്ന് ഓടിച്ചു നോക്കിയാട്ടെ. മനുഷ്യനെ ഇക്കിളിപ്പെടുത്തിയും ബാഹ്യമായി ആനന്ദിപ്പിച്ചും മനുഷ്യരെ പിടിച്ചു വലിക്കുന്ന ഒരു ആൾപിടിയൻ പദ്ധതിയല്ല ഇസ്ലാമിലെ ആരാധനാ കർമങ്ങളൊന്നും. മനുഷ്യജീവിതത്തിനു പിറകിൽ മഹാസാഫല്യം കാണുന്ന മതത്തിൽ, ഈ കാണുന്ന ജീവിതത്തിൻ്റെ നിറവും ഭംഗിയുമല്ല പ്രധാനം. അതിനപ്പുറത്ത് ഈ ജീവിതം കൊണ്ട് നാം എഴുതിത്തീർക്കേണ്ട മഹോന്നതമായ ഒരു മഹാകാവ്യമുണ്ട് എന്ന ഉൾവിളിയാണ് ഖൽബിൽ കൊത്തിവെക്കുന്നത്. ജീവിതം വെറും കോമാളിത്തരങ്ങൾ കേട്ട് ചിരിച്ചു മരിക്കാനുള്ളതല്ല, മറിച്ച് ചിന്തിച്ചുണരാനുള്ളതാണ് എന്ന ബോധം മതം മനുഷ്യന് കൊടുക്കുന്നു. അതെങ്ങനെ സാധിച്ചെടുക്കാം എന്ന് പ്രായോഗികമായ പദ്ധതികളിലൂടെ തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു. ചിന്തിക്കുന്നവർക്ക് ഇതിലെല്ലാം ഏറെ ദൃഷ്ടാന്തമുണ്ട്!
ഈ പറഞ്ഞതിനർത്ഥം ജീവിതമപ്പാടെ പട്ടാളച്ചിട്ടയിൽ തളച്ചിട്ട ഗൗരവാനന്ദ ഭക്തിബോധികളാവണം നമ്മൾ എന്നല്ല. ജീവിതത്തിന് അതിൻ്റേതായ താളലയങ്ങളെല്ലാം ഉണ്ട്. കളിയും ചിരിയും തീനും കുടിയും നർമവും മത്സരവും പാട്ടും പറച്ചിലും വേട്ടയും ഓട്ടവും ഒക്കെയുണ്ട്. ജീവിതത്തിലതെല്ലാം ഉണ്ട് എന്ന് പറയുന്നതും ജീവിതം അവകളാണ് എന്ന് പറയുന്നതും വ്യത്യാസമുണ്ട്. ചിലരുടെ ജീവിതം തന്നെ തമാശയാണ്. വിനോദമാണ് അവരുടെ മതം. കളിക്കാരനാണ് കൺകണ്ട ദൈവം. നിസ്സംഗതയാണ് ജീവിതത്തിൻ്റെ നിലപാട്. നിസ്സാരതയാണ് അസ്തിത്വത്തിൻ്റെ വിലാസം. പിടുത്തംവിട്ട ഈ കുട്ടിക്കളിയെയും കോമാളിത്തത്തെയുമാണ് ഇസ്ലാം നിരാകരിക്കുന്നത്. പരമപ്രാധാന്യമുള്ളതിനെ ഒളിപ്പിച്ച് വെച്ച്, പരോക്ഷ പ്രാധാന്യമുള്ളതിനെ ഹൈലൈറ്റ് ചെയ്ത് ആളെ വശീകരിക്കുന്ന രീതി ഇസ്ലാമിന് ഇല്ലേയില്ല എന്നാണ് പറഞ്ഞതിൻ്റെ രത്നമർമം.





