നമ്മൾ നമ്മളെത്തന്നെ കൊടുത്തില്ലേ... അടിമയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചില്ലേ... ഇനി നമുക്ക് വേണ്ടതൊക്കെ അവൻ തന്നു കൊള്ളും, എന്നാലും നമ്മുടെ ഒരു മര്യാദയാണ് ചോദിക്കൽ, നിന്നോടല്ലാതെ മറ്റാരോടാണ് ചോദിക്കുക എന്നത് ഏറ്റവും സമർത്ഥമായ ഒരു ചോദിക്കലാണ്. എന്നുവെച്ചാൽ "വ ഇയ്യാക്ക നസ്തഈൻ" എന്ന് അറബിയിൽ പറയുന്നത് അതാണ്.
കാര്യപ്പെട്ടവരോട് കാതലായ കാര്യമാണ് ചോദിക്കേണ്ടത്. മുമ്പൊരു രാജാവ് പ്രജകളെയെല്ലാം വിളിച്ചുവരുത്തി. ആവശ്യങ്ങളെല്ലാം ചോദിക്കാൻ പറഞ്ഞു. പലരും ചോദിച്ചത് മധുരക്കിഴങ്ങും പനയോലയും മുളയും കൈക്കോട്ടും ഇരുമ്പാണിയും വിറക് കെട്ടുമൊക്കെയായിരുന്നു. കൂർമബുദ്ധിയുള്ള ചിലർ മാത്രം പൊന്നുങ്കട്ടകൾ ചോദിച്ചു. ചിലർ പവിഴവും മറ്റു ചിലർ മാണിക്യവും വേറെ ചിലർ രത്നങ്ങളും ചോദിച്ചു. തിരിച്ചവർ നാട്ടിലെത്തിയപ്പോഴാണ് ലോഡു കണക്കിന് മുളയും വിറകും മറ്റും കൊണ്ടുവന്നവർ കാണുന്നത് ചില പോഴത്തക്കാർ വെറും കൈയ്യോടെയാണ് വരുന്നതെന്ന്. മണ്ടന്മാർ എന്ന് പറഞ്ഞ് അവരെ മക്കാറാക്കി അവർ. അപ്പോൾ അവർ കൈവെള്ള തുറന്ന് കാണിച്ചു കൊടുത്തു. തിളങ്ങുന്ന ചെഞ്ചോരക്കല്ലുകൾ കൈവെള്ളയിൽ കിടന്ന് ആർത്തു പുഞ്ചിരിക്കുന്നത്. ഹയ്യടാ! അതുകണ്ട് അവർ അന്ധാളിച്ചു പോയി!
പുളിയും മുളയും കല്ലും മരവും പുല്ലും മണ്ണാങ്കട്ടയും ചോദിച്ചു വാങ്ങുവാൻ അവൻ തന്നെ ഇവിടെ സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാം അവനോട് ചോദിക്കേണ്ടത് അമൂല്യങ്ങളിൽ അമൂല്യങ്ങളായ മുത്ത് രത്നമാണ്. എന്താകുന്നു അത്. അതാണ് ഫാത്തിഹയിൽ അടുത്ത വരിയോതി നിസ്കാരത്തിൽ നമ്മൾ യാചിക്കുന്നത്. മറ്റൊന്നുമല്ല ശരിയായ മാർഗദർശനം; "സിറാത്വ് മുസ്തഖീം". മറ്റെന്തു കിട്ടിയിട്ടെന്ത്, പോകുന്നപാത ശരിയല്ലെങ്കിൽ?
പാതകൾ എമ്പാടും മുമ്പിലുണ്ട്. ഖുർആൻ പറയുന്നത് രണ്ടുവഴികൾ എന്നാണ്. എന്ന് വെച്ചാൽ ഒരു ശരിയായ വഴി. മറ്റേതെല്ലാം കെട്ട വഴികൾ. അതാണ് പ്രശ്നവും. മുമ്പിൽ പരന്നു കിടക്കുന്ന പരസഹസ്രം വഴികളിൽ നിന്ന് ഒന്നു മാത്രമേ ശരിയുള്ളൂ, അതിൽ തന്നെ ആവണം. അത്ര എളുപ്പമല്ല അത്. മാത്രമല്ല ഒരു വിധം ശരിയായ പാതയിൽ കയറിപ്പറ്റിയവനെപ്പോലും പലപ്പോഴും ഭ്രമിപ്പിച്ച് / പ്രലോഭിപ്പിച്ച് മറ്റു പാതകളിലേക്ക് വലിച്ചിഴക്കാൻ ചെകുത്താന്റെ പാറാവുകാർ പാതയോരങ്ങളിലെല്ലാം കാത്തിരിപ്പുണ്ട്.
ശരിയായ പാത പ്രാപിക്കുക എന്നത് ഒരു സാമൂഹിക ആവശ്യമാണ്. ആവശ്യങ്ങളുടെ വ്യക്തിതലത്തിലേക്ക് കടക്കുമ്പോൾ അത് വിഭിന്നമായിരിക്കും. ചിലർക്ക് മുളയും ചിലർക്ക് പുളിയും ചിലർക്ക് കൊട്ടയും ചിലർക്ക് വട്ടിയും ഒക്കെ ആയിരിക്കും അവശ്യം വരിക. പൊതുവായ ആവശ്യമെന്ന് പറയുന്നത് നേർപ്പാതയിലേക്കുള്ള മാർഗനിർദ്ദേശം തന്നെയാണ്. അതുകൊണ്ടാണ് പ്രാർത്ഥനയിൽ ഞാൻ എന്നത് അലിഞ്ഞൊടുങ്ങി, നമ്മൾ എന്നത് ഉശിരനായി പർവ്വതപ്പെട്ട് നിൽക്കുന്നത്. ഒറ്റക്ക് നിസ്കരിക്കുന്ന ഓരോരുത്തനും അങ്ങ് ഏറ്റെടുത്തത് പോലെ:- ഇവന്റെയും അവന്റെയും എല്ലാം ആവശ്യം എന്താണെന്ന് അവനവൻ പറയാതെ എനിക്കറിയാം, അത് മറ്റൊന്നുമല്ല: എല്ലാവരുടെയും ഉള്ളിലാളുന്നത് നേരായ പാതയിൽ ആവുകയില്ലേ എന്ന ആധി ഒന്നു മാത്രമാണ്. ഞങ്ങൾക്കെല്ലാവർക്കും ചേർന്ന് ആകെ നിന്നോട് ചോദിക്കാനുള്ള വളരെ പ്രധാനപ്പെട്ട കാര്യം, നേരായ പാത കനിയണേ പടച്ചോനേ...
നേർമാർഗം ഏത് എന്ന് അറിയലല്ലല്ലോ പ്രശ്നം. ഒരു നാടിനെ സൂചിപ്പിക്കുന്ന സൈൻബോർഡ് കാണിക്കും പോലെ ഹിദായത്തിന്റെ വഴിയിലേക്കുള്ള സൂചനാ നിർദ്ദേശം കിട്ടിയാൽ പോരാ. ചിലപ്പോൾ ചില ആളുകൾക്ക് അത് മതിയാവും. അതേസമയം എത്ര സൂചനാ ബോർഡുകൾ കണ്ടാലും ചുറ്റിക്കറങ്ങി ലക്ഷ്യത്തിലെത്താതെ പോകുന്നവരുണ്ട്. അപ്പോൾ വഴി കാണിച്ച് അങ്ങ് വിട്ടാൽ പോരാ. കൂടെത്തന്നെ വേണം എന്നു കൂടിയാണ് ആ തേട്ടത്തിനർത്ഥം. നമ്മളുണ്ടല്ലോ കൊച്ചുകുട്ടികളെ പുറത്തേക്ക് പറഞ്ഞയക്കുമ്പോൾ "നീ ചെന്നോ ഞാനിതാ ഇവിടെത്തന്നെ നിന്ന് നിന്നെ നോക്കുന്നുണ്ട്" എന്ന് പറഞ്ഞ് ധൈര്യം കൊടുക്കൽ. വീട്ടിലേക്ക് വരുന്ന ചില ഗസ്റ്റുകൾ അങ്ങനെയാണ്. വളരെ അടുത്തെത്തി കൃത്യമായ ലാൻഡ്മാർക്ക് പറഞ്ഞു കൊടുത്താലും അവർ ഫോൺ വെക്കാൻ അനുവദിക്കില്ല. വീടിൻ്റെ പടിക്കൽ വന്ന് കയറും വരെ ഇതല്ലേ അതല്ലേ എന്ന് ചോദിച്ചു പിന്നാലെ കൂടും.
എന്നാൽ ചിലപ്പോൾ ചില സമയത്ത് കുട്ടികൾ വാശിപിടിക്കും: ഇവിടെ നിന്നു നോക്കിയാൽ പോരാ ഉപ്പ / ഉമ്മ/ഇക്കാക്ക അവിടം വരെ കൂടെത്തന്നെവരണം എന്ന് കുറുമ്പിക്കും. അത് അവരുടെ ആത്മവിശ്വാസക്കുറവ് കൊണ്ടായിരിക്കാം ഒന്നുകിൽ. അല്ലെങ്കിൽ ഉമ്മയുടെ ഉപ്പയുടെ കൂടെ ആയിരിക്കുക എന്നത് ആസ്വദിച്ചുകൊണ്ടിരിക്കുവാനും ആയിരിക്കാം. ഫാത്തിഹയിലെ 'ഇഹ്ദിനാ' എന്ന വാക്ക് കൊണ്ടുള്ള മാർഗതേട്ടം ഇങ്ങനെയെല്ലാമാവാം; ആളുകൾക്ക് അനുസരിച്ച്.
ചിലരുണ്ട് അഴകൊഴമ്പൻ നിലപാടുള്ളവർ. നമുക്ക് നമ്മുടെ കാര്യം ശരിയാണോന്ന് നോക്കിയാൽ പോരേ. എന്തിന് മറ്റുള്ളവരുടെ തെറ്റും ശരിയും നോക്കാൻ പോകുന്നു, അതേക്കുറിച്ച് വേണ്ടാത്ത വർത്തമാനത്തിന് പോകുന്നു എന്നൊക്കെ ചോദിക്കുന്നവർ. എന്നാൽ നേർമാർഗപ്രാപ്തിയുടെ കാര്യത്തിൽ നമ്മൾ അത്തരം വഴുതലിസക്കാരല്ല. സ്റ്റേൺ ആണ് നമ്മുടെ നിലപാട്. അതുകൊണ്ടാണ് തുറന്നടിച്ചു പറയുന്നത്:- നിൻ്റെ കോപപ്രാപ്തരായ ആളുകളുണ്ടല്ലോ, വഴികേടിലായ വിഭാഗമുണ്ടല്ലോ അവരിലൊന്നും പെടുത്തിയേക്കല്ലേ എന്ന്.
ചരിത്രം പഠിച്ചാലാണ് അവർ ആരാണെന്ന് മനസ്സിലാവുക. നല്ല വഴി കാണിക്കാൻ വേണ്ടി മുൻകാലങ്ങളിൽ അല്ലാഹു പ്രവാചകന്മാരെ അയച്ചു. നിഷേധവും ധിക്കാരവും സന്ദേഹവും ക്രൂരതയും ജീനിന്റെ ഭാഗമായ ചില തലമുറകൾ ആ പ്രവാചകന്മാരെ നിരാകരിച്ചു, പരിഹസിച്ചു, മർദ്ദിച്ചു, അരിഞ്ഞു / ഈർന്നു കൊല്ലുക വരെ ചെയ്തു. എല്ലാ അനുഗ്രഹങ്ങളും ആവോളം ആസ്വദിച്ച് ശുദ്ധനന്ദികേട് ചെയ്തു. വേറെ ചിലർ എല്ലാം ഓവറാക്കി. ദിവ്യ സന്ദേശവുമായി എത്തിയ പ്രവാചകന്മാരെ പിടിച്ചു ദൈവമാക്കി. എല്ലാം സമൂഹത്തിൽ ധാരാളം അനർത്ഥങ്ങൾക്ക് കാരണമായി. നിൻ്റെ അടിമകളായ ഞങ്ങളെ അതിലൊന്നും പെടുത്താതെ കാത്തുകൊള്ളേണമേ എന്ന പ്രാർത്ഥനയോടുകൂടിയാണ് ഫാത്തിഹ പരിസമാപ്തി കുറിക്കുന്നത്.





